സൂറ: അൻകബൂത്ത്‌, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

അധ്യായം: 29, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ (٢٣) فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ (٢٤) وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًۭا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍۢ وَيَلْعَنُ بَعْضُكُم بَعْضًۭا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ (٢٥) ۞ فَـَٔامَنَ لَهُۥ لُوطٌۭ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ (٢٦) وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ (٢٧)

23. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവർ എന്റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്. അക്കൂട്ടർക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്.

24. നിങ്ങൾ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ എന്ന് പറഞ്ഞതല്ലാതെ അപ്പോൾ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) ജനത മറുപടിയൊന്നും നൽകിയില്ല. എന്നാൽ അല്ലാഹു അദ്ദേഹത്തെ അഗ്‌നിയിൽനിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.

25. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങൾ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തിൽ നിങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പേരിൽ മാത്രമാകുന്നു. പിന്നീട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങളിൽ ചിലർ ചിലരെ നിഷേധിക്കുകയും ചിലർ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങൾക്ക് സഹായികളാരുമുണ്ടാകുകയില്ല.

26. അപ്പോൾ ലൂത്വ് അദ്ദേഹത്തിൽ വിശ്വസിച്ചു. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തീർച്ചയായും ഞാൻ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീർച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.

27. അദ്ദേഹത്തിന് (പുത്രൻ) ഇസ്ഹാക്വിനെയും (പൗത്രൻ) യഅ്ക്വൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ സന്തതിപരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നൽകിയിട്ടുണ്ട്. പരലോകത്ത് തീർച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

23) അല്ലാഹു ഇവിടെ പറയുന്നത് നല്ലതൊന്നും നേടാത്തവരും തിൻമ കരസ്ഥമാക്കുന്നവരുമായ ആളുകൾ ആരാണെന്നാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിക്കുകയും ചെയ്തവരാണവർ. അവർക്ക് ഈ ലോകമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. അതിനാലവർ അല്ലാഹുവിന് പങ്കാളികളെ ചേർക്കുകയും പാപം ചെയ്യുകയും ചെയ്തു. കാരണം അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവരുടെ ഹൃദയങ്ങളിൽ യാതൊരു ഭയവും ഉണ്ടായിരുന്നില്ല. അതിനാൽ അല്ലാഹു പറയുന്നു: (എന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെട്ടിരിക്കുകയാണ്) അതിനാൽ കരുണ നേടാൻ അവർ ഒന്നും ചെയ്തില്ല. അവർ കാരുണ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിൽ അത് നേടിയെടുക്കാൻ അവർ പരിശ്രമിക്കുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടുന്നത് ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്. അത് രണ്ട് വിധമുണ്ട്:

> കാരുണ്യം ലഭിക്കാൻ യാതൊന്നും പ്രവർത്തിക്കാതെ പരാജയപ്പെട്ട അവിശ്വാസികളുടെ നിരാശ.

> അനേകം അതിക്രമങ്ങൾ ചെയ്ത പാപികളുടെ നിരാശ. പാപം നിമിത്തം അല്ലാഹുവിൽനിന്ന് അകന്നതായി അവർക്ക് തോന്നുകയും അവരുടെ ഹൃദയങ്ങളെ ആ ചിന്ത കീഴ്‌പ്പെടുത്തുകയും അങ്ങനെ കാരുണ്യത്തെപ്പറ്റിയുള്ള പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നു.

(അക്കൂട്ടർക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്) അതെ, വേദനിക്കുന്ന ശിക്ഷ. ഇബ്‌റാഹീം നബി(അ) തന്റെ ജനതയോട് പറഞ്ഞതും അതിനവർ നൽകിയ മറുപടിയും എടുത്തു പറയുന്ന വചനങ്ങൾക്കിടയിൽ വന്ന ചില വചനങ്ങളായിട്ടാണ് ഇത് മനസ്സിലാക്കപ്പെടുന്നത്. (അല്ലാഹുവാണ് നന്നായി അറിയുന്നവൻ).

24) ഇബ്‌റാഹീം(അ) തന്റെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോൾ ആ ക്ഷണം അവർ സ്വീകരിക്കുകയോ അദ്ദേഹത്തിന്റെ ഉപദേശം പിന്തുടരുകയോ അല്ലാഹു നൽകിയ ഈ അനുഗ്രഹം അംഗീകരിക്കുകയോ ചെയ്തില്ല. പകരം അദ്ദേഹത്തോടുള്ള അവരുടെ പ്രതികരണം വളരെ മോശമായിരുന്നു. (നിങ്ങൾ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ) ഏറ്റവും മോശമായ വധം. അവർക്ക് അധികാരമുള്ളതിനാൽ ആ ഭീഷണി നടപ്പിലാക്കാൻ അവർക്ക് കഴിവുണ്ടായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തെ തീയിൽ എറിഞ്ഞു. (എന്നാൽ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി) അതിൽനിന്നും. (വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്) പ്രവാചകന്മാർ കൊണ്ടുവന്നത് സത്യമാണെന്ന് വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. ആ പ്രവാചകന്മാരുടെ നന്മയും ഗുണകാംക്ഷയും അവരെ എതിർത്തവരുടെ വാദങ്ങൾ എത്രമാത്രം തെറ്റായിരുന്നുവെന്നും അവർക്കറിയാം. പ്രവാചകൻമാരെ എതിർത്തവരെല്ലാം അവരെ കളവാക്കുന്നതിന്് പരസ്പരം പ്രേരണ നൽകി സഹായിക്കുന്നവരെപ്പോലെയാണ്. കാരണം അവരെല്ലാം ഒരേ രീതിയിലാണ് പ്രതികരിച്ചത്.

