സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 മാർച്ച് 22, 1446 റമദാൻ 21

അധ്യായം: 32, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ (١٦) فَلَا تَعْلَمُ نَفْسٌۭ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍۢ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ (١٧) أَفَمَن كَانَ مُؤْمِنًۭا كَمَن كَانَ فَاسِقًۭا ۚ لَّا يَسْتَوُۥنَ (١٨) أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ جَنَّـٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ (١٩)

16. ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽനിന്ന് അവർ ചെലവഴിക്കുകയും ചെയ്യും.

17. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്കുവേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല.

18. അപ്പോൾ വിശ്വാസിയായിക്കഴിഞ്ഞവൻ ധിക്കാരിയായിക്കഴിഞ്ഞവനെപ്പോലെയാണോ? അവർ തുല്യരാകുകയില്ല!

19. എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ്-തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ പേരിൽ ആതിഥ്യമായിക്കൊണ്ട്- താമസിക്കുവാൻ സ്വർഗത്തോപ്പുകളുള്ളത്.

16) (കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്) അവർക്ക് കൂടുതൽ ആസ്വാദ്യകരവും പ്രിയങ്കരവുമായ ഒന്നിനുവേണ്ടി അവർ കിടക്കകൾ ഉപേക്ഷിക്കുന്നു. അതായത് രാത്രി നമസ്‌കാരത്തിന് വേണ്ടി, തങ്ങളുടെ രക്ഷിതാവുമായി സംസാരിക്കുന്നതിന് വേണ്ടി. അതാണ് അല്ലാഹു പറഞ്ഞത്: (തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുന്നവരായി) അവർക്ക് ആത്മീയവും ലൗകികവുമായ കാര്യങ്ങൾ ലഭിക്കാനും ദോഷകരമായതിനെ തടയാനും. (ഭയത്തോടും പ്രതീക്ഷയോടും കൂടി) ഈ രണ്ട് ഗുണങ്ങളും സമന്വയിപ്പിച്ചുകൊണ്ട്. അതായത് അവരുടെ നൻമകൾ നിരസിക്കുമോ എന്ന ഭയം, അവ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുന്നതോടൊപ്പം പ്രതിഫലം പ്രതീക്ഷിച്ചും. (അവർക്ക് നാം നൽകിയതിൽനിന്ന്) നാം ഉപജീവനത്തിനായി നൽകിയതിൽനിന്ന്; അത് കുറവാണെങ്കിലും അധികമാണെങ്കിലും. (അവർ ചെലവഴിക്കുകയും ചെയ്യും) ഇത് പൊതുവായ ഒരു പ്രയോഗമാണ്. അവർ എത്ര ചെലവഴിക്കണമെന്നോ ആർക്ക് നൽകണമെന്നോ ഇവിടെ പറഞ്ഞിട്ടില്ല. ഇതിൽ നിർബന്ധ ദാനങ്ങൾ, അതായത് സകാത്ത്, പ്രായച്ഛിത്തം; ഇണകൾക്കും ബന്ധുക്കൾക്കുമുള്ളത് എല്ലാം ഉൾപ്പെടും. നല്ല കാര്യങ്ങൾക്ക് ചെലവഴിക്കുന്ന ഐഛിക ദാനങ്ങളും പെടും.

ധനികനോ ദരിദ്രനോ, ബന്ധുക്കളോടോ അപരിചിതരോടോ ദയ കാണിക്കുന്നതും മറ്റുള്ളവരോട് പൊതുവെ ദയ കാണിക്കുന്നതിനായി പണം ചെലവഴിക്കുന്നതും ഇതിൽ ഉൾപ്പെടും. പക്ഷേ, പ്രയോജനത്തിനനുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസമുണ്ടായിരിക്കും. ഇത് അവരുടെ പ്രവൃത്തികളെ സൂചിപ്പിക്കുന്നു.

17) അവരുടെ കർമങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പറയുന്നു: (ഒരാൾക്കും അറിയാവുന്നതല്ല) ഇതിൽ എല്ലാവരും ഉൾക്കൊള്ളുന്നു. കാരണം ഇതൊരു പൊതുവായ പ്രയോഗമാണ്. (കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന്) അവർക്കായി തയ്യാറാക്കിവെച്ചിരിക്കുന്ന സന്തോഷകരമായ, സമൃദ്ധമായ അനുഗ്രഹങ്ങൾ എത്രയാണ്! അതിന്റെ സന്തോഷം, ആനന്ദം എത്രയെന്ന് അറിയില്ല എന്ന് സൂചിപ്പിക്കുന്നു. അല്ലാഹു തന്റെ ദൂതനിലൂടെ അറിയിച്ചതുപോലെ:

أعْدَدْتُ لِعِبادِي الصَّالِحِينَ، ما لا عَيْنٌ رَأَتْ، ولا أُذُنٌ سَمِعَتْ، ولا خَطَرَ علَى قَلْبِ بَشَرٍ

“നല്ലവരായ എന്റെ ദാസൻമാർക്കുവേണ്ടി ഞാൻ ഒരുക്കിവച്ചിട്ടുണ്ട്; ഒരു കണ്ണും കാണാത്തത്, ഒരു കാതും കേൾക്കാത്തത്, ഒരാളുടെ ഹൃദയവും നിനക്കാത്തത്’’ (ബുഖാരി, മുസ്‌ലിം).

