സൂറ: റൂം, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

അധ്യായം: 30, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ (٩) ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ (١٠) ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ (١١) وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ (١٢) وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ (١٣) وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍۢ يَتَفَرَّقُونَ (١٤) فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍۢ يُحْبَرُونَ (١٥)

9. അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവർ ഇവരെക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാൽ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷേ, അവർ തങ്ങളോടുതന്നെ അക്രമം ചെയ്യുകയായിരുന്നു.

10. പിന്നീട്, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീർന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവർ പരിഹസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്.

11. അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

12. അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ ആശയറ്റവരാകും.

13. അവർ പങ്കാളികളാക്കിയവരുടെ കൂട്ടത്തിൽ അവർക്ക് ശുപാർശക്കാർ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവർ നിഷേധിക്കുന്നവരാവുകയും ചെയ്യും.

14. അന്ത്യസമയം നിലവിൽ വരുന്ന ദിവസം; അന്നാണ് അവർ വേർപിരിയുന്നത്.

15. എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ ഒരു പൂന്തോട്ടത്തിൽ ആനന്ദം അനുഭവിക്കുന്നവരായിരിക്കും.

9)അതിനാലാണ് ഭൂമിയിലൂടെ സഞ്ചരിച്ചു സത്യനിഷേധികളുടെ പരിണിതികൾ കാണാൻ അവരെ ഉണർത്തിയത്. അവർ പ്രവാചകന്മാരുടെ കൽപനകൾക്ക് എതിരു പ്രവർത്തിച്ചു. അവർ ഇവരെക്കാൾ ശക്തരായിരുന്നു. കൂടുതൽ അടയാളങ്ങൾ ഭൂമിയിൽ ഇട്ടേച്ചുപോയവർ, മരങ്ങൾ നട്ടുപിടിപ്പിക്കുകയും വിളകൾ ഉൾപാദിപ്പിക്കുകയും ചെയ്തവർ. ജലസേചനത്തിനായി നദികൾ നിർമിച്ചവർ. എങ്കിലും അവർക്ക് അവരുടെ ശക്തി പ്രയോജനപ്പെട്ടില്ല. അവരുടെ പ്രവർത്തനങ്ങൾ ഫലപ്പെട്ടില്ല. കാരണം, അവർ പ്രവാചകന്മാരെ നിഷേധിച്ചു; സത്യത്തിന്റെ വ്യക്തമായ തെളിവുമായി വന്നവരെ. ഇവരുടെ അവശിഷ്ടങ്ങൾ കാണുമ്പോൾ അവർ വെറും നാശമടഞ്ഞ സമുദായങ്ങൾ മാത്രം; നശിച്ചുപോയ സൃഷ്ടികളും. അവർക്കുശേഷം അവരുടെ ഭവനങ്ങൾ ഏകാന്തമായി. പിന്നീട് വന്നവരെല്ലാം അവരെ ആക്ഷേപിച്ചു. ഇതാണ് ഇവർക്ക് ഇവിടുന്നുള്ള ശിക്ഷ; പരലോകത്തെ ശിക്ഷക്കുള്ള മുന്നോടിയും മുന്നൊരുക്കവും. നാശം സംഭവിച്ചിട്ടുള്ള രാഷ്ട്രങ്ങളോടൊന്നും അല്ലാഹു അവരെ നശിപ്പിക്കുന്നതിലൂടെ അനീതി ചെയ്തിട്ടില്ല. അവർ അവരോടുതന്നെയാണ് അനീതി ചെയ്തത്. അവർ തന്നെ അവരുടെ നാശത്തിന് നിമിത്തമായി.

10) (പിന്നീട് ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീർന്നു) അതായത് തിന്മ ചെയ്യുന്നവരുടെ. (ഏറ്റവും മോശം) അപമാനകരമായ ഏറ്റവും മോശാവസ്ഥ. കാരണം (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിഷേധിച്ചുതള്ളുകയും അവയെപ്പറ്റി അവർ പരിഹസിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്) ഇവരുടെ പാപത്തിന്റെയും പരിഹാസത്തിന്റെയും ശിക്ഷയത്രെ. മാത്രവുമല്ല അവരുടെ പരിഹാസവും നിഷേധവുമാണ് ഏറ്റവും വലിയ ശിക്ഷയ്ക്കും ആത്യന്തികമായ പ്രതികാരത്തിനും കാരണം.

