സൂറ: റൂം, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ആഗസ്റ്റ് 02, 1447 സഫർ 08

അധ്യായം: 30, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ (٥٣) ۞ ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍۢ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍۢ قُوَّةًۭ ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍۢ ضَعْفًۭا وَشَيْبَةًۭ ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ (٥٤) وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍۢ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ (٥٥) وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ (٥٦) فَيَوْمَئِذٍۢ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ (٥٧) وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍۢ ۚ وَلَئِن جِئْتَهُم بِـَٔايَةٍۢ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ (٥٨) كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ (٥٩) فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ (٦٠)

53. അന്ധത ബാധിച്ചവരെ അവരുടെ വഴികേടിൽനിന്ന് നേർവഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും എന്നിട്ട് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേൾപിക്കാനാവില്ല.

54. നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവനത്രെ സർവജ്ഞനും സർവശക്തനും.

55. അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത് പറയും; തങ്ങൾ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്. അപ്രകാരം തന്നെയായിരുന്നു അവർ (സത്യത്തിൽനിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്.

56. വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിന്റെ നാൾ. പക്ഷേ, നിങ്ങൾ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല.

57. എന്നാൽ അക്രമം പ്രവർത്തിച്ചവർക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവർ പശ്ചാത്തപിക്കാൻ അനുശാസിക്കുപ്പെടുന്നതുമല്ല.

58. മനുഷ്യർക്കു വേണ്ടി ഈ ക്വുർആനിൽ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാൽ അവിശ്വാസികൾ പറയും; നിങ്ങൾ അസത്യവാദികൾ മാത്രമാണെന്ന്.

59. (കാര്യം) മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളിൽ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.

60. ആകയാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകൾ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.

53) (അന്ധത ബാധിച്ചവരെ അവരുടെ വഴികേടിൽനിന്ന് നേർവഴിയിലേക്ക് നയിക്കാനും നിനക്കാവില്ല) കാരണം അവർക്ക് കാണാനാവില്ല. അതിനാൽ അവർക്ക് കാര്യങ്ങൾ കാണാനുള്ള കഴിവില്ല. (നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും എന്നിട്ട് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേൾപിക്കാനാവില്ല) ഇവർക്ക് സന്മാർഗം കേൾപിക്കുന്നത് പ്രയോജനം ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ഹൃദയംകൊണ്ട് വിശ്വസിച്ചവരാണവർ, നമ്മുടെ കൽപനകൾക്ക് കീഴ്‌പെടുന്നവരും. കാരണം, ഉപദേശവും പ്രബോധനവും സ്വീകരിക്കാനുള്ള ശക്തമായ പ്രേരണയും എല്ലാറ്റിലും വിശ്വസിക്കാനുള്ള സന്നദ്ധതയും അവർക്കുണ്ട്. അല്ലാഹുവിൽനിന്നുള്ള എല്ലാ ദൃഷ്ടാന്തവും വിശ്വസിക്കാൻ അവർ തയ്യാറാണ്. അല്ലാഹുവിന്റെ കൽപനാവിരോധങ്ങൾ കഴിവനുസരിച്ച് ചെയ്യാൻ അവർ സന്നദ്ധരുമാണ്.

