സൂറ: അൻകബൂത്ത്‌, ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ആഗസ്റ്റ് 09, 1447 സഫർ 15

അധ്യായം: 29, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الٓمٓ (١) أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ (٢) وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ (٣) أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ (٤) مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍۢ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ (٥) وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ (٦) وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ (٧) وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًۭا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ (٨)

1. അലിഫ്-ലാം-മീം.

2. ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യർ വിചാരിച്ചിരിക്കയാണോ?

3. അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോൾ സത്യം പറഞ്ഞവർ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.

4. അതല്ല, തിന്മ ചെയ്തുകൊണ്ടിരിക്കുന്നവർ നമ്മെ മറികടന്നുകളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവർ തീരുമാനിക്കുന്നത് വളരെ മോശം തന്നെ!

5. വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ; തീർച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

6. വല്ലവനും (അല്ലാഹുവിന്റെ മാർഗത്തിൽ) സമരം ചെയ്യുകയാണെങ്കിൽ തന്റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവൻ സമരം ചെയ്യുന്നത്. തീർച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതിൽ നിന്ന് മുക്തനത്രെ.

7. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവരുടെ തിന്മകൾ അവരിൽനിന്ന് നാം മായ്ച്ചുകളയുകതന്നെ ചെയ്യും. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവർക്ക് നാം നൽകുന്നതുമാണ്.

8. തന്റെ മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കാൻ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കുവാൻ അവർ (മാതാപിതാക്കൾ) നിന്നോട് നിർബന്ധപൂർവം ആവശ്യപ്പെട്ടാൽ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്.

1. ‘ഹുറൂഫുൽ മുക്വത്തഅഃ’ എന്ന് പറയുന്ന ഇത്തരം അക്ഷരങ്ങൾ സൂറത്തുകളുടെ തുടക്കത്തിൽ സാധാരണ കാണാറുണ്ട്. അവയ്ക്ക് അർഥം നൽകാൻ ശ്രമിക്കാതെ അത് കാണുന്നതുപോലെ വിശ്വസിക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായം. അതിനെക്കുറിച്ചുള്ള അറിവ് നാം അവന് വിട്ടുകൊടുക്കണം. അത് വെറുതെ പറഞ്ഞതല്ലെന്നും നമുക്കറിയാത്ത ജ്ഞാനം അതിന് പിന്നിലുണ്ടെന്നും വിശ്വസിക്കണം.

ഇവിടെ അല്ലാഹു അവന്റെ അറിവിന്റെ പൂർണതയെക്കുറിച്ച് പറയുന്നു. താൻ ഒരു വിശ്വാസിയാണെന്ന് പറയുകയും തനിക്ക് വിശ്വാസം ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആരും പരീക്ഷണങ്ങളിൽനിന്നും പ്രയാസങ്ങളിൽനിന്നും സുരക്ഷിതരായിരിക്കില്ലെന്നാണ് അല്ലാഹുവിന്റെ യുക്തി. വിശ്വാസത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അവർക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയല്ലെങ്കിൽ ആത്മാർഥതയുള്ളവനെയും കള്ളം പറയുന്നവനെയും സത്യത്തെ പിന്തുടരുന്നവനെയും അസത്യത്തിന്റെ വക്താവിനെയും തിരിച്ചറിയാനാവില്ല. പൂർവസമുദായങ്ങളിലും ഈ സമുദായത്തിലും അല്ലാഹുവിന്റെ നടപടിക്രമം സന്തോഷത്തിലും ദുഃഖത്തിലും ആശ്വാസത്തിലും പ്രയാസത്തിലും ഉന്മേഷത്തിലും വെറുപ്പിലും സമ്പന്നതയിലും ദാരിദ്ര്യത്തിലും അവരെ പരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതാണ്. ചില സന്ദർഭങ്ങളിൽ ശത്രുക്കൾക്ക് അവരുടെ മേൽ മേൽക്കോയ്മ ലഭിക്കുന്നു. അത് വാക്കിലും പ്രവൃത്തിയിലും ശത്രുവിനോട് പോരാടാൻ അവരെ പ്രേരിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളും പരീക്ഷണങ്ങൾ തന്നെയാണ്. മറ്റു പരീക്ഷണങ്ങളും ഉണ്ടാകാം. ഇതെല്ലാം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. അവന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി കാര്യങ്ങളിൽ സംശയങ്ങൾ നേരിടുമ്പോൾ പതറാതെ തന്റെ വിശ്വാസം കൊണ്ട് പിടിച്ചുനിൽക്കുക. അതൊന്നും തന്നെ താൻ സ്വീകരിച്ച വിശ്വാസത്തിൽ നിന്ന് പിന്തിരിയാൻ കാരണമായിക്കൂടാ. അല്ലാഹുവും പ്രവാചകനും നിർദേശിച്ച കാര്യങ്ങൾക്ക് വിരുദ്ധമായ തെറ്റുകളിലേക്കും അനുസരണക്കേടിലേക്കും ദേഹേച്ഛകൾ ശക്തമായി ക്ഷണിക്കുമ്പോൾ വിശ്വാസം അനുസരിച്ച് പ്രവർത്തിക്കാനും ദേഹേച്ഛകൾക്കെതിരെ സമരം ചെയ്യാനും കഴിയണം. അതെല്ലാം അവരുടെ വിശ്വാസത്തിന്റെ സത്യതയെയും സ്വീകാര്യതയെയും അറിയിക്കുന്നു. എന്നാൽ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വരുമ്പോൾ അത് അവന്റെ മനസ്സിനെ സ്വാധീനിക്കുകയും സംശയം ഉണ്ടാക്കുകയും ചെയ്യുകയും അത് തെറ്റുകളിലേക്കും നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കുന്നതിലേക്കും നയിക്കുകയും ചെയ്യുന്നുവെങ്കിൽ അത് വിശ്വാസത്തിന്റെ അപര്യാപ്തതയെയും ദുർബലതയെയും അറിയിക്കുന്നു.

