സൂറ: റൂം, ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ജൂലൈ 19, 1447 മുഹറം 23

അധ്യായം: 30, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍۢ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ (٤٠) ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ (٤١) قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ (٤٢) فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌۭ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍۢ يَصَّدَّعُونَ (٤٣) مَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَمَنْ عَمِلَ صَـٰلِحًۭا فَلِأَنفُسِهِمْ يَمْهَدُونَ (٤٤) لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِن فَضْلِهِۦٓ ۚ إِنَّهُۥ لَا يُحِبُّ ٱلْكَـٰفِرِينَ (٤٥) وَمِنْ ءَايَـٰتِهِۦٓ أَن يُرْسِلَ ٱلرِّيَاحَ مُبَشِّرَٰتٍۢ وَلِيُذِيقَكُم مِّن رَّحْمَتِهِۦ وَلِتَجْرِىَ ٱلْفُلْكُ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ (٤٦)

40. അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവൻ നിങ്ങൾക്ക് ഉപജീവനം നൽകി. പിന്നെ നിങ്ങളെ അവൻ മരിപ്പിക്കുന്നു. പിന്നീട് അവൻ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതിൽ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവൻ എത്രയോ പരിശുദ്ധൻ. അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.

41. മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം.

42. (നബിയേ,) പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരിൽ അധികപേരും ബഹുദൈവാരാധകരായിരുന്നു.

43. ആകയാൽ അല്ലാഹുവിൽനിന്ന് ആർക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിർത്തുക. അന്നേദിവസം ജനങ്ങൾ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്.

44. വല്ലവനും നന്ദികേട് കാണിച്ചാൽ അവന്റെ നന്ദികേടിന്റെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സൽകർമം ചെയ്യുന്ന പക്ഷം തങ്ങൾക്കു വേണ്ടിത്തന്നെ സൗകര്യമൊരുക്കുകയാണ് അവർ ചെയ്യുന്നത്.

45. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് തന്റെ അനുഗ്രഹത്താൽ അല്ലാഹു പ്രതിഫലം നൽകുന്നതിനു വേണ്ടിയത്രെ അത്. സത്യനിഷേധികളെ അവൻ ഇഷ്ടപ്പെടുകയില്ല; തീർച്ച.

46. (മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തിൽനിന്ന് നിങ്ങൾക്ക് അനുഭവിപ്പിക്കാൻ വേണ്ടിയും, തന്റെ കൽപന -പ്രകാരം കപ്പൽ സഞ്ചരിക്കുവാൻ വേണ്ടിയും, തന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ ഉപജീവനം തേടുവാൻ വേണ്ടിയും, നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടിയും അവൻ കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.

40). ഇവിടെ അല്ലാഹു നമ്മോട് പറയുന്നത് അവൻ മാത്രമാണ് നിങ്ങളെ സൃഷ്ടിച്ചതും നിങ്ങൾക്ക് ഉപജീവനം നൽകുന്നതും നിങ്ങളെ മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതുമെല്ലാം എന്നാണ്. മുശ്‌രിക്കുകൾ വിളിച്ച് പ്രാർഥിക്കുന്ന യാതൊരു പങ്കാളിക്കും ഈ കാര്യങ്ങളിലൊന്നും യാതൊരു പങ്കാളിത്തവുമില്ല. ഈ കാര്യങ്ങളിലൊന്നും ഒരു നിലക്കും യാതൊരു കാര്യവും നിർവഹിക്കാത്തവർ ഇതെല്ലാം ഏകനായി നിർവഹിക്കുന്നവനിൽ എങ്ങനെ പങ്കുചേർക്കും? അവൻ മഹാ പരിശുദ്ധൻ. അവൻ പരിശുദ്ധനായിരിക്കുന്നു. അവർ പങ്കുചേർക്കുന്നതിൽനിന്ന് അവൻ എത്രയോ ഉന്നതനാണ്. ഇതുകൊണ്ടൊന്നും അവനൊരു ദ്രോഹവും വരില്ല. നാശം അവരിലേക്കുതന്നെ മടങ്ങും.