54) ഇവിടെ അല്ലാഹു അവന്റെ അറിവിന്റെ വിശാലതയും ശക്തിയുടെ മഹത്ത്വവും അറിവിന്റെ പൂർണതയുമാണ് പറയുന്നത്. മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ആരംഭം ബലഹീനമായ അവസ്ഥയിൽ നിന്നാണെന്ന് പറയുന്നു. അത് സൃഷ്ടിപ്പിന്റെ ആദ്യഘട്ടമാണ്. ഒരു ബീജകണം, പിന്നീട് ഒട്ടിപ്പിടിക്കുന്ന രക്തപിണ്ഡം, ചവച്ചരച്ചതു പോലുള്ള മാംസപിണ്ഡം, തുടർന്നു ഗർഭപാത്രത്തിൽ ഒരു ജീവിയായി രൂപപ്പെടുന്നു. അങ്ങനെ ഒരു കുഞ്ഞായി ജനിക്കുന്നു. വളരെ ദുർബലനായി, ശക്തിയില്ലാത്തവനായി. അങ്ങനെ അവന്റെ ശക്തി അൽപാൽപമായി വർധിക്കുന്നു. യുവത്വമെത്തുന്നു. ശക്തി അതിന്റെ പൂർണത പ്രാപിക്കുന്നു. ആന്തരികവും ബാഹ്യവുമായ ശക്തികൾ പൂർണമാകുന്നു. തുടർന്ന് അത് വീണ്ടും ദുർബലമാകുന്നു. നരക്കുന്നു. വൃദ്ധനാകുന്നു. (അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു) അവന്റെ യുക്തി പ്രകാരം. അവനുദ്ദേശിക്കുന്നത് പോലെ അവൻ സൃഷ്ടിക്കുന്നു. ആ മനുഷ്യന്റെ ബലഹീനത അവന് കാണിച്ചുകൊടുക്കുന്നു എന്നത് അല്ലാഹുവിന്റെ യുക്തിയാണ്. രണ്ട് ദുർബലാവസ്ഥകൾ അവനുണ്ട്. അല്ലാഹു ശക്തി നൽകിയില്ലെങ്കിൽ അവൻ തീർത്തും ദുർബലനാണ്. അവന് ശക്തിയോ കഴിവോ നേടാനാവില്ല. ശക്തി വർധിക്കുന്നത് തുടർന്നാൽ അവൻ അതിരുകടക്കുകയും അഹങ്കാരിയാവുകയും ചെയ്യും. എന്നാൽ ഒരുപോലെ നിലനിൽക്കുന്ന അല്ലാഹുവിന്റെ കഴിവിനെ മനുഷ്യൻ മനസ്സിലാക്കണം. അവൻ വസ്തുക്കളെ സൃഷ്ടിക്കുന്നു. കാര്യങ്ങളെ നിയന്ത്രിക്കുന്നു. യാതൊരു ദുർബലതയും അശക്തിയും ക്ഷീണവും അവനെ പിടികൂടില്ല.

55). ഇവിടെ അല്ലാഹു ഉയിർത്തെഴുന്നേൽപിന്റെ ദിനത്തെക്കുറിച്ച് അത് എത്ര വേഗത്തിൽ വരും എന്ന് പറയുന്നു. അന്ത്യസമയം ആരംഭിക്കപ്പെടുമ്പോൾ: (അക്രമികൾ ആണയിട്ട് പറയും:) ഒരു മണിക്കൂറിലധികം തങ്ങൾ ഇഹലോകത്ത് താമസിച്ചിട്ടില്ലെന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് പറയും. അതവർ ഒരു ഒഴിവുകഴിവായി പറയുന്നതാണ്. ഇഹലോകത്ത് കുറച്ചു സമയമെ ലഭിച്ചുള്ളൂ എന്നു പറഞ്ഞാൽ അതവർക്ക് ഉപകാരം ചെയ്യും എന്നവർ വിചാരിക്കുന്നു. കളവാണ് അവർ പറയുന്നത്. അതിൽ സത്യമില്ല. അല്ലാഹു പറയുന്നു: (അപ്രകാരം തന്നെയായിരുന്നു അവർ തെറ്റിക്കപ്പെട്ടിരുന്നത്) ഇഹലോകത്തും സത്യത്തിൽ നിന്ന് ഇങ്ങനെത്തന്നെയാണ് ഇവർ തെറ്റിക്കപ്പെട്ടത്. അവർ ഇവിടെയും കളവ് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ഇഹലോകത്ത് പ്രവാചകൻമാർ കൊണ്ടുവന്ന സത്യത്തെ അവർ കളവാക്കി. പരലോകത്ത് അനുഭവകാര്യങ്ങളെ അവർ നിഷേധിക്കും. അത് ഇവിടത്തെ നീണ്ട താമസമാണ്. ഇത് അവരുടെ മോശം സ്വഭാവമാണ്. മരിച്ച അതേ അവസ്ഥയിലാണ് മനുഷ്യൻ പരലോകത്ത് വരിക.

56) (വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയുന്നതാണ്:) ഈ രണ്ട് അനുഗ്രഹവും അല്ലാഹു നൽകിയവർ. ഇവ രണ്ടും അവരുടെ പ്രത്യേകതകളാണ്. സത്യത്തെ തെരഞ്ഞെടുക്കാനുള്ള, ഈമാനും സത്യം മനസ്സിലാക്കാനുമുള്ള അറിവും. അവർ സത്യം മനസ്സിലാക്കിയാൽ അതിനവർ മുൻഗണന നൽകും. അതുകൊണ്ട് അവരുടെ വാക്കുകൾ സത്യത്തോട് നീതി പുലർത്തും. സാഹചര്യങ്ങളോട് യോജിക്കുകയും ചെയ്യും.

