സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 മാർച്ച് 29, 1446 റമദാൻ 28

അധ്യായം: 32, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ (٢٠) وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ (٢١) وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ (٢٢) وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَلَا تَكُن فِى مِرْيَةٍۢ مِّن لِّقَآئِهِۦ ۖ وَجَعَلْنَـٰهُ هُدًۭى لِّبَنِىٓ إِسْرَٰٓءِيلَ (٢٣)

20. എന്നാൽ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവർ അതിൽനിന്ന് പുറത്തു കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്കുതന്നെ അവർ തിരിച്ചയക്കപ്പെടുന്നതാണ്. നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.

21. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവർ ഒരുവേള മടങ്ങിയേക്കാമല്ലോ.

22. തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉൽബോധനം നൽകപ്പെട്ടിട്ട് അവയിൽനിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാൾ അക്രമിയായി ആരുണ്ട്? തീർച്ചയായും അത്തരം കുറ്റവാളികളുടെ പേരിൽ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്.

23. തീർച്ചയായും മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്. അതിനാൽ അത് കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്. ഇസ്‌റാഈൽ സന്തതികൾക്ക് നാം അതിനെ മാർഗദർശകമാക്കുകയും ചെയ്തു.

20) (എന്നാൽ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു) അവരുടെ വാസസ്ഥലം അഗ്നിയായിരിക്കും. അവരുടെ ശാശ്വത സ്ഥലം. എല്ലാതരം ശിക്ഷകളും കഷ്ടതകളും സംയോജിപ്പിച്ച അഗ്നിയായിരിക്കും. അതിലെ ശിക്ഷയിൽനിന്ന് ഒരു നിമിഷം പോലും അവർക്ക് ഇടവേള നൽകുകയില്ല.

(അവർ അതിൽനിന്ന് പുറത്തു കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്കുതന്നെ അവർ തിരിച്ചയക്കപ്പെടുന്നതാണ്) അതിൽനിന്ന് പുറത്ത് കടക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം. അതായത് ശിക്ഷ അതിന്റെ പാരമ്യതയിൽ എത്തുമ്പോൾ. അതിനാൽ അവർക്ക് ആശ്വാസം ലഭിക്കും എന്ന പ്രതീക്ഷ നഷ്ടപ്പെടും. അതിയായി വിഷമിക്കുകയും ചെയ്യും. (നിങ്ങൾ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക) ഈ നരകമാണ് അവരുടെ വാസസ്ഥലം. ഇതിനു മുമ്പും ശിക്ഷയുണ്ട്. അതാണ് ക്വബ്‌റിൽ അനുഭവിക്കുന്നത്.

21) അതായത് അക്രമികൾക്കും സത്യനിഷേധികൾക്കും ചെറിയ ശിക്ഷകൾ നാം അനുഭവിപ്പിക്കും. ക്വബ്ർ ശിക്ഷയാണത്. മരിക്കുന്നതിന് മുമ്പും ചെറിയ ചില ശിക്ഷകൾ ലഭിക്കാം. ബദ്‌റിൽ കൊല്ലപ്പെട്ട ബഹുദൈവാരാധകർക്ക് സംഭവിച്ചതുപോലെ മരണസമയത്ത് സംഭവിക്കുന്ന വിധവുമാകാം. അല്ലാഹു പറയുന്നു:

وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ

“അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്ന് പറഞ്ഞുകൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്’’(6:93). തുടർന്ന് ക്വബ്‌റിൽ ചെറിയ ശിക്ഷ തുടരും.

ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന് തെളിയിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്ന തെളിവുകളിൽ ഒന്നാണ് ഈ സൂക്തം. കാരണം അല്ലാഹു പറയുന്നു: (തീർച്ചയായും നാം അവർക്ക് ചെറിയ ശിക്ഷയിൽനിന്ന് ചിലത് ആസ്വദിപ്പിക്കും) അതിന്റെ ചെറിയ ഭാഗം. വലിയ ശിക്ഷക്ക് മുമ്പ് ചെറിയ ശിക്ഷയുണ്ടെന്ന് അത് അറിയിക്കുന്നു. അത് നരകശിക്ഷയാണ്. ഇഹലോകത്തുള്ള ചെറിയ ശിക്ഷക്ക് മരിക്കണമെന്നില്ല. ‘അവർ മടങ്ങുന്നതിന് വേണ്ടി’ എന്നു പറഞ്ഞത് അതുകൊണ്ടാണ്. അതായത് അവർ തെറ്റുകളിൽനിന്ന് പശ്ചാത്തപിച്ച് മടങ്ങാൻ വേണ്ടി. അല്ലാഹു പറയുന്നു:

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ‎

“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം’’(30:41).

