സൂറ: റൂം, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ജൂലൈ 12, 1447 മുഹറം 16

അധ്യായം: 30, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلنَّاسَ ضُرٌّۭ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌۭ مِّنْهُم بِرَبِّهِمْ يُشْرِكُونَ (٣٣) لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ (٣٤) أَمْ أَنزَلْنَا عَلَيْهِمْ سُلْطَـٰنًۭا فَهُوَ يَتَكَلَّمُ بِمَا كَانُوا۟ بِهِۦ يُشْرِكُونَ (٣٥) وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةًۭ فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ (٣٦) أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ (٣٧) فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌۭ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ (٣٨) وَمَآ ءَاتَيْتُم مِّن رِّبًۭا لِّيَرْبُوَا۟ فِىٓ أَمْوَٰلِ ٱلنَّاسِ فَلَا يَرْبُوا۟ عِندَ ٱللَّهِ ۖ وَمَآ ءَاتَيْتُم مِّن زَكَوٰةٍۢ تُرِيدُونَ وَجْهَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلْمُضْعِفُونَ (٣٩)

33. ജനങ്ങൾക്ക് വല്ല ദുരിതവും ബാധിച്ചാൽ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞും കൊണ്ട് അവനോട് അവർ പ്രാർഥിക്കുന്നതാണ്. പിന്നെ തന്റെ പക്കൽനിന്നുള്ള കാരുണ്യം അവർക്കവൻ അനുഭവിപ്പിച്ചാൽ അവരിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേർക്കുന്നു.

34. അങ്ങനെ നാം അവർക്ക് നൽകിയതിനു നന്ദികേട് കാണിക്കുകയത്രെ അവർ ചെയ്യുന്നത്. ആകയാൽ നിങ്ങൾ സുഖം അനുഭവിച്ചുകൊള്ളുക. വഴിയെ നിങ്ങൾ മനസ്സിലാക്കികൊള്ളും.

35. അതല്ല, അവർ (അല്ലാഹുവോട്) പങ്കുചേർത്തിരുന്നതിനനൂകൂലമായി അവരോട് സംസാരിക്കുന്ന വല്ല പ്രമാണവും നാം അവർക്ക് ഇറക്കികൊടുത്തിട്ടുണ്ടോ?

36. മനുഷ്യർക്ക് നാം കാരുണ്യം അനുഭവിപ്പിക്കുന്ന പക്ഷം അവർ അതിൽ ആഹ്ലാദം കൊള്ളുന്നു. തങ്ങളുടെ കൈകൾ മുൻകൂട്ടി ചെയ്തതിന്റെ ഫലമായി അവർക്ക് വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ അവരതാ ആശയറ്റവരാകുന്നു!

37. താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവർ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്; തീർച്ച.

38. ആകയാൽ കുടുംബബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നൽകുക). അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവർക്ക് അതാണുത്തമം. അവർ തന്നെയാണ് വിജയികളും.

39. ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങൾ വല്ലതും സകാത്തായി നൽകുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ.

33) (മനുഷ്യർക്ക് ആപത്ത് ബാധിച്ചാൽ) രോഗമോ ഭയമോ നാശമോ മറ്റെന്തെങ്കിലും. (തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞുകൊണ്ട് അവർ പ്രാർഥിക്കുന്നതാണ്) അപ്പോൾ അല്ലാഹുവിൽ പങ്കുചേർക്കുന്നതിനെ അവർ മറക്കുന്നു. അവർക്കറിയാം അല്ലാഹുവല്ലാതെ ബുദ്ധിമുട്ട് നീക്കില്ലെന്ന്. (പിന്നെ തന്റെ പക്കൽ നിന്നുള്ള കാരുണ്യം അവർക്കവൻ അനുഭവിപ്പിച്ചാൽ) അവരുടെ രോഗം മാറ്റുകയും ഭയം നീക്കുകയും ചെയ്താൽ. (അവരിൽ ഒരു വിഭാഗമതാ) അവരിൽനിന്നുണ്ടായ മടക്കത്തെ ലംഘിക്കുന്നു. അവർക്ക് സൗഭാഗ്യമോ ദൗർഭാഗ്യമോ വരുത്താത്തവരെ അവർ അവനോട് പങ്കുചേർക്കുന്നു. അവർ അവർക്ക് സമ്പന്നതയോ ദാരിദ്ര്യമോ നൽകുന്നില്ല. ഇതെല്ലാം അല്ലാഹു നൽകിയതിലുള്ള നന്ദികേടാണ്. അവൻ അവരെ രക്ഷപ്പെടുത്തി കരുണ ചെയ്തതിന്. പ്രയാസങ്ങൾ നീക്കി അതിൽ നിന്ന് രക്ഷപ്പെടുത്തിയതിന്. എന്തുകൊണ്ട് ഈ മഹത്തായ അനുഗ്രഹങ്ങൾക്ക് നിത്യമായി നന്ദി ചെയ്ത് എല്ലായ്‌പ്പോഴും അവനെ മാത്രം ആരാധിച്ച് ജീവിച്ചുകൂടാ?