അതിനാൽ അവർ സത്യം പറഞ്ഞു: (അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്) അവന്റെ യുക്തി അവൻ അവർക്ക് നിശ്ചയിച്ചു; വിധിയും നിർണയവുമനുസരിച്ച്.

(ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ) ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ ഉൽബോധനങ്ങൾ ശ്രദ്ധിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും പാഠങ്ങൾ പഠിക്കാനും മാത്രം ആയുസ്സ് നിങ്ങൾക്ക് ലഭിച്ചു. അങ്ങനെ നിങ്ങൾ ഇപ്പോൾ ഇവിടെയെത്തി. (എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിന്റെ നാൾ. പക്ഷേ, നിങ്ങൾ അതിനെപ്പറ്റി മനസ്സിലാക്കിയിരുന്നില്ല) അതിനാൽ ഇഹലോകത്തുവെച്ച് നിങ്ങൾ അതിനെ നിഷേധിച്ചു. പശ്ചാത്തപിക്കാനും ഖേദിച്ച് മടങ്ങാനും സൗകര്യപ്പെട്ടു. സൗകര്യപ്പെട്ട ഇഹലോക ജീവിതത്തിലെ കാലമത്രയും നിങ്ങൾ നിഷേധം തുടർന്നു. അജ്ഞതയായിരുന്നു നിങ്ങളുടെ അടയാളം. നിഷേധവും നഷ്ടവുമാണ് അതിന്റെ അനന്തരഫലം.

57) (എന്നാൽ അക്രമം പ്രവർത്തിച്ചവർക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല) അവർ നിഷേധിച്ചാലും അവർക്കെതിരെ തെളിവില്ലെന്ന് അവർ എത്രതന്നെ വാദിച്ചാലും വിശ്വസിക്കാൻ അവർക്ക് അവസരം ലഭിച്ചില്ലെന്ന് അവകാശപ്പെട്ടാലും അവരുടെ നുണകൾ വിശ്വാസികളുടെയും പണ്ഡിതന്മാരുടെയും സാക്ഷ്യത്തിൽ തുറന്ന് കാണിക്കപ്പെടും. അവരുടെ കാലുകളും കൈകളും തൊലികളും സാക്ഷി പറയും. തിരിച്ചുവരാമെന്നും വിരോധിച്ചതിലേക്ക് തിരിച്ചുപോകില്ലെന്ന് ഒഴികഴിവു പറഞ്ഞ് മറ്റൊരവസരം ചോദിച്ചാലും അവർക്ക് ലഭിക്കില്ല. ഒഴികഴിവിന്റെ സമയം അവസാനിച്ചു. ഇനി അത് സ്വീകരിക്കില്ല. (അവർ പശ്ചാത്തപിക്കാൻ അനുശാസിക്കപ്പെടുന്നതുമല്ല) തിരുത്താൻ അനുവദിക്കില്ല.

58) (എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്) നമ്മുടെ കാരുണ്യവും സ്‌നേഹവും പഠിപ്പിക്കാൻ. (മനുഷ്യർക്ക് വേണ്ടി ഈ ക്വുർആനിൽ എല്ലാവിധ ഉപമകളും) മനുഷ്യരാശിക്ക് യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നതിനും കാര്യങ്ങൾ അറിയുന്നതിനും തെളിവുകൾ സ്ഥാപിക്കുന്നതിനുമായി എല്ലാതരം ഉദാഹരണങ്ങളും ഈ ക്വുർആനിലുണ്ട്. ഇത് അല്ലാഹു നൽകുന്ന എല്ലാ ഉദാഹരണങ്ങൾക്കും ബാധകമാണ്. കാര്യങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കാവുന്ന ഉപമകൾ. ഇങ്ങനെ പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. അതിന്റെ ഒരു ഉദാഹരണം ഇവിടെ കാണാം:

