സൂറ: ഖസ്വസ്വ്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03
അധ്യായം: 28, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
11. അവൾ അവന്റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: ‘നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ.’ അങ്ങനെ ദൂരെ നിന്ന് അവൾ അവനെ നിരീക്ഷിച്ചു. അവർ അതറിഞ്ഞിരുന്നില്ല.
12. അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകൾ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോൾ അവൾ (സഹോദരി) പറഞ്ഞു: ‘നിങ്ങൾക്കു വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാൻ നിങ്ങൾക്ക് അറിവു തരട്ടെയോ? അവർ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.’
13. അങ്ങനെ അവന്റെ മാതാവിന്റെ കണ്ണ് കുളിർക്കുവാനും, അവൾ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവൾ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവൾക്ക് തിരിച്ചേൽപിച്ചു. പക്ഷേ, അവരിൽ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
14. അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും പാകത എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി. അപ്രകാരമാണ് സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്.
15. പട്ടണവാസികൾ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോൾ അവിടെ രണ്ടുപുരുഷൻമാർ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാൾ തന്റെ കക്ഷിയിൽ പെട്ടവൻ. മറ്റൊരാൾ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനും. അപ്പോൾ തന്റെ കക്ഷിയിൽപെട്ടവൻ തന്റെ ശത്രുവിഭാഗത്തിൽപെട്ടവന്നെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ‘ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാകുന്നു. അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രുതന്നെയാകുന്നു.’
16. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ.’ അപ്പോൾ അദ്ദേഹത്തിന് അവൻ പൊറുത്തുകൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
17. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നൽകിയിട്ടുള്ളതുകൊണ്ട് ഇനി ഒരിക്കലും ഞാൻ കുറ്റവാളികൾക്കു സഹായം നൽകുന്നവനാവുകയില്ല.’
18. അങ്ങനെ അദ്ദേഹം പട്ടണത്തിൽ ഭയപ്പാടോടും കരുതലോടും കൂടി വർത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവൻ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: ‘നീ വ്യക്തമായും ഒരു ദുർമാർഗി തന്നെയാകുന്നു.’
19. എന്നിട്ട് അവർ ഇരുവർക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാൻ അദ്ദേഹം ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു: ‘ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നതുപോലെ നീ എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നാട്ടിൽ ഒരു പോക്കിരിയാകാൻ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്. നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാൻ നീ ഉദ്ദേശിക്കുന്നില്ല.’

11) (അവൾ പറയുകയും ചെയ്തു) മൂസാനബിയുടെ മാതാവ്. (സഹോദരിയോട്-നീ അവന്റെ പിന്നാലെ പോയി അന്വേഷിച്ചുനോക്കൂ) നീ നിന്റെ സഹോദരനെ പിന്തുടർന്ന് പിറകെ പോവുക. അവനെ അന്വേഷിക്കുകയും ചെയ്യുക; നിന്നെ ആരും കാണാതെയും നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെയും. അങ്ങനെ അവൾ പിന്തുടർന്ന് പോയി. (അങ്ങനെ ദൂരെ നിന്ന് അവൾ അവനെ നിരീക്ഷിച്ചു. അവർ അതറിഞ്ഞിരുന്നില്ല). അവന്റെ കാര്യത്തിന് വേണ്ടിയല്ലാതെ വെറുതെ കടന്നുപോകുന്ന ഒരാളെ പോലെ അവൾ പിറകെ നടന്നു. അവളുടെ നിശ്ചയദാർഢ്യവും ജാഗ്രതയുമാണത്. അവൾ അവനെ കാണുകയും ബോധപൂർവം അവരുടെ അടുക്കൽ ചെല്ലുകയും ചെയ്തിരുന്നുവെങ്കിൽ അവളാണ് അവനെ നദിയിയിൽ എറിഞ്ഞതെന്ന് വിചാരിക്കുകയും അത് ചെയ്തതിന് അവന്റെ കുടുംബത്തിന് ഒരു ശിക്ഷയായി അവനെ അറുക്കാൻ അവർ തീരുമാനിക്കുകയും ചെയ്‌തേക്കാം.
