സൂറ: അഹ്സാബ്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ജനുവരി 04, 1446 റജബ് 04

അധ്യായം: 33, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌۭ مِّنْهَا وَطَرًۭا زَوَّجْنَـٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌۭ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًۭا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًۭا (٣٧) مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍۢ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًۭا مَّقْدُورًا (٣٨) ٱلَّذِينَ يُبَلِّغُونَ رِسَـٰلَـٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًۭا (٣٩)

37. നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിർത്തിപ്പോരുകയും അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദർഭം (ഓർക്കുക). അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം നിന്റെ മനസ്സിൽ നീ മറച്ചുവെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ നീ പേടിക്കുവാൻ ഏറ്റവും അർഹതയുള്ളവൻ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളിൽ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോൾ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രൻമാർ അവരുടെ ഭാര്യമാരിൽനിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കൽപന പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു.

38. തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തിൽ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരിൽ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്റെ കൽപന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

39. അതായത് അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹുതന്നെ മതി.

37) അല്ലാഹു ഈ വചനം അവതരിപ്പിച്ചത് വിശ്വാസികൾക്ക് ഒരു പൊതുനിയമം നിർദേശിക്കാനാണ്. യഥാർഥ പുത്രൻമാരുടെ നിയമവും ദത്തുപുത്രൻമാരുടെ നിയമവും ഒന്നല്ല. അതിനാൽ ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതിന് വിരോധമില്ല. ഇത് സാധാരണയായി നടക്കുന്നതാണ്. എന്തെങ്കിലും പ്രത്യേക സംഭവങ്ങളില്ലാതെ ആ നിയമം ഇല്ലാതുകുന്നില്ല.

ഈ നിയമം പ്രവാചകന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തന്നെ നടപ്പിലാക്കാൻ അല്ലാഹു ഉദ്ദേശിച്ചു. അല്ലാഹു ഒരു കാര്യം ഉദ്ദേശിക്കുമ്പോൾ അതിനുള്ള കാരണവും അവൻ നിശ്ചയിക്കുന്നു. ഇത് സൈദ്ബ്ൻ മുഹമ്മദ് എന്നു വിളിക്കപ്പെട്ട സൈദുബ്‌നു ഹാരിസയെക്കുറിച്ചാണ്. നബി ﷺ അദ്ദേഹത്തെ ദത്തെടുത്തപ്പോൾ തന്നിലേക്ക് ചേർത്തു വിളിച്ചു. അപ്പോൾ ഈ വചനമിറങ്ങി: (അവരുടെ യഥാർഥ പിതാക്കൻമാരിലേക്ക് ചേർത്ത് വിളിക്കുക). പിന്നീട് വിളിച്ചത് സൈദ്ബ്‌നു ഹാരിസ എന്നായിരുന്നു. അദ്ദേഹത്തിന്റെ കീഴിലായിരുന്നു സൈനബ് ബിൻത് ജഹ്ഷ്. നബിﷺയുടെ പിതൃസഹോദരിയുടെ പുത്രി. സൈദ്(റ) അവരെ വിവാഹമോചനം ചെയ്താൽ അവരെ വിവാഹം കഴിക്കാമെന്ന് നബിയുടെ മനസ്സിൽ വന്നിരുന്നു. അവർക്കിടയിൽ ചില പ്രശ്‌നങ്ങളുണ്ടായി. അപ്പോൾ സൈദ്(റ) വിവാഹ മോചനം ചെയ്യാൻ സമ്മതം ചോദിച്ചു. നബിﷺയുടെ അടുക്കൽ ചെന്നു. അല്ലാഹു പറയുന്നു: (അല്ലാഹു അനുഗ്രഹം ചെയ്ത് കൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തു കൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞ സന്ദർഭം) മുസ്‌ലിമാകുക എന്ന അനുഗ്രഹം. (നീ അനുഗ്രഹം നൽകിയവനുമായ) വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് താങ്കളോട് കൂടിയാലോചിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ ഉപദേശിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. (നിന്റെ ഭാര്യയെ നീ നിന്റെ അടുത്തുതന്നെ നിർത്തിപ്പോരുക) അവളെ നീ വിവാഹമോചനം ചെയ്യേണ്ടതില്ല. നിങ്ങളോടുള്ള അവളുടെ മനോഭാവത്തിൽ ക്ഷമയോടെയിരിക്കുക. അല്ലാഹുവിനെ ഭയപ്പെടുന്നത് ക്ഷമയോടെയായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും കൽപിക്കുകയും ചെയ്യുന്നു.

