സൂറ: ഖസ്വസ്വ്, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

അധ്യായം: 28, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًۭى وَرَحْمَةًۭ لَّعَلَّهُمْ يَتَذَكَّرُونَ (٤٣) وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ (٤٤) وَلَـٰكِنَّآ أَنشَأْنَا قُرُونًۭا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًۭا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ (٤٥) وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةًۭ مِّن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ (٤٦) وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًۭا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ (٤٧) فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّۢ كَـٰفِرُونَ (٤٨) قُلْ فَأْتُوا۟ بِكِتَـٰبٍۢ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ (٤٩)

43. പൂർവതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന തെളിവുകളും മാർഗദർശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി. അവർ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ.

44. (നബിയേ,) മൂസായ്ക്ക് നാം കൽപന ഏൽപിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തിൽ നീ ഉണ്ടായിരുന്നതുമില്ല.

45. പക്ഷേ, നാം (പിന്നീട്) പല തലമുറകളെയും വളർത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങൾ ദീർഘിച്ചു. മദ്‌യൻകാർക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപിച്ചു കൊടുത്തു കൊണ്ട് നീ അവർക്കിടയിൽ താമസിച്ചിരുന്നില്ല. പക്ഷേ, നാം ദൂതൻമാരെ നിയോഗിക്കുന്നവനായിരിക്കുന്നു.

46. നാം (മൂസായെ) വിളിച്ച സമയത്ത് ആ പർവതത്തിന്റെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നുമില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള കാരുണ്യത്താൽ (ഇതെല്ലാം അറിയിച്ച് തരികയാകുന്നു). നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്. അവർ ആലോചിച്ച് മനസ്സിലാക്കിയേക്കാം.

47. തങ്ങളുടെ കൈകൾ മുൻകൂട്ടിചെയ്തുവെച്ചതിന്റെ ഫലമായി അവർക്കു വല്ല വിപത്തും നേരിടുകയും അപ്പോൾ ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കിൽ ഞങ്ങൾ നിന്റെ തെളിവുകൾ പിന്തുടരുകയും ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്‌തേനെ’ എന്ന് അവർ പറയുകയും ചെയ്യില്ലായിരുന്നുവെങ്കിൽ (നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല).

48. എന്നാൽ നമ്മുടെ പക്കൽനിന്നുള്ള സത്യം (മുഹമ്മദ് നബി മുഖേന) അവർക്ക് വന്നെത്തിയപ്പോൾ അവർ പറയുകയാണ്; മൂസായ്ക്ക് നൽകപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങൾ ഇവന്ന് നൽകപ്പെടാത്തത് എന്താണ് എന്ന്. എന്നാൽ മുമ്പ് മൂസായ്ക്ക് നൽകപ്പെട്ടതിൽ അവർ അവിശ്വസിക്കുകയുണ്ടായില്ലേ? അവർ പറഞ്ഞു: പരസ്പരം പിന്തുണ നൽകിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങൾ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവർ പറഞ്ഞു.

49. (നബിയേ,) പറയുക: എന്നാൽ അവ രണ്ടിനെക്കാളും നേർവഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്റെ പക്കൽനിന്ന് നിങ്ങൾ കൊണ്ടുവരൂ; ഞാനത് പിൻപറ്റിക്കൊള്ളാം. നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

43) (മൂസാക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി) തൗറാത്താണ് അത്. (പൂർവ തലമുറകളെ നശിപ്പിച്ചതിന് ശേഷം) പൊതുവായ നാശം സംഭവിച്ചവരിൽ അവസാനത്തേത് ഫിർഔനും സൈന്യവുമാണ്. തൗറാത്ത് ഇറങ്ങിയതിനു ശേഷം സമുദായങ്ങളെ മൊത്തമായി നശിപ്പിക്കുന്നത് അവസാനിച്ചെന്നാണ് ഇതിൽനിന്ന് തെളിയുന്നത്. സത്യനിഷേധികളോട് സായുധ യുദ്ധത്തിന് നിയമാനുമതി ലഭിക്കുകയും ചെയ്തു. (ജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന തെളിവുകളും) അതായത്, അല്ലാഹു മൂസാനബിക്ക് ഇറക്കിയ വേദഗ്രന്ഥത്തിൽ ജനങ്ങൾക്കുള്ള ഉൾക്കാഴ്ചയുണ്ട്; അവർക്ക് പ്രയോജനമുള്ളതും ഇല്ലാത്തതും ഏതാണെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനം. അത് പാപം ചെയ്യുന്നവന് എതിരെയുള്ള തെളിവാകും. സത്യവിശ്വാസി അതിനെ പ്രയോജനപ്പെടുത്തും. അതവന് ശരിയായ വഴിയിലേക്കെത്താനുള്ള മാർഗദർശനവും കാരുണ്യവുമാണ്. അല്ലാഹു പറയുന്നു: (മാർഗദർശനവും കാരുണ്യവുമായിക്കൊണ്ട്, അവർ ചിന്തിച്ചു ഗ്രഹിച്ചേക്കുമല്ലോ).

