സൂറ: അൻകബൂത്ത്‌, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

അധ്യായം: 29, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ ۚ فَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَـٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلْكَـٰفِرُونَ (٤٧) وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَـٰبٍۢ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًۭا لَّٱرْتَابَ ٱلْمُبْطِلُونَ (٤٨) بَلْ هُوَ ءَايَـٰتٌۢ بَيِّنَـٰتٌۭ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَـٰتِنَآ إِلَّا ٱلظَّـٰلِمُونَ (٤٩) وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَـٰتٌۭ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌ (٥٠) أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةًۭ وَذِكْرَىٰ لِقَوْمٍۢ يُؤْمِنُونَ (٥١)

47. അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോൾ നാം (മുമ്പ്) വേദഗ്രന്ഥം നൽകിയിട്ടുള്ളവർ ഇതിൽ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതിൽ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.

48. ഇതിനു മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ സത്യനിഷേധികൾക്കു സംശയിക്കാമായിരുന്നു.

49. എന്നാൽ ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.

50. അവർ (അവിശ്വാസികൾ) പറഞ്ഞു: ‘ഇവന്നു ഇവന്റെ രക്ഷിതാവിങ്കൽനിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊടുക്കപ്പെടുന്നില്ല?’ നീ പറയുക: ‘ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ മാത്രമാകുന്നു. ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു.’

51. നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവർക്കു (തെളിവിന്) മതിയായിട്ടില്ലേ? അതവർക്ക് ഓതി കേൾപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ അനുഗ്രഹവും ഉൽബോധനവുമുണ്ട്.

47) (അതുപോലെ നിനക്ക് നാം അവതരിപ്പിച്ചു) മുഹമ്മദേ, ഈ (ഗ്രന്ഥം). ആദരണീയമായ, എല്ലാ മഹത്തായ സംഭവങ്ങളും വിശദീകരിക്കുന്ന, എല്ലാ നല്ല സ്വഭാവങ്ങളെയും കാര്യങ്ങളെയും വിളിച്ചറിയിക്കുന്ന, മുൻ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, പൂർവപ്രവാചകൻമാരെക്കുറിച്ച് അറിവ് തരുന്ന ഗ്രന്ഥം. (അപ്പോൾ നാം ഗ്രന്ഥം നൽകിയിട്ടുള്ളവർ) നാം വേദഗ്രന്ഥം നൽകുകയും അത് അംഗീകരിക്കേണ്ടത് പോലെ അംഗീകരിക്കുകയും ചെയ്യുന്നു. അസൂയയോ ദേഹേച്ഛകളോ ആഗ്രഹങ്ങളോ തടസ്സമാകുന്നില്ല. (അതിലവർ വിശ്വസിക്കുന്നു) കാരണം, അത് സത്യമാണെന്ന് അവർക്കുറപ്പുണ്ട്. അത് അവരുടെ അടുക്കലുള്ള പ്രവചനങ്ങളുമായി യോജിക്കുന്നതായി കാണുന്നു. നല്ലതും ചീത്തയും ശരിയും തെറ്റും എന്താണെന്ന് അറിവുകൊണ്ട് അവർ വേർതിരിച്ചറിയുന്നു. (ഇക്കൂട്ടരിലും ഉണ്ട്) അന്നുള്ളവരിൽ. (അതിൽ വിശ്വസിക്കുന്നവർ) ഉൾക്കാഴ്ചയോടെ വിശ്വസിക്കുന്നവർ, ഭയംകൊണ്ടോ ആഗ്രഹങ്ങൾകൊണ്ടോ അല്ല. (അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല) സത്യത്തെ സ്ഥിരമായി നിഷേധിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്ന സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ ആരും നിഷേധിക്കുകയില്ല. സത്യനിഷേധികൾ മാത്രമെ അവന്റെ വഹ്‌യ് നിഷേധിക്കുകയുള്ളൂ. കാരണം സത്യത്തെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരാളിൽ നിന്നും തിരസ്‌കരണം ഉണ്ടാകില്ല. മറിച്ച് ഉദ്ദേശ്യശുദ്ധിയുള്ള ഏതൊരാളും അതിൽ വിശ്വസിക്കുകതന്നെ ചെയ്യും. കാരണം, മനസാന്നിധ്യത്തോടെ കേൾക്കുന്നവർക്കും ബുദ്ധിയും വിവേകവുമുള്ള ഏതൊരാൾക്കും ധാരാളം തെളിവുകൾ അതിൽ വിശദീകരിക്കുന്നുണ്ട്. ഈ വിശ്വസ്തനായ പ്രവാചകൻ ഇത് കൊണ്ടുവന്നു എന്നതാണ് ഇതിന്റെ തെളിവുകളിൽ ഒന്ന്. അദ്ദേഹത്തിന്റെ സത്യതയും വിശ്വസ്തതയും വരവും പോക്കും മറ്റു വസ്തുതകളുമെല്ലാം അവർക്കറിയും. അദ്ദേഹത്തിന് എഴുതാനറിയില്ല. എഴുതിയത് വായിക്കാനുമറിയില്ല. അതിനാൽ സർവശക്തനും സ്തുത്യർഹനുമായ അല്ലാഹുവിൽനിന്നാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഈ പശ്ചാത്തലത്തിൽനിന്ന് വ്യക്തമാണ്.

