സൂറ: അൻകബൂത്ത്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27
അധ്യായം: 29, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
36. മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്.’
37. അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാൽ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ വീണടിഞ്ഞവരായിത്തീർന്നു.
38. ആദ്, സമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി). അവരുടെ വാസസ്ഥലങ്ങളിൽനിന്ന് നിങ്ങൾക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവർക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാർഗത്തിൽനിന്ന് തടയുകയും ചെയ്തു. (വാസ്തവത്തിൽ) അവർ കണ്ടറിയുവാൻ കഴിവുള്ളരായിരുന്നു.
39. ഖാറൂനെയും ഫിർഔനെയും ഹാമാനെയും (നാം നശിപ്പിച്ചു). വ്യക്തമായ തെളിവുകളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോൾ അവർ നാട്ടിൽ അഹങ്കരിച്ച് നടന്നു. അവർ (നമ്മെ) മറികടക്കുന്നവരായില്ല.
40. അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരിൽ ചിലരുടെ നേരെ നാം ചരൽക്കാറ്റ് അയക്കുകയാണ് ചെയ്തത്. അവരിൽ ചിലരെ ഘോരശബ്ദം പിടികൂടി. അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അവരിൽ ചിലരെ നാം മുക്കിനശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷേ, അവർ അവരോടുതന്നെ അക്രമം ചെയ്യുകയായിരുന്നു.
41. അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടെത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായത് എട്ടുകാലിയുടെ വീടു തന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ!
42. തനിക്ക് പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്ന ഏതൊരു വസ്തുവെയും തീർച്ചയായും അല്ലാഹു അറിയുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും.

43) (ഈ ഉപമകൾ നാം മനുഷ്യർക്ക് വേണ്ടി വിവരിക്കുകയാണ്) മനുഷ്യരാശിയുടെ നൻമക്കും അവരെ പഠിപ്പിക്കുന്നതിനും വേണ്ടി അവതരിപ്പിച്ച ഉപമകൾ. കാരണം അവ അറിവ് വിശദീകരിക്കാനുള്ള വഴികളാണ്. അത് ആശയപരമായ കാര്യങ്ങളെ സ്പഷ്ടമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുന്നു. ആ താരതമ്യം കാരണം ഉദ്ദേശിച്ച അർഥം വ്യക്തമാകും. അതിനാൽ ഇതിന്റെ ഗുണം എല്ലാ ജനങ്ങൾക്കും ലഭിക്കുന്നു. (അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുന്നില്ല) എന്നാൽ ഈ ഉപമകളിലെ ആശയം മനസ്സിലാക്കുക എന്ന നിലയ്ക്ക് ആരും അതിനെ കാണുന്നില്ല. (അറിവുള്ളവരല്ലാതെ) അതായത് യഥാർഥ അറിവുള്ള ആളുകൾ; അറിവ് ഹൃദയത്തിൽ എത്തിയിട്ടുള്ളവൻ.
