സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 മാർച്ച് 01, 1446 റമദാൻ 01

അധ്യായം: 32, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الٓمٓ (١) تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ (٢) أَمْ يَقُولُونَ ٱفْتَرَىٰهُ ۚ بَلْ هُوَ ٱلْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ (٣) ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ (٤) يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍۢ مِّمَّا تَعُدُّونَ (٥)

1. അലിഫ്-ലാം-മീം.

2. ഈ ഗ്രന്ഥത്തിന്റെ അവതരണം സർവലോകരക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല.

3. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീത് നൽകുവാൻ വേണ്ടിയത്രെ അത്. അവർ സൻമാർഗം പ്രാപിച്ചേക്കാം.

4. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളിൽ (ഘട്ടങ്ങളിൽ) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവൻ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയും ശുപാർശകനുമില്ല. എന്നിരിക്കെ നിങ്ങൾ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?

5. അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയർന്ന് പോകുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു ആ ദിവസത്തിന്റെ അളവ്.

2. ഈ പരിശുദ്ധ ഗ്രന്ഥം ലോകരക്ഷിതാവിൽനിന്ന് മനുഷ്യർക്ക് അവതരിച്ചതാണെന്ന് അല്ലാഹു പറയുന്നു. അവനാണ് അവരെ കാരുണ്യത്തോടെ വളർത്തിയത്. അല്ലാഹു ജനങ്ങൾക്ക് അറിവ് നൽകുകയും പരിപാലിക്കുകയും മാർഗദർശനം നൽകുകയും ചെയ്ത ഏറ്റവും വലിയ ഉപാധികളിലൊന്നാണ് ഈ ഗ്രന്ഥം. അവരുടെ ജീവിത സാഹചര്യങ്ങളും സ്വഭാവങ്ങളും ശരിയാക്കുന്നതിൽ ഈ ഗ്രന്ഥം ഏറെ പങ്കുവഹിച്ചു. സംശയമോ ആശയക്കുഴപ്പമോ ഇല്ലാത്തഗ്രന്ഥമാണിത്.

3. (എന്നിട്ടും) മുഹമ്മദ് സ്വന്തം നിലക്ക് ഇത് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് സത്യനിഷേധികൾ ദൂതനെക്കുറിച്ച് പറഞ്ഞു. അല്ലാഹുവിന്റെ വാക്കുകളെ നിഷേധിക്കാൻ ഏറ്റവും വലിയ ധൈര്യമാണ് അവർ കാണിച്ചത്. ഏറ്റവും വലിയ കളവാണ് അവർ പ്രവാചകന്റെ പേരിൽ പറഞ്ഞത്. സ്രഷ്ടാവിന്റെ വാക്കുകൾ പോലുള്ള വാക്ക് പറയാൻ സൃഷ്ടികൾക്കും കഴിയുമെന്ന് അവർ കരുതി. ഇതോരോന്നും വലിയ കുറ്റമാണ്. സ്വയം കെട്ടിച്ചമച്ചതാണ് എന്ന് പറഞ്ഞതിനുള്ള മറുപടിയായി അല്ലാഹു പറയുന്നു: (അല്ല, അത് സത്യമാകുന്നു) അതിന്റെ മുന്നിൽ നിന്നോ പിന്നിൽനിന്നോ യാതൊരു അസത്യവും വരികയില്ല. സ്തുത്യർഹനും അഗാധജ്ഞനുമായ അല്ലാഹുവിൽ നിന്നാണിതിന്റെ അവതരണം. (നിന്റെ രക്ഷിതാവിൽ നിന്ന്) തന്റെ ദാസന്മാർക്ക് കരുണയായി ഇറക്കി. (നിനക്കു മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീത് നൽകുവാൻ വേണ്ടിയത്രെ അത്) അതായത്, മുമ്പ് ഒരു താക്കീതുകാരനും ഇല്ലാതിരുന്നതിനാൽ ദൂതന്റെ വരവും ഗ്രന്ഥാവതരണവും അനിവാര്യമായ അവസ്ഥയിലായിരുന്നു അവർ. അവർ തങ്ങളുടെ അജ്ഞതയിലും വഴിപിഴവിലും അന്ധമായി അലഞ്ഞുതിരിയുകയുമായിരുന്നു. ആ സമയം ഈ ഗ്രന്ഥം നാം നിനക്ക് ഇറക്കിത്തന്നു. (അവർ സൻമാർഗം പ്രാപിച്ചേക്കാം) അവരുടെ വഴികേടിൽ നിന്നും അവർ സത്യം മനസ്സിലാക്കുകയും അതിനെ തിരഞ്ഞെടുക്കുകയും ചെയ്‌തേക്കാം. ഇതെല്ലാം അല്ലാഹു പറയുന്നത് അവരുടെ നിഷേധത്തെ ഖണ്ഡിക്കാൻ വേണ്ടിയാണ്. അവരിതെല്ലാം സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യണമെന്നാണ് ഇതിന്റെ താൽപര്യം. അത് അവരുടെ രക്ഷിതാവിൽനിന്ന് അവതരിച്ചതായാൽ അത് സത്യമാണ്. അത് (സത്യം) ആണ്. കാരണം സത്യം എല്ലാ സാഹചര്യത്തിലും അംഗീകരിക്കപ്പെടേണ്ടതാണ്. ഒരു നിലയ്ക്കും അതിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല.

