സൂറ: ലുക്വ‌്‌മാൻ, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 മെയ് 17, 1446 ദുൽഖഅദ് 19
അധ്യായം: 31, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
22. വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി.
23. വല്ലവനും അവിശ്വസിച്ചുവെങ്കിൽ അവന്റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
24. നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു. പിന്നെ കഠിനമായ ശിക്ഷയിലേക്ക് നാം അവരെ തള്ളിവിടുന്നതാണ്.
25. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
26. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളത്. തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യർഹനുമാകുന്നു.

22) (വല്ലവനും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്നപക്ഷം) ദീനിൽ ആത്മാർഥത പുലർത്തിക്കൊണ്ട്, മതനിയമങ്ങൾ ശരിയായി നിർവഹിച്ച് അവനു കീഴ്‌പെട്ട് ജീവിക്കുക. (സദ്‌വൃത്തനായിക്കൊണ്ട്)അവന്റെ ആ കീഴ്‌പെടൽ മതനിയമമനുസരിച്ചുള്ള പ്രവൃത്തിയിലൂടെയാണ്. പ്രവാചകനെ പിൻപറ്റിക്കൊണ്ടും നന്മ പ്രവർത്തിക്കുന്നവനായിക്കൊണ്ടും സ ർവ ആരാധനകളും നിർവഹിച്ചുകൊണ്ടും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുക. അല്ലാഹുവിനെ നേരിൽ കാണുന്ന പോലെ ആരാധനകൾ നിർവഹിക്കുക. അവനെ കാണുന്നില്ലെങ്കിലും അവൻ കാണുന്നു. തന്റെ ബാധ്യതകൾ നിർവഹിച്ചും അല്ലാഹുവിനുള്ള ആരാധനകൾ നന്നാക്കിയും നന്മ ചെയ്യുക.
ഈ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ വ്യത്യാസമല്ലാതെ മറ്റ് വ്യത്യാസങ്ങളില്ല. അവയെല്ലാം വിരൽ ചൂണ്ടുന്നത് ഇസ്്‌ലാം അനുശാസിക്കുന്ന മുഴുവൻ നന്മകളും കടമകളും കർത്തവ്യങ്ങളും നിർവഹിക്കണമെന്നാണ്. ശരിയായും സ്വീകാര്യമാകും വിധത്തിലും ആരെങ്കിലും അങ്ങനെ ചെയ്താൽ (ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്) അത് പിടിക്കുന്നവൻ ഉറച്ചു. കൂടാതെ വിജയിക്കുകയും നാശത്തിൽനിന്ന് മോചനം നേടുകയും ചെയ്തു. എല്ലാ നന്മയും കരസ്ഥമാക്കി.
എന്നാൽ അല്ലാഹുവിന് പൂർണമായി സമർപ്പിക്കാതിരിക്കുകയും ഉറപ്പുള്ള പിടിയിൽ പിടിക്കാതിരിക്കുകയും ചെയ്താൽ അവൻ നാശത്തിലും പരാജയത്തിലും മാത്രമായിരിക്കും. (അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണിതി) എല്ലാ കാര്യങ്ങളുടെയും ഫലം അല്ലാഹു തീരുമാനിക്കും. എല്ലാ കാര്യങ്ങളും അവസാനം അവനിലേക്ക് മടങ്ങും. അവിടെയാണ് അവസാനം. അപ്പോൾ അവൻ തന്റെ ദാസന്മാർക്കിടയിൽ വിധി കൽപിക്കും. അവരുടെ കർമങ്ങൾക്കനുസൃതമായ പ്രതിഫലം നൽകും; അവരുടെ പ്രവർത്തനങ്ങളുടെ പരിണിതി അവരിലേക്കുതന്നെ എത്തുംവിധം. അതിനാൽ അക്കാര്യത്തിനവർ തയ്യാറെടുക്കട്ടെ.