35) (വല്ല പ്രമാണവും നാം അവർക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ?) വ്യക്തമായ തെളിവ്. (അത്) ആ പ്രമാണം. (അവർ പങ്കുചേർക്കുന്നതിന് അനൂകൂലമായി അവരോട് സംസാരിക്കുന്നു. അതായത് നിങ്ങളുടെ ശിർക്കിൽ നിങ്ങൾ ഉറച്ചു നിൽക്കുക. അല്ലെങ്കിൽ നിങ്ങളുടെ സംശയങ്ങളിൽ നിങ്ങൾ തുടരുക. നിങ്ങൾ നിലകൊള്ളുന്നത് സത്യത്തിലാണ്, പ്രവാചകന്മാർ നിങ്ങളെ ക്ഷണിക്കുന്നത് അസത്യത്തിലേക്കാണ് എന്നെല്ലാം അവരോട് പറയുന്ന വല്ല രേഖയോ ശിർക്കിനെ ഇത്രയും ശക്തമായി മുറുകെപ്പിടിക്കാൻ മാത്രമുള്ള വല്ല രേഖയോ അവരുടെ അടുക്കലുണ്ടോ? അതല്ല, യുക്തിപരവും ഗ്രന്ഥപരവുമായ തെളിവുകൾ; ദൈവികമായി ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾ അങ്ങനെ എന്തെങ്കിലും? ഇതെല്ലാം മഹാന്മാരായ പ്രവാചകന്മാരും പ്രമുഖ വ്യക്തികളും ശക്തമായി വിലക്കുകയും ഈ വഴിയിൽ നിങ്ങൾ പോകരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത കാര്യങ്ങളല്ലേ? പിഴച്ച ചിന്തയും വിശ്വാസവും സ്വീകരിച്ചവരുടെ വിധികളല്ലേ ഇതെല്ലാം? യാതൊരു തെളിവും പ്രമാണവുമില്ലാതെയാണ് അവർ പങ്കുചേർക്കുന്നത്. പിശാചിന്റെ പ്രേരണകളും മനസ്സിന്റെ ഇച്ഛകളും മാത്രം.

36-37) പ്രയാസവും എളുപ്പവും ജീവിതത്തിൽ ഉണ്ടാകുമ്പോൾ അധികമാളുകളും സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. നല്ല ആരോഗ്യം, സമ്പത്ത്, വിജയം എന്നിവ കാരുണ്യമായി അല്ലാഹു അനുഭവിപ്പിച്ചാൽ അവർ അതിൽ അതിരറ്റ് സന്തോഷിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദിയുടെ സന്തോഷമല്ല; മറിച്ച് അഹങ്കാരത്തിന്റെ സന്തോഷം. (അവർക്ക് വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ) അവർക്ക് നിർഭാഗ്യം വരുമ്പോൾ അത്. (അവരുടെ കൈകൾ മുൻകൂട്ടി പ്രവർത്തിച്ചതിന്റെ ഫലമായി) തെറ്റായ പ്രവൃത്തികൾ. (അവരതാ ആശയറ്റവരാകുന്നു) ആ ദാരിദ്ര്യവും രോഗവുമൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് കരുതി അവർ നിരാശരാകുന്നു. ഇത് അവരുടെ അറിവില്ലായ്മയുടെയും അജ്ഞതയുടെയും ഫലമാണ്. (താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവർ കണ്ടില്ലേ?) നല്ലതും ചീത്തയും അല്ലാഹുവിൽനിന്നാണെന്നും ഉപജീവനത്തിലെ വിശാലതയും കുടുസ്സതയും അവൻ നിശ്ചയിക്കുന്നതാണെന്നും മനസ്സിലാക്കിയശേഷം നിരാശപ്പെടുന്നത് ശരിയല്ല. ബുദ്ധിയുള്ളവരേ, നിങ്ങൾ കാരണങ്ങളിലേക്ക് നോക്കരുത്. മറിച്ച് കാരണങ്ങൾ ഉണ്ടാക്കുന്നവനിലേക്ക് നോക്കുക. അതാണല്ലാഹു പറഞ്ഞത്: (തീർച്ചയായും വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്) അവൻ ഉദ്ദേശിക്കുന്നവർക്ക് ധാരാളമായി കൊടുക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യുക എന്നതിൽ അവർ പാഠങ്ങൾ ഉൾക്കൊള്ളുന്നു. അത് അല്ലാഹുവിന്റെ കാരുണ്യവും യുക്തിയുമാണ്. ഉപജീവനത്തിന്റെ എല്ലാ ആവശ്യങ്ങളും അവനോട് ചോദിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു.