25) (അദ്ദേഹം പറഞ്ഞു:) ഇബ്‌റാഹീം നബി അവർക്ക് നൽകിയ ഉപദേശങ്ങളുടെ കൂട്ടത്തിൽ അവരോട് പറഞ്ഞു: (അല്ലാഹുവിന് പുറമെ നിങ്ങൾ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹിക ജീവിതത്തിൽ നിങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പേരിൽ മാത്രമാകുന്നു) ഇഹലോകത്തെ സ്‌നേഹബന്ധം ലക്ഷ്യമാക്കി. ഭാവിയിൽ അത് മുറിഞ്ഞ് പോവുകയും നശിക്കുകയും ചെയ്യും. (പിന്നീട് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങളിൽ ചിലർ ചിലരെ നിഷേധിക്കുകയും ചിലർ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്). ആരാധിച്ചവരും ആരാധിക്കപ്പെട്ടവരും പരസ്പരം ഒഴിഞ്ഞുമാറും.

وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ ‎

“മനുഷ്യർ ഒരുമിച്ചുകൂട്ടപ്പെടുമ്പോൾ അവർ അവരുടെ ശത്രുക്കളായിത്തീരുകയും അവരോടുള്ള ആരാധന നിരസിക്കുകയും ചെയ്യും’’ (46:6).

ആരാധിച്ചവരിൽനിന്ന് അവർ ഒഴിഞ്ഞു മാറുമെങ്കിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് എങ്ങനെ അവരുമായി ബന്ധമുണ്ടാകും? ആരാധിച്ചവരുടെയും ആരാധിക്കപ്പെട്ടവരുടെയുമെല്ലാം വാസസ്ഥലം (നരകം) ആണ്. അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അവരെ സഹായിക്കാൻ, അവന്റെ ശിക്ഷയെ അവരിൽനിന്ന് തടുക്കാൻ ആരുമുണ്ടാവില്ല.

26) ഇബ്‌റാഹീം നബി(അ) തന്റെ പ്രബോധനം തുടർന്നുകൊണ്ടിരുന്നു. അവർ അവരുടെ ധിക്കാരത്തിലും തുടർന്നു. പിന്നീട് പ്രവാചകനായി നിയോഗിക്കപ്പെട്ട ലൂത്വ്(അ) മാത്രമാണ് അദ്ദേഹത്തിൽ വിശ്വസിച്ചത്. (അദ്ദേഹം പറഞ്ഞു) തന്റെ ജനതക്ക് തന്റെ പ്രബോധനം ഫലപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ. (സ്വദേശം വെടിഞ്ഞ് ഞാനെന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ്) ദുഷിച്ച നാടു വിട്ട് അനുഗൃഹീതമായ നാട്ടിലേക്ക്. അത് ശാം ആണ്. (തീർച്ചയായും അവനാകുന്നു പ്രതാപശാലി) അവൻ ശക്തനാണ്. അവരെ സന്മാർഗത്തിലാക്കാൻ അവന് കഴിയും. പക്ഷേ, അവന് ചില യുക്തികളുണ്ട്. അവൻ യുക്തിമാനാണ്. അവന്റെ യുക്തി തേടുന്നത് അതാണ്.

ആ അവസ്ഥയിൽ അവരെ വിട്ടേച്ചു കൊണ്ട് ഇബ്‌റാഹീം(അ) പോയി. അവരെ നശിപ്പിച്ചതായി അല്ലാഹു പറയുന്നില്ല. അദ്ദേഹം അവരെ വിട്ട് പലായനം ചെയ്ത കാര്യം മാത്രമെ പറയുന്നുള്ളൂ. എന്നാൽ ഇസ്രാഈലിയാത്തിൽ-യഹൂദ സ്രോതസ്സുകളിൽനിന്ന് വരുന്ന കഥകളിൽ- അവരുടെ മേൽ ശിക്ഷയായി കൊതുകുകളെ അയച്ചു എന്ന് കാണാം. അത് അവരുടെ രക്തം കുടിക്കുകയും മാംസം തിന്നുകയും അവരിൽ അവസാനത്തെ ആളെയും നശിപ്പിക്കുകയും ചെയ്തു എന്നാണ്. ഇത് സ്ഥാപിക്കാൻ മതപരമായ തെളിവുകൾ വേണം. അതില്ല. അവരെ ശിക്ഷ മൂലം ഉന്മൂലനം ചെയ്തിട്ടുണ്ടെങ്കിൽ കളവാക്കിയ മറ്റു സമുദായങ്ങളെ നശിപ്പിച്ച കാര്യം പരാമർശിച്ചപോലെ ഇതു പറയുമായിരുന്നു.

