സൂറ: ഖസ്വസ്വ്, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24
അധ്യായം: 28, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
36. അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ‘ഇത് വ്യാജനിർമിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ പിതാക്കളിൽ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.’
37. മൂസാ പറഞ്ഞു: ‘തന്റെ പക്കൽനിന്ന് സൻമാർഗവും കൊണ്ട് വന്നിട്ടുള്ളവനാരെന്നും ഈ ലോകത്തിന്റെ പര്യവസാനം ആർക്ക് അനുകൂലമായിരിക്കുമെന്നും എന്റെ രക്ഷിതാവിന് നല്ലപോലെ അറിയാം. അക്രമികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച.’
38. ഫിർഔൻ പറഞ്ഞു: ‘പ്രമുഖൻമാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങൾക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീർച്ചയായും അവൻ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാൻ വിചാരിക്കുന്നത്.’
39. അവനും അവന്റെ സൈന്യങ്ങളും ഭൂമിയിൽ അന്യായമായി അഹങ്കരിക്കുകയും നമ്മുടെ അടുക്കലേക്ക് അവർ മടക്കപ്പെടുകയില്ലെന്ന് അവർ വിചാരിക്കുകയും ചെയ്തു.
40. അതിനാൽ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലിൽ എറിഞ്ഞ് കളഞ്ഞു. അപ്പോൾ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ.
41. അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കൻമാരാക്കി. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കൊരു സഹായവും നൽകപ്പെടുന്നതല്ല.
42. ഈ ഐഹികജീവിതത്തിൽ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

36) അങ്ങനെ മൂസാ(അ) തന്റെ രക്ഷിതാവിന്റെ സന്ദേശവുമായി പോയി. (അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുക്കൽ ചെന്നപ്പോൾ) മൂസാ(അ) അവരോട് പറഞ്ഞതിനെ തെളിയിക്കുന്ന നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോൾ; അതിൽ യാതൊരു കുറവും അവ്യക്തയും കൂടാതെ. അന്യായമായും ധിക്കാരപരമായും ദുശ്ശാഠ്യത്തോടെയും (അവർ പറഞ്ഞു: ഇത് വ്യാജനിർമിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല) അസത്യം ഇല്ലാതാവുകയും അസത്യത്തിനു മേൽ സത്യം വിജയിക്കുകയും സത്യം വെളിവാവുകയും ചെയ്തപ്പോൾ ഫിർഔൻ പറഞ്ഞത് പോലെ. സത്യത്തിന്റെ നിജസ്ഥിതി അറിയുന്ന നേതാക്കളും അദ്ദേഹത്തെ പിന്തുണച്ചു.
إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ ۖ
“അദ്ദേഹം നിങ്ങളെ സിഹ്ർ പഠിപ്പിച്ച നിങ്ങളുടെ നേതാവാണ്’’ (ത്വാഹാ: 71).
ബുദ്ധിമാനാണെങ്കിലും നല്ല മനസ്സില്ലാത്തവനാണ് ഫിർഔൻ. അല്ലാഹു പുറഞ്ഞതുപോലെ കുതന്ത്രത്തിലും വഞ്ചനയിലും അഗ്രഗണ്യനാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അധിപനല്ലാത്ത മറ്റാരും ഈ അത്ഭുത ദൃഷ്ടാന്തങ്ങൾ ഇറക്കുകയില്ലെന്ന് അവനറിയാമായിരുന്നു. പക്ഷേ, അവന്റെ വിധി അവനെ പിടികൂടി. അവനത് അംഗീകരിക്കാൻ ഭാഗ്യമുണ്ടായില്ല. (നമ്മുടെ പൂർവ പിതാക്കളിൽ ഇങ്ങനെയൊരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടില്ല) അവർ കള്ളം പറയുകയാണ്. തീർച്ചയായും അല്ലാഹു മൂസാക്കു മുമ്പ് യൂസുഫ് നബി (അ) യെ അയച്ചിട്ടുണ്ട്.
وَلَقَدْ جَاءَكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءَكُم بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّهُ مِن بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ
“വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോൾ അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോൾ ഇദ്ദേഹത്തിന് ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ലെന്ന് നിങ്ങൾ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു’’ (40:34).