38). ബന്ധുവിന് അവന്റെ ബന്ധത്തിന്റെയും ആവശ്യത്തിന്റെയും തോതനുസരിച്ച് അല്ലാഹു നിശ്ചയിച്ച അവകാശങ്ങൾ നൽകണം. നിർബന്ധ-ഐഛിക ദാനങ്ങൾ, സമ്മാനങ്ങൾ, സലാം പറയൽ, ദയ കാണിക്കൽ, വിട്ടുവീഴ്ച നൽകൽ, തെറ്റുകളെ അവഗണിക്കൽ പോലെയുള്ള, അല്ലാഹു പ്രോത്സാഹിപ്പിച്ച കാര്യങ്ങൾ ചെയ്യുക. ദാരിദ്ര്യംകൊണ്ടും ഇല്ലായ്മകൊണ്ടും അവശനായ ഒരാൾക്ക് അവന്റെ ആഹാരം, വെള്ളം, വസ്ത്രം തുടങ്ങിയവവ നൽകുന്നതും ഇതിൽപെടും. (വഴിയാത്രക്കാരനും) തന്റെതല്ലാത്ത നാട്ടിൽ ഒറ്റപ്പെട്ട് പോയവൻ. അവന്റെ അടുക്കൽ ആവശ്യത്തിന് പണമില്ല. തന്റെ നാട്ടിലല്ലാത്തതുകൊണ്ട് ഒന്നും സമ്പാദിക്കാനും കഴിയില്ല. അത്തരം ആളുകൾ ഏറ്റവുമധികം ആവശ്യക്കാരായിരിക്കും. നാട്ടിലാണെങ്കിൽ സാധാരണയായി അവന്റെ തൊഴിലോ വിവരമോ പരിഗണിച്ച് അവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞേക്കും. അതാണ് വഴിയാത്രക്കാരനെയും സാധുവിനെയും സകാത്തിൽ ഉൾപ്പെടുത്താൻ കാരണം.

(അത്) അതായത് അടുത്ത ബന്ധുവിനും സാധുവിനും വഴിയാത്രക്കാരനും നൽകുന്നത്. (ഉദ്ദേശിക്കുന്നവർക്ക് അതാണ് ഉത്തമം) അത് ചെയ്യൽ. (അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവർക്ക്) ഇത് വലിയ നന്മയും പ്രതിഫലവും ലഭിക്കുന്ന കാര്യമാണ്. കാരണം ഇത് മഹത്തായ സൽക്കർമമാണ്. ആത്മാർഥതയോടെ യോജിച്ച സമയത്തും സ്ഥലത്തും നിർവഹിക്കപ്പെടുമ്പോൾ അത് പ്രയോജനകരമായ ഒരു പുണ്യപ്രവർത്തനമാകും. ആത്മാർഥതയില്ലെങ്കിൽ നൽകപ്പെ ടുന്നവന് അത് നന്മയായിരിക്കും. അല്ലാഹു പറയുന്നു.

لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ

“അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നന്മയുമില്ല. ദാനധർമങ്ങൾ ചെയ്യാനും സദാചാരം കൈക്കൊള്ളാനും ജനങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കാനും കൽപിക്കുന്ന ആളുടെ വാക്കുകളിലൊഴികെ’’ (ക്വുർആൻ 4:114).