41). പ്രത്യക്ഷപ്പെട്ടു: (കടലിലും കരയിലും കുഴപ്പം) അവരുടെ ഉപജീവനങ്ങളിൽ കുഴപ്പം പ്രത്യക്ഷപ്പെട്ടു. അത് കുറഞ്ഞു. ആപത്തുകൾ നിറഞ്ഞു. അവരുടെ ശരീരങ്ങളിലും വിവിധ പ്രശ്‌നങ്ങൾ. രോഗങ്ങളും പകർച്ചവ്യാധികളും. അതിന്റെയെല്ലാം പ്രകൃതി തകരാറാക്കുന്ന കുഴപ്പങ്ങൾ. അവരുടെ കൈകൾ പ്രവർത്തിച്ചതാണ് അതിന്റെ കാരണം. ഇതെല്ലാം (ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കാൻ വേണ്ടിയത്രെ അത്) മുകളിൽ പറഞ്ഞതെല്ലാം സംഭവിച്ചത് അവർ ചെയ്ത പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ അല്ലാഹു അവരെ അനുഭവിപ്പിക്കുന്നതിന് വേണ്ടിയാണ്; ഈ ലോകത്ത് വെച്ചുതന്നെ. (അവർ മടങ്ങിയേക്കാം) അവർ പ്രയാസങ്ങളുണ്ടാക്കിയ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് അവർ മടങ്ങിയേക്കാം. അങ്ങനെ അവരുടെ അവസ്ഥകൾ ശരിയാവുകയും ചെയ്‌തേക്കാം. പരീക്ഷണങ്ങൾകൊണ്ട് അനുഗ്രഹം ചെയ്യുന്ന പരമ പരിശുദ്ധൻ. ശിക്ഷകൊണ്ട് ഔദാര്യം ചെയ്യുന്നവൻ. അങ്ങനെയല്ലായിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചതിന്റെ എല്ലാ ഫലങ്ങളും അവർ അനുഭവിക്കുമായിരുന്നു. ഭൂമുഖത്ത് ഒരു ജീവിയും തന്നെ അവശേഷിക്കുമായിരുന്നില്ല.

42) ഭൂമിയിലൂടെ സഞ്ചരിക്കാനുള്ള കൽപനയിൽ ശരീരം കൊണ്ടുള്ള യാത്രയും എല്ലാം കണ്ടുമനസ്സിലാക്കാനും പൂർവികരുടെ പരിണിതി കണ്ട് ചിന്തിക്കാനുമുള്ള ഹൃദയം കൊണ്ടുള്ള യാത്രയും പെടും. (അവരിൽ അധികപേരും ബഹുദൈവാരാധകരായിരുന്നു) അവരുടെ പരിണിതി ഏറ്റവും മോശമായതാണെന്ന് കാണാം. അവരുടെ മടക്കമാവട്ടെ ഏറ്റവും ദുരന്തം നിറഞ്ഞതും. ഉന്മൂലനം ചെയ്യുന്ന ശിക്ഷ. അവരെ പിന്തുടരുന്ന ആളുകളിൽ നിന്നുള്ള ആക്ഷേപവും വിമർശനങ്ങളും. തുടർച്ചയായ നിന്ദ്യതയും. അതിനാൽ അവർ ചെയ്തത് ചെയ്യുന്നതിനെ നിങ്ങൾ സൂക്ഷിക്കുക; നിങ്ങൾക്കും ഇതേ വിധി വരാതിരിക്കാൻ, അവരുടെ പാത പിന്തുടരാതിരിക്കാൻ. അല്ലാഹുവിന്റെ നീതിയും ജ്ഞാനവും എല്ലാ കാലത്തിനും സംഘത്തിനും ബാധകമാണ്.