മനുഷ്യരിൽ ഏറ്റവും കരുണയും സൽഗുണവും സഹനശീലവും ശ്രേഷ്ഠതയുമുള്ള പ്രവാചകനായതിനാൽ മറ്റുള്ളവർ ചെയ്തതുപോലെ തന്റെ ജനതക്കെതിരെ പ്രാർഥിച്ചില്ല എന്നതാണോ അതിന്റെ രഹസ്യം? അദ്ദേഹം കാരണം അവർക്ക് അല്ലാഹു ഒരു പൊതുശിക്ഷ ഇറക്കിയില്ലെന്നതാണോ? ലൂത്വിന്റെ ജനതയെ നശിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം തർക്കിക്കുകയും ചെയ്തിരുന്നു. അവർ തന്റെ ജനതയല്ലെങ്കിലും അവരെ പ്രതിരോധിക്കാൻ ശ്രമിച്ചുവെന്നാണ് മനസ്സിലാകുന്നത്. (അല്ലാഹുവാണ് നന്നായി അറിയു ന്നവൻ).

27) (അദ്ദേഹത്തിന് -പുത്രൻ- ഇസ്ഹാക്വിനെയും -പൗത്രൻ-യഅ്ക്വൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി) അതായത്, ശാമിലേക്ക് ഹിജ്‌റ പോയതിന് ശേഷം (അദ്ദേഹത്തിന്റെ സന്തതിപരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു) അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരയിലല്ലാതെ വേദം ഇറങ്ങിയിട്ടില്ല. അവസാനം അത് മുഹമ്മദ് നബിﷺയിൽ അവസാനിച്ചു. ഇത് അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനകരമായ സ്ഥാനമാണ്. അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് മാർഗദർശനവും കരുണയും സൗഭാഗ്യവും വിജയവും നൽകപ്പെട്ടു. അവരുടെ കൈകളാൽ ആളുകൾ സന്മാർഗത്തിലേക്ക് നയിക്കപ്പെട്ടു. വിശ്വാസികൾ വിശ്വസിച്ചു. സദ്‌വൃത്തർ നൻമ സ്വീകരിച്ചു. (ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നൽകിയിട്ടുണ്ട്) അതിസൗന്ദര്യവതിയായ ഭാര്യ, വിശാലമായ ഉപജീവനം, കൺ കുളിർമ നൽകുന്ന മക്കൾ, അല്ലാഹുവിനെക്കുറിച്ചുള്ള അറിവും സ്‌നേഹവും ഭക്തിയും. (പരലോകത്ത് തീർച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്തു. തീർച്ചയായും അദ്ദേഹവും മുഹമ്മദ് നബിﷺയും സദ്‌വൃത്തരിൽ ഏറ്റവും ശ്രേഷ്ഠരും ഉന്നതസ്ഥാനീയരുമാണ്. അദ്ദേഹത്തിനും ഇഹപര സൗഭാഗ്യങ്ങൾ അല്ലാഹു ഒരുമിച്ചു നൽകി.

ലൂത്വ് നബി(അ) ഇബ്‌റാഹീം നബി(അ)യിൽ വിശ്വസിച്ച് സന്മാർഗം സ്വീകരിച്ചെന്ന് നേരത്തെ പറഞ്ഞു. അവർ പറഞ്ഞത് അദ്ദേഹം ഇബ്‌റാഹീം പരമ്പരയിൽ പെട്ടവനല്ലെന്നാണ്. തീർച്ചയായും അദ്ദേഹം ഇബ്‌റാഹീം നബി(അ)യുടെ സഹോദര പുത്രനാണ്. അല്ലാഹു പറയുന്നു: (അദ്ദേഹത്തിന്റെ സന്തതി പരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു) ഇത് പൊതുവായി പറഞ്ഞതാണെങ്കിലും ലൂത്വ് നബി(അ) പ്രവാചകനാവുക എന്നത് ഈ ആയത്തിന് എതിരല്ല; അദ്ദേഹം ഇബ്‌റാഹീം നബിയുടെ സന്തതികളിൽ പെട്ടവനല്ലെങ്കിലും. ഈ പ്രയോഗം വന്നത് ഇബ്‌റാഹീം നബിയെ പ്രശംസിച്ച് പറഞ്ഞ സന്ദർഭത്തിലാണ്. മാത്രവുമല്ല ലൂത്വ് നബി സൻമാർഗം സ്വീകരിച്ചത് അദ്ദേഹത്തിലൂടെയാണെന്നും പറയുന്നുണ്ട്. സന്താനപരമ്പരയായതിലൂടെ സൻമാർഗം സ്വീകരിച്ചവരെക്കാൾ മഹത്ത്വമുണ്ടല്ലോ ഇതിന്. അല്ലാഹുവിനറിയാം!