അവർ രാത്രിയിൽ നമസ്‌കരിച്ചു. കർമങ്ങൾ രഹസ്യമാക്കി. അല്ലാഹു അവർക്ക് അവരുടെ കർമങ്ങൾക്ക് അനുയോജ്യമായ പ്രതിഫലം നൽകും. അതിനാൽ അവരുടെ പ്രതിഫലം അവൻ മറച്ചുവച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: (അവർ പ്രവർത്തിച്ചിരുന്നതിന്റെ പ്രതിഫലമായിക്കൊണ്ട്).

18) രണ്ട് വ്യത്യസ്ത കാര്യങ്ങൾ തുല്യമാവുകയില്ലെന്നും തുല്യമാകരുതെന്നുമാണ് അല്ലാഹുവിന്റെ യുക്തി അനുശാസിക്കുന്നത്. ഈ തത്ത്വമാണ് അല്ലാഹു ഇവിടെ ഉണർത്തുന്നത്. (അപ്പോൾ വിശ്വാസിയായി കഴിഞ്ഞവനാണോ) ഹൃദയത്തിൽ വിശ്വാസം നിറയുകയും അല്ലാഹുവിന്റെ നിയമങ്ങൾക്ക് കീഴൊതുങ്ങുകയും അവന്റെ വിശ്വാസം പെരുമാറ്റത്തിലും മനോഭാവത്തിലും സ്വാധീനം ചെലുത്തുകയും അല്ലാഹുവിന്റെ കോപത്തിന് ഇടയാക്കുന്ന കാര്യങ്ങളിൽനിന്നും ദുഷിച്ച പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കുകയും ചെയ്യുന്ന വിശ്വാസി. (ധിക്കാരിയായി കഴിഞ്ഞവനെപ്പോലെയാണോ?) ഹൃദയം ദുഷിച്ചവനും വിശ്വാസമില്ലാത്തവനും. മതപരമായ യാതൊരു താൽപര്യവും അവനില്ല. അതിനാൽ തന്നെ എല്ലാവിധ അക്രമങ്ങളിലേക്കും അറിവില്ലായ്മയിലേക്കും അവൻ തിടുക്കം കൂട്ടുന്നു. അവന്റെ ദുഷ്പ്രവൃത്തികൾ കാരണം അവൻ അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നു. ഈ രണ്ടുപേരും ഒരുപോലെയാണോ? (അവർ തുല്യരാവുകയില്ല!) യുക്തിസഹമോ മതപരമോ ആയ വീക്ഷണങ്ങളിലൊന്നും; രാവും പകലും ഇരുട്ടും വെളിച്ചവും തുല്യമാകാത്തതു പോലെ, അവർ തുല്യരല്ല. അതിനാൽ പരലോകത്ത് അവർക്കുള്ള പ്രതിഫലം സമാനമാകില്ല.

19) (എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ) നിർബന്ധവും ഐഛികവുമായ കാര്യങ്ങൾ. (അവർക്കാണ് താമസിക്കുവാൻ സ്വർഗത്തോപ്പുകളുള്ളത്) അതായത് എല്ലാവിധ സന്തോഷവും ആനന്ദവും കണ്ടെത്തുന്ന സ്വർഗത്തോപ്പുകൾ. ഹൃദയത്തിനും ആത്മാവിനും മനസ്സിനും ആനന്ദം. ശാശ്വത സ്ഥാനം. ആരാധ്യനായ പരമാധികാരിയുടെ സാമീപ്യം. അവനുമായി അടുത്തിടപഴകുന്നതിന്റെയും അവന്റെ മുഖം ദർശിക്കുന്നതിന്റെയും അവന്റെ സംസാരം കേൾക്കുന്നതിന്റെയും ആസ്വാദനം. (വിരുന്നായി) അവർക്ക് ആതിഥ്യമായിക്കൊണ്ട്. (തങ്ങൾ പ്രവർത്തിച്ചതിന്റെ പേരിൽ) അല്ലാഹു നൽകിയ അനുഗ്രഹത്തിന്റെ ഫലമായി, പണംകൊണ്ടോ പട്ടാളം കൊണ്ടോ എത്തിപ്പെടാൻ കഴിയാത്ത ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാൻ അവരെ പ്രാപ്തരാക്കുന്നു. അതിലേക്കെത്തിക്കാൻ വിശ്വാസംകൊണ്ടും സൽകർമങ്ങൾകൊണ്ടും മാത്രമെ കഴിയൂ. മക്കളെക്കൊണ്ടോ ജീവൻ നൽകിയാൽ പോലുമോ അവർക്കത് നേടാനാവില്ല.