സൂറ: റൂം, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജൂലൈ 05, 1447 മുഹറം 09
അധ്യായം: 30, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
29. പക്ഷേ, അക്രമം പ്രവർത്തിച്ചവർ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരിക്കുകയാണ്. അപ്പോൾ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ് സൻമാർഗത്തിലാക്കുക? അവർക്ക് സഹായികളായി ആരുമില്ല.
30. ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
31. (നിങ്ങൾ) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്.
32. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ.

29) ഈ ഉദാഹരണത്തിൽനിന്നും; അല്ലാഹുവിൽ പങ്കുകാരെ സ്വീകരിക്കുന്ന ഒരാൾക്ക്, അവനിലല്ലാതെ ഭരമേൽപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാൾക്ക് തന്റെ കൂടെ സത്യമില്ലെന്ന് വ്യക്തമാകും. എന്നിട്ടും എന്തുകൊണ്ടാണ് വ്യക്തമായ സത്യത്തെയും തെളിവുകളെയും അവൻ അംഗീകരിക്കാത്തത്? അവൻ അവന്റെ ഇച്ഛകളെയും ആഗ്രഹങ്ങളെയും പിന്തുടരുന്നു എന്നു മാത്രം.
അതാണ് അല്ലാഹു പറഞ്ഞത്: (പക്ഷേ, അക്രമം പ്രവർത്തിക്കുന്നവർ, യാതൊരറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ അവർ പിന്തുടരുന്നു) യുക്തി സംബന്ധമായ ചിന്താശേഷിയില്ലാത്തവർ അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പിറകെപ്പോയി. വ്യക്തവും യുക്തിസഹവുമായ ചിന്താഗതിക്ക് വിരുദ്ധമായ ആശയം സ്വീകരിച്ചു. ആ ആശയത്തിലേക്ക് യാതൊരറിവും കൂടാതെ അവരെത്തി. മനുഷ്യപ്രകൃതിക്കുതന്നെ വിരുദ്ധമായ കാര്യം.
(അപ്പോൾ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ് സന്മാർഗത്തിലാക്കുക?) അവർ സന്മാർഗം സ്വീകരിക്കാത്തതിൽ നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. അവരുടെ അക്രമം കാരണം അല്ലാഹു അവരെ വഴിതെറ്റിച്ചു. അല്ലാഹു വഴിതെറ്റിച്ചവരെ സന്മാർഗത്തിലാക്കാൻ ആർക്കും സാധ്യമല്ല. കാരണം അല്ലാഹുവിന്റെ അധികാരത്തിൽ തർക്കിക്കാനോ അവനോട് എതിരിടാനോ ഒരാൾക്കുമാവില്ല. (അവർക്ക് സഹായികളായി ആരുമില്ല) ശിക്ഷ അവരുടെമേൽ യാഥാർഥ്യമാകുമ്പോൾ അവരെ സഹായിക്കാൻ. എല്ലാ ബന്ധങ്ങളും സഹായങ്ങളും അന്ന് മുറിഞ്ഞുപോകും.
30) എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവോട് ആത്മാർഥത കാണിക്കാനും അവന്റെ ദീൻ നിലനിർത്താനും അവൻ നിർദ്ദേശിക്കുന്നു. (നിന്റെ മുഖത്തെ നീ തിരിച്ചുനിർത്തുക) അതിനെ നീ നിവർത്തുകയും തിരിച്ച് നിറുത്തുകയും ചെയ്യുക. (മതത്തിലേക്ക്) ഈമാനും ഇസ്്‌ലാമും ഇഹ്്‌സാനുമാണത്. നിന്റെ ഹൃദയംകൊണ്ടും ഉദ്ദേശ്യംകൊണ്ടും ശരീരം കൊണ്ടും നീ മതത്തിലേക്ക് തിരിയുക. അതായത് ദീനിന്റെ ബാഹ്യമായ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ നിർവഹിച്ചുകൊണ്ട്; പശ്ചാത്താപം, പ്രതീക്ഷ, ഭയം, സ്‌നേഹം തുടങ്ങിയ ആന്തരിക പ്രവർത്തനങ്ങൾ കൊണ്ടും. അവനെ കാണുന്ന പോലെ ആരാധിക്കുക; അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു എന്നപോലെ. ഇതാണ് ഇഹ്‌സാൻ. ഇതിൽ ബാഹ്യമായതും ആന്തരികമായതുമുണ്ട്.
ഇവിടെ മുഖത്തെ പ്രത്യേകമായി തിരിക്കാൻ പറഞ്ഞു. മുഖം തിരിയുന്നത് ഹൃദയം തിരിയുമ്പോഴാണ്. ഈ രണ്ടിനോടൊപ്പം ശരീരത്തിന്റെ അദ്ധ്വാനം കൂടിയുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: (നേരെ നിലകൊള്ളുന്നവനായി) അല്ലാഹു അല്ലാത്തവരിൽനിന്നും തിരിഞ്ഞ്, അവനിലേക്ക് മുന്നിട്ടുകൊണ്ട്. ഈ കാര്യങ്ങൾ (അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്) ബുദ്ധിയിൽ നല്ലതിനെ അവൻ നിശ്ചയിച്ചു; അല്ലാത്തത് ചീത്തയായി മനസ്സിലാക്കാനും.
പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ മതവിധികളും മനുഷ്യരുടെ ഹൃദയങ്ങളിൽ താൽപര്യം തോന്നുന്നവിധത്തിലാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. സത്യത്തെ ഇഷ്ടപ്പെടാനും അതിനെ തെരഞ്ഞെടുക്കാനും ഹൃദയങ്ങളെ അവൻ സജ്ജമാക്കി. ഇതാണ് ശരിയായ മനുഷ്യപ്രകൃതി. ഇതിൽനിന്ന് ആരെങ്കിലും തെറ്റിയാൽ അവൻ അവന്റെ ശുദ്ധപ്രകൃതിക്ക് എതിരാവുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. അതാണ് നബിﷺ പറഞ്ഞത്:
كُلُّ مَوْلُودٍ إلَّا يُولَدُ علَى الفِطْرَةِ فأبَوَاهُ يُهَوِّدَانِهِ أوْ يُنَصِّرَانِهِ أوْ يُمَجِّسَانِهِ
“എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. -ഇസ്‌ലാം-തുടർന്ന് അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആക്കുന്നു’’ ( ബുഖാരി, മുസ്‌ലിം).
(അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല) അല്ലാഹു സൃഷ്ടിച്ചതിൽ ഒരു മാറ്റം ഉണ്ടാക്കാനും അല്ലാഹുവെച്ച പ്രകൃതിയിൽ വ്യത്യാസം വരുത്താനും ഒരാൾക്കും സാധ്യമല്ല. (അത്) നാം നിന്നോട് കൽപിച്ചത് (വക്രതയില്ലാത്ത മതം) അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുന്ന പാതയാണ് ശരിയായ മതം! ആരെങ്കിലും തന്റെ മുഖത്തെ ശരിയായി അല്ലാഹുവിലേക്ക് തിരിച്ചാൽ മതപരമായ എല്ലാ വിഷയങ്ങളിലും വഴികളിലും ശരിയായ മാർഗത്തിൽ പ്രവേശിച്ചവനാണ്. (പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.) ശരിയായ മതം അവർ പരിചയപ്പെടുന്നില്ല. ഇനി മനസ്സിലാക്കിയാലും അവരതിൽ പ്രവേശിക്കുന്നുമില്ല.
31) (അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും അവനെ സുക്ഷിക്കുകയും) മതത്തിലേക്ക് മുഖത്തെ തിരിക്കുക എന്നതിന്റെ വ്യാഖ്യാനമാണ് ഇവിടെ പറയുന്നത്. അവനിലേക്ക് മടങ്ങുക എന്നത് ഹൃദയത്തിന്റെ മടക്കമാണ്. അല്ലാഹുവിന് ഇഷ്ടമുള്ളത് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക എന്നതുമാണ്. ഹൃദയത്തിന്റെ ആവശ്യം അനുസരിച്ചുള്ള ശാരീരിക പ്രവർത്തനങ്ങളും അനിവാര്യമാണ്. അതിൽ ബാഹ്യവും ആന്തരികവുമായ എല്ലാ ആരാധനകളും ഉൾപ്പെടും. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ തെറ്റുകളും ഉപേക്ഷിക്കുന്നതിലൂടെ മാത്രമെ അത് പൂർത്തിയാകൂ. അതാണ് അല്ലാഹു പറഞ്ഞത്: (അവനെ സൂക്ഷിക്കുകയും ചെയ്യുക) കൽപിച്ചത് ചെയ്യുകയും വിരോധിച്ചത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണിത്. കൽപിക്കപ്പെട്ടതിൽ നമസ്‌കാരം പ്രത്യേകം പറയാൻ കാരണം യഥാർഥ മടക്കത്തിലേക്കും സുക്ഷ്മതയിലേക്കും നയിക്കാൻ അതിന് കഴിയും എന്നതാണ്.
അല്ലാഹു സൂറത്തുൽ അൻകബൂത്തിൽ (29:45) പറയുന്നു:
وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَى عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ
“...നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.. “
ഇത് സൂക്ഷ്മതക്ക് സഹായിക്കും. തുടർന്ന് പറയുന്നു:
وَلَذِكْرُ ٱللَّهِ أَكْبَرُ ۗ
“അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു... “
ഇത് മടങ്ങാനുള്ള പ്രേരണയാണ്. പ്രത്യേകിച്ചും നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന്.അടിസ്ഥാനപരമായ നിഷിദ്ധത്തിൽ നിന്ന്. അതുണ്ടായിരിക്ക മറ്റു പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടില്ല. അതാണ് ശിർക്ക്. അല്ലാഹു പറഞ്ഞു: (നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്) അല്ലാഹുവിലേക്ക് മടങ്ങുക എന്നതിന് ഘടകവിരുദ്ധമാണ് ശിർക്ക്. എല്ലാനിലയ്ക്കുമുള്ള ആത്മാർഥതയാണ് ശരിയായ മടക്കം.
