സൂറ: ഖസ്വസ്വ്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15
അധ്യായം: 28, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
58. സ്വന്തം ജീവിതസുഖത്തിൽ മതിമറന്ന് അഹങ്കരിച്ച എത്രരാജ്യങ്ങൾ നാം നശിപ്പിച്ചിട്ടുണ്ട്. അവരുടെ വാസസ്ഥലങ്ങളതാ, അവർക്കു ശേഷം അപൂർവമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി.
59. രാജ്യങ്ങളുടെ കേന്ദ്രത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് ഓതിക്കേൾപ്പിക്കുന്ന ഒരു ദൂതനെ അയക്കുന്നതുവരേക്കും നിന്റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാർ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല.
60. നിങ്ങൾക്ക് വല്ല വസ്തുവും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഐഹികജീവിതത്തിന്റെ സുഖഭോഗവും അതിന്റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതൽ ഉത്തമവും നീണ്ടുനിൽക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
61. അപ്പോൾ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നൽകുകയും എന്നിട്ട് അവൻ അത് (നിറവേറിയതായി) കണ്ടെത്തുകയും ചെയ്തുവോ അവൻ ഐഹികജീവിതത്തിന്റെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?
62. അവൻ (അല്ലാഹു) അവരെ വിളിക്കുകയും എന്റെ പങ്കുകാർ എന്ന് നിങ്ങൾ ജൽപിച്ചിരുന്നവർ എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ).
63. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേൽ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവർ (അന്ന്) ഇപ്രകാരം പറയുന്നതാണ്: ‘ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് ഞങ്ങൾ വഴിപിഴപ്പിച്ചത്. ഞങ്ങൾ വഴിപിഴച്ചതുപോലെ അവരെയും വഴിപിഴപ്പിച്ചതാണ്. ഞങ്ങൾ നിന്റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവർ ആരാധിച്ചിരുന്നത്.’

58) അദ്ദേഹത്തെ നിഷേധിക്കുന്നതിനെ സൂക്ഷിക്കണം; തങ്ങൾക്ക് ലഭിച്ച ആ അനുഗ്രഹത്തിൽ ധിക്കാരികളാകുന്നതും. അവരുടെ നിർഭയത്വം ഭയമായി മാറാതിരിക്കാനും അന്തസ്സ് നഷ്ടപ്പെട്ട് നിന്ദ്യരായിത്തീരാതിരിക്കാനും സമ്പന്നതയ്ക്കു ശേഷം ദരിദ്രരാവാതിരിക്കാനും. അതിനു വേണ്ടിയാണ് പൂർവ സമുദായങ്ങൾക്ക് സംഭവിച്ചത് ഇവിടെ താക്കീതായി പറഞ്ഞത്. (സ്വന്തം ജീവിതസുഖത്തിൽ മതിമറന്ന് അഹങ്കരിച്ച എത്ര രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്) അവർക്ക് നൽകിയ ജീവിത സൗകര്യങ്ങളെ അവർ വിലമതിച്ചില്ല. അതിലവർ അഹങ്കരിച്ചു. പ്രവാചകന്മാരിൽ വിശ്വസിക്കുന്നതിൽനിന്ന് അതവരുടെ ശ്രദ്ധ തെറ്റിച്ചു. അപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചു. അനുഗ്രഹങ്ങൾ എടുത്തുകളഞ്ഞു. അവർക്ക് ശിക്ഷയിറങ്ങുകയും ചെയ്തു. (അവരുടെ വാസസ്ഥലങ്ങളതാ; അവർക്ക് ശേഷം അപൂർവമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല) അവരുടെ വിയോഗത്തിന് ശേഷം നിരന്തരമായ നാശവും ശിക്ഷയും ആവർത്തിച്ചുവന്നതിനാൽ അവരുടെ വാസസ്ഥലങ്ങൾ ശൂന്യമായിത്തീർന്നു. (നാം തന്നെയാണ് (അവയുടെ) അവകാശി) ദാസന്മാരെ നാം മരിപ്പിക്കും. അവർക്ക് നാം നൽകി അനുഭവിപ്പിച്ച എല്ലാ സുഖങ്ങളും നമ്മിലേക്ക് മടങ്ങും. പിന്നീട് നാം അവരെ നമ്മിലേക്ക് തിരിച്ചുകൊണ്ടുവരികയും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.