അതിൽ സംശയമുളവാകാൻ ഒന്നുമില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്ത ഒരു കഥയും അർഥം അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഒന്നുംതന്നെയില്ല. അവർ ഒരു ദൈവിക സന്ദേശത്തിലേക്ക് അത്രയും ആവശ്യക്കാരായിരുന്നു. എല്ലാ നൻമകൾക്കും നേട്ടങ്ങൾക്കും ഉള്ള മാർഗനിർദേശം അതിലുണ്ട്.

4) അല്ലാഹു അവന്റെ തികഞ്ഞ കഴിവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്: (ആകാശങ്ങളെയും ഭൂമിയെയും അവയ് ക്കിടയിലുള്ളതും ആറു ദിനങ്ങൾകൊണ്ട് സൃഷ്ടിച്ചവനാണവൻ) അതിൽ ആദ്യദിനം ഞായറാഴ്ചയും അവസാനത്തേത് വെള്ളിയാഴ്ചയുമാണ്; തൽക്ഷണം അവരെ സൃഷ്ടിക്കാൻ അവന് കഴിയുമെങ്കിലും. അല്ലാഹു സൗമ്യതയുള്ളവനും യുക്തിമാനുമാണ്. (പിന്നീടവൻ സിംഹാസനത്തിൽ ആരോഹണം ചെയ്തു) അത് സർവ സൃഷ്ടികൾക്കും മുകളിലാണ്. അവന്റെ മഹത്ത്വത്തിന് യോജിക്കുന്ന വിധത്തിലുള്ള ആരോഹണം. (അവനു പുറമെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയും ഇല്ല) നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാനും നിങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യാനും, അല്ലെങ്കിൽ (ശുപാർശകനുമില്ല).

അവൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ (അവന്റെ ശിക്ഷയിൽ) നിന്ന് നിങ്ങളെ വിടുവിക്കാൻ നിങ്ങൾക്കുവേണ്ടി മധ്യസ്ഥത വഹിക്കാൻ ആർക്കാകും? (നിങ്ങൾ ആലോചിച്ച് ഗ്രഹിക്കുന്നില്ല) അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ആകാശഭൂമികളുടെ സ്രഷ്ടാവ് സിംഹാസനത്തിൽ ആരോപണം ചെയ്തു. അവർ മാത്രമാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. എല്ലാ ശുപാർശയും അവന്നാണ്. എല്ലാ ആരാധനകൾക്കും യഥാർഥ അവകാശിയും അവൻ തന്നെ.

5) (അവൻ കാര്യങ്ങളെ നിയന്ത്രിക്കുന്നു) മതപരമായ കാര്യങ്ങളും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുമെല്ലാം അവൻ മാത്രമാണ് നിയന്ത്രിക്കുന്നത്. ഈ നിയന്ത്രണങ്ങളെല്ലാം കഴിവുറ്റവനായ പരമാധികാരിയിൽനിന്നാണ്. (ആകാശത്തുനിന്ന് ഭൂമിയിലേക്ക്) അതു മുഖേന ചിലരെ അവൻ സൗഭാഗ്യവാന്മാരാക്കുന്നു. ചിലർക്ക് കഷ്ടപ്പാടും സമ്പന്നതയും ദാരിദ്ര്യവും നിന്ദ്യതയും നൽകുന്നു. ചിലർക്ക് പ്രതാപവും ആദരവും. ചിലർക്ക് അപമാനവും. ചില ജനതകളെ അവൻ ഉയർത്തുകയും ചിലരെ അവൻ താഴ്്ത്തുകയും ചെയ്യുന്നു. അവൻ ഭക്ഷണം നൽകുന്നു. (പിന്നീട് അവങ്കലേക്ക് ഉയർന്നു പോകുന്നു) കാര്യങ്ങൾ അവനിൽനിന്ന് ഇറങ്ങി വരുന്നു; അവനിലേക്ക് കേറിപ്പോവുകയും ചെയ്യുന്നു. (നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു അതിന്റെ അളവ്) അത് അവനിലേക്ക് കേറിപ്പോകുന്നു. നിമിഷംകൊണ്ട് അവന്റെ അടുക്കൽ അതെത്തുന്നു.