സൂറ: ലുക്വ‌്‌മാൻ, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 മെയ് 31, 1446 ദുൽഖഅദ് 29
അധ്യായം: 31, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
32. പർവതങ്ങൾ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാൽ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവർ പ്രാർഥിക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരിൽ ചിലർ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകൻമാരും നന്ദികെട്ടവരും ആരെല്ലാമോ, അവർ മാത്രമെ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയുള്ളൂ.
33. മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.
34. തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴപെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

32) മനുഷ്യർ കടലിലൂടെ സഞ്ചരിക്കുമ്പോൾ തിരമാലകൾ മേലാപ്പുപോലെ അവരുടെ മേൽ ആഞ്ഞടിക്കുമ്പോൾ അവർ അല്ലാഹുവിനെ മാത്രം ആത്മാർഥമായി വിളിക്കുന്നു. (എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോൾ) അവർ രണ്ടു വിഭാഗമായി തിരിയും. (അവരിൽ) ചിലർ (മിതത്വം പാലിക്കുന്നവരായിരിക്കും) അതായത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് ശരിയായി നന്ദി കാണിക്കുന്നില്ല. അവർ സ്വയം തെറ്റ് ചെയ്യുകയും ചെയ്യുന്നു.
മറ്റൊരു കൂട്ടർ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുകയും ആ അനുഗ്രഹത്തെ നിഷേധിക്കുകയും ചെയ്യുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (പരമവഞ്ചകരും നന്ദികെട്ടവരും ആരെല്ലാമോ അവർ മാത്രമെ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയുള്ളൂ) അവരുടെ വഞ്ചന എന്നത് കടലിലെ പ്രയാസത്തിൽനിന്ന് രക്ഷിച്ചാൽ ഞങ്ങൾ നന്ദിയുള്ളവരാകാം എന്ന കരാർ ലംഘിക്കുന്നു എന്നതാണ്. ഇവർ വഞ്ചന കാണിച്ചു. കരാർ പാലിച്ചില്ല. അതോടൊപ്പം (നന്ദികെട്ടവൻ) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക്. ഇത്തരം കഠിനമായ പ്രയാസങ്ങളിൽനിന്ന് അല്ലാഹു അവരെ രക്ഷപ്പെടുത്തിയിട്ട് പൂർണ നന്ദികാണിക്കാതിരിക്കുന്നത് അവർക്ക് യോജിച്ചതാണോ?
33) അല്ലാഹു അവനെ സൂക്ഷിക്കാൻ ജനങ്ങളോട് കൽപിക്കുന്നു. തക്വ്‌വ എന്നത് അവന്റെ കൽപനകൾ പാലിക്കലും അവന്റെ വിരോധങ്ങളെ ഉപേക്ഷിക്കലുമാണ്. ഉയിർത്തെഴുന്നേൽപിന്റെ നാളിനെ ഭയപ്പെടാനും അവൻ അവരെ ഓർമിപ്പിക്കുന്നു. തന്നെയല്ലാതെ മറ്റാരെയും ശ്രദ്ധിക്കാത്ത ദിവസം. (ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും തന്റെ പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക) നന്മ വർധിപ്പിച്ച് കൊടുക്കാനോ തിന്മകൾ കുറച്ച് കൊടുക്കാനോ കഴിയില്ല. എല്ലാവരുടെയും കർമങ്ങൾ തീരുമാനിക്കപ്പെടുകയും ആ കർമങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുകയും ചെയ്യും.
ഈ സുപ്രധാന ദിവസത്തിലേക്ക് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതുവഴി തന്റെ ദാസന് ശക്തി പകരുകയും അല്ലാഹുവിനെ സൂക്ഷിക്കൽ അവന് എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് തന്റെ അടിമകളോടുള്ള കരുണയാണ്. അവനെ ഭയപ്പെടാൻ അവരോട് അവൻ നിർദേശിക്കുന്നു. അതിലാണ് അവരുടെ സൗഭാഗ്യം. അതിനവർക്ക് പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു. ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു. ഉപദേശങ്ങളിലൂടെയും താക്കീതുകളിലൂടെയും അവരെ പ്രചോദിപ്പിക്കുന്നു. ലോക നാഥാ, നിനക്ക് സ്തുതി.
(തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു) അതിനാൽ അതിൽ സംശയിക്കരുത്. വിശ്വസിക്കാത്തവരെപ്പോലെ പ്രവർത്തിക്കരുത്. അതാണ് അല്ലാഹു പറഞ്ഞത്: (അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ) അതിന്റെ അലങ്കാരങ്ങളും ആകർഷണങ്ങളും. അതിലെ പ്രചോദനങ്ങളും പരീക്ഷണങ്ങളും.
