സൂറ: ഖസ്വസ്വ്, ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഡിസംബർ 27, 1447 റജബ് 06

അധ്യായം: 28, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ (٧٤) وَنَزَعْنَا مِن كُلِّ أُمَّةٍۢ شَهِيدًۭا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ (٧٥) ۞ إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ (٧٦) وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ (٧٧) قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةًۭ وَأَكْثَرُ جَمْعًۭا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ (٧٨)

74. അവൻ (അല്ലാഹു) അവരെ വിളിക്കുകയും എന്റെ പങ്കാളികളെന്ന് നിങ്ങൾ ജൽപിച്ചുകൊണ്ടിരുന്നവർ എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു).

75. ഓരോ സമുദായത്തിൽനിന്നും ഓരോ സാക്ഷിയെ (അന്ന്) നാം പുറത്ത് കൊണ്ടുവരുന്നതാണ്. എന്നിട്ട് (ആ സമുദായങ്ങളോട്) നിങ്ങളുടെ തെളിവ് നിങ്ങൾ കൊണ്ടുവരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോൾ അവർ മനസ്സിലാക്കും. അവർ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും.

76. തീർച്ചയായും ഖാറൂൻ മൂസായുടെ ജനതയിൽ പെട്ടവനായിരുന്നു. എന്നിട്ട് അവൻ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകൾ ശക്തൻമാരായ ഒരു സംഘത്തിനുപോലും ഭാരമാകാൻ തക്കവണ്ണമുള്ള നിക്ഷേപങ്ങൾ നാം അവന് നൽകിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല.

77. അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തിൽനിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നൻമ ചെയ്തത് പോലെ നീയും നൻമചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല.

78. ഖാറൂൻ പറഞ്ഞു: ‘എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്.’ എന്നാൽ അവന്നു മുമ്പ് അവനെക്കാൾ കടുത്ത ശക്തിയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവൻ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല.

74. അതായത്, തന്നോട് പങ്കുചേർത്തവരെയും മറ്റുള്ളവരെ തനിക്ക് തുല്യരായി കണ്ടവരെയും പങ്കുകാരുണ്ടെന്നും അവർ ആരാധനക്ക് അർഹരാണെന്നും അവർ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നും വാദിച്ചവരെയും അല്ലാഹു വിളിക്കുന്ന ദിവസം. അത് ഉയിർത്തെഴുന്നേൽപിന്റെ നാളിലായിരിക്കും. അവർ എത്രമാത്രം ധീരരായിരുന്നുവെന്നും അവരുടെ വാദങ്ങളിൽ അവർ പറഞ്ഞ കളവും അവരോട് തന്നെ അവർ ചെയ്ത നിഷേധവും അല്ലാഹു അവിടെ പരസ്യപ്പെടുത്തും. (അവൻ അവരെ വിളിക്കുകയും എന്റെ പങ്കാളികളെന്ന് നിങ്ങൾ ജൽപിച്ചുകൊണ്ടിരുന്നവർ എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം) അത് അവരുടെ അവകാശവാദം മാത്രമായിരുന്നു. യഥാർഥത്തിൽ അതുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നതു പോലെ:

وَمَا يَتَّبِعُ الَّذِينَ يَدْعُونَ مِن دُونِ اللَّهِ شُرَكَاءَ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ

“അല്ലാഹുവിന് പുറമെ തങ്ങളുടെ പങ്കാളികളെ വിളിച്ചു പ്രാർഥിക്കുന്നവർ ഊഹാപോഹമല്ലാതെ മറ്റൊന്നും പിന്തുടരുകയില്ല’’ (യൂനുസ്: 66).