59) അല്ലാഹുവിന്റെ കാരുണ്യവും അവന്റെ യുക്തിയും കാരണം പ്രവാചകന്മാരെ നിയോഗിച്ചു. അവർക്കെതിരെ ഒരു തെളിവുണ്ടാകുന്നതുവരെ അവരുടെ അവിശ്വാസത്തിന് അവൻ അവരെ ശിക്ഷിച്ചിട്ടില്ല. അതാണ് അല്ലാഹു പറഞ്ഞത്: (നിന്റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല) അതായത് അവരുടെ നിഷേധവും അക്രമവും കാരണം. (രാജ്യങ്ങളുടെ കേന്ദ്രത്തിൽ അയക്കുന്നത് വരെ) അവരുടെ പ്രധാന നഗരത്തിലേക്ക്. അതായത് അവർ എപ്പോഴും ബന്ധപ്പെടുകയും സന്ദർശിക്കുകയും വന്ന് പോയിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പട്ടണത്തിലേക്ക്. അവിടേക്ക് നൽകുന്ന സന്ദേശങ്ങൾ ചുറ്റുമുള്ളവർ കാണാതെ പോകില്ല. അവർ ആ പട്ടണവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. (നമ്മുടെ ദൃഷ്ടാന്തങ്ങൾ അവരുടെ മേൽ ഓതിക്കേൾപിക്കുന്ന ഒരു ദൂതനെ) ആ ദൂതനെയും അദ്ദേഹം പ്രബോധനം ചെയ്യുന്ന കാര്യങ്ങളെയും സത്യപ്പെടുത്തുന്ന ദൃഷ്ടാന്തം. അപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ അകലെയുള്ളവർക്കും അടുത്തുള്ളവർക്കും എത്തുന്നു. അകന്ന സ്ഥലങ്ങളിലും വിദൂര ഗ്രാമങ്ങളിലും പ്രവാചകന്മാരെ നിയോഗിച്ചാൽ അത് സാധ്യമല്ല. അത് അറിയാതെ പോകാൻ സാധ്യതയുണ്ട്. പ്രധാന നഗരങ്ങളിലാകുമ്പോൾ പരസ്യമാക്കാനും പ്രചരിക്കാനും എളുപ്പമാണ്. അവരിൽ അധികവും മറ്റുള്ളവരെക്കാൾ നിർജീവത കുറവായിരിക്കും. (രാജ്യക്കാർ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല) പാപങ്ങളും നിഷേധവും കാരണം അവർ ശിക്ഷക്ക് അർഹരായിരിക്കും. ചുരുക്കത്തിൽ, അല്ലാഹു ഒരു സമൂഹത്തെ ശിക്ഷിക്കണമെങ്കിൽ അവർ അക്രമികളാവുകയും അവർക്ക് സന്ദേശം എത്തിയിരിക്കുകയും വേണം.
60). ഇഹലോകത്തോട് വിരക്തി കാണിക്കാനും അതിൽ വഞ്ചിതരാകാതിരിക്കാനും പ്രേരിപ്പിക്കുകയാണ് അല്ലാഹു ഇവിടെ. അവർ ചെയ്യേണ്ടത് പരലോകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് അവരുടെ പ്രധാന ലക്ഷ്യമായി കാണുകയും വേണം. സ്വർണം, വെള്ളി, നാൽക്കാലികൾ, ചരക്കുകൾ, ഭാര്യമാർ, മക്കൾ, ഭക്ഷണ പാനീയങ്ങൾ, ആസ്വാദനങ്ങൾ ഇവയെല്ലാം ഇഹലോക വിഭവങ്ങളും അതിന്റെ അലങ്കാരങ്ങളുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇവയെല്ലാം അൽപ നേരത്തേക്കുള്ള ആസ്വാദനവും ധാരാളം ന്യൂനതകളും തകരാറുകളും ഉള്ളതുമാകുന്നു. കുറച്ച് കാലം ഇതെല്ലാം ആസ്വദിക്കാം. അതവന് അഭിമാനത്തിനും ലോകമാന്യതയ്ക്കും നിമിത്തമാകുന്നു. പിന്നീട് പെട്ടെന്നത് നീങ്ങും. എല്ലാം അവസാനിക്കും. ഇതിനു മാത്രമായി ജീവിച്ചവന് ദുഃഖവും ഖേദവും പരാജയവും ഇല്ലായ്മയുമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. (അല്ലാഹുവിങ്കലുള്ളത്) എന്നാൽ അല്ലാഹുവിന്റെ പക്കലുള്ളതാവട്ടെ, ശാശ്വതവും മികച്ചതും സ്ഥിരമായ ആസ്വാദനം നൽകുന്നതുമാണ്.
