സൂറ: ഖസ്വസ്വ്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

അധ്യായം: 28, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ (٥٢) وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ (٥٣) أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ (٥٤) وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ (٥٥) إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ (٥٦) وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًۭا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍۢ رِّزْقًۭا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (٥٧)

52. ഇതിന് മുമ്പ് നാം ആർക്ക് വേദഗ്രന്ഥം നൽകിയോ അവർ ഇതിൽ വിശ്വസിക്കുന്നു.

53. ഇതവർക്ക് ഓതി കേൾപിക്കപ്പെടുമ്പോൾ അവർ പറയും: ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു. തീർച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പുതന്നെ തീർച്ചയായും ഞങ്ങൾ കീഴ്‌പെടുന്നവരായിരിക്കുന്നു.

54. അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽനിന്ന് ചെലവഴിക്കുകയും ചെയ്യും.

55. വ്യർഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽനിന്ന് അവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമങ്ങളും. നിങ്ങൾക്കു സലാം. മൂഢൻമാരെ ഞങ്ങൾക്ക് ആവശ്യമില്ല.

56. തീർച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.

57. നിന്നോടൊപ്പം ഞങ്ങൾ സന്മാർഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടിൽനിന്ന് ഞങ്ങൾ എടുത്തെറിയപ്പെടും എന്ന് അവർ പറഞ്ഞു. നിർഭയമായ ഒരു പവിത്രസങ്കേതം നാം അവർക്ക് അധീനപ്പെടുത്തി കൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കൽനിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ, അവരിൽ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.

52) ഇവിടെ അല്ലാഹു ക്വുർആനിന്റെ മഹത്ത്വവും സത്യതയും പരാമർശിക്കുന്നു. ശരിയായ അറിവുള്ളവർ അത് മനസ്സിലാക്കുന്നു. അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. അത് സത്യമാണെന്ന് അവർ സ്ഥിരീകരിക്കുകയും ചെയ്യുന്നു. (ഇതിന് മുമ്പ് വേദഗ്രന്ഥം നൽകിയവർ) ഇൻജീലും തൗറാത്തും നൽകപ്പെട്ടവരാണവർ. അവരതിൽ ഒരു മാറ്റവും വരുത്തിയില്ല. (അവർ ഇതിൽ) ഈ ക്വുർആനിലും അത് കൊണ്ടുവന്നവരിലും (വിശ്വസിക്കുന്നവരാകുന്നു).

53) (അവർക്ക് ഓതിക്കേൾപിക്കപ്പെടുമ്പോൾ) അവർ ശ്രദ്ധിച്ചുകേൾക്കുകയും പിൻപറ്റുകയും ചെയ്യുന്നു. (ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. തീർച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിൽനിന്നുള്ള സത്യമാകുന്നു) കാരണം ഇത് പ്രവാചകന്മാർ കൊണ്ടുവന്നതിനോട് യോജിക്കുന്നു. പൂർവ വേദഗ്രന്ഥങ്ങളിൽ പറഞ്ഞതിനോട് സാമ്യത പുലർത്തുന്നു. ശരിയായ വിവരങ്ങൾ ഉൾക്കൊള്ളുന്നു. കൽപനകളും വിരോധങ്ങളും യുക്തിപൂർണമാണ്. ഇവരുടെ സാക്ഷ്യങ്ങൾ പ്രാധാന്യമുള്ളതും വാക്കുകൾ പ്രയോജനമുള്ളതുമാണ്. കാരണം, അവർ പറയുന്നത് അറിവിന്റെയും വിവേകത്തിന്റെയും അടിസ്ഥാനത്തിലാണ്. അവർ വേദത്തിന്റെ അവകാശികളാണ്. എന്നാൽ സത്യത്തോടുള്ള മറ്റുള്ളവരുടെ എതിർപ്പുകളും ഖണ്ഡനങ്ങളും വികലമാണ്. അവർക്ക് ശരിയായ തെളിവില്ല. അവർ അജ്ഞരാണ്. അല്ലെങ്കിൽ അവർ അജ്ഞത നടിക്കുന്നവരാണ്. സത്യത്തെ ധിക്കാരത്തോടെ തള്ളിക്കളയുന്നവരും. അല്ലാഹു പറയുന്നു:

