സൂറ: ലുക്വ‌്‌മാൻ, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20
അധ്യായം: 31, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. അലിഫ്-ലാം-മീം.
2. തത്ത്വസമ്പൂർണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
3. സദ്‌വൃത്തർക്ക് മാർഗദർശനവും കാരുണ്യവുമത്രെ അത്.
4. നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് നൽകുകയും പരലോകത്തിൽ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവർക്ക്.
5. തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള മാർഗദർശനമനുസരിച്ച് നിലകൊള്ളുന്നവരത്രെ അവർ. അവർതന്നെയാണ് വിജയികൾ.

1). ഈ സൂറത്തിന്റെ തുടക്കത്തിൽ കാണുന്നതുപോലുള്ള അക്ഷരങ്ങൾ നിരവധി സൂറത്തുകളുടെ ആരംഭത്തിലുണ്ട്. ഇത്തരത്തിലുള്ള അക്ഷരവിന്യാസത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ അവയുടെ അർഥം വിശകലനം ചെയ്യുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാതെ കാണുന്നതുപോലെ വിശ്വസിക്കുക എന്നതാണ് ശരിയായ പണ്ഡിതവീക്ഷണം. അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിലേക്ക് വിടുക. നമുക്കറിയാത്ത ജ്ഞാനം അതിന് പിന്നിലുണ്ടെന്നു വിശ്വസിക്കുക.
2). (തത്ത്വസമ്പൂർണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ) ഇവിടെ അല്ലാഹു ഈ വചനങ്ങളുടെ മഹത്ത്വത്തെ സൂചിപ്പിക്കുന്നു. യുക്തിഭദ്രവും കൃത്യവുമായ ഈ വചനങ്ങൾ ജ്ഞാനിയും എല്ലാം അറിയുന്നവനുമായവനിൽനിന്ന് അവതരിച്ചതാണ്. അതിന്റെ കൃത്യതയ്ക്കും അറിവിനും വ്യത്യസ്ത വശങ്ങളുണ്ട്.
അതിലെ വാചകങ്ങളിലെ പദപ്രയോഗങ്ങൾ ഏറ്റവും ഉദാത്തവും വാചാലവും വ്യക്തവും ആശയമഹത്ത്വമുള്ളതും മനോഹരവുമാണ്.
മാറ്റങ്ങൾ, തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, വെട്ടിച്ചുരുക്കലുകൾ, വക്രീകരണം എന്നിവയിൽ നിന്ന് അത് സുരക്ഷിതമാണ്.
ഭാവി, ഭൂത കാലങ്ങളിലെ വിവരങ്ങൾ, അദൃശ്യകാര്യങ്ങൾ എന്നിവയെല്ലാം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നു. ദൈവികമായി അവതരിക്കപ്പെട്ട ഒരു ഗ്രന്ഥത്തിന്റെയും ആശയങ്ങൾ ക്വുർആനുമായി വിയോജിക്കുന്നില്ല. അതിനെതിരായ ഒരു പ്രവാചകനും പറഞ്ഞിട്ടുമില്ല. യുക്തിയെയോ ബുദ്ധിയെയോ അവലംബമാക്കിയിട്ടുള്ള ഒരു വിജ്ഞാന ശാഖയും ക്വുർആനിക ആശയങ്ങൾക്ക് വിരുദ്ധമായി വരുന്നില്ല.
വ്യക്തമായ നന്മയില്ലാതെ അത് ഒന്നും കൽപിക്കുന്നില്ല. അത് ഏതെങ്കിലും ഒരു കാര്യത്തെ വിലക്കുന്നുവെങ്കിൽ അത് ദോഷകരമായിരിക്കും. ഓരോ കൽപനയും അതിന്റെ പിന്നിലെ യുക്തിയെയും പ്രയോജനങ്ങളെയും ബന്ധിപ്പിക്കുന്നു. ഒരു നിരോധനമാണെങ്കിലും അത് അതിന്റെ പിന്നിലെ കാരണവുമായി ബന്ധപ്പെടുന്നു.
ആഗ്രഹിപ്പിക്കലും ഭയപ്പെടുത്തലും ഒരുമിച്ച് കാണുന്നു. നല്ല മനസ്സുകൾ അതിനെ അംഗീകരിക്കുന്നു. അതുപ്രകാരം അവ പ്രവർത്തിക്കുകയും ചെയ്യുന്നു.
അതിലെ കഥകളും മതവിധികളും ആവർത്തിക്കപ്പെടുന്നതുപോലെ അതിലെ വാക്യങ്ങളും ആവർത്തിക്കപ്പെടുന്നു. എല്ലാം പരസ്പരം യോജിക്കുന്നു. അവയ്ക്കിടയിൽ വൈരുധ്യമില്ല. ഉൾക്കാഴ്ചയുള്ള ഒരാൾ അതിനെക്കുറിച്ച് ചിന്തിക്കുന്തോറും അതിന്റെ യോജിപ്പിന്റെ തലങ്ങൾ അവനെ അത്ഭുതപ്പെടുത്തുന്നു. അത് ജ്ഞാനിയും മഹാനുമായ അല്ലാഹുവിൽനിന്നാണെന്ന് കൂടുതൽ ബോധ്യപ്പെടും.