(കൂടുതൽ ഉത്തമവും നീണ്ടുനിൽക്കുന്നതുമത്രെ) അളവിലും ഗുണത്തിലുമെല്ലാം അതാണുത്തമം. അത് എന്നെന്നുമുണ്ടാകും. (നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?) ഇത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ലേ? അതായത്, ഇവ രണ്ടിൽ ഏതാണ് ഉത്തമമെന്ന് മനസ്സിലാക്കാൻ, രണ്ടിലേത് ലോകത്തേക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ചിന്തിക്കാൻ. മനുഷ്യൻ അവന്റെ ബുദ്ധിയുടെ തോതനുസരിച്ച് ഇഹലോകത്തെക്കാൾ പരലോകത്തിന് മുൻഗണന നൽകുന്നു. ബുദ്ധിശൂന്യർ മാത്രമെ ഇഹലോകത്തിന് മുൻഗണന നൽകൂ.
61) അതിനാൽ ഇഹലോകത്തിന് മുൻഗണന നൽകുന്നവന്റെയും പരലോകത്തിന് മുൻഗണന നൽകുന്നവന്റെയും പരിണിതി തുലനം ചെയ്യാൻ ബുദ്ധിയെ അല്ലാഹു ഉൽബോധിപ്പിക്കുന്നു. (അപ്പോൾ നാം ഏതൊരുത്തന് നല്ലൊരു വാഗ്ദാനം നൽകുകയും എന്നിട്ടവൻ അത്-നിറവേറ്റിയതായി-കണ്ടെത്തുകയും ചെയ്തുവോ?) പരലോകത്തിന് ആവശ്യമായ പരിശ്രമങ്ങൾ നടത്തുന്ന ഒരു വിശ്വാസി അവൻ പ്രവർത്തിക്കുന്നത് തന്റെ രക്ഷിതാവിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചാണ്. അതായത്, സുഖാനുഗ്രഹങ്ങളുള്ള സ്വർഗം പ്രതിഫലമായി ലഭിക്കുമെന്ന വാഗ്ദാനം പ്രതീക്ഷിച്ചുകൊണ്ട്. യാതൊരു സംശയവുമില്ല. അവനത് ലഭിക്കുകതന്നെ ചെയ്യും. കാരണം അത് കരാറുകൾ പാലിക്കുന്നവന്റെ വാക്കാണ്. അവൻ കരാർ ലംഘിക്കില്ല. തന്റെ തൃപ്തിക്കു വേണ്ടി നിലകൊള്ളുകയും തന്റെ കോപത്തെ അകറ്റുകയും ചെയ്ത തന്റെ ദാസന് നൽകിയ വാഗ്ദാനം. ഇവനെപ്പോലെയാണോ (ഐഹികജീവിതത്തിന്റെ സുഖാനുഭവം അനുഭവിപ്പിക്കുകയും) ചെയ്തവൻ. അവന് നൽകിയത് അവൻ എടുക്കുന്നു. തിന്നുന്നു, കുടിക്കുന്നു. നാൽക്കാലികളെ പോലെ ആസ്വദിക്കുന്നു. പരലോകം മറന്ന് ഇഹലോകത്തിൽ വ്യാപൃതനാകുന്നു. അവർ അല്ലാഹുവിന്റെ മാർഗദർശനത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. ദൂതന്മാരെ പിന്തുടരുന്നുമില്ല. അവൻ തന്റെ നിലപാട് തുടർന്നുകൊണ്ടിരിക്കുന്നു. ഇഹലോകത്ത് നഷ്ടവും നാശവുമില്ലാതെ യാതൊന്നും അവൻ നേടുന്നില്ല. വിചാരണക്കു വേണ്ടി (ഉയിർത്തെഴുന്നേൽപ് നാളിൽ ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്യുന്നു). എന്നാൽ തനിക്കുവേണ്ടി യാതൊന്നും താൻ ഒരുക്കിവെച്ചിട്ടില്ലെന്ന് അവന് ഇതിനകം മനസ്സിലാകും. ചെയ്തതെല്ലാം തനിക്ക് ദോഷമായത് മാത്രം. അങ്ങനെ പ്രതിഫല ലോകത്തേക്ക് അവനെത്തി. അവന്റെ അവസാനം എന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? അതിനാൽ ബുദ്ധിയുള്ളവർ തനിക്ക് ഉത്തമമായത് തിരഞ്ഞെടുക്കട്ടെ; രണ്ടവസ്ഥകളിൽ തനിക്കേറ്റവും അർഹമായതും യോഗ്യമായതും.