قُلْ آمِنُوا بِهِ أَوْ لَا تُؤْمِنُوا ۚ إِنَّ الَّذِينَ أُوتُوا الْعِلْمَ مِن قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ‎

‘നിങ്ങൾ ഇതിൽ (ക്വുർആനിൽ) വിശ്വസിച്ചുകൊള്ളുക. അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക. തീർച്ചയായും ഇതിന് മുമ്പ് - അല്ലാഹുവിൽനിന്നുള്ള- ജ്ഞാനം നൽകപ്പെട്ടവരാരോ, അവർക്ക് ഇത് വായിച്ചു കേൾപ്പിക്കപ്പെട്ടാൽ അവർ പ്രണമിച്ചുകൊണ്ട് മുഖം കുത്തി വീഴുന്നതാണ്. (17:107)

അല്ലാഹു പറയുന്നു: (ഇതിന് മുമ്പുതന്നെ തീർച്ചയായും ഞങ്ങൾ കീഴ്‌പ്പെടുന്നവരായിരിക്കുന്നു) അതുകൊണ്ടാണ് അല്ലാഹു ഞങ്ങൾക്ക് അനുഗ്രഹമായി ത്തന്ന ഇസ്‌ലാമിലും ഈമാനിലും ഞങ്ങൾ ഉറച്ചുനിന്നത്. അങ്ങനെ ഞങ്ങൾ ഈ ക്വുർആനിൽ വിശ്വസിച്ചു. ആദ്യഗ്രന്ഥത്തിലും അന്തിമ ഗ്രന്ഥത്തിലും വിശ്വസിച്ചു. എന്നാൽ മറ്റുള്ളവർ തങ്ങളുടെ മുമ്പത്തെ ഗ്രന്ഥത്തിലെ വിശ്വാസത്തെ ക്വുർആനിനെ നിരാകരിക്കുന്നതിലൂടെ നിഷേധിച്ചു.

54) (അത്തരക്കാർക്ക്) രണ്ടു ഗ്രന്ഥത്തിലും വിശ്വസിച്ചവർക്ക്. (അവരുടെ പ്രതിഫലം രണ്ടു മടങ്ങായി നൽകപ്പെടുന്നതാണ്) മുമ്പുള്ള ഗ്രന്ഥത്തിൽ വിശ്വസിച്ചതിനും ശേഷം വന്ന ഗ്രന്ഥത്തിൽ വിശ്വസിച്ചതിനും. (അവർ ക്ഷമിച്ചതിന്റെ ഫലമായി) വിശ്വാസം നിലനിർത്താൻ, സൽക്കർമങ്ങളിൽ ഉറച്ചുനിൽക്കാൻ. അവരുടെ വിശ്വാസത്തിന് സംശയങ്ങൾ കൊണ്ട് ഉലച്ചിൽ പറ്റിയില്ല. നേതൃമോഹമോ ആഗ്രഹങ്ങളോ വിശ്വാസത്തിൽ നിന്ന് അകറ്റിയില്ല.

ഇനിയുമുണ്ട് അവരുടെ വിശ്വാസം മൂലം ഉണ്ടായ ഉത്തമ ഗുണങ്ങൾ. അവർ (നന്മകൊണ്ട് തിന്മയെ തടുക്കുകയും) എല്ലാവരോടും നന്മയോടെ പെരുമാറലാണ് അവരുടെ രീതി. തങ്ങളോട് വാക്കിലും പ്രവൃത്തിയിലും മോശമായി പെരുമാറുന്നവരോട് പോലും. അവർ സൗമ്യമായ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കുന്നു. ആ മഹത്തായ ഗുണത്തിന്റെ മഹത്ത്വത്തെക്കുറിച്ച് അവർ ബോധവാന്മാരാണ്. മഹാഭാഗ്യമുള്ളവർക്കല്ലാതെ ഇത് സാധ്യമല്ല.