അതായത് നിങ്ങളുടെ ഹൃദയം കൊണ്ട് ശ്രദ്ധിക്കുക. മുഖം കൊണ്ട് തിരിയുക. യഥാർഥ മതം സ്ഥാപിക്കാൻ ശരിയായി പരിശ്രമിക്കുക. കഠിന പരിശ്രമങ്ങളിലൂടെ അവന്റെ വിധി വിലക്കുകൾ നടപ്പിലാക്കാൻ ശ്രമിക്കുക. അതിന് വേണ്ട പ്രത്യക്ഷവും പരോക്ഷവുമായ ഉത്തരവാദിത്തം നിർവഹിക്കുക. നിങ്ങളുടെ സമയവും ജീവിതവും യൗവനവും പരമാവധി പ്രയോജനപ്പെടുത്താൻ ധൃതികൂട്ടുക. (അല്ലാഹുവിൽനിന്ന് ആർക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി) ഉയിർത്തെഴുന്നേൽപ് ദിനമാണത്. അത് സമാഗതമായാൽ അതിനെ തടുക്കാനാവില്ല. നല്ല കാര്യങ്ങൾ ചെയ്യാൻ ആളുകൾക്ക് സമയം നൽകില്ല. കർമങ്ങളുടെ സമയം അവസാനിക്കും. കർമങ്ങളുടെ പ്രതിഫലമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. (അന്നേദിവസം ജനങ്ങൾ പിരിയുന്നതാണ്) അതായത് അന്ന് രണ്ടു വിഭാഗമായി പിരിയുന്നതാണ്. തങ്ങളുടെ പ്രവർത്തന ഫലങ്ങൾ കാണാൻ വിവിധ വിഭാഗങ്ങളായി അവർ വരും. അവരുടെ പ്രവർത്തനങ്ങൾ കാണുന്നതിനായി.

44-45). (അവന്റെ നന്ദികേടിന്റെ ദോഷം അവനു തന്നെയാണ്) അവൻ തന്നെ ശിക്ഷിക്കപ്പെടും. ഒരാളുടെയും പാപഭാരം മറ്റൊരാൾ വഹിക്കുകയില്ല. (വല്ലവനും സൽകർമം ചെയ്യുന്നപക്ഷം) അല്ലാഹുവോടും അവന്റെ അടിമകളോടുമുള്ള നിർബന്ധവും ഐച്ഛികവുമായ കടമകൾ. (അവർക്കുവേണ്ടിത്തന്നെയാണ്)

മറ്റാർക്കുമല്ല. (അവർ സൗകര്യമൊരുക്കുന്നത്) അവർ പരലോകത്ത് അവരുടെ വാസസ്ഥലമൊരുക്കുന്നു. ഉയർന്ന പദവിയും ഉന്നതമായ വാസസ്ഥലങ്ങളും നേടാൻ അവർ തയ്യാറെടുക്കുന്നു. എന്നാലും അവരുടെ പ്രതിഫലം പ്രവർത്തനങ്ങളിൽ പരിമിതമല്ല. പകരം അവരുടെ കർമങ്ങൾ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയാത്തത്ര അളവറ്റ കരുണയും ഔദാര്യവും കൊണ്ട് അല്ലാഹു അവർക്ക് പ്രതിഫലം നൽകും. കാരണം അവൻ അവരെ സ്‌നേഹിക്കുന്നു. അല്ലാഹു ഒരു വ്യക്തിയെ സ്‌നേഹിക്കുമ്പോൾ അവനിൽ നന്മകൾ ചൊരിയും ഉന്നതമായ സമ്മാനങ്ങൾ നൽകുകയും ചെയ്യും; പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ. നേർവിപരീതമാണ് അവിശ്വാസികൾക്ക് നൽകുന്നത്. അല്ലാഹു അവരോട് കോപിക്കുകയും അവരെ നിന്ദിക്കുകയും ചെയ്യുന്നു. അവൻ അവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ വിശ്വാസികൾക്ക് പ്രതിഫലം നൽകുമ്പോഴുള്ളതിൽനിന്ന് വ്യത്യസ്തമായി അവർ അർഹിക്കുന്നതിലും കൂടുതൽ ശിക്ഷ അവർക്ക് നൽകുന്നില്ല. അതാണ് അല്ലാഹു പറഞ്ഞത്: (സത്യനിഷേധികളെ അവൻ ഇഷ്ടപ്പെടുകയില്ല).

