സൂറ: അഹ്സാബ്, ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

അധ്യായം: 33, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًۭا (٥٤) لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَـٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍۢ شَهِيدًا (٥٥) إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا (٥٦) إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَأَعَدَّ لَهُمْ عَذَابًۭا مُّهِينًۭا (٥٧) وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَـٰنًۭا وَإِثْمًۭا مُّبِينًۭا (٥٨) يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا (٥٩) ۞ لَّئِن لَّمْ يَنتَهِ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًۭا (٦٠) مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًۭا (٦١) سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا (٦٢)

54. നിങ്ങൾ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത് മറച്ചുവെക്കുകയാണെങ്കിലും തീർച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

55. ആ സ്ത്രീകൾക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രൻമാരുമായോ, സഹോദരൻമാരുമായോ, സഹോദരപുത്രൻമാരുമായോ, സഹോദരീ പുത്രൻമാരുമായോ, തങ്ങളുടെ കൂട്ടത്തിൽപെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

56. തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർഥിക്കുക.

57. അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കുവേണ്ടി അപമാനകരമായ ശിക്ഷ അവൻ ഒരുക്കിവെച്ചിട്ടുമുണ്ട്.

58. സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.

59. നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക; അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

60. കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും നുണ പ്രചരിപ്പിച്ച് മദീനയിൽ കുഴപ്പം ഇളക്കിവിടുന്നവരും (അതിൽനിന്ന്) വിരമിക്കാത്ത പക്ഷം അവർക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവർക്ക് നിന്റെ അയൽവാസികളായി അൽപം മാത്രമെ അവിടെ കഴിക്കാനൊക്കൂ.

61. അവർ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്യും.

62. മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

54) തുടർന്ന് അല്ലാഹു പറയുന്നു: (നിങ്ങൾ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും) അതായത് പരസ്യമാക്കുക. (അത് മറച്ചു വെക്കുകയാണെങ്കിലും, തീർച്ചായായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു) നിങ്ങളുടെ ഹൃദയത്തിലുള്ളതും പരസ്യമായുള്ളതും അവനറിയുകയും അതിനനുസരിച്ചുള്ള പ്രതിഫലം നൽകുകയും ചെയ്യും.

55) മറയ്ക്ക് പിന്നിൽ നിന്നല്ലാതെ ഒന്നും ചോദിക്കരുത് എന്ന് പറയുന്ന പ്രയോഗം എല്ലാവർക്കും പൊതുവായതാണ്. ഇവിടെ പരാമർശിക്കപ്പെട്ട ‘മഹ്‌റമുകൾ’ -വിവാഹം നിഷിദ്ധമാക്കപ്പെട്ടവർ- ഒഴികെ. (ആ സ്ത്രീകൾക്ക് കുറ്റമില്ല) ഇവരിൽനിന്നും സ്വീകരിക്കാതിരിക്കുന്നതിൽ; അതിൽ പിതൃസഹോദരന്മാരെയും മാതൃസഹോദരന്മാരെയും ഉൾപ്പെടുത്തിയിട്ടില്ല. കാരണം അമ്മായിമാരായ സഹോദരി-സഹോദരന്മാരുടെ മക്കൾക്ക് മുമ്പിൽ ഹിജാബ് ആവശ്യമില്ല; അവരെക്കാൾ മുതിർന്നവരാണെങ്കിലും. ഇതാണ് ഉചിതം. കാരണം മറ്റ് ആയത്തുകളിൽ പിതൃ, മാതൃ സഹോദരന്മാരുടെ കാര്യം വ്യക്തമായും പറഞ്ഞിട്ടുണ്ട്. (തങ്ങളുടെ കൂട്ടത്തിൽപെട്ട സ്ത്രീകളുമായോ) അതായത് അവർ തങ്ങളുടെ കൂടെയുളള മുസ്‌ലിം സ്ത്രീകളുടെ മുന്നിലും ഹിജാബ് ആചരിക്കേണ്ടതില്ല. ഇതിൽനിന്ന് ഇതര വിശ്വാസി സ്ത്രീകളെ ഒഴിവാക്കിയിട്ടുണ്ട്. പൊതുവെ സ്ത്രീകളെയാണ് ഉദ്ദേശിക്കുന്നത്. അതിനാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു മുമ്പിൽ ഹിജാബ് പാലിക്കേണ്ടതില്ല. (തങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിയവരുമായോ) പൂർണമായും അവളുടെ ഉടമസ്ഥതയിലായിരിക്കണം.