55) (വ്യർഥമായ വാക്കുകൾ അവർ കേട്ടാൽ) അവരോട് സംസാരിക്കുന്ന ഒരു അവിവേകിയിൽനിന്ന്. അവർ തിരിഞ്ഞു പോകും. (അവർ പറയും:) പരമകാരുണികന്റെ ബുദ്ധിയുള്ള അടിമകളെപ്പോലെ അവർ പറയും. (ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമങ്ങളാണ്) ഓരോരുത്തർക്കും അവർ ചെയ്ത പ്രവൃത്തികൾക്ക് മാത്രം പ്രതിഫലം ലഭിക്കും. മറ്റൊരാൾ ചെയ്തതിന്റെ പാപഭാരം അവൻ വഹിക്കേണ്ടിവരില്ല. അവർ അവിവേകികളിൽ നിന്ന് അകന്നുനിൽക്കുമെന്നും വ്യർഥമായ സംസാരം, കളവ് എന്നിവ ഒഴിവാക്കുമെന്നും ഇതിൽനിന്ന് മനസ്സിലാകുന്നു.

(നിങ്ങൾക്ക് സലാം) നിങ്ങൾ ഞങ്ങളിൽനിന്ന് നല്ലതല്ലാതെ ഒന്നും കേൾക്കില്ല. നിങ്ങളുടെ അറിവില്ലായ്മക്ക് അനുകൂലമായി ഞങ്ങൾ നിങ്ങളോട് സംസാരിക്കില്ല. ഈ നീചമായ അവസ്ഥ നിങ്ങൾ സ്വയം ഇഷ്ടപ്പെട്ടാലും ഞങ്ങൾ അതിൽ പെടാതെ ഞങ്ങളെ സംരക്ഷിക്കുന്നു. വിട്ടുനിൽക്കുകയും ചെയ്യുന്നു. (മൂഢന്മാരെ ഞങ്ങൾക്ക് ആവശ്യമില്ല).

56) ഇവിടെ അല്ലാഹു പറയുന്നത്: ഹേ, മുഹമ്മദ്! ആരെയും നേർമാർഗത്തിലാക്കാൻ നിനക്കു കഴിയില്ല; അവൻ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണെങ്കിൽ പോലും. അതിനു സാധ്യമല്ല. സന്മാർഗത്തിലാക്കുക എന്നത് സൃഷ്ടികളുടെ കഴിവുകൾക്ക് അപ്പുറമാണ്.

അതായത്, ഹൃദയങ്ങളിൽ വിശ്വാസം സൃഷ്ടിക്കുക എന്നത്. അത് അല്ലാഹുവിന് മാത്രം കഴിയുന്നതാണ്. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുന്നു. ആരാണ് ഹിദായത്തിന് യോഗ്യൻ എന്ന് അവനറിയാം. യോഗ്യനല്ലാത്തവൻ തന്റെ വഴികേടിൽ തന്നെ അവശേഷിക്കും. പ്രവാചകൻ ﷺ ഹിദായത്തിലേക്ക് നയിക്കുന്നു എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം;

ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ

“തീർച്ചയായും നീ നേരായ പാതയിലേക്കാവുന്നു മാർഗദർശനം നൽകുന്നത്’’(42:52). അത് സന്മാർഗം വിശദീകരിച്ചുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന അർഥത്തിലാണ്. അപ്പോൾ പ്രവാചകൻ ശരിയായ മാർഗം വിശദീകരിച്ചുകൊടുക്കുന്നു. അതിന് പ്രോത്സാഹനം നൽകുന്നു. അതിനായി പരമാവധി പരിശ്രമിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ വിശ്വാസം നട്ടുപിടിപ്പിക്കുകയും അതിനുസരിച്ച് പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നത് പ്രവാചകന് കഴിയുന്നല്ല.

ഹിദായത്ത് നൽകാൻ പ്രവാചകന് കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തിന് നന്മ ചെയ്യുകയും സഹായിക്കുകയും ശത്രുക്കളിൽനിന്ന് സംരക്ഷണം നൽകുകയും ചെയ്ത പിതൃവ്യൻ അബൂത്വാലിബിനെ സന്മാർഗത്തിലാക്കുമായിരുന്നു. എന്നാൽ ഗുണകാംക്ഷയോടെ അദ്ദേഹത്തോട് പ്രബോധനം ചെയ്യുകയും ദീൻ എത്തിച്ചുകൊടുക്കുകയും ചെയ്തു. തനിക്ക് പിതൃവ്യൻ ചെയ്തു തന്നതിനെക്കാൾ വലിയ നന്മ. പക്ഷേ, ഹിദായത്ത് നൽകാൻ അല്ലാഹുവിനേ കഴിയൂ.