ഉയിർത്തെഴുന്നേൽപ്പുനാളിൽ കുറ്റവാളികളുടെ അവസ്ഥയും അവരുടെ ദുഃഖത്തിന്റെ കാഠിന്യവും പറയുന്നു. അവരിൽനിന്ന് യാതൊരു പശ്ചാത്താപവും ഒഴികഴിവും സ്വീകരിക്കില്ല. എന്നാൽ അക്രമികളും അവിശ്വാസികളും വ്യക്തമായ സത്യത്തെ നിഷേധിക്കുമെന്ന് ശഠിക്കുന്നു. അതിനാൽ അല്ലാഹു പറയുന്നു: (നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാൽ) നീ കൊണ്ടുവന്നതിന്റെ സത്യത്തെ തെളിയിക്കുന്നു. (അവിശ്വാസികൾ പറയും; നിങ്ങൾ അസത്യവാദികൾ മാത്രമാണെന്ന്) അതായത് അവർ സത്യത്തെക്കുറിച്ച് പറയും; അത് അസത്യമാണെന്ന്! ഇത് അവരുടെ അവിശ്വാസത്തിൽനിന്നും ധൈര്യത്തിൽ നിന്നും വരുന്നതാണ്. അവരുടെ ഹൃദയങ്ങൾക്ക് അല്ലാഹു സീലടിച്ചു. അവർ അങ്ങേയറ്റം അറിവില്ലാത്തവരുമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളിൽ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു) അതിൽ പിന്നീട് യാതൊരു നന്മയും പ്രവേശിക്കില്ല. കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയില്ല. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കാണും.

60). (ആകയാൽ നീ ക്ഷമിക്കുക) അതിനാൽ നിങ്ങളോട് കൽപിക്കപ്പെട്ടത് മുറുകെ പിടിക്കുന്നതിലും അല്ലാഹുവിലേക്ക് അവരെ വിളിക്കുന്നതിലും നീ ക്ഷമയോടെ കാത്തിരിക്കുക, അവർ പിന്തിരിഞ്ഞ് പോകുന്നത് കണ്ടാലും നീ ക്ഷമ കൈവിടരുത്. (തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്) അതിൽ യാതൊരു സംശയവുമില്ല. ഇത് ക്ഷമയോടെ ഇരിക്കാൻ സഹായിക്കേണ്ട കാര്യമാണ്. അവന്റെ പ്രയത്‌നം പാഴാകില്ലെന്ന് അവന് അറിയാമെങ്കിൽ അവൻ അത് ചെയ്യും. മാത്രവുമല്ല, അവന് പൂർണ പ്രതിഫലം ലഭിക്കും. ആ മാർഗത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് നിസ്സാരമായിത്തീരും. എല്ലാ പ്രയാസവും അവന് എളുപ്പമായിരിക്കും. അധികമുള്ള പ്രവർത്തനങ്ങൾ അവന് കുറവായി തോന്നും.

(ദൃഢവിശ്വാസമില്ലാത്ത ആളുകൾ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ) നിങ്ങളുടെ വിശ്വാസവും ദൃഢതയും കുറയുമ്പോൾ നിങ്ങളുടെ താൽപര്യവും കുറയും. ക്ഷമ നഷ്ടപ്പെടും. അതിനാൽ താങ്കളെ ഇവർ നിരുത്സാഹപ്പെടുത്തുന്നത് സൂക്ഷിക്കുക. അല്ലെങ്കിൽ കൽപനാ വിരോധങ്ങളിൽ ഉറച്ച് നിൽക്കാതിരിക്കാൻ അവർ നിന്നെ പ്രേരിപ്പിക്കും, മനസ്സ് അതിന് അവരെ സഹായിക്കും. യോജിപ്പിനും സാദൃശ്യപ്പെടാനും തോന്നും. ദൃഢവിശ്വാസിയായ ഒരു സത്യവിശ്വാസി പക്വതയുള്ളവനായിരിക്കും. അവന് ക്ഷമിക്കാൻ കഴിയും. ദുർബലൻ പക്വത കുറഞ്ഞവനുമായിരിക്കും.

സൂറത്തു റൂമിന്റെ വ്യാഖ്യാനം അവസാനിക്കുന്നു. എല്ലാ സ്തുതിയും അല്ലാഹുവിന്. മുഹമ്മദ് നബിﷺക്കും കുടുംബത്തിനും സ്വഹാബികൾക്കും അല്ലാഹു അനുഗ്രഹവും സമാധാനവും പ്രദാനം ചെയ്യട്ടെ.