അവൻ നൽകുന്ന ഉപമകൾക്കുള്ള പ്രശംസയാണിത്. അവയെക്കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. ഇത്തരക്കാരാണ് അറിവുള്ളവർ എന്നത് ഇതിന് തെളിവാണ്. അങ്ങനെ മനസ്സിലാക്കാത്തവർ അറിവുള്ളവരല്ല. അതിന്റെ കാരണം, ക്വുർആനിൽ അല്ലാഹു നൽകുന്ന ഉപമകൾ പ്രധാന വിഷയങ്ങളിലും ഉന്നത ലക്ഷ്യങ്ങൾക്കും വേണ്ടിയുമാണ്, ഉദാത്തമായ ആശയങ്ങളിലുമാണ്. അറിവുള്ള ആളുകൾക്ക് മറ്റുള്ളവരെക്കാൾ പ്രാധാന്യം ഉണ്ടെന്നും മനസ്സിലാക്കാം. കാരണം അല്ലാഹു
അവരെ ഇവിടെ പ്രത്യേകം പരാമർശിച്ചു. അവയെക്കുറിച്ച് ചിന്തിക്കാനും അവയുടെ അർഥങ്ങൾ മനസ്സിലാക്കാനും പരമാവധി ശ്രമിക്കാൻ തന്റെ ദാസന്മാരെ അല്ലാഹു പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വളരെ പ്രാധാന്യമുള്ളതായിട്ടും അതിനെക്കുറിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാത്തവർ അറിവുള്ളവരല്ലെന്നും ഇവിടെ സൂചനയുണ്ട്. കാരണം ഇത്രമാത്രം സുപ്രധാനമായ വിഷയങ്ങൾ മനസ്സിലാക്കാത്തവർക്ക് മറ്റു കാര്യങ്ങൾ ഏതായാലും മനസ്സിലാകില്ല. അല്ലാഹു പറയുന്ന മിക്ക ഉപമകളും മതത്തിന്റെ അടിസ്ഥാന കാര്യങ്ങളുമായും മറ്റ് സുപ്രധാന കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
44) ആകാശങ്ങളെ സൃഷ്ടിച്ചതും അവൻ മാത്രമാണ്. അതായത് ഉയരവും വിശാലതയും സൗന്ദര്യവുമുള്ള ആകാശം. അതിലാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മലക്കുകളുമുള്ളത്. അവൻ ഭൂമിയെയും അതിൽ അടങ്ങിയിരിക്കുന്ന പർവതങ്ങൾ, കടലുകൾ, മരുഭൂമികൾ, മരങ്ങൾ തുടങ്ങിയവയെയുമെല്ലാം സൃഷ്ടിച്ചു. അതെല്ലാം ലക്ഷ്യത്തോടെയാണ് അവൻ സൃഷ്ടിച്ചത്. മറ്റൊരു നിലയ്ക്ക് പറഞ്ഞാൽ വെറുതെ സൃഷ്ടിച്ചതല്ല. അവന്റെ കൽപനകളും നിയമങ്ങളും സ്ഥാപിക്കപ്പെടാനും അവന്റെ ദാസന്മാർക്ക് അനുഗ്രഹം പൂർത്തിയാക്കിക്കൊടുക്കാനും അതിലൂടെ അവന്റെ യുക്തിജ്ഞാനം അവർ കാണുന്നു. അത് അവന്റെ ഏകത്വത്തിനും ആരാധ്യതക്കും അവൻ സ്‌നേഹിക്കപ്പെടേണ്ടവനാണെന്നതിനും ഇലാഹാണെന്നതിനുമുള്ള തെളിവുകൂടിയാണ്
45) ഈ മഹത്തായ ഗ്രന്ഥം പാരായണം ചെയ്യാൻ ഇവിടെ നിർദേശിക്കുന്നു. അത് പാരായണം ചെയ്യണം എന്ന് പറയുന്നതിലൂടെ അർഥമാക്കുന്നത് അതിനെ പിൻപറ്റുക, അത് അനുശാസിക്കുന്ന കാര്യങ്ങൾ അനുസരിക്കുക, അതിന്റെ വിരോധങ്ങൾ ഉപേക്ഷിക്കുക, അതിന്റെ മാർഗദർശനം സ്വീകരിക്കുക, അതിലെ വാക്യങ്ങൾ പാരായണം ചെയ്യുക എന്നിവയാണ്. അതിലെ വാക്കുകൾ ഉദ്ധരിക്കുക എന്നത് ഇവിടെ ഉദ്ദശിക്കപ്പെടുന്ന കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ്.