37) താൻ കൊണ്ടുവന്നത് ജാലവിദ്യയും വഴികേടുമാണെന്നും അവർ പിന്തുടരുന്നത് യഥാർഥ മാർഗദർശനവുമാണെന്ന് അവകാശപ്പെട്ടപ്പോൾ (മൂസാ പറഞ്ഞു: തന്റെ പക്കൽനിന്ന് സന്മാർഗവും കൊണ്ട് വന്നിട്ടുള്ളവനാണെന്നും ഈ ലോകത്തിന്റെ പര്യവസാനം ആർക്ക് അനുകൂലമായിരിക്കുമെന്നും എ
ന്റെ രക്ഷിതാവിന് നല്ലതുപോലെ അറിയാം) നിങ്ങളുമായുള്ള എന്റെ കൂടിക്കാഴ്ചയും വ്യക്തമായ തെളിവുകൾ അവതരിപ്പിക്കുന്നതും ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. മാത്രവുമല്ല, വഴികേടിൽ അതിരുവിടുകയും അവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും കൂടി ചെയ്യുന്നു. അതാണ് അല്ലാഹു പറഞ്ഞത്; ആരാണ് സന്മാർഗം പ്രാപിക്കുന്നതെന്നും അല്ലാത്തതെന്നും, ആരുടെ അന്ത്യം നല്ലതായിരിക്കുമെന്നും അല്ലാഹുവിന് നന്നായി അറിയാം എന്ന്. അതായത്, നിങ്ങളോ ഞങ്ങളോ? (അക്രമികൾ വിജയം പ്രാപിക്കുകയില്ല) നല്ല പര്യവസാനം മൂസാക്കും അനുചരന്മാർക്കുമുള്ളതാണ്. അതായത്, വിജയം. ഇക്കൂട്ടർക്കാകട്ടെ നഷ്ടവും നാശവും ചീത്ത പര്യവസാനവും.
38) തന്റെ രക്ഷിതാവിനെ എതിർക്കാൻ ധൈര്യം കാണിച്ചും തന്റെ ജനതയെ വിഡ്ഢികളായി കണ്ടും (ഫിർഔൻ പറഞ്ഞു: പ്രമുഖന്മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങൾക്കുള്ളതായി ഞാനറിഞ്ഞിട്ടില്ല) അതായത്, നിങ്ങൾക്ക് ആരാധ്യനായി ഞാൻ മാത്രമേയുള്ളൂ. അവിടെ മറ്റുവല്ല ആരാധ്യന്മാരുമുണ്ടെങ്കിൽ അത് ഞാനറിയും. ഇവിടെ ഫിർഔനിന്റെ ‘സൂക്ഷ്മത’ നിങ്ങൾ നോക്കൂ! ഞാനല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനില്ല എന്നല്ല ഫിർഔൻ പറഞ്ഞത്. മറിച്ച് ഞാനല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുള്ളതായി ‘എനിക്കറിയില്ല’ എന്നാണ്. അവർക്കവൻ ഒരു ശ്രേഷ്ഠപണ്ഡിതനാണ്. അവൻ എന്തു പറഞ്ഞാലും അവർക്കത് സത്യമാണ്. അവൻ കൽപിക്കുന്നതെന്തും അവർ അനുസരിക്കും. മറ്റൊരു ആരാധ്യനില്ലെന്ന് അവൻ പറഞ്ഞപ്പോൾ മറ്റൊരു ആരാധ്യൻ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് സ്ഥിരീകരിക്കാനാണ് അവന്റെ ശ്രമം. അങ്ങനെ അവൻ ഹാമാനോട് പറഞ്ഞു: (അതുകൊണ്ട് ഹാമാനേ, എനിക്ക് വേണ്ടി കളിമണ്ണുകൊണ്ട് ചുട്ടെടുക്കൂ) കളിമണ്ണ് കൊണ്ടുള്ള ഇഷ്ടിക ഉണ്ടാക്കുക. (എന്നിട്ട് എനിക്ക് നീ ഒരു ഉന്നതസൗധം ഉണ്ടാക്കിത്തരിക) അതായത്, ഉയർന്ന കെട്ടിടം. (മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീർച്ചയായും അവൻ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാൻ വിചാരിക്കുന്നത്) ഇത് ശരിയാണെന്ന് ഞാൻ നിങ്ങളെ ബോധ്യപ്പെടുത്താം. മൂസായുടെ കളവ് ഞാൻ കാണിച്ചുതരികയും ചെയ്യാം. അല്ലാഹുവിനെതിരെ എത്ര വലിയ ധിക്കാരത്തിനാണ് അവൻ ധൈര്യം കാണിച്ചത്! ഒരു മനുഷ്യനും ധൈര്യപ്പെടാത്തത്! മൂസായെ കളവാക്കി, ദൈവമാണെന്ന് വാദിച്ചു. മൂസായുടെ ദൈവത്തെ കണ്ടെത്താൻ സൗകര്യങ്ങൾ ഉണ്ടാക്കാൻ കൽപിച്ചു. ഇതെല്ലാം കബളിപ്പിക്കലാണ്. എന്നാൽ അത്ഭുതം! ഫിർഔനിന്റെ ഭരണകൂടത്തിലെ പ്രമുഖരെന്ന് വാദിക്കുന്ന, കാര്യങ്ങളുടെ നിയന്താക്കളെന്ന് അവകാശപ്പെടുന്ന ഇവരെ എത്രത്തോളം ഫിർഔൻ വിഡ്ഢികളാക്കുന്നു! അവരെ വിവേകമില്ലാത്തവരായി കാണുന്നു. അവരുടെ സ്വഭാവങ്ങളിൽ ആഴത്തിൽ വേരൂന്നിയ ദുഷ്പ്രവൃത്തികളാണ് ഇതിന്റെ അടിസ്ഥാനം. അവരുടെ മതപരമായ കാഴ്ചപ്പാടുകളിൽ തകരാർ സംഭവിച്ചു. അതവരുടെ ബുദ്ധികളെയും ബാധിച്ചു. അല്ലാഹു നമ്മെ ഈമാനിൽ ഉറപ്പിച്ചുനിർത്തട്ടെ. സന്മാർഗം ലഭിച്ചശേഷം മനസ്സുകളെ തെറ്റിക്കാതിരിക്കട്ടെ. ഞങ്ങൾക്ക് നീ അനുഗ്രഹം നൽകേണമേ. നീ അത്യധികമായി നൽകുന്നവനാണല്ലോ.