57) ക്വുറൈശികളായ നിഷേധികളും മക്കക്കാരും നബിയോട് പറഞ്ഞതായി അല്ലാഹു പറയുന്നു: (നിന്നോടൊപ്പം ഞങ്ങൾ സന്മാർഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടിൽനിന്ന് ഞങ്ങൾ എടുത്തെറിയപ്പെടും) കൊന്നും ബന്ധനസ്ഥരാക്കിയും കൊള്ളയടിച്ചും ഞങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കും. കാരണം, ജനങ്ങൾ താങ്കളോട് അതിനുമാത്രം എതിർപ്പിലും ശത്രുതയിലുമാണ്.

ഞങ്ങളെങ്ങാനും താങ്കളെ പിന്തുടർന്നാൽ ജനങ്ങൾ മുഴുവനും ഞങ്ങളുടെ ശത്രുക്കളാകും. അത് ഞങ്ങൾക്ക് സഹിക്കാനാവില്ല. ഇതാണവരുടെ വാക്കുകൾ. അവർ വിചാരിക്കുന്നത് അല്ലാഹു അവന്റെ മതത്തെ സഹായിക്കില്ലെന്നും ആ മതം വിജയിക്കുകയില്ലെന്നുമാണ്. മതത്തിന്റെ ആളുകളുടെ മേൽ മറ്റുള്ളവർ അധികാരികളാകുമെന്നും അതിനാൽ അവർ അവരെ കഠിനമായി പീഡിപ്പിക്കുമെന്നും അങ്ങനെ അസത്യം സത്യത്തെ ജയിക്കുമെന്നും അവർ വിചാരിക്കുന്നു. എന്നാൽ മറ്റാർക്കും നൽകാത്ത, അവർക്ക് മാത്രം പ്രത്യേകമായി നൽകിയ കാര്യം വ്യക്തമാക്കി അല്ലാഹു പറയുന്നു: (നിർഭയമായ ഒരു പവിത്ര സങ്കേതം നാം അവർക്ക് അധീനപ്പെടുത്തി കൊടുത്തിട്ടില്ലേ? വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കൽനിന്നുള്ള ഉപജീവനമത്രെ അത്).

ഒരു സുരക്ഷിത സങ്കേതം നാം അവർക്ക് ഏർപ്പെടുത്തിക്കൊടുത്തു. അതായത്, ഹറം. അനേകം ആളുകൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന സ്ഥലം. സന്ദർശകർ ലക്ഷ്യം വെക്കുന്ന സ്ഥലം. അതിനടുത്ത് താമസിക്കുന്നവരും വിദൂരത്തുള്ളവരും അതിനെ ആദരിക്കുന്നു. അവിടത്തെ ആളുകൾ അവിടെ പ്രശ്‌നമുണ്ടാക്കുന്നില്ല. അതിലവർ യാതൊരു കുറവും വരുത്തുന്നില്ല. അതിന് ചുറ്റുപാടുള്ള സ്ഥലങ്ങളാകട്ടെ, നാനാഭാഗത്തുനിന്നും ഭയത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അവിടെയുള്ള ജനങ്ങൾ ഭയത്തിലും അസമാധാനത്തിലുമാണ്. അതിനാൽ ഈ നിർഭയത്വത്തിന് അവർ അല്ലാഹുവിനെ സ്തുതിക്കട്ടെ. അത് മറ്റുള്ളവർക്ക് ലഭിക്കാത്തതാണ്.

എല്ലാ സ്ഥലങ്ങളിൽനിന്നും അവർക്ക് പഴങ്ങൾ വരുന്നു; ഭക്ഷണ സാധനങ്ങളും ചരക്കുകളും. അതുകൊണ്ടവർ ഉപജീവനം നടത്തുന്നു. സമൃദ്ധി കൈവരിക്കുന്നു. അതിനാൽ ഈ ഐശ്വര്യവും നിർഭയത്വവും പൂർണമാവാൻ അവർ ഈ പ്രവാചകനെ പിൻപറ്റട്ടെ.