വേദഗ്രന്ഥം പാരായണം ചെയ്യുക എന്നതിന്റെ ഉദ്ദേശ്യങ്ങൾ ഇതെല്ലാമാണെങ്കിലും മതത്തിന്റെ മുഴുവനായ സംസ്ഥാപനവും അതിന്റെ ഭാഗമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (നമസ്‌കാരം മുറപോലെ നിർവഹിക്കുക) ഗ്രന്ഥപാരായണത്തിൽ നമസ്‌കാരം ഉൾപ്പെടുന്നുണ്ടെങ്കിലും അതിനെ പ്രത്യേകം എടുത്ത് പറയുന്നു. അത് അതിന്റെ മഹത്ത്വവും പ്രാധാന്യവും കൊണ്ടാണ്. അതിന് മനോഹരമായ ഫലങ്ങളുണ്ട്.
إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ
“തീർച്ചയായും നമസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമ്മത്തിൽനിന്നും തടയുന്നു.’’
ഒരാൾ ചെയ്യാൻ ആഗ്രഹിക്കുന്നതും മോശമായതും ഗുരുതരവുമായ തെറ്റുകളാണ് ‘ഫഹ്ശാഅ്.’ മനുഷ്യന്റെ ബുദ്ധിക്കും ശുദ്ധപ്രകൃതിക്കും അംഗീകരിക്കാനാവാത്തതാണ് ‘മുൻകർ.’ നമസ്‌കാരം ഒരാളെ അശ്ലീലതയിൽനിന്നും തിൻമയിൽനിന്നും അകറ്റി നിർത്താനുള്ള വഴി; അയാൾ നമസ്‌കരിക്കുമ്പോൾ അതിന്റെ പ്രധാന ഭാഗങ്ങളും വ്യവസ്ഥകളും ഭക്തിയും പാലിക്കണം എന്നതാണ്. ശരിയായ ഭക്തിയോടെ നമസ്‌കാരം നിർവഹിക്കുമ്പോൾ അത് അവന്റെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും ശുദ്ധീകരിക്കുകയും അവനിൽ വിശ്വാസം വർധിപ്പിക്കുകയും നൻമ ചെയ്യാനുള്ള ആഗ്രഹം ശക്തിപ്പെടുകയും ചെയ്യും. തിൻമക്കുള്ള ആഗ്രഹം കുറയും. പതിവായി നമസ്‌കരിക്കുകയും ശരിയായ രീതിയിൽ നമസ്‌കരിക്കുന്നതിൽ കണിശത കാണിക്കുകയും ചെയ്യുമ്പോൾ അനിവാര്യമായും അത് അശ്ലീലതയിൽനിന്നും തിൻമയിൽ നിന്നും അകറ്റിനിർത്തുന്നു. നമസ്‌കാരത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ ഒന്നാണിത്. നമസ്‌കാരത്തിന്റെ മറ്റൊരു ലക്ഷ്യം ഇതിനെക്കാളും വലുതാണ്. നമസ്‌കാരത്തിൽ ഹൃദയത്തിലും വാക്കിലും അല്ലാഹുവിനെ സ്മരിക്കുക എന്നതാണത്.
അല്ലാഹു മനുഷ്യരാശിയെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി മാത്രമാണ്. ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മഹത്തായ ആരാധന നമസ്‌കാരമാണ്. കാരണം അതിൽ എല്ലാ അവയവങ്ങളും ആരാധനയിൽ പങ്കെടുക്കുന്നു. അത് മറ്റ് ആരാധനകളിൽ ഇല്ല.
وَلَذِكْرُ اللَّهِ أَكْبَرُ ۗ
“അല്ലാഹുവിനെ ഓർമിക്കുക എന്നത് മഹത്തായ കാര്യം തന്നെയാകുന്നു.’’
