സൂറ: സ്സജദ(സാംഷ്ടാംഗം), ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 മാർച്ച് 08, 1446 റമദാൻ 07
അധ്യായം: 32, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
6. അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണാനിധിയുമാകുന്നു അവൻ.
7. താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽനിന്ന് അവൻ ആരംഭിച്ചു.
8. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ നിന്ന് അവൻ ഉണ്ടാക്കി.
9. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനിൽ ഊതുകയും ചെയ്തു. നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ചു മാത്രമെ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.
10. അവർ (അവിശ്വാസികൾ) പറഞ്ഞു: ‘ഞങ്ങൾ ഭൂമിയിൽ ലയിച്ച് അപ്രത്യക്ഷരായാൽ പോലും ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?’ അല്ല, അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു.
11. (നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്.

6) (അവൻ) അതായത് ഈ മഹത്തായ സൃഷ്ടിപ്പുകൾ നടത്തിയവനും മഹത്തായ സിംഹാസനത്തിനു മീതെ ആരോഹണം ചെയ്തവനും. അവന്റെ സാമ്രാജ്യത്തിന്റെ നിയന്ത്രണം അവനൊറ്റക്കാണ് നിർവഹിക്കുന്നത്. (അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണ ചൊരിയുന്നവനുമാകുന്നു അവൻ) അവന്റെ വിപുലമായ അറിവ്, അവന്റെ ശക്തിയുടെ പൂർണത, അവന്റെ സർവത്ര കാരുണ്യം എന്നിവയിൽ അവൻ അവയെ സൃഷ്ടിച്ചു. അതിൽ എല്ലാവിധ നേട്ടങ്ങളും സന്നിവേശിപ്പിച്ചു. അതിനെ നിയന്ത്രിക്കാനും അതിന്റെ കാര്യങ്ങൾ ചെയ്യാനും അവന് ഒരു പ്രയാസവും ഉണ്ടായില്ല.
7) (താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ) അതായത്, അല്ലാഹു സൃഷ്ടിച്ചതെല്ലാം നന്നായി സൃഷ്ടിച്ചു. അതിന് അനുയോജ്യമായ രൂപം നൽകി. ഇത് എല്ലാ സൃഷ്ടികളെയും കുറിച്ചുള്ള പൊതുപ്രയോഗമാണ്. പിന്നെ മനുഷ്യനെ അവന്റെ മാന്യതയും മഹത്ത്വവും കാരണം പ്രത്യേകമാക്കി. എന്നിട്ടവൻ പറയുന്നു: (മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽനിന്ന് അവൻ ആരംഭിച്ചു) അത് മനുഷ്യപിതാവായ ആദം നബി(അ)യുടെ സൃഷ്ടിപ്പാണ്.
8) (പിന്നീട് അവന്റെ സന്തതിയെ അവനുണ്ടാക്കി) അതായത് ആദമിന്റെ സന്തതികൾ ഉണ്ടായത്. (നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽനിന്ന് അവനുണ്ടാക്കി) വൃത്തികെട്ടതും അപ്രാധാന്യവുമായി കണക്കാക്കപ്പെടുന്ന ബീജത്തിൽനിന്ന്.
9) (പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും) പിന്നെ അവൻ മാംസവും ഞരമ്പുകളും പേശികളും അവയവങ്ങളും കൊണ്ട് അവനെ രൂപപ്പെടുത്തി. ആ സൃഷ്ടിപ്പിനെ അവൻ നന്നാക്കി. ഓരോ അവയവത്തെയും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിച്ചു. മറ്റൊരു സ്ഥലവും അതിന് ഇതിനെക്കാൾ മികച്ചതായിരിക്കില്ല.
(തന്റെ വകയായുള്ള അത്മാവ് അവനിൽ ഊതുകയും ചെയ്തു) മലക്കിനെ അയച്ച് അവനുവേണ്ടി സൃഷ്ടിച്ച ആത്മാവിനെ അവനിൽ ഊതി. അല്ലാഹുവിന്റെ അനുമതിയാൽ അവൻ നീർജീവനായിരുന്നതിന് ശേഷം ജീവനുള്ളവനായി. (നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു) ഓരോരോ ഉപകാരം അവൻ നിങ്ങൾക്ക് ചെയ്ത് തന്നുകൊണ്ടിരുന്നു. (കുറച്ച് മാത്രമെ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ) നിങ്ങളെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവന്.
10) അതായത്, ഉയിർത്തെഴുന്നേൽപിൽ വിശ്വസിക്കാത്തവർ അതിവിദൂരമാണെന്ന നിലയ്ക്ക് പറയുന്നു. (നാം ഭൂമിയിൽ ലയിച്ച് അപ്രത്യക്ഷരായാൽ) അതായത് നാം ശിഥിലമാവുകയും നമ്മുടെ ശരീരാവശിഷ്ടങ്ങൾ ചിതറി അജ്ഞാത സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്താൽ നാം പുതുതായി സൃഷ്ടിക്കപ്പെടുമോ? അതായത്, നാം വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ? അവരുടെ വാദപ്രകാരം ഇത് അങ്ങേയറ്റം അസംഭവ്യമായ കാര്യമാണ്. അവർക്ക് സംഭവിച്ചത് അവർ സ്രഷ്ടാവിന്റെ കഴിവിനെ സൃഷ്ടികളുടെ കഴിവിനോട് സമാനപ്പെടുത്തിയതാണ്.
അവരുടെ ഈ വാക്കുകൾ സത്യമന്വേഷിക്കുന്നവരുടേതല്ല. മറിച്ച് ഇത് ധിക്കാരവും അക്രമവും തങ്ങളുടെ രക്ഷിതാവിന്റെ കണ്ടുമുട്ടുമെന്നതിനെ നിഷേധിക്കലുമാണ്. അല്ലാഹു പറയുന്നു: (അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു) ഈ പ്രസ്താവനയുടെ അടിസ്ഥാനവും ലക്ഷ്യവും വ്യക്തമാണ്. അവരുടെ ലക്ഷ്യം സത്യം കണ്ടെത്തലായിരുന്നുവെങ്കിൽ ക്വുർആൻ അവർക്ക് പകൽ വെളിച്ചം പോലെ വ്യക്തമായ തെളിവ് നൽകുമായിരുന്നു.
ശൂന്യതയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് അവർക്ക് അറിയാം. അവരെ വീണ്ടും സൃഷ്ടിക്കുന്നത് ആദ്യ സൃഷ്ടിപ്പിനെക്കാൾ എളുപ്പമാണ്. മറ്റൊരു തെളിവ് നിർജീവമായ ഭൂമിയാണ്. അല്ലാഹു അതിൽ മഴ പെയ്യിപ്പിക്കുകയും അതിന്റെ നിർജീവതയ്ക്കുശേഷം അതിനെ പുനരുജ്ജീവിപ്പിക്കുകയും ചിതറിയ വിത്തുകളിൽനിന്ന് സസ്യങ്ങൾ മുളപ്പിക്കുകയും ചെയ്യുന്നു.
(നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്) അതായത് ആളുകളുടെ ആത്മാവിനെ പിടിക്കാൻ അല്ലാഹു ഒരു മലക്കിനെ നിയോഗിച്ചിരിക്കുന്നു. അതിന് സഹായികളുണ്ട്. (പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതുമാണ്) അപ്പോൾ അവൻ നിങ്ങളുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകും. എന്നാൽ നിങ്ങൾ പുനരുദ്ധാനത്തെ നിഷേധിച്ചു. അതിനാൽ അല്ലാഹു നിങ്ങളെ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണുക.

