സൂറ: അൻകബൂത്ത്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ആഗസ്റ്റ് 23, 1447 സഫർ 29
അധ്യായം: 29, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
16. ഇബ്‌റാഹീമിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ): നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.
17. നിങ്ങൾ അല്ലാഹുവിനു പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്നത് ആരെയാണോ അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്.
18. നിങ്ങൾ നിഷേധിച്ച് തള്ളുകയാണെങ്കിൽ നിങ്ങൾക്കുമുമ്പുള്ള പല സമുദായങ്ങളും നിഷേധിച്ച് തള്ളുകയുണ്ടായിട്ടുണ്ട്. ദൈവദൂതന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
19. അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്നു എന്ന് അവർ ചിന്തിച്ച് നോക്കിയില്ലേ? തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ.
20. പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കൽകൂടി സൃഷ്ടിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
21. താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും താൻ ഉദ്ദേശിക്കുന്നവരോട് അവൻ കരുണ കാണിക്കുകയും ചെയ്യുന്നു. അവങ്കലേക്കുതന്നെ നിങ്ങൾ തിരിച്ച് കൊണ്ടുവരപ്പെടുകയും ചെയ്യും.
22. ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങൾക്കു (അവനെ) തോൽപിക്കാനാവില്ല. നിങ്ങൾക്കു അല്ലാഹുവിന് പുറമെ ഒരു രക്ഷാധികാരയോ സഹായിയോ ഇല്ല.

16) അല്ലാഹു അവന്റെ ഉറ്റ സുഹൃത്തായ ഇബ്‌റാഹീമി(അ)നെ തന്റെ ജനതയുടെ പ്രബോധനത്തിനായി നിയോഗിച്ചതിനെക്കുറിച്ച് അല്ലാഹു ഇവിടെ പറയുന്നു. അദ്ദേഹം അവരോട് പറഞ്ഞു: (നിങ്ങൾ അല്ലാഹുവെ ആരാധിക്കുക) അവന്റെ ഏകത്വം അംഗീകരിക്കുക. നിങ്ങളുടെ ആരാധന അവനിൽ മാത്രം സമർപ്പിക്കുക. അവൻ നിങ്ങളോട് കൽപ്പിക്കുന്നതെന്തും അനുസരിക്കുക.
(അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക) അവൻ നിങ്ങളോട് കോപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനെ. അതിനായി അവന്റെ കോപമുണ്ടാക്കുന്ന തെറ്റുകൾ ഉപേക്ഷിക്കുക. (അതാണ് നിങ്ങൾക്ക് ഉത്തമം) അതായത് അവനെ ആരാധിക്കുന്നതും അവനെ സൂക്ഷിക്കുന്നതുമാണ് അങ്ങനെ ചെയ്യാതിരിക്കുന്നതിനെക്കാൾ നിങ്ങൾക്ക് നല്ലത്. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവനെ ഭയപ്പെടുന്നതിലും വീഴ്ച വരുത്തുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു ഗുണവുമില്ല. അവനെ ആരാധിക്കുന്നതിലും സൂക്ഷിക്കുന്നതിലുമാണ് ജനങ്ങൾക്കുള്ള നന്മ മുഴുവൻ. ഇഹത്തിലും പരത്തിലും അവന്റെ കരുണ നേടാൻ അതല്ലാതെ വഴിയില്ല. ഇഹത്തിലും പരത്തിലും നിലനിൽക്കുന്ന എല്ലാ നൻമകളും അല്ലാഹുവിനെ ആരാധിക്കുന്നതിന്റെയും അവനെ ഭയപ്പെടുന്നതിന്റെയും ഫലമാണ്. (നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ) നിങ്ങൾ കാര്യങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കുകയും കൂടുതൽ മുൻഗണന നൽകേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യണം.
17-18) അല്ലാഹുവിനെ ആരാധിക്കാനും അവനെ ഭയപ്പെടാനും അവരോട് നിർദേശിച്ചു. ഇബ്‌റാഹീം(അ) തുടർന്ന് വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെ വിലക്കുന്നു. വിഗ്രഹങ്ങളുടെ അപൂർണതയും അവ ആരാധന അർഹിക്കുന്നില്ലെന്നും അവരോട് വിശദീകരിച്ചു. (നിങ്ങൾ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്) കാരണം നിങ്ങൾ അവയെ സ്വന്തം കൈകൾകൊണ്ട് കൊത്തിയുണ്ടാക്കി. അവയ്ക്ക് ദൈവനാമങ്ങൾ നൽകി. അവയെ ആരാധിക്കാൻ കൽപിച്ചു. അവരെ മുറുകെ പിടിച്ചു. നിങ്ങൾ കള്ളം കെട്ടിച്ചമക്കുന്നു.
(അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവർ) അപൂർണരും ആരാധിക്കപ്പെടാൻ യാതൊരു ന്യായവും ഇല്ലാത്തവരുമാണ്. (അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല) ഇവിടെ പറയുന്നത്, ഈ വിഗ്രങ്ങൾ സൃഷ്ടിക്കപ്പെട്ടവയും അപൂർണതയുള്ളവയുമാണ്. അവയ്ക്ക് ഗുണമോ ദോഷമോ വരുത്താനോ മരിപ്പിക്കാനോ ജീവിപ്പിക്കാനോ ശക്തിയില്ല. ഇത്തരത്തിലുള്ളവർ ആരാധനയുടെയും ഭക്തിയുടെയും ചെറിയൊരു കണികപോലും അർഹിക്കുന്നില്ല. ആരാധനകൾ അർപ്പിക്കാനും തങ്ങളുടെ ആവശ്യങ്ങൾ ചോദിക്കാനും ഒരു ആരാധ്യ വസ്തുവിലേക്ക് ഹൃദയങ്ങൾക്ക് ശക്തമായ ചായ്‌വുണ്ട്. അതിനാൽ ഇബ്‌റാഹീം നബിയുടെ വാക്കുകൾ ആരാധനക്ക് അർഹനായവനിലേക്ക് ചായുവാൻ അവരെ പ്രേരിപ്പിക്കുന്നതാണ്. (അതിനാൽ നിങ്ങൾ അല്ലാഹുവിൽനിന്ന് ഉപജീവനം തേടുക) അത് നൽകുന്നതും തീരുമാനിക്കുന്നതും അവനാണ്. വിളിക്കുന്നവന്റെ വിളിക്ക് ഉത്തരം നൽകുന്നവനും; അവന്റെ ഇഹപര കാര്യങ്ങളിലെല്ലാം.
(അവനെ ആരാധിക്കുക) അവൻ ഏകനാണ്. അവന് പങ്കുകാരില്ല. പരിപൂർണനാണ്, ഗുണവും ദോഷവും വരുത്തുന്നവൻ. എല്ലാ കാര്യങ്ങളും ഒറ്റക്ക് നിയന്ത്രിക്കുന്നവൻ. (അവനോട് നന്ദി കാണിക്കുകയും ചെയ്യുക) പടപ്പുകളിലേക്കെത്തുന്ന സർവ അനുഗ്രഹങ്ങളും അവനിൽ നിന്നാണ്. എല്ലാ ദുരന്തങ്ങളും അവരിൽനിന്ന് തടുക്കുന്നതും അവൻ തന്നെ. (അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്) നിങ്ങളുടെ പ്രവൃത്തികൾക്ക് അവൻ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങൾ മറച്ചുവെച്ചതോ വെളിപ്പെടുത്തിയതോ ആയ എല്ലാ കാര്യങ്ങളും അവൻ നിങ്ങൾക്ക് പറഞ്ഞുതരും. അതിനാൽ പങ്കുചേർക്കുന്നവരായി അവന്റെയടുക്കൽ വരുന്നത് നിങ്ങൾ സൂക്ഷിക്കുക. അവനിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ അവന്റെ അടുക്കൽ വരുമ്പോൾ അതിനുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകും.
19) (അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്നു എന്ന് അവർ ചിന്തിച്ചു നോക്കിയിട്ടില്ലേ) ഉയിർത്തെഴുന്നേൽപ്പുനാളിൽ. (തീർച്ചയായും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് എളുപ്പമുള്ളതത്രെ).
وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ
“അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു’’ (30:27).