46) അല്ലാഹുവിന്റെ കാരുണ്യത്തിനും മരിച്ചവരെ ജീവിപ്പിക്കുമെന്നതിനും അവനാണ് സ്തുത്യർഹനായ, രാജാവായ ആരാധ്യനുമെന്നതിനുള്ള ഒരു തെളിവാണ് അവൻ കാറ്റുകളെ അയക്കുന്നു എന്നത്. മഴക്ക് മുമ്പ് (സന്തോഷവാർത്ത അറിയിക്കുന്നവയായി) കാറ്റുകൾ മേഘങ്ങളെ ഇളക്കി അവയെ ഒരുമിപ്പിക്കുന്നു. അപ്പോൾ മഴ പെയ്യിക്കുന്നതിന്നതിന് മുമ്പായി തന്നെ മനസ്സുകൾ സന്തോഷിക്കുന്നു. (തന്റെ കാരുണ്യത്തിൽനിന്ന് നിങ്ങൾക്ക് അനുഭവിപ്പിക്കാൻ വേണ്ടിയും) അവന്റെ കാരുണ്യത്താൽ അവൻ നിങ്ങളിൽ മഴ പെയ്യിക്കുന്നു. അങ്ങനെ ഭൂമിയെ അതുമൂലം പുനരുജ്ജീവിപ്പിക്കുന്നു. അതിലൂടെ അവന്റെ കാരുണ്യം അവർ രുചിക്കുന്നു. അതവന്റെ കാരുണ്യമാണെന്ന് അവർ മനസ്സിലാക്കുന്നു. അതുമൂലം ആളുകൾ രക്ഷപ്പെടുകയും അവർക്ക് ഉപജീവനം ലഭിക്കുകയും ചെയ്യുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ കൂടുതൽ ലഭിക്കാനും കൂടുതൽ നൻമ ചെയ്യാനും അവരെ പ്രേരിപ്പിക്കുന്നു. (കപ്പൽ സഞ്ചരിക്കാൻ വേണ്ടിയും) കടലിൽ. (അവന്റെ കൽപനപ്രകാരം) അവന്റെ നിർണയമനുസരിച്ച്. (അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ ഉപജീവനം തേടുവാൻ വേണ്ടിയും) നിങ്ങളുടെ ജീവിത മാർഗത്തിനും താൽപര്യങ്ങൾക്കും വേണ്ടിയുള്ള ക്രയവിക്രയങ്ങളിലൂടെ. (നിങ്ങൾ നന്ദിയുള്ളവരായേക്കാം) നിങ്ങൾ വഴികളുണ്ടാക്കി ത്തന്നതിനും കാര്യങ്ങൾ എളുപ്പമാക്കിത്തന്നതിനും. അങ്ങനെ നിങ്ങൾ നന്ദി ചെയ്തുകൊണ്ട് അവന്റെ അനുഗ്രഹങ്ങളോട് പ്രതികരിക്കാൻ. അങ്ങനെ അല്ലാഹു അത് വർധിപ്പിച്ചുതരികയും ചെയ്യും. അത് നിങ്ങൾക്ക് നിലനിർത്തിത്തരും. എന്നാൽ അനുഗ്രഹങ്ങളോട് പ്രതികരിക്കുന്നത് നന്ദികേടുകൊണ്ടും തെറ്റുകൾകൊണ്ടുമാണെങ്കിൽ അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുന്നവന്റെ മനോഭാവമാണ്. അവരിൽ അനുഗ്രഹം ഒരു പരീക്ഷണമാണ്. നന്ദികേട് അനുഗ്രഹം എടുത്ത് കളയപ്പെടാനും മറ്റുള്ളവർക്ക് എടുത്ത് കൊടുക്കാനും സാധ്യതയേറ്റുന്നു.