നമസ്‌കരിക്കാൻ കൽപിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തപ്പോൾ അല്ലാഹു അറിയിക്കുന്നത് നമസ്‌കരിക്കാത്ത സമയത്ത് നടത്തുന്ന സ്മരണയാണ് വലുത്, നമസ്‌കാരത്തിലുള്ള സ്മരണയെക്കാൾ എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും പറഞ്ഞത്. ആദ്യത്തെതാണ് കുറച്ചുകൂടി നല്ല വ്യാഖ്യാനം. അതായത്, നമസ്‌കാരം അതല്ലാതെ നടത്തുന്ന സ്മരണയെക്കാൾ ഉത്തമമായതാണ്. കാരണം ഏറ്റവും വലിയ സ്മരണയാണല്ലോ നമസ്‌കാരം. (നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു) നന്മയായാലും തിന്മയായാലും അതിനവൻ പ്രതിഫലം തരും; പൂർണമായ പ്രതിഫലം.
46) വേദക്കാരോട് തർക്കിക്കുന്നതിനെ വിരോധിക്കുകയാണ് അല്ലാഹു ഇവിടെ. പ്രത്യേകിച്ചും ആ തർക്കം ഉൾക്കാഴ്ചയില്ലാതെയും നല്ല രീതിയിൽ അല്ലാതെയും ചെയ്യുമ്പോൾ. നല്ല നിലയ്ക്കല്ലാതെ വേദക്കാരോട് തർക്കിക്കരുത്. നല്ല സ്വഭാവത്തോടെയും സ്ഫുടതയോടെയും മൃദുലമായ വാക്കിലൂടെയും. സത്യത്തിലേക്ക് ക്ഷണിക്കുന്നതും അസത്യത്തെ എതിർക്കുന്നതും അതിന് അനുയോജ്യമായ വഴിയിലൂടെയാകണം. വെറും തർക്കമാകരുത് അതിന്റെ ലക്ഷ്യം. ജയിക്കാനുമാവരുത്. മറിച്ച് സത്യം മനസ്സിലാക്കിക്കൊടുക്കാനും ആളുകൾക്ക് സൻമാർഗം ലഭിക്കാനുമാകണം. (അക്രമം പ്രവർത്തിച്ചവരോടൊഴികെ) വേദക്കാരിൽപെട്ട, തർക്കമാണ് അവന്റെ ഉദ്ദേശ്യമെന്ന് മനസ്സിലായാൽ. അതായത് സത്യം കണ്ടെത്തണമെന്ന് അവന് താൽപര്യമില്ല. കുഴപ്പമുണ്ടാക്കാനും ജയിക്കാനും വേണ്ടി മാത്രമാണ് തർക്കിക്കുന്നതെങ്കിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം അതുകൊണ്ട് ഒന്നും നേടാനാവില്ല.
(നിങ്ങൾ അവരോട് പറയുക: ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ആരാധ്യനും നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു) വേദക്കാരുമായുള്ള നിങ്ങളുടെ തർക്കം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകട്ടെ. അതായത് നിങ്ങൾക്കും അവർക്കും ഇറക്കപ്പെട്ട വേദങ്ങളുടെ അടിസ്ഥാനത്തിലും നിങ്ങളുടെയും അവരുടെയും പ്രവാചകൻമാരിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും; ആരാധ്യൻ ഏകനാണെന്നതിന്റെയും. ദൈവിക വേദഗ്രന്ഥങ്ങളെയോ ഏതെങ്കിലും പ്രവാചകനെയോ വിമർശിക്കുന്ന തരത്തിൽ അവരുമായി നിങ്ങളുടെ തർക്കം രൂപപ്പെടരുത്; അറിവില്ലാത്തവർ തർക്കിക്കുമ്പോൾ ചെയ്യുന്നതു പോലെ. ഇത് അന്യായമാണ്. സംവാദത്തിന്റെ ശരിയായ മര്യാദകൾ പാലിക്കപ്പെടാത്ത രൂപമാണത്. ചെയ്യേണ്ടത് തന്റെ എതിരാളിയുടെ അസത്യവാദങ്ങളെ നിരാകരിക്കുകയും അയാൾ പറയുന്ന സത്യങ്ങളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ്. അവൻ സത്യനിഷേധിയാണെങ്കിൽ പോലും അവൻ പറയുന്ന സത്യം തള്ളിക്കളയരുത്.