(പരമവഞ്ചകനായ പിശാച് അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ) ഇത് എപ്പോഴും മനുഷ്യനെ വഞ്ചിക്കാൻ ശ്രമിക്കുന്ന ശൈത്വാനെ സൂചിപ്പിക്കുന്നു. ഒരു സമയത്തും അവനെക്കുറിച്ച് അശ്രദ്ധനായിക്കൂടാ. അല്ലാഹുവിന് അവന്റെ അടിമകളുടെ മേൽ ബാധ്യതയുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന ഒരു നിശ്ചിത സമയം അവൻ നിശ്ചയിച്ചിട്ടുണ്ട്; അവർ അവനോടുള്ള കടമ നിർവഹിച്ചുവോ ഇല്ലയോ എന്ന്. അവൻ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമാണിത്. അത് തന്നെ മുന്നിൽ നിർത്തിയാകണം അവന്റെ പ്രവർത്തനങ്ങൾ മുഴുവനും. പരിശ്രമങ്ങളാകുന്ന അവന്റെ കച്ചവടത്തിന്റെ മൂലധനമാണ് ഈ വിശ്വാസം.
പ്രലോഭിപ്പിക്കുന്ന ഈ ലോകവും അവനോട് മന്ത്രിക്കുകയും അവനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശൈത്വാനുമാണ് അവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം. അതു കൊണ്ടുതന്നെ അല്ലാഹു തന്റെ ദാസന്മാ രെ ഇഹലോകത്താൽ വഞ്ചനയിൽ അകപ്പെടുന്നതിനെയും കൊടിയവഞ്ചകനായ പിശാച് അല്ലാഹുവിന്റെ കാര്യത്തിൽ നട ത്തുന്ന വഞ്ചനയിൽ അകപ്പെടുന്നതിനെ യും നിരോധിച്ചു.
يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا
“അവൻ അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവർക്ക് നൽകുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല’’ (4:120).
34) അല്ലാഹുവിന് ദൃശ്യവും അദൃശ്യവും പ്രത്യക്ഷമായതും മറഞ്ഞിരിക്കുന്നതുമെല്ലാം അറിയും എന്നതാണ് ഇവിടെ സ്ഥാപിക്കുന്നത്. അല്ലാഹു അദൃശ്യമായ പല കാര്യങ്ങളും തന്റെ അടിമകളെ അറിയിച്ചേക്കാം. എന്നാൽ ഈ അഞ്ച് കാര്യങ്ങൾ അവൻ ആരെയും അറിയിക്കാതെ അവൻ തടഞ്ഞുവെച്ച കാര്യങ്ങളാണ്. അത് പ്രവാചകന്മാർക്കോ അല്ലാഹുവിനോട് അടുപ്പമുള്ള ഏതെങ്കിലും മലക്കുകൾക്കോ അറിയില്ല. (തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്) അത് എപ്പോൾ സംഭവിക്കുമെന്ന് അവന് മാത്രമെ അറിയൂ. അവൻ മറ്റൊരിടത്ത് പറയുന്നു:
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ١٨٧
“അന്ത്യസമയത്തെപ്പറ്റി അവ ർ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവൻ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങൾക്ക് വരികയില്ല (7:187).
(അവൻ മഴ പെയ്യിക്കുന്നു) അവനാണ് മഴ പെയ്യിക്കുന്നത്. അത് പെയ്യുന്ന സമയം അവനറിയും. (ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു) കാരണം ഗർഭാശയത്തിലുള്ളത് സൃഷ്ടിച്ചത് അവനാണ്. അത് എന്താണെന്ന് അവനറിയാം. അത് ആണോ പെണ്ണോ എന്നും അറിയാം. അതുകൊണ്ട് ഗർഭാശയത്തിന്റെ ചുമതലയുള്ള മലക്ക് തന്റെ നാഥനോട് ചോദിക്കും: അത് ആണോ പെണ്ണോ എന്ന്? അപ്പോൾ അല്ലാഹു അവൻ ഉദ്ദേശിച്ചതു പോലെ വിധിക്കും. (നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ആർക്കും അറിയില്ല) മതപരമായോ ലൗകികമായോ എന്ത് നേടുമെന്ന്.
(താൻ ഏതു നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളുമറിയില്ല) അത് മുഴുവൻ അറിയുന്നവൻ അല്ലാഹു മാത്രം. ഈ കാര്യങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞെങ്കിലും എല്ലാ വസ്തുക്കളിലും അവന്റെ അറിവുണ്ട്. തീർച്ചയായും (അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു) അവൻ എല്ലാ കാര്യങ്ങളും അറിയുന്നു; രഹസ്യവും പരസ്യവും ഉള്ളും പുറവും. അടിമകളിൽനിന്നും ഈ അഞ്ച് കാര്യങ്ങൾ മറച്ചുവെച്ചു എന്നത് അല്ലാഹുവിന്റെ ഒരു ഹിക്മത്ത് ആണ്. ചിന്തിക്കുന്നവർക്ക് വേഗത്തിൽ മനസ്സിലാകുന്ന കുറെ നന്മകൾ അതിലുണ്ട്.
സൂറതു ലുക്വ‌്‌മാനിന്റെ വ്യാഖ്യാനം അല്ലാഹുവിന്റെ അനുഗ്രഹത്താൽ പൂർത്തിയായി.