ഇവിടെ പറഞ്ഞ കർമങ്ങളെല്ലാം മറ്റുള്ളവർക്ക് ചില പ്രയോജനങ്ങൾ നൽകുന്നതാണ്. എന്നാൽ ഇതെല്ലാം ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് ചെയ്താൽ അവർക്ക് മഹത്തായ പ്രതിഫലം ലഭിക്കും. (അക്കൂട്ടർ) ഇതും ഇതല്ലാത്ത പ്രവർത്തനങ്ങളും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ചെയ്യുന്നവർ. (അവരാണ് വിജയികൾ) അല്ലാഹുവിന്റെ പ്രതിഫലം നേടി വിജയിക്കുന്നവർ. അവന്റെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നവർ.

39) അല്ലാഹു തന്റെ പ്രീതിക്കുവേണ്ടി ചെയ്യുന്ന ചില കർമങ്ങളെ പരാമർശിച്ച;് ഇവിടെ ഐഹികനേട്ടത്തിനു വേണ്ടി ചെയ്യുന്ന കർമങ്ങളെക്കുറിച്ച് പറയുന്നു: (ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടാനായി നിങ്ങൾ വല്ലതും പലിശക്ക് കൊടുക്കുന്നപക്ഷം) സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ ആവശ്യങ്ങൾ കഴിച്ചുള്ള സമ്പത്ത് നിങ്ങൾ നൽകുക എന്നത്. അതായത് കൂടുതൽ പകരം തരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് നിങ്ങൾ ധനം നൽകുന്നു. ഈ പ്രവൃത്തികൊണ്ട് അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾക്ക് പ്രതിഫലം വർധിക്കുന്നില്ല; അവിടെ ആത്മാർഥത എന്ന നിബന്ധനയില്ലാത്തതുകൊണ്ട് തന്നെ. ലോകമാന്യത്തിനും ജനങ്ങളിൽ പ്രശസ്തി കിട്ടാനും ചെയ്യുന്ന ഇതുപോലെയുള്ള പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ അടുക്കൽ യാതൊരു ലാഭവും ഉണ്ടാക്കുന്നില്ല.

(സകാത്തായി നൽകുന്നത്) ചീത്ത സ്വഭാവങ്ങളിൽനിന്ന് നിങ്ങളെ ശുദ്ധമാക്കാൻ നൽകുന്ന ധനം. സമ്പത്തിലെ പിശുക്കിൽനിന്ന് അത് നിങ്ങളെ ശുദ്ധമാക്കും. നൽകപ്പെടുന്നവന്റെ ആവശ്യം പരിഹരിക്കുകയും ചെയ്യും. (നിങ്ങളുദ്ദേശിക്കുന്നത്) അതുകൊണ്ട്. (അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് ഇരട്ടി സമ്പാദിക്കുന്നവരാണ്) പ്രതിഫലം അവർക്ക് ഇരട്ടിക്കും. അല്ലാഹുവിന്റെ അടുക്കൽ അവർ ചെലവഴിക്കുന്നത് വർധിക്കും. അല്ലാഹു അതിനെ അവർക്കായി പരിപോഷിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ അത് ധാരാളമായി വർധിക്കും. (നിങ്ങൾ വല്ലതും സകാത്തായി നൽകുന്ന പക്ഷം) നൽകുന്ന വ്യക്തിക്ക് അത്യാവശ്യമായി ചെലവഴിക്കേണ്ടിവരികയോ വീടാത്ത കടം ഉണ്ടാവുകയോ ആണെങ്കിൽ അത് നൽകുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അത് പ്രതിഫലം ലഭിക്കുന്ന സകാത്തല്ല; മതപരമായി അത് അസാധുവാണ്. ദാനധർമങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ

“പരിശുദ്ധി നേടാനായി തന്റെ ധനം നൽകുന്നവൻ’’ (92:18).

വെറുതെ പണം നൽകിയാൽ അത് പുണ്യമാവില്ല. ഈ വിശേഷണം അതിനുണ്ടായിരിക്കണം. അത് നൽകുന്നവനെ ശുദ്ധീകരിക്കുവാൻ ഉതകുന്നതായിരിക്കണം.