സൂറ: റൂം, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജൂൺ 28, 1447 മുഹറം 02
അധ്യായം: 30, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
23. രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
24. ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങൾക്ക് മിന്നൽ കാണിച്ചുതരുന്നതും ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും അതുമൂലം ഭൂമിക്ക് അതിന്റെ നിർജീവാവസ്ഥയ്ക്കു ശേഷം ജീവൻ നൽകുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
25. അവന്റെ കൽപനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. പിന്നെ, ഭൂമിയിൽനിന്ന് നിങ്ങളെ അവൻ ഒരു വിളി വിളിച്ചാൽ നിങ്ങളതാ പുറത്ത് വരുന്നു.
26. ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്റെ അധീനത്തിലത്രെ. എല്ലാവരും അവന്ന് കീഴടങ്ങുന്നവരാകുന്നു.
27. അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവൻ പ്രതാപിയും യുക്തിതിമാനുമത്രെ.
28. നിങ്ങളുടെ കാര്യത്തിൽ നിന്നുതന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക് നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങൾ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ (അടിമകളെ)യും നിങ്ങൾ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതിൽ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു.

23) ദൃഷ്ടാന്തങ്ങളും ആശയങ്ങളും ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രൂപത്തിൽ കേൾക്കുന്നു. ഇതും അല്ലാഹുവിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും തെളിവാണ്.
وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“അവന്റെ കാരുണ്യത്താൽ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നു. അതിൽ രാത്രിയിൽ നിങ്ങൾ വിശ്രമിക്കാനും പകൽ സമയത്ത് അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ തേടാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടി’’(28:73).
ഇത് അവന്റെ സമ്പൂർണ യുക്തിയെക്കുറിക്കുന്നു. വിശ്രമിക്കാനും മതപരവും ലൗകികവുമായ നന്മകൾ ചെയ്യുന്നതിനും ചിലപ്പോഴൊക്കെ സമയം ലഭിക്കണമെന്നത് മനുഷ്യന്റെ പ്രകൃതിയിൽപെട്ടതാണ്. ഇതുണ്ടാവണമെങ്കിൽ രാത്രിയും പകലും മാറിമാറി വരണം. ഇതെല്ലാം ചെയ്തു തരുന്നവൻ ആരാധനക്കർഹനായ ഏകനാണ്.
24) നിങ്ങൾക്ക് മഴ വർഷിപ്പിച്ചുതരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അതിലൂടെ നാടും മനുഷ്യനുംജീവസ്സുറ്റതാകുന്നു. മഴ വരുന്നതിന് മുമ്പ് ഭയവും പ്രതീക്ഷയും ഉളവാക്കുന്ന ഇടിയും മിന്നലും മുന്നോടിയായി അവർക്ക് കാണിച്ചുകൊടുക്കുന്നു.
(തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്) അവന്റെ ദയ, കാരുണ്യം, അറിവിന്റെ വിശാലത, അന്യൂനത, മഹത്തായ യുക്തി എല്ലാം ഇതിലുണ്ട്. അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു; നിർജീവമായ ഭൂമിയെ പുനർജീവിപ്പിക്കുന്നത് പോലെ. (ചിന്തിക്കുന്ന ജനതക്ക്) കേൾക്കുന്നതും കാണുന്നതും ചിന്തിക്കാവുന്ന ബുദ്ധി അവർക്കുണ്ട്; അതിൽനിന്ന് തെളിവ് കണ്ടെത്തുന്നവർക്ക്.
25) ആകാശവും ഭൂമിയും അവന്റെ കൽപനയാൽ ഉറച്ചു സ്ഥാപിതമായി നിൽക്കുന്നു. അവ ഇളകുന്നില്ല. ആകാശം ഭൂമിയിൽ പതിക്കുന്നില്ല. അവന്റെ മഹത്തായ ശക്തിയിൽപെട്ടതാണ് ആകാശഭൂമികളെ ഇളകാതെ പിടിച്ചു നിർത്തുന്നു എന്നത്. അതിനാൽ ഭൂമിയിൽനിന്ന് പുറത്ത് വരാൻ അവൻ അവരെ വിളിച്ചാൽ അവർ വരും.
لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ
“തീർച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം’’ (40:57).
26). (ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്റെ അധീനതയിലത്രെ) ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം അവന്റെ സൃഷ്ടികളും അടിമകളുമാണ്. അവനോട് തർക്കിക്കാനോ എതിർക്കാനോ സഹായിക്കാനോ ആരുമില്ലാതെ അവൻ അവരെ നിയന്ത്രിക്കുന്നു. അവരെല്ലാം അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങുന്നു. അവന്റെ പൂർണതക്ക് അവർ വിധേയരുമാണ്.
27) (അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ) അതായത് മരണശേഷം തിരിച്ചുകൊണ്ടുവരുന്നവൻ. (അത് അവന് കൂടുതൽ എളുപ്പമുള്ളതാകുന്നു) ആദ്യ സൃഷ്ടിപ്പിനെക്കാൾ. ഇത് മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാണ്. നിങ്ങൾ അംഗീകരിക്കുന്ന ആദ്യ സൃഷ്ടിപ്പിന് അവന് കഴിയുമെങ്കിൽ തിരിച്ചുകൊണ്ടുവരിക എന്നത് അതിനെക്കാൾ എത്രയോ എളുപ്പമായതാണ്.
മനസ്സുകൾക്ക് പാഠമുൾക്കൊള്ളാനും വിശ്വാസികൾക്ക് ഉൽബോധനമായും സന്മാർഗം പ്രാപിച്ചവർക്ക് ഉൾക്കാഴ്ച വർധിപ്പിക്കാനും ഉപകരിക്കുന്ന ഈ മഹത്തായ ദൃഷ്ടാന്തങ്ങൾ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ഇപ്പോൾ സുപ്രധാനമായ മറ്റൊരു വിഷയത്തിലേക്ക് പ്രവേശിക്കുന്നു.
(ആകാശങ്ങളിലും ഭൂമിയിലും ഉന്നതമായ അവസ്ഥയുള്ളത് അവനാകുന്നു) ഇത് പൂർണതയുടെ എല്ലാ ഗുണങ്ങളെയും സൂചിപ്പിക്കുന്നു. അവന്റെ അടിമകളെ സംബന്ധിച്ചിടത്തോളം അവനോടുള്ള പൂർണ സ്‌നേഹവും ആത്മാർഥതയും ഹൃദയങ്ങളിലെ സമ്പൂർണ വിധേയത്വവും ആരാധനയും സ്മരണയുമെല്ലാം ഏറ്റവും ഉയർന്ന തലത്തിലാണ്. അതിനാൽ പണ്ഡിതന്മാർ അല്ലാഹുവിന്റെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ഉത്തമമായ (ക്വിയാസ്) തലത്തെ അവർ പരിഗണിക്കുന്നു. അതിനാൽ അവർ പറയുന്നു: ‘സൃഷ്ടികളിൽ ഏത് ഗുണം എത്ര കൂടുതലായി കണ്ടാലും ആ ഗുണത്തെ സൃഷ്ടിച്ചവനാണ് അതിന് ഏറ്റവും അർഹൻ. അതിൽ മറ്റാർക്കും പങ്കുചേരാനാവില്ല.’
സൃഷ്ടികളിൽ കാണുന്ന എല്ലാ ന്യൂനതകളിൽനിന്നും അവൻ പരിശുദ്ധനാണ്. (അവൻ പ്രതാപിയും യുക്തിമാനുമത്രെ) പൂർണമായ പ്രതാപവും വിശാലമായ യുക്തിയും അവനുള്ളതാണ്. അവൻ അവന്റെ പ്രതാപത്തിൽ സർവ സൃഷ്ടികളെയും ഉണ്ടാക്കി. അവന്റെ യുക്തി അവൻ ഉണ്ടാക്കിയതിനെ അന്യൂനമാക്കി. അവനുണ്ടാക്കിയ നിയമങ്ങളെ മനോഹരവുമാക്കി.