48) അല്ലാഹു പറയുന്നു: (നീ പാരായണം ചെയ്തിരുന്നില്ല) അതായത് വായിച്ചിരുന്നില്ല (ഇതിന് മുമ്പ് വല്ല ഗ്രന്ഥവും). (നിന്റെ വലതു കൈകൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല) ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ (ഈ സത്യം) നിഷേധികൾക്ക് സംശയിക്കാമായിരുന്നു. കാരണം അദ്ദേഹം അത് മുൻവേദങ്ങളിൽ നിന്ന് പഠിച്ചതാണെന്നോ പകർത്തിയെഴുതിയതാണെന്നോ പറയാമായിരുന്നു.

എന്നാൽ ശ്രേഷ്ഠമായൊരു ഗ്രന്ഥം താങ്കൾക്ക് അവതരിച്ചിരിക്കുന്നു. കഠിന ശത്രുക്കളെയും സാഹിത്യകാരൻമാരെയും അതുപോലെയുള്ളതോ അല്ലെങ്കിൽ ഒരു അധ്യായമോ കൊണ്ടുവരിക എന്ന് വെല്ലുവിളിച്ചു. അവരതിൽ അങ്ങേയറ്റം പരാജയപ്പെട്ടു. സാഹിത്യം നന്നായി അറിഞ്ഞിട്ടും അവരതിനെതിരെ സംസാരിച്ചതേ ഇല്ല. കാരണം അവർക്കറിയാമായിരുന്നു, മനുഷ്യന്റെ വാക്കുകൾ അതിനോട് പൊരുത്തപ്പെടില്ലെന്ന്. അതാണ് അല്ലാഹു പറഞ്ഞത്:

49) (എന്നാൽ ഇത്) ഈ ക്വുർആൻ. (വ്യക്തമായ ദൃഷ്ടാന്തമാണ്) അവ്യക്തതകളില്ല. (ജ്ഞാനം നൽകപ്പെട്ടവരുടെ ഹൃദയങ്ങളിൽ) മനുഷ്യരിലെ നേതാക്കളും ബുദ്ധിമാൻമാരുമാണവർ. അവരുടെ മനസ്സിലെ ചിന്ത ഇങ്ങനെയാണെങ്കിൽ മറ്റുള്ളവർക്കും എതിരായ തെളിവാണിത്. അതിനാൽ ആരെതിർത്താലും പ്രശ്‌നമല്ല. അതൊരക്രമം മാത്രമായിരിക്കും. അതാണ് അല്ലാഹു പറഞ്ഞത്: (അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല) അറിവില്ലാത്തവർ അതിനെ നിഷേധിക്കും. അറിവില്ലാതെ സംസാരിക്കുന്നവർ, പണ്ഡിതന്മാരെ പിൻപറ്റാത്തവർ, യാഥാർഥ്യം മനസ്സിലാക്കാൻ കഴിയുമെങ്കിലും സത്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്നവർ അജ്ഞത നടിക്കുന്നു. സത്യം അറിഞ്ഞിട്ടും അതിനെതിരാകുന്നു.