23) (വല്ലവനും അവിശ്വസിച്ചുവെങ്കിൽ അവന്റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ) അവർക്ക് സന്ദേശം അറിയിക്കുക എന്ന താങ്കളുടെ ബാധ്യത താങ്കൾ നിർവ്വഹിച്ചു. അവർ സന്മാർഗം സ്വീകരിച്ചില്ലെങ്കിലും താങ്കൾക്ക് പ്രതിഫലം ഉറപ്പായി. അതിനാൽ സന്മാർഗം സ്വീകരിച്ചില്ലല്ലോ എന്നോർത്ത് ദുഖിക്കുന്നതിൽ അർഥമില്ല. അതിലെന്തെങ്കിലും നൻമയുണ്ടെങ്കിൽ അല്ലാഹു അവരെ നേർമാർഗത്തിലാക്കും. അവൻ നിങ്ങളോട് ശത്രുത കാണിക്കുകയും എതിർക്കുകയും വഴികേടിലും അവിശ്വാസത്തിലും ഉറച്ച് നിൽക്കുകയും ചെയ്യുന്നതിൽ താങ്കൾ സങ്കടപ്പെടരുത്.
(നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം അവരെ വിവരം അറിയിക്കുന്നതാണ്) അവിശ്വാസം, ശത്രുത, അല്ലാഹുവിന്റെ പ്രകാശം കെടുത്താനുള്ള പരിശ്രമം, പ്രവാചകന്മാരെ ദ്രോഹിക്കുക തുടങ്ങി അവർ ചെയ്തതെല്ലാം നാം അവരെ അറിയിക്കും. (തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു) സംസാരിക്കാത്തത് അവനറിയുമെങ്കിൽ പരസ്യമായും പ്രത്യക്ഷമായും അവർ ചെയ്തത് എങ്ങനെയായിരിക്കും!
24) (നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു) ഇഹലോകത്ത് അൽപം സുഖമനുഭവിക്കാൻ നാം അവർക്ക് അവസരം നൽകും. അപ്പോൾ അവർ പാപം വർധിപ്പിക്കും. അങ്ങനെ അവരുടെ ശിക്ഷ പൂർണമാകും. (പിന്നീട് നാം അവരെ തള്ളിവിടും) കൊണ്ടെത്തിക്കും. (കഠിനമായ ശിക്ഷയിലേക്ക്) അത്യധികം വേദനാജനകവും ഭയാനകവും കഠിനവുമായ ശിക്ഷ.
25) (നീ അവരോട് ചോദിച്ചാൽ) സത്യത്തെ കളവാക്കുന്ന ബഹുദൈവ വിശ്വാസികളും നിഷേധികളുമായ ഇക്കൂട്ടരോട്. (ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന്) അവർക്കറിയാം അവരുടെ ബിംബങ്ങൾ യാതൊന്നും സൃഷ്ടിച്ചില്ലെന്ന്. (അവർ പറയും: അല്ലാഹുവാണെന്ന്) അവൻ മാത്രമാണ് അവയെ സൃഷ്ടിച്ചത്.
(നബിയേ പറയുക:) ഈ ആശയം പിന്തുടരാൻ അവരെ പ്രേരിപ്പിച്ചുകൊണ്ട്. അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്ന, അവർ അംഗീകരിച്ച ആശയത്തെ അവർ നിഷേധിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുക. (അല്ലാഹുവിനാകുന്നു സർവസ്തുതി) വെളിച്ചം വ്യക്തമാക്കിയവൻ. നിങ്ങൾക്കെതിരെ നിങ്ങളിൽ നിന്നുതന്നെ തെളിവ് കൊണ്ടുവന്നവൻ; അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ! ഒരേ ഒരു സ്രഷ്ടാവും നിയന്താവുമായവൻ മാത്രമാണ് യോഗ്യൻ എന്ന് അവർ ഉറപ്പിച്ചു പറയും. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ എന്നും. (അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല). അതിനാലാണവർ അവനിൽ മറ്റുള്ളവരെ പങ്കുചേർത്തത്. അവരുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിൽ സംതൃപ്തരായി; സംശയത്തോടെ. ഉൾക്കാഴ്ചയോടെയല്ല.