ഈ വിഷയത്തിൽ ആളുകൾ വ്യത്യസ്ത തലത്തിൽ ഉള്ളവരാണ്. അത് നിർണയിക്കാൻ അല്ലാഹുവിനേ കഴിയൂ. അത് കൂടുകയും കുറയുകയും ചെയ്യും. ഇഹലോകത്തും പരലോകത്തും വിശ്വാസം കൊണ്ട് ഉറപ്പിച്ച് നിർത്താൻ നാം അല്ലാഹുവോട് ചോദിക്കണം; അവന്റെ മതത്തിൽ ഹൃദയങ്ങളെ അടിയുറച്ചു നിർത്താനും. പരീക്ഷണങ്ങളും പ്രയാസങ്ങളും ചീത്തയെ ഇല്ലാതാക്കുകയും ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. കൊല്ലന്റെ ആല പോലെയാണത്.

4. അതായത് തിന്മകളും പാപങ്ങളും ചെയ്യുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ? അല്ലാഹു അവരുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കുമെന്നും അല്ലെങ്കിൽ അവനെ മറികടക്കാനാവുമെന്നും. ഈ വിചാരം കൊണ്ടാണോ അവരത് ചെയ്യാൻ തയ്യാറാകുന്നതും അവർക്കത് എളുപ്പമാകുന്നതും?

(അവർ തീരുമാനിക്കുന്നത് വളരെ മോശം തന്നെ) അവർ എത്ര മോശമായി വിധിക്കുന്നു! അനീതിയാണ്. അവരുടെ വിധി. അത് അല്ലാഹുവിന്റെ ശക്തിയുടെയും ജ്ഞാനത്തിന്റെയും പരോക്ഷമായ നിഷേധമാണ്. അവർക്ക് അല്ലാഹുവിന്റെ ശക്തിയെ തടുക്കാൻ കഴിവുണ്ടെന്നല്ലേ അവർ പരോക്ഷമായി പറയുന്നത്? വാസ്തവത്തിൽ അവർ ഏറ്റവും ദുർബലരും കഴിവില്ലാത്തവരുമാണ്.

5. തന്റെ രക്ഷിതാവിനെ സ്‌നേഹിക്കുകയും അവന്റെ സാമീപ്യം ആഗ്രഹിക്കുകയും അവന്റെ തൃപ്തി നേടാനായി പരിശ്രമിക്കുകയും ചെയ്യുന്നവനെ. നിനക്ക് ഇഷ്ടപ്പെട്ടവനെ കണ്ടുമുട്ടുന്നതിൽ നീ സന്തോഷിക്കുക. അത് വളരെ അടുത്തുതന്നെ സംഭവിക്കും. അതിനാൽ നീ അവനെ കണ്ടുമുട്ടാൻ ഒരുങ്ങുക. അവനിൽ എത്തുമെന്ന പ്രതീക്ഷയോടെ ആഗ്രഹത്തോടെ അവനിലേക്ക് നീങ്ങുക. എന്നാൽ അവകാശവാദം ഉന്നയിക്കുന്നവരെല്ലാം അവകാശികളാകണമെന്നില്ല. ആഗ്രഹിക്കുന്നവർക്കെല്ലാം ആഗ്രഹിക്കുന്നത് നൽകണമെന്നില്ല. കാരണം അല്ലാഹു എല്ലാ ശബ്ദങ്ങളും കേൾക്കുകയും എല്ലാ ഉദ്ദേശ്യങ്ങളും അറിയുകയും ചെയ്യുന്നു. ആ ഉദ്ദേശ്യത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക് അവനാഗ്രഹിച്ചത് ലഭിക്കും. സത്യസന്ധത പുലർത്താത്തവർക്ക് അവന്റെ വാദം പ്രയോജനപ്പെടണമന്നില്ല. കാരണം അവനോട് ആത്മാർഥ സ്‌നേഹം കാണിച്ചത് ആരാണെന്ന് അവനറിയുമല്ലോ.