75. അവരും അവരുടെ ദൈവങ്ങളും (ആരാധനാമൂർത്തികളും) കൂട്ടംകൂട്ടമായി കൊണ്ടുവരപ്പെടുമ്പോൾ, അവർ ദൈവത്തിന് പങ്കാളികളാക്കിയതിനെക്കുറിച്ചും മറ്റു വിശ്വാസങ്ങളെക്കുറിച്ചും സാക്ഷ്യം വഹിക്കാൻ ദൈവം ഓരോ നിഷേധികളുടെ കൂട്ടത്തിൽനിന്ന് ഒരു സാക്ഷിയെ തിരഞ്ഞെടുക്കും. ഈ സാക്ഷിമാരെ അല്ലാഹു പ്രത്യേകം തിരഞ്ഞെടുക്കുകയോ നിയോഗിക്കുകയോ ചെയ്യും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കളവ് പറയുന്നവരുടെ നേതാക്കളിൽനിന്ന് അവർക്കു വേണ്ടി വാദിക്കാൻ ആളുകളെ തിരഞ്ഞെടുക്കും. അവരെല്ലാം ഓരോ മാർഗത്തിലായിരുന്നു. ചോദ്യം ചെയ്യപ്പെടാൻ അവരെ കൊണ്ടുവരുമ്പോൾ (നിങ്ങളുടെ തെളിവ് നിങ്ങൾ കൊണ്ടുവരൂ). അതായത്, നിങ്ങൾ അല്ലാഹുവിന് പങ്കാളികളെ ചേർത്തതിനെ സ്ഥാപിക്കുന്ന തെളിവ്. ഞാൻ പങ്കുചേർക്കാൻ നിങ്ങളോട് കൽപിച്ചിരുന്നോ? എന്റെ ദൂതന്മാർ കൽപിച്ചിരുന്നോ? അവരാരെങ്കിലും ആരാധനക്ക് അർഹരായിരുന്നോ? എന്റെ വല്ല വേദഗ്രന്ഥത്തിലും നിങ്ങൾ അത് കണ്ടിരുന്നോ? നിങ്ങൾക്ക് വല്ല ഉപകാരം ചെയ്യാനോ ശിക്ഷയിൽനിന്ന് നിങ്ങളെ തടുക്കാനോ അവർക്ക് സാധ്യമാണോ? അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഉപകാരം ചെയ്യാൻ കഴിയുമെങ്കിൽ അവരങ്ങനെ ചെയ്യട്ടെ. അവർക്കെന്തെങ്കിലും ശക്തിയുണ്ടെങ്കിൽ അവർ നിങ്ങളെ കാണിക്കട്ടെ. അപ്പോൾ അവർ പറഞ്ഞതി ന്റെ കുഴപ്പവും തകരാറും(അവർ മനസ്സിലാക്കും). (ന്യായം അല്ലാഹുവിന് ഉള്ളതാണെന്നും) അവർ മനസ്സിലാക്കും. അവർക്കെതിരായ വാദം തെളിയിക്കപ്പെടും. അവർക്ക് സമർപ്പിക്കാൻ ഒരു തെളിവും ഉണ്ടാകില്ല. കാരണം, അല്ലാഹുവിന്റെ തെളിവിന് പൂർണതയുണ്ട്. (അവർ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ട് മാറിപ്പോവുകയും ചെയ്യും) അവരുടെ കെട്ടുകഥകളും നുണകളും അപ്രത്യക്ഷമാകും. അല്ലാഹു തങ്ങളോട് നീതി കാണിച്ചു എന്ന് അവർ മനസ്സിലാക്കും. കാരണം, അവൻ അർഹതയുള്ളവരെയല്ലാതെ ശിക്ഷിക്കുകയില്ല.

76. ഇവിടെ അല്ലാഹു ക്വാറൂനിന്റെ കഥയും അവൻ ചെയ്തതും അവന് സംഭവിച്ചതും അവന് ലഭിച്ച ഉപദേശവും ഉൽബോധനവും നമ്മോട് പറയുന്നു. (തീർച്ചയായും ക്വാറൂൻ മൂസായുടെ ജനതയിൽ പെട്ടവനായിരുന്നു) അതായത്, ലോകരിൽ ശ്രേഷ്ഠരാക്കപ്പെട്ട ഇസ്രാഈലിൽ സന്തതികളിൽ പെട്ട ഒരാളായിരുന്നു. അക്കാലത്ത് അവരായിരുന്നു ഉന്നതർ. അല്ലാഹു അവരെ വളരെയധികം അനുഗ്രഹിച്ചു. ശരിയായ പാതയിൽ ഉറച്ചുനിൽക്കാൻ പറ്റുന്ന ഒരു സാഹചര്യം അവർക്കുണ്ടായിരുന്നു. എന്നാൽ ക്വാറൂൻ വഴി തെറ്റി.

(അവൻ അവരുടെ നേരെ അക്രമം കാണിച്ചു) അവൻ അതിരുവിട്ടു. കാരണം, അവന് അഹങ്കാരമുണ്ടാക്കുന്ന അളവറ്റ സമ്പത്ത് നൽപകപ്പെട്ടു. (അവന്റെ താക്കോലുകൾ ശക്തന്മാരായ ഒരു സംഘത്തിന് പോലും ഭാരമാകാൻ തക്കവണ്ണമുള്ള നിക്ഷേപങ്ങൾ നാം അവന് നൽകിയിരുന്നു). സംഘം (ഉസ്വ‌്ബത്ത്) എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പത്തു മുതൽ ഏഴുവരെയോ ഒൻപതുവരെയോ എണ്ണമാണ്. ഖജനാവിന്റെ താക്കോലുകളെക്കുറിച്ചാണ് പറയുന്നത്. ശക്തരായ ഒരു കൂട്ടം ആളുകൾക്ക് വഹിക്കാനാവില്ലെന്ന്. താക്കോലുകൾ ഇങ്ങനെയാണെങ്കിൽ ഖജനാവിന്റെ അവസ്ഥയെന്തായിരിക്കും! (അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദർഭം)

അവനെ ഉപദേശിക്കുകയും അഹങ്കാരത്തിനും അതിക്രമത്തിനും എതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. (നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല) അതായത്, ഈ മഹത്തായ ഐഹിക നേട്ടങ്ങൾ ആഹ്ലാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. അത് നിന്നെ പരലോകത്തെക്കുറിച്ച് അശ്രദ്ധനാക്കരുത്. അവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല; അതിൽ ആഹ്ലാദിക്കുകയും അതിനെ അമിതമായി സ്‌നേഹിച്ച് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരെ.