12) മൂസാനബിയോടും അദ്ദേഹത്തിന്റെ മാതാവിനോടും അല്ലാഹു കാണിച്ച ദയയാണ് മറ്റൊരു സ്ത്രീയുടെയും മുലപ്പാൽസ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു എന്നത്. അവർ അദ്ദേഹത്തോടുള്ള സ്‌നേഹം നിമിത്തം ചന്തയിലേക്ക് കൊണ്ടുപോയി. ഒരുപക്ഷേ, ആരെങ്കിലും അദ്ദേഹത്തെ തിരയുകയാണെന്ന് അവർ കരുതി. ആ സമയത്ത് സഹോദരി വന്ന് പഞ്ഞു: (അപ്പോൾ അവർ പറഞ്ഞു: നിങ്ങൾക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാൻ നിങ്ങൾ അറിവ് തരട്ടെയോ. അവർ അവന്റെ ഗുണകാംക്ഷികൾ ആയിരിക്കുകയും ചെയ്യും) ഇതായിരുന്നു അവരുടെ ഉദ്ദേശ്യം. കാരണം അവർ അദ്ദേഹത്തെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ മുലയൂട്ടുന്ന മുഴുവൻ സ്ത്രീകളെയും അവരിൽ നിന്ന് തടഞ്ഞപ്പോൾ ആ കുട്ടി മരിച്ചു പോകുമോ എന്നും ഭയപ്പെട്ടു. ഈ വീട്ടുകാർ അവനെ നന്നായി പരിപാലിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ സംസാരം അവരിൽ താൽപര്യമുണ്ടാക്കി. അവനെ ശ്രദ്ധിക്കുമെന്നും സംരക്ഷിക്കാനുള്ള ഗുണകാംക്ഷ കാണിക്കുമെന്നും അവർക്ക് തോന്നി. ഉടൻ അവൾക്കവർ മറുപടി നൽകി. അപ്പോൾ അവൾ ആ വീട്ടുകാരെക്കുറിച്ചുള്ള വിവരം നൽകി; നാം അവൾക്ക് വാഗ്ദാനം നൽകിയതുപോലെ തന്നെ. (അവനെ നാം അവർക്ക് തിരിച്ചേൽപിച്ചു). (അവളുടെ കണ്ണ് കുളിർക്കാനും ദുഃഖിക്കാതിരിക്കാനും അങ്ങനെ അവൻ അവളോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും നിർഭയത്വത്തോടെയും വളരാനും അതിന് വലിയൊരു പ്രതിഫലം കൈപ്പറ്റാനും സാധിച്ചു. (അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവർ മനസ്സിലാക്കാനും) അവൾക്ക് വാഗ്ദാനം ചെയ്തതിൽ ചിലത് അവൾക്ക് കാണിച്ചുകൊടുത്തു. അവൾ അത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടു. അങ്ങനെ അവളുടെ മനസ്സിന് സമാധാനമുണ്ടാവുകയും വിശ്വാസം വർധിക്കുകയും ചെയ്തു. അവനെ അല്ലാഹു സംരക്ഷിക്കുമെന്നും ദൂതനായി നിയമിക്കുമെന്നും അവന്റെ വാഗ്ദാനം പുലരുമെന്നും അവൾ മനസ്സിലാക്കി. (പക്ഷേ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല) അതിനാൽ അവർ പല പ്രയാസങ്ങളിലൂടെയും കടന്നുപോവുകയാണെങ്കിൽ അത് അവരുടെ വിശ്വാസത്തെ ദുർബലമാക്കുന്നു. (ഉന്നതമായ കാര്യങ്ങളും ലക്ഷ്യങ്ങളും നേടാൻ) അതിന്റെ വഴിയിൽ അല്ലാഹു തടസ്സങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുമെന്ന് അവർ ശരിയായി മനസ്സിലാക്കിയിട്ടില്ല.