28) ശിർക്കിന്റെ മോശാവസ്ഥക്ക് ഒരു ഉപമ പറയുകയാണിവിടെ. നിങ്ങളുടെ ജീവിതത്തിൽനിന്ന് തന്നെയുള്ള ഒരു ഉപമയാണിത്. മനസ്സിലാക്കാൻ പ്രയാസമില്ല. (നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക് നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ?) നിങ്ങളുടെ ആൺ- പെൺ അടിമകളിൽനിന്ന് ആരെങ്കിലും നിങ്ങളുടെ ഉപജീവനം പങ്കിടുന്നുണ്ടോ? നിങ്ങളും അപരരും അതിൽ തുല്യരാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ?
(എന്നിട്ട് നിങ്ങൾ അന്യോന്യം ഭയപ്പെടുന്നതുപോലെ അവരെയും-അടിമകളെയും-നിങ്ങൾ ഭയപ്പെടുക) അതായത് യഥാർഥത്തിൽ പങ്കാളികളായ സ്വതന്ത്ര ആളുകളെപ്പോലെ ഓരോരുത്തരും അവരവരുടെ ഓഹരി എടുക്കുക. എന്നാൽ അങ്ങനെയല്ല. നിങ്ങളുടെ ഒരടിമയും തന്നെ നിങ്ങൾക്ക് നൽകപ്പെട്ട ഉപജീവനത്തിൽ നിങ്ങൾക്ക് പങ്കാളികളല്ല.
പരസ്പരം ഭയപ്പെടുക എന്നതുകൊണ്ട് അർഥമാക്കുന്നത് രണ്ടു സ്വതന്ത്ര വ്യക്തികൾക്ക് തുല്യസമ്പത്തുണ്ടാവുക എന്നതാണ്. എന്നിട്ട് അപരൻ തന്റെ വിഹിതത്തെക്കാൾ കൂടുതൽ എടുക്കുമെന്ന് ഭയപ്പെടുക. മാത്രമല്ല, നിങ്ങൾ ആ അടിമകളെ സൃഷ്ടിക്കുകയോ അവർക്ക് ഉപജീവനം നൽകുകയോ ചെയ്തവരല്ല. അവരും നിങ്ങളെപ്പോലെ അല്ലാഹുവിന്റെ അടിമകൾ. അതിനാൽ അല്ലാഹുവിന് തുല്യനും തുല്യയോഗ്യനുമായ നിങ്ങളെങ്ങനെയാണ് അവന്റെ ഒരടിമയെ അവന് പങ്കാളിയാക്കുന്നത്. നിങ്ങളുടെ ഒരടിമയെ നിങ്ങൾക്ക് തുല്യരായി കാണാൻ കഴിയാതിരിക്കെ ഇത് വിചിത്രമായ ഒരു കാര്യമാണ്. അല്ലാഹുവിൽ പങ്കുചേർക്കുന്നവരുടെ വിഡ്ഢിത്തത്തെ സൂചിപ്പിക്കുന്ന വലിയ തെളിവ്. അവന് പങ്കുകാരെ സ്വീകരിക്കുന്നത് നിരർഥകമാണ്. ആരാധനയിൽ യാതൊരാളും അവന് തുല്യരായില്ല.
(അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു) ഉദാഹരണങ്ങളിലൂടെയുള്ള വിശദീകരണം (ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങൾക്ക് വേണ്ടി) യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നവർക്ക്. തെളിവുകൾ വിശദീകരിച്ച് നൽകിയാലും ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കപ്പെട്ടാലും അവർക്ക് ചിന്തിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. ബുദ്ധിയുള്ളവർക്കാണ് തെളിവ് നൽകേണ്ടത്. അവരോടാണ് സംസാരിക്കേണ്ടത്.
لَا ا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ
“മതത്തിെൻറ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.” - (ക്വുർആൻ 2:256).

