സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

അധ്യായം: 32, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ (٢٩) فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ (٣٠)

29. (നബിയേ,) പറയുക: ‘അവിശ്വസിച്ചിരുന്ന ആളുകൾക്ക് ആ തീരുമാനത്തിന്റെ ദിവസം തങ്ങൾ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. അവർക്ക് അവധി നൽകപ്പെടുകയുമില്ല.’

30. അതിനാൽ നീ അവരിൽനിന്ന് തിരിഞ്ഞുകളയുകയും കാത്തിരിക്കുകയും ചെയ്യുക.തീർച്ചയായും അവർ കാത്തിരിക്കുന്നവരാണല്ലോ.

29) (പറയുക: തീരുമാനത്തിന്റെ ദിവസം) നിങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന, യാതൊരു പ്രയോജനവും ലഭിക്കാത്ത ദിനം, ആ ദിവസം വന്നാൽ നിങ്ങളുടെ നഷ്ടം വീണ്ടെടുക്കാൻ ഒരു സാവകാശം നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ആ ദിവസം എപ്പോൾ സംഭവിക്കുമെന്ന് ചോദിക്കുന്നതിൽ ഒരു കാര്യമുണ്ടാകാം. എന്നാൽ തീരുമാന ദിനം വന്നാൽ പ്രശ്‌നം തീർന്നിരിക്കും. പിന്നെ പരീക്ഷണങ്ങൾക്ക് സമയമില്ല. (സത്യനിഷേധികൾക്ക് തങ്ങൾ വിശ്വസിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല) കാരണം അത് നിർബന്ധിത വിശ്വാസമായിരിക്കും. (അവർക്ക് അവധി നൽകപ്പെടുകയും ഇല്ല) അതായത് തങ്ങളുടെ കാര്യങ്ങൾ ശരിയാക്കാൻ സാവകാശം.

30) (അതിനാൽ നീ അവരിൽനിന്ന് തിരിഞ്ഞ് കളയുക) അവരുടെ സംസാരം അത്തരത്തിലുള്ളതാണ്. അ റിവില്ലായ്മ അതിനുമാത്രമുണ്ട്. ശിക്ഷയ്ക്ക് അവർ ധൃതികൂട്ടുകയും ചെയ്യുന്നു. അവർക്ക് എന്ത് സംഭവിക്കുമെന്ന് (നീ കാത്തിരിക്കുക) അത് അനിവാര്യമാണ്.

പക്ഷേ, അതിനൊരു അവധിയുണ്ട്. അത് എത്തിയാൽ മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല. (അവർ കാത്തിരിക്കുന്നവരാണല്ലോ) അവർ നിനക്ക് വല്ല ആപത്തും വരാൻ കാത്തിരിക്കുകയാണ്. എന്നാൽ അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണ് നല്ല പര്യവസാനം.

സൂറതുസ്സജദയുടെ വ്യാഖ്യാനം അവസാനിച്ചു.