(അല്ലാഹു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്ന കാര്യം നിന്റെ മനസ്സിൽ നീ മറച്ച് വെക്കുകയും ചെയ്യുന്നു) സൈദ് അവരെ വിവാഹ മോചനം ചെയ്താൽ നബിﷺ അവരെ വിവാഹം കഴിക്കും എന്ന വസ്തുതയാണ് അദ്ദേഹം മറച്ചുവെച്ചത്. (ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു) അതുകൊണ്ടാണ് നിങ്ങളുടെ ഹൃദയത്തിലുള്ളത് നിങ്ങൾ വെളിപ്പെടുത്താത്തത്. (എന്നാൽ പേടിക്കാൻ ഏറ്റവും അർഹതയുള്ളത് അല്ലാഹുവാകുന്നു) അല്ലാഹുവിനെ ഭയപ്പെടുന്നത് മുഴുവൻ നന്മക്കുമുള്ള കാരണമാണ്. എല്ലാ ദുരന്തങ്ങളെയും അത് തടുക്കുന്നു.

(സൈദ് അവളിൽ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ) അദ്ദേഹത്തിന്റെ മനസ്സ് അവളിൽനിന്ന് മുക്തമാവുകയും താൽപര്യം നഷ്ടപ്പെടുകയും വേർപിരിയുകയും ചെയ്തപ്പോൾ. (അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു) നാം അത് ചെയ്തതിന്റെ പിന്നിൽ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് (അവരെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയത്രെ അത്) മുമ്പ് താങ്കളിലേക്ക് ചേർത്തു പറഞ്ഞിരുന്ന സൈദ്ബ്‌നു ഹാരിസയുടെ ഭാര്യയെ താങ്കൾ വിവാഹം കഴിക്കുന്നത് അവർ കണ്ടാൽ വിശ്വാസികൾക്ക് ഈ വിഷയത്തിൽ ഭാവിയിൽ പ്രയാസമുണ്ടായില്ല. ഈ വചനം പൊതുവായ ആശയമുള്ളതാണ്. അദ്ദേഹം ഒഴിവാക്കുന്നതിന് മുമ്പ് വിവാഹം കഴിക്കൽ അനുവദനീയമല്ല. അതുകൊണ്ടാണ് അത് നിബന്ധനയായി പറഞ്ഞത്: (അവരുടെ ഭാര്യമാരിൽനിന്ന് ആവശ്യം നിറവേറ്റി കഴിഞ്ഞശേഷം). (അല്ലാഹുവിന്റെ കൽപന പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു) അത് നടപ്പിലാകും. അതിനൊരു പ്രയാസവും തടസ്സവും ഇല്ല. ഈ സംഭവം ധാരാളം ഗുണപാഠങ്ങൾ നൽകുന്നുണ്ട്.

1) അല്ലാഹു സൈദ്ബ്‌നു ഹാരിസ(റ)യെ രണ്ട് കാര്യങ്ങളിൽ പുകഴ്ത്തി. ഒന്ന്: അല്ലാഹു ക്വുർആനിൽ അദ്ദേഹത്തെ പേരെടുത്തു പറഞ്ഞു. മറ്റൊരു സ്വഹാബിയെയും പരാമർശിച്ചിട്ടില്ല. രണ്ട്: അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം നൽകി എന്ന് പറയുന്നു. അത് ഇസ്‌ലാമും ഈമാനുമാണ്. ഇതിൽനിന്ന് അദ്ദേഹം മുസ്‌ലിമും മുഅ്മിനുമാണെന്ന് അല്ലാഹുവിൽ നിന്നുള്ള സാക്ഷിത്വം. ബാഹ്യമായും ആന്തരികമായും അദ്ദേഹം ഒരു വിശ്വാസിയായിരുന്നു എന്നതിന്റെ സാക്ഷ്യം. അനുഗ്രഹം എന്ന് പ്രത്യേകം പറയുമ്പോൾ ഇതുതന്നെയാണ് ഉദ്ദേശ്യം.

2) മോചിപ്പിക്കപ്പെട്ടവൻ തന്നെ മോചിപ്പിച്ചവനോട് കടപ്പെട്ടിരിക്കുന്നു.

3) ദത്തുപുത്രന്റെ ഭാര്യയെ വിവാഹം കഴിക്കൽ അനുവദനീയമാണ്.

4) വാക്കാലുള്ള അധ്യാപനത്തെക്കാൾ കൂടുതൽ ഫലപ്രദമാണ് പ്രായോഗികമായ പഠിപ്പിക്കൽ; പ്രത്യേകിച്ച് വാക്കുകൾ കൂടിയുണ്ടെങ്കിൽ അത് വെളിച്ചത്തിനു മേൽ വെളിച്ചമാണ്.

5) റസൂൽﷺ തനിക്ക് കിട്ടിയ സന്ദേശങ്ങളെല്ലാം കൃത്യമായി എത്തിച്ചു. ഒന്നും ഒഴിവാക്കിയില്ല. അദ്ദേഹത്തിന് ശാസന ഉണ്ടായ വിഷയം പോലും അറിയിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്നാണ്. തനിക്ക് വെളുപ്പെടുത്തിയതല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്നെ മഹത്ത്വവത്കരിക്കാൻ ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കുന്നു.