50) പ്രവാചകനിലും അദ്ദേഹം കൊണ്ടുവന്നതിലും അവിശ്വസിച്ച ഈ അക്രമികൾ എതിർക്കുകയും പ്രത്യേക ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ പറഞ്ഞു:

“അവർ പറഞ്ഞു: ഭൂമിയിൽനിന്ന് നീ ഞങ്ങൾക്ക് ഒരു ഉറവ ഒഴുക്കിത്തരുന്നതുവരെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല’’ (17:90).

ദൃഷ്ടാന്തങ്ങൾ ഏതു നൽകണമെന്നത് നിർണയിക്കുന്നത് അവരോ പ്രവാചകനോ അല്ല. അത് അല്ലാഹു മാത്രമാണ്. അവന്റെ നിയന്ത്രണത്തിൽ ഇടപെടാൻ ശ്രമിക്കുകയാണ് ഇവർ. അതിൽ ആർക്കും അധികാരമില്ല (ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ മാത്രമാകുന്നു) അവൻ ഉദ്ദേശിച്ചാൽ അത് ഇറക്കും. അല്ലെങ്കിൽ തടയും. (ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു) എനിക്ക് മുന്നറിയിപ്പുകാരൻ എന്ന സ്ഥാനമേയുള്ളൂ. അതിനപ്പുറം ഇല്ല.

സത്യവും അസത്യവും വേർതിരിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഇത് ഏതെങ്കിലും വഴിയിലൂടെ നേടിയെടുക്കാം. നിശ്ചിത അടയാളങ്ങൾ തന്നെ വേണമെന്ന് ആവശ്യപ്പെടുന്നതിൽ അല്ലാഹുവോടും സത്യത്തോടുമുള്ള അക്രമവും അഹങ്കാരവും ധിക്കാരവും ഉണ്ട്. ഈ ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടാലേ സത്യത്തിൽ വിശ്വസിക്കൂ എന്ന് അവരുടെ ഹൃദയങ്ങളിൽ നിർബന്ധമുണ്ടെങ്കിൽ അത് യഥാർഥ വിശ്വാസമല്ല. അത് അവരുടെ ഇച്ഛകളോട് യോജിക്കുന്ന കാര്യം മാത്രമാണ്. സത്യമായത് കൊണ്ടല്ല അവർ വിശ്വസിക്കുന്നത്. മറിച്ച് ആ ദൃഷ്ടാന്തങ്ങൾ കാരണം മാത്രമാണ്. അങ്ങനെയെങ്കിൽ ഈ അടയാളങ്ങൾ ഇറക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്?

51) സത്യം മനസ്സിലാക്കലാണ് ലക്ഷ്യമെങ്കിൽ അതിനുള്ള വഴി അല്ലാഹു പറയുന്നു: (അവർക്ക് മതിയായിട്ടില്ലേ?) നിന്റെ സത്യതയും നിനക്കിറക്കിയ ഗ്രന്ഥത്തിന്റെ സത്യതയും മനസ്സിലാക്കാൻ. (നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു എന്നത് തന്നെ അവർക്ക് -തെളിവിന്- മതിയായതല്ലേ?) അനേകം അടയാളങ്ങളും തെളിവുകളുമുള്ള സംക്ഷിപ്ത വാക്കുകളാണിവ. നാം മുകളിൽ സൂചിപ്പിച്ചപോലെ നിരക്ഷരനായിരിക്കെ ഈ ഗ്രന്ഥം കൊണ്ടുവന്നു എന്നത് തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. പ്രവാചകന്റെ സത്യതക്ക് അതുപോലുള്ള ഒന്ന് കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടതും അതിന് ക്വുർആൻ വെല്ലുവിളിച്ചതും മറ്റൊരു തെളിവാണ്.