20) പറയുക: സൃഷ്ടിയുടെ ഉത്ഭവത്തെക്കുറിച്ച് അവർക്ക് വല്ല സംശയവുമുണ്ടെങ്കിൽ. (നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക) ശരീരം കൊണ്ടും ഹൃദയം കൊണ്ടും. (അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചു എന്ന് നോക്കൂ) മനുഷ്യരുടെയും മൃഗങ്ങളുടെയും സമൂഹങ്ങൾ എങ്ങനെയാണ് ക്രമേണ ഉൽഭവിക്കുന്നതെന്ന് നിങ്ങൾ നോക്കൂ. കാലാകാലങ്ങളിൽ ചെടികളും മരങ്ങളും എങ്ങനെയാണ് പുതിയതായി ഉണ്ടാകുന്നത് എന്ന് നിങ്ങൾക്ക് കാണാം. മേഘങ്ങളും കാറ്റുകളും നിരന്തരം പുതിയതായിക്കൊണ്ടിരിക്കുന്നതും നിങ്ങൾക്ക് കാണാം. സൃഷ്ടികളെല്ലാം എപ്പോഴും ആരംഭിക്കുകയും ആവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ചെറിയ മരണസമയത്ത്, അതായത് ഉറക്കത്തിൽ അവരെ നോക്കുക. രാത്രി ഇരുട്ടുമായി അവരിൽ എത്തുമ്പോൾ അവരുടെ ചലനങ്ങൾ നിശ്ചലമാവുകയും അവരുടെ ശബ്ദം നിശ്ശബ്ദമാവുകയും ചെയ്യുന്നു. അവരുടെ താമസ്ഥലങ്ങളിലും വിരിപ്പുകളിലും അവർ മരിച്ചവരെപ്പോലെ കിടക്കുന്നു. രാത്രി മുഴുവൻ അങ്ങനെത്തന്നെ. അങ്ങനെ അവർ ഉറക്കത്തിൽനിന്ന് ഉണരുന്നു. അങ്ങനെ അവർ മരണത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്നു. അപ്പോൾ അവർ പറയുന്നു:
الحَمْدُ لِلَّهِ الَّذِی أحْيَانا بَعْدَ مَا أمَاتَنَا وَ إلَيْهِ الُّشُور
“മരിപ്പിച്ചശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സർവസ്തുതി. അവനിലേക്ക് നാം ഉയിർത്തെഴുന്നേൽപിക്കപ്പെടും.’’
അതിനാൽ അല്ലാഹു പറയുന്നു: (പിന്നീട് അല്ലാഹു) ആവർത്തിച്ചതിന് ശേഷം. (അവസാനം മറ്റൊരിക്കൽ കൂടി സൃഷ്ടിക്കുന്നതാണ്) ഈ സൃഷ്ടിപ്പിൽ പിന്നീട് ഉറക്കമോ മരണമോ ഇല്ല. അവിടെ രണ്ടിലൊരു ലോകത്ത് നിത്യമായി താമസിക്കും. (അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ) അവന്റെ ശക്തിക്ക് അതീതമായി ഒന്നുമില്ല. സൃഷ്ടി ആരംഭിക്കാനുള്ള കഴിവ് അവനുണ്ടെങ്കിൽ അത് ആവർത്തിക്കാനുള്ള ശക്തിയും അവനുണ്ടെന്ന് പറയുന്നതല്ലേ ഏറ്റവും ഉചിതം?
21) (താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും താൻ ഉദ്ദേശിക്കുന്നവരോട് അവൻ കരുണ കാണിക്കുകയും ചെയ്യുന്നു) അവൻ മാത്രമാണ് കർമങ്ങൾക്ക് പ്രതിഫലം നൽകുന്നത്. തന്നെ അനുസരിക്കുന്നവർക്ക് പ്രതിഫലവും കരുണയും നൽകും. തന്നെ അനുസരിക്കാത്തവർക്കെതിരെ ശിക്ഷയും നടപടിയും സ്വീകരിക്കുന്നു. (അവങ്കലേക്കുതന്നെ നിങ്ങൾ തിരിച്ച് കൊണ്ടുവരപ്പെടുകയും ചെയ്യും) അവന്റെ കരുണയും ശിക്ഷയും നടപ്പിലാക്കപ്പെടുന്ന ലോകത്തേക്ക് നിങ്ങൾ മടക്കപ്പെടും. അതിനാൽ ഈ ലോകത്ത് അനുസരണ പ്രവൃത്തികളിലൂടെ അവന്റെ കാരുണ്യം ലഭിക്കാനുള്ള കാരണങ്ങൾ ഉണ്ടാക്കുക. അവന്റെ ശിക്ഷയുടെ കാരണങ്ങളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുക. അതായത് തെറ്റുകളിൽനിന്ന്.
22) (ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ നിങ്ങൾക്ക് അവനെ തോൽപിക്കാനാവില്ല) അവനെ ധിക്കരിക്കാൻ ധൈര്യപ്പെടുന്ന അവിശ്വാസികളേ, കരുതിയിരിക്കുക. നിങ്ങളെ വിട്ടുകളയുമെന്നോ ഭൂമിയിലോ ആകാശത്തിലോ നിങ്ങൾക്ക് അല്ലാഹുവിനെ തോൽപിക്കാനാവുമെന്നോ അവനിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്നോ നിങ്ങൾ വിചാരിക്കരുത്. നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക് ഭംഗിയായി തോന്നിപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചിതരാകരുത്.
പ്രപഞ്ചത്തിന്റെ ഒരു ഭാഗത്തും നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല. (നിങ്ങൾക്ക് അല്ലാഹുവിന് പുറമെ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല) മതത്തിലും ഭൗതിക ജീവിതത്തിലും നൻമ വരുത്തുന്ന രക്ഷാധികാരി. (സഹായിയും ഇല്ല) ദോഷങ്ങളെ തടുക്കാനും സഹായിക്കാനും.