44) നബിﷺ സാക്ഷ്യം വഹിക്കാത്ത അദൃശ്യവർത്തമാനങ്ങളാണ് ഇവിടെ അല്ലാഹു തന്റെ ദൂതന് പറഞ്ഞുകൊടുക്കുന്നത്. ഇത് പച്ചയായ ദൈവിക വെളിപാടുകളാണെന്ന് പടപ്പുകൾക്ക് ബോധ്യപ്പെടും. ഇതറിയാൻ പ്രവാചകന് വഹ്‌യിന്റെ മാർഗമല്ലാതെ മറ്റു വഴികളില്ല. അല്ലാഹു പറയുന്നു: (ആ പടിഞ്ഞാറെ മലയുടെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നില്ല) പടിഞ്ഞാറെ പർവതത്തിന്റെ പാർശ്വഭാഗത്ത.് (മൂസാക്ക് നാം കൽപന ഏൽപിച്ചുകൊടുത്ത സമയത്ത് സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തിൽ നീ ഉണ്ടായിരുന്നില്ല) എന്നിട്ടും ഈ വിവരണങ്ങൾ താങ്കൾക്ക് ലഭിച്ചു.

45) (പക്ഷേ, നാം-പിന്നീട്-പല തലമുറകളെയും വളർത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങൾ ദീർഘിച്ചു) അങ്ങനെ വിജ്ഞാനം കാലഹരണപ്പെട്ടു. ദൃഷ്ടാന്തങ്ങൾ വിസ്മരിക്കപ്പെട്ടു. ആ സമയത്ത് താങ്കളുടെ നിയോഗം അനിവാര്യമായിരുന്നു. അതിലേക്കുള്ള ആവശ്യം കഠിനമായിരുന്നു. നിനക്ക് നാം നൽകിയ സന്ദേശങ്ങളും ഏറെ ആവശ്യമുള്ള സമയമായിരുന്നു. (നീ അവർക്കിടയിൽ താമസിച്ചിരുന്നില്ല) ജീവിക്കുന്നവനായിരുന്നില്ല. (മദ്‌യൻകാർക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ട്) അവർക്ക് പഠിപ്പിച്ചും അവരിൽനിന്ന് പഠിച്ചും. അതിനാൽ മദ്‌യനിലെ മൂസായുടെ കഥ താങ്കൾക്ക് നാം തന്നെ അറിയിച്ചുതന്നു. (പക്ഷേ, നാം ദൂതന്മാരെ നിയോഗിക്കുന്നവൻ ആയിരിക്കുന്നു) മൂസായെക്കുറിച്ചുള്ള വർത്തമാനങ്ങൾ താങ്കൾ പറയുന്നത് നാം താങ്കളെ വഹ്‌യ് നൽകി നിയോഗിച്ചതിനാലാണ്. അതല്ലാതെ അതറിയാൻ താങ്കൾക്കു മുന്നിൽ വേറെ വഴികളില്ല.