ഈ സന്ദർഭങ്ങളിൽ ഹിജാബ് ധരിക്കാത്തതിൽ കുറ്റമില്ലെന്ന് പറഞ്ഞ അല്ലാഹു എല്ലാ സാഹചര്യങ്ങളും അല്ലാഹുവിനെ അല്ലാഹുവിനെ ഭയപ്പെടേണ്ടതുണ്ടെന്നും അതിൽ മതപരമായി ഒരു തെറ്റു വരരുതെന്നും നിർദേശിക്കുന്നു. (നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക) എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവെ സൂക്ഷിക്കുക. (തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും സാക്ഷിയാണ്) പ്രത്യക്ഷവും മറഞ്ഞിരിക്കുന്നതുമായ എല്ലാ പ്രവർത്തികൾക്കും അവൻ സാക്ഷിയാണ്. അവൻ അവർ പറയുന്നത് കേൾക്കുകയും ചെയ്യുന്നത് കാണുകയും ചെയ്യുന്നു. അപ്പോൾ അതിനുള്ള പ്രതിഫലം അവൻ അവർക്ക് പൂർണമായി നൽകും.

56) ഇവിടെ അല്ലാഹുവിന്റെ ദൂതന്റെ പൂർണതയും ഉയർന്ന പദവിയും ഓർമപ്പെടുത്തുന്നു; അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികളുടെയും അടുക്കൽ അദ്ദേഹത്തിനുള്ള സ്ഥാനവും പ്രശസ്തിയും. (തീർച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേൽ കാരുണ്യം കാണിക്കുന്നു) പ്രവാചകനോടുള്ള സ്‌നേഹത്താൽ. ഉന്നതലോകത്തുവെച്ച്-അല്ലാഹു മലക്കുകൾക്കിടയിൽവെച്ച്-അദ്ദേഹത്തെ പുകഴ്ത്തുന്നു. അല്ലാഹുവിന്റെ അടുത്തവരായ മലക്കുകളും അദ്ദേഹത്തെ പുകഴ്ത്തുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു. (സത്യവിശ്വാസികളേ, നിങ്ങളും നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർഥിക്കുക) സത്യവിശ്വാസികളേ, നിങ്ങളും മലക്കുകളെ പിൻപറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ മേൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുക. നിങ്ങളോട് ചെയ്ത ചില കടമകൾക്കുള്ള പ്രതിഫലമായി, വിശ്വാസത്തിന്റെ പൂർത്തീകരണമായി, ആദരവും ബഹുമാനവും സ്‌നേഹവുമായി; നന്മ വർധിക്കാനും പാപങ്ങൾ പൊറുത്ത് കിട്ടാനും. ഏറ്റവും നല്ല സ്വലാത്തിന്റെ രൂപം നബിﷺ സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തതാണ്:

اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ وَبَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا بَارَكْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

ഈ സ്വലാത്ത് എല്ലാ സമയത്തും നിർവഹിക്കണം. നമസ്‌കാരത്തിൽ ഇത് നിർബന്ധമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

57) പ്രവാചകനെ ബഹുമാനിക്കാനും അദ്ദേഹത്തിന്റെ മേൽ സ്വലാത്ത് ചൊല്ലാനും നിർദേശിച്ചപ്പോൾതന്നെ അദ്ദേഹത്തിന് ദ്രോഹം ചെയ്യുന്നത് വിരോധിക്കുകയും അതിൽ താക്കീത് ചെയ്യുകയും ചെയ്തു. (അല്ലാഹുവെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരാരോ അവർ) വാക്കിലോ പ്രവൃത്തിയിലോ അദ്ദേഹത്തെയോ മതത്തെയോ ആക്ഷേപിക്കുക, അല്ലെങ്കിൽ അദ്ദേഹത്തിന് ദ്രോഹമുണ്ടാകുന്ന എന്തെങ്കിലും ചെയ്യുക എന്നിങ്ങനെയുള്ള എല്ലാത്തരം കുറ്റങ്ങളും ഇതിൽ ഉൾപ്പെടും. (അവർക്കുവേണ്ടി അപമാനകരമായ ശിക്ഷ അവൻ ഒരുക്കിവെച്ചിട്ടുണ്ട്) അവർ ചെയ്ത ദ്രോഹത്തിന് നിന്ദ്യമായ ശിക്ഷകൊണ്ട് അവരും ദ്രോഹിക്കപ്പെടും. പ്രവാചകനെ ദ്രോഹിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കുന്നപോലെയല്ല. പ്രവാചകനിൽ വിശ്വസിക്കാതെ ഒരാൾക്ക് അല്ലാഹുവിൽ വിശ്വസിക്കുക സാധ്യമല്ല. അദ്ദേഹത്തെ ബഹുമാനിക്കൽ വിശ്വാസപരമായ നിർബന്ധ കാര്യമാണ്. അതിൽനിന്നു തന്നെ മനസ്സിലാക്കാം, അദ്ദേഹം മറ്റുള്ളവരെപ്പോലെയല്ല എന്ന്.