3) എന്നാൽ ഈ ക്വുർആൻ വിജ്ഞാനം നിറഞ്ഞതും കൃത്യതയുള്ളതും നല്ല സ്വഭാവങ്ങളിലേക്കു ക്ഷണിക്കുകയും ചീത്ത സ്വഭാവങ്ങളെ വിലക്കുകയും ചെയ്യുന്നു. എങ്കിലും മിക്ക ആളുകളും അതിന്റെ മാർഗനിർദേശം നിരാകരിക്കുന്നു. അതിൽ വിശ്വസിക്കാതെ പിന്തിരിഞ്ഞു കളയുന്നു. അല്ലാഹു അനുഗ്രഹിച്ചവർ അതിൽ നിന്ന് ഒഴിവായി. അവർ അവനെ ആരാധിക്കുന്നു. പടപ്പുകളോടും അവർ നന്മകൾ ചെയ്യുന്നു. തീർച്ചയായും ഇത് (സൻമാർഗം) അവരെ ശരിയായ മാർഗത്തിലേക്ക് വഴികാണിക്കുന്നതാണ്. നരകത്തിന്റെ വഴിയിൽനിന്ന് അവരെ താക്കീത് ചെയ്യുകയും ചെയ്യുന്നു. (കാരുണ്യവും) ഇഹപര ജീവിതത്തിൽ സൗഭാഗ്യവും ധാരാളം ഗുണങ്ങളും പ്രതിഫലവും സന്തോഷവും നേടിക്കൊടുക്കുന്നു. വഴികേടിൽനിന്നും ദൗർഭാഗ്യങ്ങളിൽനിന്നും അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.
4) നല്ലതു പ്രവർത്തിക്കുന്നവരെ അല്ലാഹു വിശേഷിപ്പിക്കുന്നത് നല്ല അറിവുള്ള ആളുകൾ എന്നാണ്. പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ദൃഢവിശ്വാസവും ശിക്ഷയെക്കുറിച്ചുള്ള ഭയവുമാണ്. അതിനാലവർ തെറ്റുകളിൽനിന്ന് വിട്ടുനിൽക്കുന്നു. അവർ പ്രവർത്തിക്കുകയും ചെയ്യുന്നു. രണ്ട് പ്രവർത്തനങ്ങളെ പ്രത്യേകം പറഞ്ഞു:
(അവർ നമസ്‌കാരം നിലനിർത്തുന്നു) ആത്മാർഥതയോടെ, അല്ലാഹുവോടുള്ള സ്വകാര്യ ഭാഷണം. നാവും ഹൃദയവും ശരീരാവയവങ്ങളും കൂട്ടായി നിർവഹിക്കുന്ന ആരാധന. മറ്റു പ്രവർത്തനങ്ങളിൽനിന്ന് അതിന് പ്രത്യേകതകളുണ്ട്.
(അവർ സകാത്ത് നൽകുന്നു) മോശമായ സ്വഭാവങ്ങളിൽനിന്ന് സകാത്ത് അവരെ സംസ്‌കരിക്കുന്നു. തന്റെ സഹോദരനായ മുസ്‌ലിമിന് അത് ഉപകരിക്കപ്പെടുന്നു. അവന്റെ ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നു. സകാത്ത് നൽകുന്നതിലൂടെ ഒരു ദാസൻ ധനത്തോടുള്ള തന്റെ ഇഷ്ടത്തെക്കാൾ അല്ലാഹുവോടുള്ള ഇഷ്ടത്തിന് മുൻഗണന നൽകുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ധനത്തിൽനിന്ന് താൻ ഏറെ ഇഷ്ടപ്പെടുന്നവനു വേണ്ടി അവൻ ചെലവഴിക്കുന്നു; അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി.
5) ശരിയായ പ്രവർത്തനത്തെയും അറിവിനെയും ഒരുമിപ്പിച്ചു നൻമ ചെയ്യുന്നവരാണവർ. (മാർഗദർശനമനുസരിച്ച്) സൻമാർഗമെന്നത് നിർണയിച്ചു പറയാത്തതുകൊണ്ട് അത് പൊതുവായ അർഥത്തെ പ്രയോജനം ചെയ്യുന്നു. അതിനാൽ അത് മഹത്തായതാണ്. ആ സൻമാർഗം എപ്പോഴും അവരോടൊപ്പം ഉണ്ടാവുകയും വിവിധതരത്തിലുള്ള അനുഗ്രഹങ്ങൾ അവർക്ക് നൽകുകയും ചെയ്യുന്നു.
(തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള) അവൻ അവരെ അനുഗ്രഹങ്ങൾകൊണ്ട് സംരക്ഷിക്കുകയും ദുരന്തങ്ങളിൽനിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ സന്മാർഗം തന്റെ മിത്രങ്ങൾക്ക് അവൻ നൽകുന്ന പ്രത്യേക സംരക്ഷണമാകുന്നു. അത് ഉയർന്നതലത്തിലുള്ള പരിചരണവുമാണ്. (അവർതന്നെയാണ് വിജയികൾ) അവർ തങ്ങളുടെ രക്ഷിതാവിന്റെ തൃപ്തിയും ഇഹപര പ്രതിഫലവും കരസ്ഥമാക്കിയവരാണ്; അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽനിന്നും രക്ഷ പ്രാപിച്ചവരും. കാരണം അവർ വിജയത്തിന്റെ വഴി സ്വീകരിച്ചവരാണ്. അതല്ലാതെ വിജയിക്കാൻ മാർഗമില്ല.
ക്വുർആനാൽ നയിക്കപ്പെടുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് പറഞ്ഞശേഷം അല്ലാഹു പറയുന്നത് അതിനെ അവഗണിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ്. അക്കാരണത്താൽ അവർ ശിക്ഷിക്കപ്പെടും. കാരണം, ഉദാത്തമായ വാക്കുകളും സംസാരങ്ങളും ഒഴിവാക്കുകയും പകരമായി നിസ്സാരമായ സംസാരങ്ങളും അസത്യങ്ങളും പറയുകയും ചെയ്തു; മ്ലേച്ഛവും മോശവുമായ വാക്കുകളെ.