അല്ലാഹു തന്റെ അടിമകളെ ക്ഷണിക്കുന്നത് അവനെ ശരിയായി മനസ്സിലാക്കാനും സ്‌നേഹിക്കാനും ആരാധനകൾ അവനിൽ മാത്രം അർപ്പിക്കാനും കീഴ്‌വണക്കം അവന് മാത്രമാക്കാനുമാണ്. അതാണ് ഈ രണ്ട് വചനങ്ങളിൽ പറയുന്നത്. തുടർന്ന് അവന്റെ അധികാരത്തിന്റെ വിശാലതയെക്കുറിച്ച് പറയുന്നു. ആകാശഭൂമികളിലുള്ളതെല്ലാം എന്ന് പറയുമ്പോൾ ഈ ലോകവും ഉപരിലോകവും എല്ലാം ഉൾപ്പെടും. അതിലുള്ളതെല്ലാം അവന്റെതാണ്. അവന്റെ ഹിതമനുസരിച്ച് അവിടുത്തെ കാര്യങ്ങൾ അവൻ നിയന്ത്രിക്കുന്നു. മതപരമായ അവന്റെ കൽപനകളും വിലക്കുകളും പ്രതിഫലവും ശിക്ഷയും എല്ലാം അവന്റെ വിധി തീരുമാനങ്ങൾക്ക് അനുസൃതമായാണ്. അവരെല്ലാം അവന്റെ നിയന്ത്രണത്തിലുള്ള അടിമകളാണ്. അവർക്ക് ആധിപത്യത്തിൽ പങ്കില്ല. അവൻ വിശാലതയുള്ളവനും ധന്യനുമാണ്. സൃഷ്ടികൾക്ക് ആവശ്യമുള്ളതുപോലെ അവന് യാതൊരു ആവശ്യവും ആശ്രയവും ഇല്ല.
‘ഞാൻ അവരിൽനിന്ന് ഉപജീവനം ഒന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല’ (51:57).
പ്രവാചകന്മാർ, സ്വിദ്ദീക്വുകൾ, രക്തസാക്ഷികൾ, സദ്‌വൃത്തർ എന്നിവരുടെ കർമങ്ങൾകൊണ്ട് അല്ലാഹുവിന് യാതൊരു ഗുണവുമില്ല. മറിച്ച്, അതിന്റെ ഗുണങ്ങൾ അവർക്കുതന്നെയാണ്. അവരുടെ പ്രവർത്തനം അല്ലാഹുവിന് ആവശ്യമില്ല. അവൻ അവരെ ഇഹത്തിലും പരത്തിലും ധന്യരാക്കുകയും സംതൃപ്തരാക്കുകയും ചെയ്യുന്നു.
26) തുടർന്ന് അല്ലാഹു നമ്മെ അറിയിക്കുന്നത് അവന്റെ സ്തുതിയുടെ വിശാലതയാണ്. സ്തുതി എന്നത് അവന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. എല്ലാറ്റിലും അവൻ സ്തുതിക്കർഹനാണ്. അവന്റെ ഓരോ ഗുണത്തിനും അവൻ തികഞ്ഞ സ്തുതി അർഹിക്കുന്നു. കാരണം അത് മഹത്ത്വത്തിന്റെയും പൂർണതയുടെയും ഗുണങ്ങളാണ്. അവന്റെ സൃഷ്ടിപ്പും പ്രവൃത്തിയും സ്തുതിക്കപ്പെടും; അവൻ കൽപിച്ചതിലും വിരോധിച്ചതിലും. തന്റെ ദാസൻമാരിൽ അവൻ വിധിച്ച വിധികളെല്ലാം സ്തുതിക്കർഹമാണ്. ഇഹത്തിലും പരത്തിലും അവൻ സ്തുതിക്കപ്പെടും.