32) തുടർന്ന് മുശ്‌രിക്കുകളെ വിമർശിച്ചും അപലപിച്ചും പറയുന്നു: (അതായത് തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും) മതം ഒന്നാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് അതിന്റെ കാതൽ. ഈ ബഹുദൈവ വിശ്വാസികൾ ഭിന്നിച്ചു. അവരിൽ ബിംബങ്ങളെയും പ്രതിമകളെയും ആരാധിക്കുന്നവരുണ്ട്. സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവരും ഉണ്ട്. മഹാന്മാരെയും ഔലിയാക്കളെയും ആരാധിക്കുന്നവരും ജൂതരുമുണ്ട്. ക്രിസ്ത്യാനികളുമുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: (പല കക്ഷികളായി തിരിയുകയും ചെയ്തവർ.) എല്ലാ ശിർക്കിന്റെ കക്ഷികളും ഒന്നിച്ചു. തങ്ങളുടെ അടുക്കലുള്ള അസത്യത്തെ സഹായിക്കാൻ; മറ്റുള്ളവരെ എതിർക്കാനും പോരാടാനും. (ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതിൽ) പ്രവാചകന്മാരുടെ അധ്യാപനകൾക്ക് വിരുദ്ധമായിട്ടുള്ള. (സന്തോഷിക്കുന്നവരാണ്) തങ്ങളുടെത് സത്യമെന്നും മറ്റുള്ളവരുടെത് അസത്യം എന്നും കരുതി.
ഭിന്നിക്കുകയും ഗ്രൂപ്പുകളായി തിരിയുകയും ചെയ്യുന്ന മുസ്‌ലിംകൾക്കുള്ള ഒരു താക്കീത് കൂടിയാണിത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ള സത്യങ്ങളിലും അസത്യങ്ങളിലും പക്ഷം പിടിക്കുന്നു. അതിനാൽ അവർ ഭിന്നതയിൽ മുശ്‌രിക്കുകളെപ്പോലെയാകുന്നു. എന്നാൽ മതം ഒന്നാണ്. പ്രവാചകൻ ഒന്നാണ്. ആരാധ്യനും ഒരേയൊരു ആരാധ്യൻ. അധിക മതകാര്യങ്ങളിലും മുസ്‌ലിം പണ്ഡിതന്മാർക്കും ഇമാമുകൾക്കുമിടയിൽ ഏകോപനമുണ്ട്. വിശ്വാസപരമായ സാഹോദര്യത്തെ അല്ലാഹു ശക്തമായി ഊട്ടിയുറപ്പിക്കുന്നുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും അത് തള്ളപ്പെടുകയും മുസ്‌ലിംകൾക്കിടയിൽ ഭിന്നതയും കക്ഷിത്വവും ഉണ്ടാവുകയും ചെയ്യുന്നു. നിസ്സാരമായ പ്രശ്‌നങ്ങളിലും ഭിന്നതയുള്ള ശാഖാപരമായ കാര്യങ്ങളിലും അവർ ചിലരെ വഴിപിഴച്ചവരായി കാണുന്നു. അങ്ങനെ അവർ പരസ്പരം വേർതിരിഞ്ഞ് നിൽക്കുന്നു. മുസ്‌ലിംകൾക്കെതിരെ ഗൂഢാലോചന നടത്തുന്ന പിശാചിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് നേടിയെടുക്കാൻ അവൻ ശ്രമിച്ചതിന്റെ ഫലമല്ലാതെ മറ്റെന്താണിത്? മുസ്‌ലിംകളെ ഒന്നിപ്പിക്കാനും ഈ പിഴച്ച തത്ത്വങ്ങളെ മറികടക്കാനുമുള്ള ശ്രമം അല്ലാഹുവിന്റെ മാർഗത്തിലുള്ള ഏറ്റവും വലിയ പ്രവർത്തനമല്ലാതെ മറ്റെന്താണ്?
അല്ലാഹുവിലേക്ക് തിരിയാൻ അല്ലാഹു നിർദേശിച്ചു. മടങ്ങുക എന്ന് നിർദേശിക്കപ്പെട്ട കാര്യം സ്വമേധയാ തിരഞ്ഞെടുക്കേണ്ട കാര്യമാണ്. അതിൽ പ്രയാസത്തിന്റെയും എളുപ്പത്തിന്റെയും ആയാസത്തിന്റെയും അവസ്ഥയുണ്ടാകും. നിർബന്ധിതരാകുമ്പോൾ അല്ലാഹുവിലേക്ക് മടങ്ങുന്നതിനെപ്പറ്റി നേരത്തെ പരാമർശിച്ചു. അവർ പ്രയാസത്തിൽ മാത്രമെ മടങ്ങൂ. ബുദ്ധിമുട്ട് നീങ്ങിയാലോ അവർ പഴയതുപോലെയാകും. ഇതുകൊണ്ട് കാര്യമില്ല.