11-12) അല്ലാഹു പറയുന്നു: അവൻ സൃഷ്ടികളെ പടക്കുന്നു. പിന്നീട് അവരെ തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് അവർ അവനിലേക്ക് മടങ്ങും; അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം വാങ്ങാൻ. അതുകൊണ്ടാണ് തിന്മയുടെ ആളുകളുടെ ശിക്ഷയും തുടർന്ന് നന്മയുടെ ആളുകളുടെ പ്രതിഫലവും പരാമർശിച്ചത്. (അന്ത്യസമയം നിലവിൽ വരുന്ന ദിവസം) ലോകരക്ഷിതാവിലേക്ക് ജനങ്ങൾ എഴുന്നേറ്റ് വരുന്ന ദിവസം. നേർക്കുനേരെ അവർ പരലോകത്ത് വരുന്ന ദിവസം. അന്നേദിവസം (കുറ്റവാളികൾ ആശയറ്റവരാകും) എല്ലാ നല്ല പ്രതീക്ഷയും തീരും. കാരണം കുറ്റങ്ങളും പാപങ്ങളും നിഷേധവും ശിർക്കുമല്ലാതെ മറ്റൊന്നും അവർ കരുതിവെച്ചിട്ടില്ല. ശിക്ഷക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുവെച്ചപ്പോൾ പ്രതിഫലത്തിനുള്ളതൊന്നും അവർ അതിൽ ചേർത്തില്ല. അവർ നിരാശരായി, നാശമടഞ്ഞവരായി, പാപികളായി. അവരുടെ പങ്കാളികൾ സഹായിക്കുമെന്നും അവർക്കുവേണ്ടി ശുപാർശ പറയുമെന്നും വാദിച്ചതെല്ലാം വെറുതെയായി.

(13-14) അതാണ് അല്ലാഹു പറഞ്ഞത്: (അവർ പങ്കാളിയാക്കിയവരിലില്ല) അല്ലാഹുവിന്റെ കൂടെ അവർ ആരാധിച്ചവരിൽ. (അവരുടെ ആ പങ്കാളികളെത്തന്നെ അവർ നിഷേധിക്കുന്നവരാവുകയും ചെയ്യും.) മുശ്്‌രിക്കുകൾ അവർ അല്ലാഹുവിന്റെ കൂടെ പങ്കുചേർത്തവരെ വിട്ടൊഴിയും. ആരാധിക്കപ്പെട്ടവരും ഒഴിഞ്ഞുമാറും. അവർ പറയും: ഞങ്ങൾ നിന്റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവർ ആരാധിച്ചിരുന്നത്. അവർ അന്യോന്യം ശപിക്കുകയും വിട്ടുനിൽക്കുകയും ചെയ്തു. അന്ന് നന്മയുടെയും തിന്മയുടെ ആളുകൾ വേർതിരിയും. ഇഹലോകത്ത് അവരുടെ പ്രവർത്തനങ്ങൾ വിഭിന്നമായത് പോലെത്തന്നെ.

15) (എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ) ഹൃദയംകൊണ്ട് വിശ്വസിച്ചു. അതിനെ യാഥാർഥ്യമാക്കുന്ന സൽപ്രവർത്തനങ്ങളും ചെയ്തു. (അവർ ഒരു പൂന്തോട്ടത്തിൽ) അതിൽ വിവിധയിനം ചെടികളുണ്ട്; ഇഷ്ടപ്പെടുന്ന വിവിധയിനങ്ങൾ. (ആനന്ദമനുഭവിക്കുന്നവരായിരിക്കും) അതായത് സന്തോഷിക്കുന്നവർ. സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നവർ. സുന്ദരമായ കൂട്ടാളികൾ, സേവകർ, ശ്രുതിമധുരമായ ശബ്ദങ്ങൾ, മനോഹരമായ കാഴ്ചകൾ, മൃദുവായ കാറ്റ്... അതിലെ സന്തോഷവും ആഹ്ലാദവും ഒരാൾക്കും വർണിക്കാനാവാത്തതാണ്.