6. (വല്ലവനും സമരം ചെയ്യുകയാണെങ്കിൽ) തന്റെ സ്വന്തത്തിനെതിരെയും പിശാചിനെതിരെയും അവിശ്വാസിയായ ശത്രുവിനെതിരെയും പോരാടുന്നവൻ. (തന്റെ സ്വന്തം ഗുണത്തിന് തന്നെയാണ് അവൻ പോരാടുന്നത്) അതിന്റെ പ്രയോജനം അവനുതന്നെ ലഭിക്കും. (തീർച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതിൽനിന്നും മുക്തനത്രെ) അല്ലാഹു അവന്റെ നേട്ടത്തിനു വേണ്ടി അവരോട് കൽപിച്ചിട്ടില്ല. അവരോടുള്ള പിശുക്ക് നിമി ത്തം അവർക്ക് വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടില്ല. കൽപനകളിലും വിലക്കുകളിലും ഉത്തരവാദിത്തമുള്ള വ്യക്തികൾക്ക് പരിശ്രമം ആവശ്യമാണ്. കാരണം പൊതുവെ മനുഷ്യന്റെ മനസ്സുതന്നെ നന്മ ചെയ്യാൻ വിമുഖത കാണിക്കുന്നു. പിശാച് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസിയായ ശത്രു അവന്റെ ദീൻ നിലനിർത്തുന്നതിനെ തടയുകയും ചെയ്യുന്നു. ഇത്തരം എതിർപ്പുകളെല്ലാമാകുമ്പോൾ അധ്വാനവും പരിശ്രമവും ത്യാഗവും ആവശ്യമായി വരും.

7. വിശ്വാസം കൊണ്ടും സൽകർമങ്ങൾകൊണ്ടും അല്ലാഹു അനുഗ്രഹിച്ചവർ. അവരുടെ തിൻമകൾ അവരിൽനിന്നും അവൻ മായ്ച്ച് കളയും. കാരണം നൻമകൾ തിൻമകളെ മായ്ച്ച് കളയുന്നതാണ്. (അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവർക്ക് നാം നൽകുന്നതാണ്) നിർബന്ധമായതും ഐച്ഛികമായതും പ്രോത്സാഹനകരവുമായ കർമങ്ങളാണ് സൽപ്രവൃത്തികൾ. ഒരു വ്യക്തിയുടെ കർമങ്ങളിൽ ഏറ്റവും മികച്ചത് ഇവയാണ്. കാരണം അവൻ അനുവദനീയമായ കാര്യങ്ങളും മറ്റുള്ളവയും ചെയ്യുന്നു.

8. മനുഷ്യരോട്, അവന്റെ മാതാപിതാക്കളോട് നല്ല രീതിയിൽ പെരുമാറണമെന്ന് നാം കൽപിച്ചിരിക്കുന്നു. അതായത് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവർക്ക് നൻമ ചെയ്യാൻ. അവരെ വിഷമിപ്പിക്കാൻ പാടില്ല. വാക്കുകൊണ്ടോ പ്രവർത്തനം കൊണ്ടോ അവരോട് തിന്മ ചെയ്യരുത്. (നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കാൻ അവർ നിന്നോട് നിർബന്ധപൂർവം ആവശ്യപ്പെട്ടാൽ) അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുന്നതിന് യാതൊരു സാധുതയും ഇല്ല. ബഹുദൈവാരാധനയുടെ ഗുരുതരാവസ്ഥയും ഇത് സൂചിപ്പിക്കുന്നു.

(അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്) അപ്പോൾ നിങ്ങളുടെ പ്രവൃത്തികൾക്ക് നാം പ്രതിഫലം നൽകും. അതിനാൽ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും അവർക്ക് മുൻഗണന നൽകുകയും ചെയ്യുക. എന്നാൽ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിനെക്കാൾ മുൻഗണന നൽകരുത്. അതിനായിരിക്കണം എല്ലാ കാര്യത്തെക്കാളും മുൻഗണന നൽകേണ്ടത്.