അങ്ങനെ മൂസാ(അ) ഫിർഔനിന്റെ കുടുംബത്തോടൊപ്പം താമസിച്ചു. അവരുടെ രാജകുടുംബത്തിലെ ഒരാളായി വളർന്നു. രാജകീയ വാഹനങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചു. ഉമ്മക്ക് സമാധാനം ലഭിച്ചു. മുലയൂട്ടുന്ന ബന്ധത്തിലൂടെ അവൾ അദ്ദേഹത്തിന്റെ ഉമ്മയാണെന്ന് സ്ഥിരീകരിച്ചു. അതിനാൽ അവൾ അവനോടൊപ്പം എപ്പോഴും ഉണ്ടാകുന്നതിനോ അനുകമ്പ കാണിക്കുന്നതിനോ എതിർപ്പുണ്ടായില്ല. അല്ലാഹു മൂസാനബിയോട് കാണിച്ച കാരുണ്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ! തന്റെ സംസാരത്തിൽ കളവ് പറയേണ്ടിവരാത്ത സാഹചര്യം അല്ലാഹു ഉണ്ടാക്കി. ഉമ്മയെന്ന് വിളിക്കാനുള്ള ഒരു ബന്ധം അല്ലാഹു അവർക്കിടയിൽ ഉണ്ടാക്കി. ജനങ്ങൾ വിചാരിച്ചത് അത് മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയാണെന്നായിരിക്കും. അപ്പോൾ അദ്ദേഹത്തിന്റെ അധിക സംസാരങ്ങളും മറ്റുള്ളവർ പറയുന്നതും അമ്മയും മകനുമെന്ന നിലയിൽ സത്യവും യാഥാർഥ്യവുമായി.
14) (അങ്ങനെ അദ്ദേഹം-മൂസാ-ശക്തി പ്രാപിച്ചപ്പോൾ) ശക്തിയിലും ബുദ്ധിയിലും. അധികവും നാൽപതാമത്തെ വയസ്സിലായണ് അതുണ്ടാകുന്നത്. (പക്വത എത്തുകയും ചെയ്തു) അതായത്, ശാരീരിക ശക്തിയിലും പക്വതയിലും ജ്ഞാനത്തിലും പൂർണതയുടെ തലമെത്തിയപ്പോൾ. (അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി) അതായത്, ശരീഅത്തിന്റെ വിധികൾ അറിയാനും ജന ങ്ങൾക്കിടയിൽ ന്യായം വിധിക്കാനുമുള്ള വിവേകവും വിപുലമായ അറിവും. (അപ്രകാരമാണ് സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്) അല്ലാഹുവിനെ ആരാധിച്ചും അവന്റെ സൃഷ്ടികളോട് ദയ കാണിച്ചും സൽകർമങ്ങൾ ചെയ്യുന്നവർക്ക് അതിനനുസരിച്ച് നാം പ്രതിഫലം നൽകുന്നു. അവരുടെ സൽകർമങ്ങൾക്കനുസരിച്ച് അറിവും ജ്ഞാനവും നൽകുകയും ചെയ്യുന്നു. ഇത് മൂസാനബി(അ) നന്മ ചെയ്യുന്നതിന്റെ പൂർണതയെ തെളിയിക്കുന്നു.