39) അല്ലാഹു പറഞ്ഞു: (അവനും അവന്റെ സൈന്യങ്ങളും ഭൂമിയിൽ അന്യായമായി അഹങ്കരിച്ചു) അല്ലാഹുവിന്റെ അടിമകളോട് അവൻ ധിക്കാരത്തോടെ പെരുമാറി. അവർ അവരെ കഠിനമായി പീഡിപ്പിച്ചു. അല്ലാഹുവിന്റെ ദൂതന്മാരോടും അവർ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളോടും അവർ നിഷേധം കാണിച്ചു. അവർ കൊണ്ടുവന്നതിനെക്കാൾ എത്രയോ നല്ലതിലാണ് അവർ നിലകൊള്ളുന്നതെന്ന് വാദിച്ചു. (നമ്മുടെ അടുക്കലേക്ക് അവർ മടക്കപ്പെടുകയില്ലെന്ന് അവർ വിചാരിച്ചു). അതാണവരുടെ ധൈര്യം. അതല്ല, അവർ മടക്കപ്പെടുമെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും അവരിൽ നിന്നുണ്ടാവില്ല.
40) (അതിനാൽ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി) അവർ പിടിവാശിയിലും അതിക്രമത്തിലും ഉറച്ചുനിന്നപ്പോൾ. (നാം അവരെ കടലിൽ എറിഞ്ഞുകളഞ്ഞു. അപ്പോൾ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ) ശിക്ഷകളിൽ ഏറ്റവും മോശമായത് അവർക്കു വന്നു. ഏറ്റവും വലിയ പരാജിതരും ഇവർതന്നെ. ഇഹലോകത്ത് അവർക്ക് ശിക്ഷ നൽകി. പരലോകത്തും ശിക്ഷ തുടരും.
41) (അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കി) അതായത്, ഫിർഔനിനെയും അവന്റെ പ്രമാണികളെയും നാം പിന്തുടരപ്പെടുന്ന നേതാക്കളാക്കി. അതെ, അവർക്ക് പിന്നിൽ പോകുന്നവർ നഷ്ടത്തിന്റെയും അപമാനത്തിന്റെയും ഭവനത്തിലാണ് എത്തുന്നത്. (ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കൊരു സഹായവും നൽകപ്പെടുന്നതല്ല) അല്ലാഹുവിന്റെ ശിക്ഷയിൽനിന്നും. അത് തടയാൻ അവർ ദുർബലരായിരിക്കും. അല്ലാഹുവിന് പുറമെ അവർക്ക് ഒരു സഹായിയോ രക്ഷകനോ ഇല്ല.
42) (ഈ ഐഹിക ജീവിതത്തിൽ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു). അതായത്, ഈ ലോകത്തിലെ ശിക്ഷക്കും അപമാനത്തിനും പുറമെ അധിക ശിക്ഷയായി ഒരു ശാപവും നാം അവർക്ക് നിശ്ചയിച്ചു. അതിനാൽ ജനങ്ങളുടെ അടുക്കൽ അവർക്ക് ദുഷ്‌കീർത്തിയും വെറുപ്പും ഉണ്ടായി. ഇത് വ്യക്തമായ ഒരു കാര്യമാണ്. ഈ ലോകത്ത് അവർ ശപിക്കപ്പെട്ടവരുടെ നേതാക്കളാണ്. അവരിൽ പ്രധാനികളാണ്. (ഉയിർത്തെഴുന്നേൽപ് നാളിൽ അവർ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും). നിന്ദിക്കപ്പെട്ടവരുടെ കൂട്ടത്തിലും. അകറ്റി നിർത്തപ്പെട്ടവർ, അല്ലാഹുവിന്റെയും ജനങ്ങളുടെയും അവരുടെ തന്നെയും കോപം അവർക്കുണ്ട്.
(തുടരും)