62,63) ഉയിർത്തെഴുന്നേൽപ് നാളിൽ തന്റെ സൃഷ്ടികളോട് എന്താണ് ചോദിക്കുക എന്ന് അല്ലാഹു ഇവിടെ പറയുന്നു. അവൻ അവരോട് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കും. അല്ലാഹുവിനെ ആരാധിക്കുന്നതിനെക്കുറിച്ചും ദൂതന്മാരോടുള്ള അവരുടെ പ്രതികരണങ്ങളെക്കുറിച്ചും. (അവൻ-അല്ലാഹു- അവരെ വിളിക്കുന്ന ദിവസം) അവനിൽ പങ്കുചേർത്തവരെയും അവർ ആരാധിക്കുകയും ഉപകാരം ചെയ്യാമെന്നും ഉപദ്രവം തടയാമെന്നും പ്രതീക്ഷിച്ചവരെയും. അവൻ അവരെ വിളിച്ചത് അവരുടെ പങ്കാളികളുടെ അശക്തിയും വഴികേടും വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയാണ്. (എന്റെ പങ്കുകാർ എവിടെ എന്ന് ചോദിക്കും) അല്ലാഹുവിന് പങ്കുകാരില്ല. അത് അവരുടെ ജൽപനവും കളവും മാത്രമാണ്. അതാണ് അല്ലാഹു പറഞ്ഞത് (നിങ്ങൾ ജൽപിച്ചിരുന്നവർ) എന്ന്. അവരെവിടെയാണ്? അവരുടെ പ്രയോജനമെവിടെ? അവരുടെ പ്രതിരോധമെവിടെ? അവർ ആരാധിച്ചതും പ്രതീക്ഷിച്ചതും അസ്ഥാനത്താണെന്നും വ്യാജമാണെന്നും നിരർഥകമാണെന്നും അവർക്ക് വ്യക്തമാകും.
തങ്ങൾക്ക് വഴിതെറ്റിയെന്ന് അവർ സമ്മതിക്കും. (-ശിക്ഷയുടെ- വാക്ക് ആരുടെ മേൽ സ്ഥരിപ്പെടുന്നുവോ അവൻ ഇപ്രകാരം പറയുന്നതാണ്) അതായത്, അവിശ്വാസത്തിന്റെയും തിന്മയുടെയും നേതാക്കൾ തങ്ങൾ വഴിതെറ്റിയതും തെറ്റിച്ചതും സമ്മതിച്ചുകൊണ്ട് പറയും: (ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ്) അനുയായികളെ. (ഞങ്ങൾ വഴിപിഴപ്പിച്ചത്.
ഞങ്ങൾ വഴിപിഴച്ചതുപോലെ അവരെയും വഴിപിഴപ്പിച്ചതാണ്) ഞങ്ങൾ എല്ലാവരും വഴികേടിൽ പങ്കുചേർന്നു. ശിക്ഷയും യാഥാർഥ്യമായി. (ഞങ്ങൾ നിന്റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു) ഞങ്ങളെ അവർ ആരാധിച്ചതിനെ നിരാകരിക്കുന്നു. അതായത്, അവരുടെ പ്രവർത്തനത്തിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. (ഞങ്ങളെയല്ല, അവർ ആരാധിച്ചിരുന്നത്) അവർ പിശാചിനെ മാത്രമാണ് ആരാധിച്ചിരുന്നത്.