15). (പട്ടണവാസികൾ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു) ഉച്ചവിശ്രമത്തിന്റെ സമയത്തോ അതല്ലെങ്കിൽ മറ്റു സമയങ്ങളിലോ. ആളുകൾ അധികമായി പുറത്തിറങ്ങാത്ത സമയത്താണ് അദ്ദേഹം നഗരത്തിൽ പ്രവേശിച്ചത്. (അപ്പോൾ അവിടെ രണ്ടു പുരുഷന്മാർ പൊരുതുന്നതായി അദ്ദേഹം കണ്ടു) പരസ്പരം ഏറ്റുമുട്ടുകയും തർക്കിക്കുകയും ചെയ്യുന്നു. (ഒരാൾ തന്റെ കക്ഷിയിൽ പെട്ടവൻ) അതായത്, ബനൂഇസ്‌റാഈലുകാരൻ. (മറ്റൊരാൾ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനും) ഖിബ്ത്വി. (അപ്പോൾ തന്റെ കക്ഷിയിൽ പെട്ടവൻ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനെതിരിൽ അദ്ദേഹത്തോട് സഹായം തേടി) അദ്ദേഹം അറിയപ്പെട്ടിരുന്നതിനാലും ഇസ്രാഈല്യനാണെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നതിനാലും തന്റെ ശത്രുവിനെതിരെ സഹായിക്കാൻ തന്റെ കക്ഷിയിൽ പെട്ട ഒരാളെ അവൻ വിളിച്ചു. അദ്ദേഹം മൂസാനബി(അ)യോട് സഹായം ആവശ്യപ്പെട്ടതിൽനിന്ന് മനസ്സിലാകുന്നത് മൂസാ രാജകുടുംബത്തിൽ ഉയർന്ന സ്വാധീനം ചെലുത്തിയിരുന്നുവെന്നും പേടിക്കപ്പെടേണ്ട, അല്ലെങ്കിൽ പ്രതീക്ഷയർപ്പിക്കാൻ പറ്റുന്ന ഒരു വ്യക്തിയായിരുന്നുവെന്നുമാണ്. (അപ്പോൾ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു) ഇസ്‌റാഈ ല്യന്റെ സഹായത്തിനുള്ള അഭ്യർഥനക്ക് മറുപടിയായി അദ്ദേഹം ശത്രുവിനെ ഇടിച്ചു. മൂസാ(അ)യുടെ ശക്തിയും ഇടിയുടെ പ്രഹരവും അയാൾ മരണപ്പെടാൻ ഇടയാക്കി. മൂസാ(അ) താൻ ചെയ്തതിൽ ഖേദിച്ചുകൊണ്ട് പറഞ്ഞു: (ഇത് പിശാചിന്റെ പ്രവർത്തനങ്ങളിൽ പെട്ടതാകുന്നു. അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു) അവന്റെ വ്യക്തമായ ശത്രുതയും ആളുകളെ വഴിതെറ്റിക്കാനുള്ള അവന്റെ താൽപര്യവും കാരണമാണ് ഇത് സംഭവിച്ചത്.
(16). തന്റെ രക്ഷിതാവിനോട് അദ്ദേഹം പാപമോചനം തേടുകയും ചെയ്തു. (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ. അപ്പോൾ അദ്ദേഹത്തിന് അവൻ പൊറുത്തുകൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു) പ്രത്യേകിച്ചും എളിമയുള്ളവരോടും അവനിലേക്ക് മടങ്ങാനും പശ്ചാത്തപിക്കാനും തിടുക്കം കൂട്ടുന്നവരോടും (മൂസാ(അ) ചെയ്തതുപോലെ).
17). (പറഞ്ഞു:) മൂസാ(അ). (എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നൽകിയിട്ടുള്ളതുകൊണ്ട്) പാപമോചനവും പശ്ചാത്താപവും സ്വീകരിച്ച്. ധാരാളം മറ്റനുഗ്രഹങ്ങൾ കൊണ്ടും. (ഞാൻ ഒരിക്കലും സഹായം നൽകുന്നവനാവുകയില്ല) സഹായിക്കുന്നവനും പിന്തുണക്കുന്നവനും. (കുറ്റവാളികൾക്ക്) തെറ്റിൽ ഒരാളെയും ഞാൻ സഹായിക്കില്ല. അല്ലാഹു അനുഗ്രഹം നൽകിയതിന്റെ നന്ദിയായി ഇത് മൂസാ(അ) ചെയ്ത കരാറാണ്. ഖിബ്തിയെ കൊന്നപോലെ ഒരു കുറ്റവാളിക്കും ഞാൻ സഹായം ചെയ്യില്ല. ഇതിൽനിന്ന് മനസ്സിലാകുന്നത്, അനുഗ്രങ്ങൾ ലഭിക്കുന്നത് ഒരടിമക്ക് നന്മ ചെയ്യാനും തിന്മ ഉപേക്ഷിക്കാനും പ്രേരണയാകണം എന്നാണ്.