58) വിശ്വാസികളെ ഉപദ്രവിക്കലും വലിയ തെറ്റാണ്. അവ രണ്ടിന്റെയും കുറ്റവും വലുതാണ്. അതാണ് അല്ലാഹു പറഞ്ഞത്: (സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവർ യാതൊന്നും ചെയ്യാതിരിക്കെ ആക്ഷേപിക്കുന്നവരാരോ) അതായത്, അവരെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ;ഒരു കുറ്റവും കൂടാതെ, (അപവാദത്തിന്റെ കുറ്റം അവർ വഹിക്കും) കാരണം, യാതൊരു കാരണവുമില്ലാതെ അവരെ അപകീർത്തിപ്പെടുത്തി. അല്ലാഹു പരിപാവനമാക്കിയതിനെ അവർ ലംഘിച്ചു. ഉന്നതനായാലും സത്യവിശ്വാസികളെ ആക്ഷേപിക്കുന്നവൻ ശിക്ഷിക്കപ്പെടണം. സ്വഹാബത്തിനെ ആക്ഷേപിക്കുന്നവരാകട്ടെ അതിനെക്കാൾ ശിക്ഷിക്കപ്പെടേണ്ടതാണ്. പണ്ഡിതൻമാരെയും ദീനിന്റെ ആളുകളെയും ചീത്ത പറയുന്നതാകട്ടെ മറ്റുള്ളവരെ പറയുന്നതിനെക്കാൾ ഗുരുതരമാണ്.

59) ഈ വചനത്തെയാണ് ഹിജാബിന്റെ ആയത്ത് എന്ന് പറയുന്നത്. സ്ത്രീകളോട് പൊതുവായി കൽപിക്കാൻ അദ്ദേഹത്തോട് പറയുന്നു. തന്റെ പെൺമക്കളിൽനിന്നും ഭാര്യമാരിൽനിന്നും ആരംഭിക്കാൻ നിർദേശിക്കുന്നു. മറ്റുള്ളവരെക്കാൾ പ്രധാനമാണ് അവർക്കിത്. മറ്റുള്ളവരോട് കൽപിക്കുന്നതിനു മുമ്പ് തന്റെ കുടുംബത്തോട് ആദ്യം കൽപിക്കണം.

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയിൽനിന്ന് നിങ്ങൾ കാത്ത് രക്ഷിക്കുക...’’ (66:6).

(അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക) ശിരോവസ്ത്രം, മേൽവസ്ത്രം മുതലായവയ്ക്ക് മുകളിൽ ധരിക്കുന്ന ഒരു പുറംവസ്ത്രമാണ് ‘ജിൽബാബ്.’ സ്ത്രീകൾ മുഖവും മാറും മറക്കണം. തുടർന്ന് അതിന്റെ യുക്തി വിശദീകരിക്കുന്നു. (അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്). ഹിജാബ് സ്വീകരിച്ചില്ലെങ്കിൽ അവർ ഉപദ്രവിക്കപ്പെടാം എന്നർഥം. ധരിച്ചില്ലെങ്കിൽ അവർ പരിശുദ്ധകളല്ലെന്ന് വിചാരിക്കപ്പെടാം. അപ്പോൾ ഹൃദയത്തിൽ രോഗമുള്ള പുരുഷന്മാർ അവരെ ശല്യപ്പെടുത്തും. അവർ അടിമസ്ത്രീകളാണെന്ന് കരുതി അവരെ സ്വാർഥമായി കാണുകയും ചെയ്‌തേക്കാം. അവർ അടിമകളാണെന്ന് വിചാരിക്കുകയും ദുരന്തങ്ങൾക്ക് സാധ്യതയേറുകയും ചെയ്യാം. ആഗ്രഹം തോന്നുന്നവരെ തടയാനുള്ള ഒരു മാർഗമാണ് ഹിജാബ്. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) നിങ്ങൾ മുൻകാലങ്ങളിൽ ചെയ്തത് അവൻ നിങ്ങൾക്ക് പൊറുത്ത് തന്നിരിക്കുന്നു. നിയമാനുസൃതവും നിഷിദ്ധമായതും ഏതാണെന്ന് വ്യക്തമാക്കിക്കൊണ്ടും മതവിധികൾ വിശദീകരിച്ചുകൊണ്ടും അവൻ നിങ്ങളോട് കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഈ വിധികൾ സ്ത്രീകൾക്ക് ഉപദ്രവം വരുന്ന വഴികളെ തടയുന്നു.