22) തങ്ങളുടെ രക്ഷിതാവിന്റെ അടുത്ത് നിന്നുള്ള സന്ദേശങ്ങൾ അവഗണിക്കുന്ന ഓരാളെക്കാൾ വലിയ അക്രമം മറ്റാരും ചെയ്യുന്നില്ല. ഈ സന്ദേശങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരിലൂടെ അവനെ നയിക്കാനും അനുഗ്രഹിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ആത്മീയവും ലൗകികവുമായ കാര്യങ്ങളിൽ അവന് എന്താണ് നല്ലത് എന്ന് മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. അവനെ ദ്രോഹിക്കുന്ന പ്രവൃത്തികൾക്കെതിരെ അവർ മുന്നറിയിപ്പ് നൽകുന്നു. വിശ്വസിക്കുന്നതിനും നന്ദിയുള്ളവരായിരിക്കുന്നതിനും പകരം ഈ വ്യക്തി ഈ മാർഗനിർദേശത്തെ തിരസ്‌കരിക്കാനും പിന്തിരിയാനും തിരഞ്ഞെടുത്തു. ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്ന അക്രമികളിൽ ഏറ്റവും മോശപ്പെട്ടവനാണിവൻ. അതാണ് അല്ലാഹു പറഞ്ഞത്: (കുറ്റവാളികളുടെ പേരിൽ നാം ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്).

23) തന്റെ ദാസൻമാരെ ഉൽബോധിപ്പിച്ച വചനങ്ങളെക്കുറിച്ച്; അതായത് മുഹമ്മദ് നബിﷺക്ക് ഇറക്കിയ ക്വുർആനിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞത് വേദഗ്രന്ഥങ്ങൾ എന്നത് പുതിയ കാര്യമല്ലെന്നാണ്. ദൂതന്മാർ അസാധാരണമായി ഒന്നും കൊണ്ടുവന്നിട്ടുമില്ല. ക്വുർആനിനെ സ്ഥിരീകരിക്കുന്ന വേദഗ്രന്ഥം -തൗറാത്ത്- അല്ലാഹു മൂസാനബി(അ)ക്ക് നൽകി. അങ്ങനെ അവ രണ്ടും സത്യമാണെന്ന് തെളിയിക്കപ്പെടുകയും രണ്ടിന്റെയും തെളിവ് സ്ഥാപിക്കപ്പെടുകയും ചെയ്തു. (അതിനാൽ അത് കണ്ടെത്തുന്നതിനെപ്പറ്റി നീ സംശയത്തിലാകരുത്) അതിന് ധാരാളം തെളിവുകളുണ്ട്. അതിനാൽ അതിൽ സംശയത്തിന് ഇടമില്ല. (അതിനെ നാം ആക്കി)മൂസാ(അ)ക്ക് നൽകിയ ഗ്രന്ഥത്തെ. (ഇസ്‌റാഈൽ സന്തതികൾക്ക് മാർഗദർശനം) അതിലൂടെ അവരുടെ മതത്തിന്റെ അടിസഥാനപരവും ശാഖാപരവുമായ കാര്യങ്ങളിൽ ആ കാലത്തിന് അനുയോജ്യമായ നിലയിൽ വഴികാണിച്ചു. എന്നാൽ ശ്രേഷ്ഠമായ ഈ ക്വുർആൻ; അതിലൂടെ അല്ലാഹു എല്ലാ മനുഷ്യർക്കും വഴികാണിക്കുന്നു. ഇത് മനുഷ്യരാശിക്ക് അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങളിൽ ഉയിർത്തെഴുന്നേൽപ് നാളുവരെ മാർഗദർശനമാണ്. അത് അതിന്റെ പൂർണതയും മഹത്ത്വവുമാണ്.

وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ ‎

“തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ (സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (43:4).