(18) (അങ്ങനെ) തന്റെ ശത്രുവായ ഒരാളുടെ കൊല നടന്നപ്പോൾ. (അദ്ദേഹം പട്ടണത്തിൽ ഭയപ്പാടോടും കരുതലോടും കൂടി വർത്തിച്ചു) ഫിർഔൻ ഈ വിവരം അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നു ഭയം. ഇസ്‌റാഈല്യരിൽ മൂസാനബി(അ) അല്ലാതെ അത്തരമൊന്നു ചെയ്യാൻ ഒരാൾക്കും ധൈര്യമുണ്ടാകില്ല എന്നത് അറിയപ്പെട്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ (തലേ ദിവസം തന്നോട് സഹായം തേടിയവൻ വീണ്ടും തന്നോട് സഹായത്തിന് മുറവിളി കൂട്ടുന്നു) അവന്റെ ശത്രുവിനെതിരായി. അതായത് മറ്റൊരു ഖിബ്തിക്ക് എതിരായി. (മൂസാ അവനോട് പറഞ്ഞു:) അവനെ ശാസിച്ചുകൊണ്ട്. (നീ വ്യക്തമായും ദുർമാർഗി തന്നെയാകുന്നു) നിന്റെ വഴികേട് വ്യക്തമാണ്.
(19). (പിടികൂടാൻ അദ്ദേഹം ഉദ്ദേശിച്ചപ്പോൾ) അതായത്, മൂസാ(അ). (അവർ ഇരുവർക്കും ശത്രുവായിട്ടുള്ളവനെ) മൂസാ(അ)യോട് മുറവിളി നടത്തി സഹായം തേടിയ വ്യക്തിയെ. അതായത്, ഖിബ്തിക്കും ഇസ്‌റാഈല്യനുമിടയിൽ തർക്കം നടന്നുകൊണ്ടേയിരിക്കുന്നു. മൂസാ(അ)യോട് അയാൾ സഹായം ചോദിക്കുന്നു. ഖിബ്തിയെ കൈകാര്യം ചെയ്യാനുള്ള രോഷം ഉണ്ടാവുകയും ചെയ്തപ്പോൾ. (പറഞ്ഞു:) ആ ഖിബ്ത്വിയോട് മൂസാനബി പറഞ്ഞു; തന്നെ കൊല്ലാൻ വരുന്നതിനെ ചോദ്യം ചെയ്തുകൊണ്ട്. (ഇന്നലെ നീ ഒരാളെ കൊന്നതുപോലെ നീ എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നാട്ടിൽ ഒരു പോക്കിരിയാകാൻ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്) കാരണം ഭൂമിയിലെ പോക്കിരിമാരുടെ ഏറ്റവും വലിയ അടയാളം എന്നത് അന്യായമായി ആളെ കൊല്ലലാണ്. (നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാൻ നീ ഉദ്ദേശിക്കുന്നില്ല) നന്മയാണ് ഉദ്ദേശ്യമെങ്കിൽ എന്റെയും അവന്റെയും ഇടയിൽ കൊലപാതകമല്ലാത്ത മറ്റു വല്ല പരിഹാരവും ഉണ്ടാക്കുമായിരുന്നു. അയാളുടെ ഉപദേശം കാരണം അദ്ദേഹത്തെ വധത്തിൽനിന്ന് തടഞ്ഞു.