46) (നാം-മൂസായെ-വിളിച്ച സമയത്ത് ആ പർവതത്തിന്റെ പാർശ്വത്തിൽ നീ ഉണ്ടായിരുന്നുമില്ല) മൂസായെ നാം വിളിച്ചു. അക്രമികളായ ജനങ്ങളുടെ അടുത്ത് ചെല്ലാനും നമ്മുടെ സന്ദേശങ്ങൾ എത്തിക്കാനും നാം അദ്ദേഹത്തിന് കാണിച്ചുകൊടുത്ത അത്ഭുത ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും അവർക്ക് കാണിച്ചുകൊടുക്കാനും. ഈ പ്രദേശങ്ങളിൽ വെച്ച് മൂസാനബിക്ക് സംഭവിച്ച സംഭവങ്ങൾ; അതെല്ലാം യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ പറയണമെങ്കിൽ രണ്ടിൽ ഒന്ന് സംഭവിക്കണം. ഒന്നുകിൽ മൂഹമ്മദ് നബിﷺ അവിടെ സന്നിഹിതനാവുകയും അതിനെല്ലാം ദൃക്‌സാക്ഷിയാവുകയും ചെയ്യുക. അല്ലെങ്കിൽ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ പോയി അവിടെയുള്ള ആളുകളിൽനിന്ന് നേരിട്ട് വിവരങ്ങൾ പഠിച്ചു പറയുക. അത് അല്ലാഹുവിന്റെ ദൂതനാണെന്നതിന് തെളിവാകില്ല. കാരണം, മറ്റുള്ളവർക്കും കണ്ടതിനു ശേഷമോ ചോദിച്ചറിഞ്ഞതിനു ശേഷമോ അവരെക്കുറിച്ച് പറയാൻ കഴിയും. അത് സാധാരണമാണ്. പ്രവാചകന്മാർക്ക് മാത്രമുള്ളതല്ല. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്. അത് ശത്രുക്കൾക്ക് പോലും അറിയാം. മറ്റൊരു വിശദീകരണം: ഇതെല്ലാം അല്ലാഹുവിൽ നിന്ന് വഹ്‌യായി വന്നതാണ്. അവന്റെ വെളിപാടും സന്ദേശങ്ങളുമാണ്. അപ്പോൾ ജനങ്ങൾക്ക് കാരുണ്യമായി താങ്കളിലൂടെ തന്ന സന്ദേശം സത്യമാണെന്ന് ഖണ്ഡിതമായി തെളിയുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (പക്ഷേ, നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള കാരുണ്യത്താൽ നിനക്കു മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ജനതക്ക്) അതായത്, അറബികൾക്കും ഖുറൈശികൾക്കും. പ്രവാചക നിയോഗത്തെക്കുറിച്ച് അവർക്കു അറിയാമായിരുന്നില്ല. നബിﷺ വരുന്ന സമയത്തും അവർക്കറിയില്ല. നബിയുടെ വിയോഗത്തിനു മുമ്പ് നീണ്ടകാലം അവർക്ക് രിസാലത്തിനെക്കുറിച്ച് അറിവില്ലായിരുന്നു. (അവർ ആലോചിച്ചു മനസ്സിലാക്കിയേക്കാം) നല്ലതു പഠിച്ച് അത് പ്രവർത്തിച്ചുകൊണ്ടും തിന്മ മനസ്സിലാ ക്കി അതിൽനിന്ന് വിട്ടുനിന്നുകൊണ്ടും. താങ്കൾ ഇതാണ് ചെയ്യുന്നതെങ്കിൽ താങ്കളിൽ അവർ ഉടൻ വിശ്വസിക്കുകയും ഈ അനുഗ്രഹത്തിന് നന്ദിയുള്ളവരായി ത്തീരുകയും ചെയ്യുകയാണവർ വേണ്ടത്. എത്രമാത്രം നന്ദി ചെയ്യണമെന്നത് കണക്കാക്കുക പോലും സാധ്യമല്ല. അറബികളെ താക്കീത് ചെയ്യാനാണ് അയച്ചത് എന്ന് പറയുന്നത് മറ്റുള്ളവർക്ക് കൂടിയുള്ള പ്രവാചകനാണെന്നതിന് തടസ്സമല്ല. കാരണം, അദ്ദേഹം അറബിയാണ്. അദ്ദേഹത്തിന് ഇറങ്ങിയ ക്വുർആനും അറബി ഭാഷയിലാണ്. അദ്ദേഹം ആദ്യം പ്രബോധനം ചെയ്തതാവട്ടെ അറബികളെയും. അതിനാൽ അടിസ്ഥാനപരമായി അവർക്കും തുടർന്ന് മറ്റുള്ളവർക്കും എന്നർഥം. അല്ലാഹു പറയുന്നു:

أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ النَّاسَ

“ജനങ്ങൾക്ക് താക്കീതു നൽകുന്ന, അവരുടെ കൂട്ടത്തിൽനിന്ന് തന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നൽകിയാൽ ജനങ്ങൾക്ക് ഒരു അത്ഭുതമായിപ്പോയോ?)’’ (10:2).

قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا

“പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു’’ (7:158).

47) (തങ്ങളുടെ കൈകൾ മുൻകൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവർക്ക് വല്ല വിപത്തും നേരിടുകയാണെങ്കിൽ) അവരുടെ നിഷേധവും പാപവും നിമിത്തം അവർ പറയും: (ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ. എങ്കിൽ ഞങ്ങൾ നിന്റെ തെളിവുകളെ പിന്തുടരുകയും ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ആവുകയും ചെയ്‌തേനെ) അപ്പോൾ, മുഹമ്മദ്! താങ്കളെ നാം നിയോഗിച്ചത് അവരുടെ ന്യായങ്ങൾ ഇല്ലാതാക്കാനും അവരുടെ വാദങ്ങൾ ഖണ്ഡിക്കാനുമാണ്.

48) (പക്ഷേ, അവർക്ക് സത്യം വന്നെത്തിയപ്പോൾ) സംശയിക്കാൻ വകയില്ലാത്ത. (നമ്മുടെ അടുക്കൽ നിന്നും) ക്വുർആനിനെ നാം താങ്കൾക്ക് വഹ്‌യ് ആയി നൽകുകയും ചെയ്തു. എതിർക്കേണ്ടതില്ലാത്ത വിശുദ്ധ ക്വുർആനിനെ എതിർത്തുകൊണ്ടും നിഷേധിച്ചുകൊണ്ടും (അവർ പറഞ്ഞു: മൂസാക്ക് നൽകപ്പെട്ടതുപോലെയുള്ള ദൃഷ്ടാന്തങ്ങൾ നൽകപ്പെടാത്തത് എന്താണ് എന്ന്) അതായത്, ആകാശത്തിൽനിന്ന് ഒറ്റയടിക്ക് ഒരു ഗ്രന്ഥം അദ്ദേഹത്തിന് ഇറക്കപ്പെടുകയാണ് ഉണ്ടായത്. പല ഭാഗങ്ങളായി ഇറങ്ങുന്നേടത്തോളം കാലം അത് അല്ലാഹുവിൽനിന്നുള്ളതല്ല. ഇതെന്തു വാദമാണ്? ഒന്നിച്ചല്ലാതെ ഇറങ്ങിയാൽ അത് അല്ലാഹുവിൽനിന്നല്ല എന്നത് എത്ര വിചിത്രവാദം. തീർച്ചയായും ഇത് ഘട്ടം ഘട്ടമായി ഇറങ്ങിയത് ഈ ഖുർആനിന്റെ പൂർണതയുടെ ഭാഗമാണ്, അത് ഇറക്കപ്പെട്ട പ്രവാചകന്റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്താനും വിശ്വാസികളുടെ വിശ്വാസം വർധിപ്പിക്കാൻ വേണ്ടിയുമാണ്.

وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا

“അവർ ഏതൊരു പ്രശ്‌നവും കൊണ്ട് നിന്റെയടുത്ത് വരികയാണെങ്കിലും അതിന്റെ യാഥാർഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ടുവന്നു തരാതിരിക്കില്ല’’ (25:33).