6) ഉപദേശം ചോദിക്കപ്പെടുന്നയാൾ വിശ്വസ്തമായ ഒരു സ്ഥാനത്താണ്. അതിനാൽ ഏതെങ്കിലും കാര്യത്തിൽ തന്നോട് ഉപദേശം തേടിയാൽ തേടിയവൻ ഏറ്റവും ഗുണകരമായതാണ് നിർദേശിക്കേണ്ടത്. തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഉപദേശം തേടുന്ന വ്യക്തിയുടെ താല്പര്യങ്ങൾക്ക് അവൻ മുൻഗണന നൽകണം; സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമാണെങ്കിലും.

7) തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്ന വ്യക്തിക്കുള്ള ഉപദേശത്തിൽ കഴിയുന്നിടത്തോളം അവളെ നിലനിർത്തണമെന്നാണ് ഉപദേശിക്കേണ്ടത്. കാരണം അതാണ് വേർപിരിയലിനെക്കാൾ നല്ലത്.

8) ആളുകളെ ഭയപ്പെടുന്നതിനെക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നതിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. കാരണം അതാണ് ഏറ്റവും ഉചിതവും നല്ലതും.

9) വിശ്വാസികളുടെ മാതാവായ സൈനബ്(റ)യുടെ മഹത്ത്വം മനസ്സിലാക്കുന്നു. കാരണം യാതൊരു വിവാഹന്വേഷണമോ സാക്ഷിയോ ഇല്ലാതെ അല്ലാഹു അവരുമായുള്ള തന്റെ പ്രവാചകന്റെ വിവാഹം നിശ്ചയിച്ചു. അതിനാൽ ഇക്കാര്യം അവർ മറ്റു ഭാര്യമാരോട് പറഞ്ഞ് അഭിമാനിക്കാറുണ്ടായിരുന്നു: ‘നിങ്ങളെ നിങ്ങളുടെ വീട്ടുകാരാണ് വിവാഹം കഴിപ്പിച്ചത്, എന്നെ ഏഴാനാകാശത്തിന്റെ മുകളിൽ നിന്ന് അല്ലാഹുവും.’’

10) ഒരു സ്ത്രീക്ക് ഭർത്താവുണ്ടെങ്കിൽ അദ്ദേഹവുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതു വരെ അവളെ വിവാഹം കഴിക്കാനോ ആസൂത്രണം ചെയ്യാനോ പാടില്ല. ഇദ്ദ അവസാനിക്കുന്നതുവരെ വിവാഹമോചന നടപടികൾ പൂർത്തിയാകില്ല. കാരണം ഇദ്ദ അവസാനിക്കുന്നതുവരെ അവൾ വിവാഹിത തന്നെയാണ്.

38) പ്രവാചകൻﷺ അധികം വിവാഹം കഴിച്ചതിൽ ആക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണിത്. ആക്ഷേപാർഹമല്ലാത്ത ഒരു കാര്യത്തിലാണ് ഇവിടെ ആക്ഷേപം. (പ്രവാചകന് ഒരു വിഷമവും തോന്നേണ്ടതില്ല) തെറ്റാണെന്നോ കുറവാണെന്നോ തോന്നേണ്ടതില്ല. (തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തിൽ) അല്ലാഹു നിശ്ചയിച്ചു കൊടുത്ത ഭാര്യമാരുടെ എണ്ണത്തിൽ, അത് അല്ലാഹു അനുവദിച്ചതാണ്; അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകൻമാരിൽ അനുവദിച്ചുപോലെ.

അതാണ് അല്ലാഹു പറഞ്ഞത്: (മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരിൽ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ) അത് സംഭവിക്കുക തന്നെ ചെയ്യും.

39) (അതായത് അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിച്ച് കൊടുക്കുകയും) അവർ ദാസന്മാർക്ക് അല്ലാഹുവിന്റെ വചനങ്ങൾ ഓതിക്കേൾപിക്കുന്നു. അവന്റെ തെളിവുകളും പ്രമാണങ്ങളും മുഖേന അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. (അല്ലാഹുവിനെ മാത്രമായി ഭയപ്പെടുകയും) യാതൊരു പങ്കുകാരനെയും കൂടാതെ, അല്ലാഹുവിനെല്ലാതെ ആരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നു.

ഇതാണ് പാപസുരക്ഷിതരായ പ്രവാചകന്മാരുടെ ചര്യ. അവരുടെ ദൗത്യം അവർ ഭംഗിയായി നിർവഹിച്ചു. അത് സർവരെയും അല്ലാഹുവിലേക്ക് ക്ഷണിക്കലാണ്. എല്ലാ പ്രവർത്തനങ്ങളിലും അവനെ മാത്രമെ ഭയപ്പെടേണ്ടതുള്ളൂ. (കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി) തന്റെ ദാസന്റെ കണക്ക് നോക്കാൻ, അവന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ. വിവാഹം എന്നത് പ്രവാചകന്മാരുടെ ചര്യയാണെന്നുകൂടി ഗ്രഹിക്കാം.