മാത്രമല്ല ഇത്തരം സംവാദങ്ങൾ വേദക്കാരുമായി നടത്തുമ്പോൾ ക്വുർആനിനെയും അത് കൊണ്ടുവന്ന ദൂതനെയും അംഗീകരിക്കാൻ അവർ നിർബന്ധിതരാകും. കാരണം പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ഏകോപിക്കുന്ന മതത്തിന്റെ അടിസ്ഥാനങ്ങൾ പറയുമ്പോൾ രണ്ട് വിഭാഗത്തിന്റെയും മനസ്സിൽ സ്ഥാപിതമായ കാര്യങ്ങൾ അവർ വിശ്വസിക്കുന്നു. അതെല്ലാം മുൻ വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും ക്വുർആനും മുഹമ്മദ് നബിയും ഉൾപ്പെടെ എല്ലാവരും വിശദീകരിച്ചതാണ്. എല്ലാ വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കാൻ അവർ നിർബന്ധിതരാകും. ഇത് ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. എന്നാൽ ഒരാൾ ‘ഒരു പ്രത്യേക ഗ്രന്ഥത്തിൽ പറയുന്നതേ ഞങ്ങൾ വിശ്വസിക്കൂ, അല്ലാത്തതിൽ -അതാവട്ടെ മറ്റേ ഗ്രന്ഥത്തിൽ പറഞ്ഞത് സ്ഥിരീകരിക്കുന്നതാണ്- വിശ്വസിക്കില്ല എന്നു പറയുന്നത് അന്യായവും തെറ്റുമാണ്. ഇത് നിഷേധത്തിലേക്ക് നയിക്കും. തൗറാത്തിൽ വന്ന കാര്യങ്ങൾ പിന്നീട് ക്വുർആനിൽ വന്നത് ഒരാൾ നിരാകരിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന തൗറാത്തിലും അവൻ യഥാർഥത്തിൽ വശ്വസിക്കുന്നില്ല.
മാത്രമല്ല ഏതൊരു പ്രവാചകന്റെയും പ്രവാചകത്വത്തെ തെളിയിക്കാൻ കൊണ്ടുവരുന്ന ഏത് വാദങ്ങളും അതിന് സമാനമായതോ അതിനെക്കാൾ ശക്തമായതോ ആയ വാദങ്ങൾകൊണ്ട് മുഹമ്മദ് നബിﷺയുടെ പ്രവാചകത്വം സ്ഥാപിക്കപ്പെട്ടു. കൂടാതെ മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ മറ്റ് പ്രവാചകൻമാരുടെ പ്രചാകത്വത്തെയും ബാധിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ അത് നിരർഥകമാണെന്ന് തെളിഞ്ഞാൽ മുഹമ്മദ് നബിﷺയുടെ കാര്യത്തിൽ അത് കൂടുതൽ നിരർഥകമായിരിക്കും. (ഞങ്ങൾ അവന് കീഴ്‌പ്പെട്ടവരുമാകുന്നു) ഞങ്ങൾ അവന്റെ കൽപനക്ക് കീഴൊതുങ്ങുകയും വഴങ്ങുകയും ചെയ്യുന്നു. അവനിൽ വിശ്വസിക്കുകയും അവനെ ആരാധ്യനായി സ്വീകരിക്കുകയും ചെയ്യുന്നവർ അവന്റെ ഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുകയും അവന് കീഴ്‌പ്പെടുകയും അവന്റെ ദൂതൻമാരെ പിന്തുടരുകയും ചെയ്യുന്നവരാണ്. അവർ അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ വഴിയിൽ നിന്ന് തെറ്റിപ്പോകുന്നവർ നാശത്തിന് വിധേയരാണ്.