മൂസാനബിയുടെ വേദഗ്രന്ഥവുമായിട്ടാണ് അവർ ക്വുർആനിനെ ഇവിടെ താരതമ്യം ചെയ്തത്. അവർ വിശ്വസിക്കാത്ത ഒരു കാര്യവുമായി അവരെങ്ങനെ താരതമ്യം ചെയ്യും? അതാണ് അല്ലാഹു പറഞ്ഞത്: (എന്നാൽ മുമ്പ് മൂസാക്ക് നൽകപ്പെട്ടതിൽ അവർ പറഞ്ഞു: പരസ്പരം പിന്തുണ നൽകിയ രണ്ടു ജാലവിദ്യകളാണിവ). അതായത് ക്വുർആനും തൗറാത്തും അവയുടെ ജാലവിദ്യയിൽ പരസ്പരം പിന്തുണക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. (ഞങ്ങൾ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്). യാതൊരു തെളിവുമില്ലാതെ സത്യത്തെ നിഷേധിക്കാനാണ് അവർ ഉദ്ദേശിച്ചതെന്ന് ഇതിൽനിന്ന് സ്ഥിരപ്പെടുന്നു. ഒരു തെളിവുമില്ലാതെ സത്യത്തെ ഖണ്ഡിക്കുക യും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. ഓരോ അവിശ്വാസിയും ഇങ്ങനെയാണ്. അവർ രണ്ട് പ്രവാചകരിലും രണ്ടു വേദഗ്രന്ഥങ്ങളിലും അവിശ്വസിച്ചു എന്ന് അല്ലാഹു വ്യക്തമാക്കുന്നു. (അവർ പറഞ്ഞു: ഞങ്ങൾ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്).

49) ഇവ രണ്ടിലും അവിശ്വസിക്കുന്നത് മറ്റൊരു സത്യത്തെ അന്വേഷിക്കാനോ അതോ ഇവ രണ്ടിലും മെച്ചപ്പെട്ട, അവരുടെ അടുക്കലുള്ളതിനെ പിൻപറ്റാനോ? അതല്ല അവരുടെ സ്വന്തം ഇഷ്ടം നോക്കുകയാണോ? അവരുടെ വികല വാദങ്ങൾ പ്രകാരം കൂടുതൽ മാർഗദർശനം നൽകുന്ന മൂന്നാമത്തെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ വെല്ലുവിളിക്കുന്നു. (നബിയേ, പറയുക: എന്നാൽ അവ രണ്ടിനെക്കാളും നേർവഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്റെ പക്കൽനിന്ന് നിങ്ങൾ കൊണ്ടുവരൂ) ക്വുർആനിനെക്കാളും തൗറാത്തിനെക്കാളും ഉത്തമമായത്. (ഞാനത് പിൻപറ്റിക്കൊള്ളാം. നിങ്ങൾ സത്യവാന്മാരാണെങ്കിൽ) എന്നാൽ ഈ രണ്ട് ഗ്രന്ഥങ്ങൾ പോലെയുള്ള ഒന്ന് അവർക്കോ മറ്റാർക്കെങ്കിലുമോ നിർമിക്കാൻ ഒരു വഴിയുമില്ല. കാരണം, അല്ലാഹു സൃഷ്ടിച്ച കാലം മുതൽ മനുഷ്യർക്ക് കാരുണ്യവും അറിവും മാർഗദർശനവും വ്യക്തതയും നൽകുന്ന ഈ രണ്ട് ഗ്രന്ഥങ്ങൾ പോലെയുള്ള ഒന്ന് ലോകത്തിന് ലഭിച്ചിട്ടില്ല.

വിളിക്കുന്നയാൾ പറയുന്നത് തികച്ചും ന്യായമാണ്. എന്റെ ഉദ്ദേശ്യം സത്യവും മാർഗദർശനവുമാണ്. അതുൾക്കൊള്ളുന്നതും മൂസായുടെ ഗ്രന്ഥവുമായി യോജിച്ചുപോകുന്നതുമായ ഈ ഗ്രന്ഥം ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നു. അവയ്ക്ക് രണ്ടിനും കീഴ്‌പ്പെടലും പിൻപറ്റലും നമുക്ക് നിർബന്ധമാണ്. എന്തെന്നാൽ അവ രണ്ടും മാർഗദർശനവും സത്യവുമാണ്. എന്നാൽ അവയെക്കാൾ മാർഗദർശനം നൽകുന്ന ഒരു ഗ്രന്ഥം അല്ലാഹുവിൽനിന്ന് നിങ്ങൾ എനിക്ക് കൊണ്ടുവന്നു തന്നാൽ ഞാനത് പിന്തുടരാം. അല്ലാത്തപക്ഷം മാർഗദർശനവും സത്യവുമാണെന്ന് എനിക്ക് ഉറപ്പുള്ളത് ഉപേക്ഷിച്ച് സത്യമോ മാർഗദർശനമോ അല്ലാത്തതിനെ ഞാനെങ്ങനെ പിന്തുടരും?

(തുടരും)