77. (അല്ലാഹു നിനക്ക് നൽകിയതിലൂടെ നീ പരലോകവിജയം നേടുക) പരലോകം നേടാനുള്ള വഴികൾ നിന്റെ അടുക്കലുണ്ട്; മറ്റുള്ളവരുടെ അടുക്കൽ ഇല്ലാത്തത്ര സമ്പത്ത്. അത് ഉപയോഗിച്ച് അല്ലാഹുവിന്റെ തൃപ്തി നേടുക. ധർമം ചെയ്യുക. അത് നിന്റെ ആഗ്രഹങ്ങൾക്കും ആസ്വാദനങ്ങൾക്കും മാത്രമായി മാറ്റിവെക്കരുത്.

(ഐച്ഛിക ജീവിതത്തിൽനിന്ന് നിനക്കുള്ള ഓഹരി നീ വിസമരിക്കുകയും വേണ്ട) അതായത്, നിങ്ങളുടെ മുഴുവൻ സമ്പത്തും ദാനധർമങ്ങൾക്ക് നൽകി നിരാലംബരാകാൻ നാം നിങ്ങളോട് പറയുന്നില്ല. മറിച്ച് നിങ്ങളുടെ ഇഹലോക ക്ഷേമത്തിന് ഹാനികരമാകാത്ത വിധത്തിൽ പരലോകത്തിനായി ചെലവഴിക്കുക.

(നീ നന്മ ചെയ്യുക) അല്ലാഹുവിന്റെ ദാസന്മാർക്ക്. (അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ) ഈ സമ്പത്ത് കൊണ്ട്. (നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്) അഹങ്കാരത്താൽ അല്ലാഹുവിന് അനുസരണക്കേട് കാണിക്കുകയും അനുഗ്രഹദാതാവിന്റെ അനുഗ്രങ്ങളിൽ മതിമറന്ന് അഹങ്കരിച്ച് ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്. (അല്ലാഹു കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല) അതിന് അല്ലാഹു കഠിനമായി ശിക്ഷിക്കുകയാണ് ചെയ്യുക.

78. (അവർ പറഞ്ഞു) തന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചും തനിക്ക് നൽകിയ ഉപദേശങ്ങളെ നിരസിച്ചുകൊണ്ടും (എന്റെ കൈവശമുള്ള വിദ്യ കൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്) അതായത്, എന്റെ സ്വന്തം പ്രയത്‌നവും സമ്പാദന രീതികളെക്കുറിച്ചുള്ള അറിവും കൊണ്ടാണ് ഞാനീ സമ്പത്ത് നേടിയത്. എന്റെ

സാമർഥ്യം കൊണ്ട്. എന്റെ സാഹചര്യം അല്ലാഹുവിന് അറിയാം. ഞാനിതിന് അർഹനാണെന്നും അവനറിയാം. അല്ലാഹു എനിക്ക് നൽകിയതിനെക്കുറിച്ച് നിങ്ങൾ എന്തിനാണ് എന്നെ ഉപദേശിക്കുന്നത്?

എന്നാൽ അല്ലാഹു പറയുന്നു; അവൻ നൽകിയതിന്റെ യാഥാർഥ്യത്തെപ്പറ്റി, ദാനം സ്വീകർത്താവ് നല്ലവനാണെന്നതിന്റെ തെളിവല്ലെന്ന്. എന്നാൽ അവനു മുമ്പ് അവനെക്കാൾ ശക്തിയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. ഇവനെ പോലെയുള്ളവരോ ഇവനെക്കാൾ ശക്തരോ ആയവരെ നശിപ്പിക്കുന്നത് മുൻതലമുറകളിൽ നമ്മുടെ ചര്യയായിരിക്കെ ഖാറൂന്റെ നാശം തടയാൻ എന്ത് കാരണമാണുള്ളത്? (തങ്ങളുടെ പാപങ്ങളെപ്പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുകയില്ല). മറിച്ച് അവരെക്കുറിച്ച് അവന് അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ അല്ലാഹു അവരെ ശിക്ഷിക്കും. അവർ സ്വയം നല്ലവരാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാലും അവർ വിജയികളാണെന്ന് സാക്ഷ്യം വഹിച്ചാലും അവകൊണ്ടൊന്നും സ്വീകരിക്കപ്പെടുകയില്ല. അതൊന്നും ശിക്ഷയിൽനിന്ന് അവരെ തടുക്കുകയുമില്ല. അവരുടെ പാപങ്ങൾ മറച്ചുവെക്കപ്പെടാത്തതിനാൽ അതിന്റെ ശിക്ഷ അവരിൽനിന്ന് ഒഴിവാകില്ല. അതിനാൽ നിഷേധിക്കുന്നതുകൊണ്ട് കാര്യമില്ല. എന്നാൽ ഖാറൂൻ തന്റെ ധിക്കാരത്തിലും ശാഠ്യത്തിലും തുടർന്നു. ജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. അവന് നൽകപ്പെട്ട ധനം അവനെ വഞ്ചിച്ചു. അതിലവൻ ആഹ്ലാദിച്ചു. അഹങ്കരിച്ചു.