അങ്ങനെ ക്വുർആൻ വരുകയും പരസ്യമായി ഓതപ്പെടുകയും ചെയ്തു. അത് അല്ലാഹുവിൽനിന്നാണെന്ന് പറയപ്പെടുകയും ചെയ്തു. തന്നെ അനുകൂലിക്കുന്നവർ വളരെ കുറവും എതിർക്കുന്നവരും ശത്രുക്കളും വളരെ കൂടുതലുമുണ്ടായിരുന്ന കാലത്ത് അത് അവർക്ക് മുന്നിൽ പരസ്യമായി പ്രഖ്യാപിച്ചു. അദ്ദേഹം അത് മറച്ചുവെച്ചില്ല. അത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ഇല്ലാതാക്കിയില്ല. മറിച്ച് അത് എല്ലാവർക്കും മുമ്പിൽ പരസ്യമായി പ്രഖ്യാപിച്ചു. നഗരവാസികളെയും മരുഭൂവാസികളെയും അതിലേക്ക് ക്ഷണിച്ചു. ഇതെന്റെ രക്ഷിതാവിന്റെ വചനമാണെന്ന് ഉറക്കെപ്പറഞ്ഞു. അതിന് സമാനമായത് അവതരിപ്പിക്കാനോ അതിനെക്കാൾ നല്ലത് കൊണ്ടുവരാനോ ആർക്കെങ്കിലും കഴിയുമോ?

മാത്രമല്ല, പൂർവികരുടെ കഥകളും ഭൂതകാലത്തെ വർത്തമാനങ്ങളും ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളും പ്രവചിക്കുന്നു. അതെല്ലാം കൃത്യമായി സംഭവിക്കുകയും ചെയ്യുന്നു. മുൻ വേദങ്ങളെക്കാൾ അതിന് മുൻഗണനയുണ്ട്. അതിൽ ശരിയായതിനെ സ്ഥിരീകരിക്കുന്നു. അവയിൽ കടത്തിക്കൂട്ടിയ മാറ്റങ്ങളെ നിരാകരിക്കുന്നു.

ആളുകളെ ശരിയായ മാർഗത്തിലേക്ക് അത് വഴികാണിക്കുന്നു; അതിന്റെ കൽപനകളിലും വിരോധങ്ങളിലുമെല്ലാം. അത് നിർദേശിച്ച ഒരു കാര്യത്തെക്കുറിച്ച് ബുദ്ധി പറഞ്ഞിട്ടില്ല; ‘അത് കൽപിച്ചില്ലായിരുന്നുവെങ്കിൽ’ എന്ന്. അത് വിരോധിച്ച ഒരു കാര്യത്തെക്കുറിച്ച് ബുദ്ധി പറഞ്ഞില്ല; ‘അത് വിരോധിച്ചിട്ടില്ലായിരുന്നുവെങ്കിൽ’ എന്ന്. മറിച്ച് അത് എപ്പോഴും ന്യായത്തിന്റെയും തുല്യതയുടെയും കൂടെയാണ്. ആഴത്തിലുള്ള ഉൾക്കാഴ്ചയും വിവേകവുമുള്ളവരുടെ അറിവിനൊപ്പമാണ്. മാത്രമല്ല, അതിന്റെ മാർഗനിർദേശങ്ങളും വിധികളുമെല്ലാം ഏതു സാഹചര്യങ്ങളിലും ഏതു സമയത്തും ഏറ്റവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങളുടെ കാര്യങ്ങൾ ശരിയായ അവസ്ഥയിൽ എത്തില്ല.

ഇതെല്ലാം സത്യത്തെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് എത്രയോ മതിയായ തെളിവാണ്; അതനുസരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും. ക്വുർആനിനെ തൃപ്തിപ്പെടാത്തവന് ഒരിക്കലും തൃപ്തിവരാതിരിക്കട്ടെ! ക്വുർആൻ കൊണ്ട് ശമനമില്ലാത്തവന് അല്ലാഹു ശമനം നൽകാതിരിക്കട്ടെ! ക്വുർആൻകൊണ്ട് സൻമാർഗം സ്വീകരിച്ചവന് അതുതന്നെ മതി. തീർച്ചയായും അത് നൻമയും കാരുണ്യവുമാണ്. (വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ അനുഗ്രഹവും ഉൽബോധനവും ഉണ്ട്) അതിൽ ധാരാളം അറിവുകളുണ്ട്; സമൃദ്ധമായ നന്മയും. ഹൃദയങ്ങൾക്കും ആത്മാക്കൾക്കുമുള്ള സംസ്‌കരണം, വിശ്വാസത്തിന്റെ വിമലീകരണം, സ്വഭാവങ്ങളുടെ പൂർത്തീകരണം, ദൈവികമായ വഴികളും രഹസ്യങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്.