60-61) ദുഷ്പ്രവൃത്തി ചെയ്യുന്നവരെ അല്ലാഹു താക്കീത് ചെയ്യുന്നു. (കപട വിശ്വാസികളും തങ്ങളുടെ ഹൃദയത്തിൽ രോഗമുള്ളവരും വിരമിക്കാത്തപക്ഷം) സംശയത്തിന്റെയും ആഗ്രഹത്തിന്റെയും രോഗം (നുണപ്രചരിപ്പിച്ച് മദീനയിൽ കുഴപ്പമുണ്ടാക്കുന്നവരും) ശത്രുവിനെ ഭയപ്പെടുത്താൻ കിംവദന്തികൾ പ്രചരിപ്പിക്കുന്നവരും. ശത്രുവിന്റെ ബാഹുല്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും മുസ്‌ലിംകളുടെ ദൗർബല്യത്തെക്കുറിച്ചും സംസാരിക്കുന്നവരാണവർ. അവർ വിരമിക്കേണ്ട ദുഷ്പ്രവർത്തി ഏതാണെന്ന് പരാമർശിക്കുന്നില്ല. ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും അപകീർത്തിപ്പെടുത്തുക, മുസ്‌ലിംകളെ ഭയപ്പെടുത്തുക, അവരുടെ ദൃഢനിശ്ചയം തകർക്കുക, വിശ്വാസികളായ സ്ത്രീകളോട് മോശമായി സംസാരിക്കുക, പാപങ്ങൾ ആരോപിക്കുക എന്നിങ്ങനെ തിൻമയിലേക്ക് വിളിക്കുന്ന അവരുടെ മനസ്സിലുള്ള എല്ലാ ചിന്തകളും ഇതിൽ ഉൾപ്പെടുന്നു.

(നിന്നെ നാം തിരിച്ചു വിടുക തന്നെ ചെയ്യും) അതായത് അവരെ ശിക്ഷിക്കാനും അവരോട് യുദ്ധം ചെയ്യാനും നാം നിങ്ങളോട് നിർദേശിക്കും. അവരുടെ മേൽ നാം നിങ്ങൾക്ക് അധികാരം നൽകും. അങ്ങനെ നാം ചെയ്താൽ അവർക്ക് നിങ്ങളോട് എതിർത്ത് നിൽക്കാനാവില്ല. അവർക്ക് ശക്തിയും സംരക്ഷണവും ഉണ്ടാവില്ല. അതിനാൽ അല്ലാഹു പറയുന്നു. (പിന്നെ അവർക്ക് നിന്റെ അയൽവാസികളായി അൽപം മാത്രമെ അവിടെ കഴിയാനാകൂ) അപ്പോൾ അവർ മദീനയിൽ അധിക നാൾ ഉണ്ടാകില്ല. അതായത് മദീനയിൽ അധികനാൾ നിൽക്കില്ല. കാരണം നിങ്ങൾ കൊല്ലുകയോ നാട് കടത്തുകയോ ചെയ്യും. മുസ്‌ലിംകൾക്കിടയിൽ താമസിച്ചു ദ്രോഹം വരുത്തുന്ന ദുഷ്പ്രവൃത്തിക്കാരെ പുറത്താക്കുന്നത് അവരുടെ തിൻമ അവസാനിപ്പിക്കാനും അതിൽ നിന്ന് മുസ്‌ലിംകളെ രക്ഷിക്കാനും നല്ലതാണ്.

(അവർ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്യും) കണ്ടെത്തുന്നിടത്ത് നിന്നെല്ലാം നാട് കടത്തണം. അവർക്ക് സുരക്ഷിതത്വമോ സ്ഥിരതാമസമോ തോന്നരുത്. തങ്ങൾ കൊല്ലപ്പെടുകയോ തടങ്കലിൽ വെക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുമെന്ന് അവർ ഭയപ്പെടണം അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടു.

62) (മുമ്പ് കഴിഞ്ഞ് പോയവരുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ചു അതേ നടപടിക്രമം തന്നെ) പാപത്തിൽ ഉറച്ച് നിൽക്കുകയും കുറ്റം ചെയ്യാനുള്ള ചങ്കുറ്റം കാണിക്കുകയും അതിൽ നിന്ന് പിൻമാറാതിരിക്കുകയും ചെയ്യുന്നവർ കഠിനമായി ശിക്ഷിക്കപ്പെടും. (അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല). മറിച്ച്, ഇത് അല്ലാഹുവിന്റെ സാധാരണ മാർഗമാണ്. അത് കാര്യകാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.