സൂറ: അൻകബൂത്ത്, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12
അധ്യായം: 29, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
29. നിങ്ങൾ കാമനിവൃത്തിക്കായി പുരുഷൻമാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽവെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നൽകുകയുണ്ടായില്ല; നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവർ പറഞ്ഞതല്ലാതെ.
30. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ.
31. നമ്മുടെ ദൂതൻമാർ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാർത്തയും കൊണ്ട് ചെന്നപ്പോൾ അവർ പറഞ്ഞു: തീർച്ചയായും ഞങ്ങൾ ഈ നാട്ടുകാരെ നശിപ്പിക്കാൻ പോകുന്നവരാകുന്നു. തീർച്ചയായും ഈ നാട്ടുകാർ അക്രമികളായിരിക്കുന്നു.
32. ഇബ്‌റാഹീം പറഞ്ഞു: ‘ലൂത്വ് അവിടെ ഉണ്ടല്ലോ.’ അവർ (ദൂതൻമാർ) പറഞ്ഞു: ‘അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും; അദ്ദേഹത്തിന്റെ ഭാര്യയൊഴികെ. അവൾ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.’
33. നമ്മുടെ ദൂതൻമാർ ലൂത്വിന്റെ അടുത്ത് ചെന്നപ്പോൾ അവരുടെ കാര്യത്തിൽ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തിൽ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവർ പറഞ്ഞു: ‘താങ്കൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും തീർച്ചയായും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്; താങ്കളുടെ ഭാര്യ ഒഴികെ. അവൾ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.
34. ഈ നാട്ടുകാരുടെ മേൽ അവർ ചെയ്തുകൊണ്ടിരുന്ന അധർമത്തിന്റെ ഫലമായി ആകാശത്തുനിന്ന് ഞങ്ങൾ ഒരു ശിക്ഷ ഇറക്കുന്നതാണ്.
35. തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്.

28-29) ലൂത്വിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നിയോഗിച്ചു. അല്ലാഹുവിൽ പങ്ക് ചേർക്കുന്നതോടൊപ്പം പുരുഷൻമാരുമായുള്ള അധാർമിക പ്രവർത്തനവും കൊള്ളയടിക്കലും അടക്കം അവരുടെ ഒത്തുചേരലുകളിൽ തിന്മകൾ നിറയുകയും ചെയ്തു. ഇതിനെക്കുറിച്ചെല്ലാം ലൂത്വ്(അ) അവരെ ഉപദേശിച്ചു. അതിലുള്ള തിന്മ അവർക്ക് വ്യക്തമാക്കി കൊടുക്കുകയും അതവരെ കഠിനമായ ശിക്ഷയിലേക്ക് നയിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ, അവർ പിന്മാറിയില്ല. അത് പരിഗണിച്ചതുമില്ല. (അപ്പോൾ അദ്ദേഹത്തിന്റെ ജനത മറുപടി ഒന്നും നൽകുകയുണ്ടായില്ല. നീ സത്യവാനാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവന്നു തരൂ എന്ന് അവർ പറഞ്ഞതല്ലാതെ).
30-35) അതിനാൽ അവരുടെ പ്രവാചകൻ അവരെ കുറിച്ച് നിരാശനാവുകയും അവർ ശിക്ഷക്ക് അർഹരാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അവരുടെ നിഷേധത്തിൽ അദ്ദേഹം അക്ഷമനാവുകയും അവർക്കെതിരെ പ്രാർഥിക്കുകയും ചെയ്തു. (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കേണമേ) അദ്ദേഹത്തിന്റെ പ്രാർഥനക്ക് അല്ലാഹു മറുപടി നൽകി. അവരെ നശിപ്പിക്കാൻ അവൻ മലക്കുകളെ അയച്ചു. ആ മലക്കുകൾ ഇബ്‌റാഹീം നബിയുടെ അരികിലൂടെയാണ് പോയത്. ഇസ്ഹാക്വിനെക്കുറിച്ചും ഇസ്ഹാഖിന് ശേഷം യഅ്ക്വൂബിനെക്കുറിച്ചും അവർ അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. തുടർന്ന് ഇബ്‌റാഹീം(അ) അവരോട് ചോദിച്ചു: ‘നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?’ ലൂത്വിന്റെ സമുദായത്തെ നശിപ്പിക്കാനാണെന്ന് അവർ അദ്ദേഹത്തെ അറിയിച്ചു. ഇബ്‌റാഹീം(അ) അവരോട് തർക്കിക്കാൻ തുടങ്ങി. അദ്ദേഹം പറയുകയും ചെയ്തു: (ലൂത്വ് അവിടെ ഉണ്ടല്ലോ!) അവർ പറഞ്ഞു: (അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. അവർ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും) അങ്ങനെ അവർ ലൂത്വിന്റെ അടുക്കലെത്തി. അവരുടെ വരവിൽ എന്തോ തകരാറ് അദ്ദേഹം കണ്ടു. അവരെ അദ്ദേഹത്തിന് അറിയില്ലെങ്കിലും അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നു അദ്ദേഹം ഭയപ്പെട്ടു. അവർ വഴിയാത്രക്കാരും തന്റെ അതിഥികളുമാണ്. അവരെ തന്റെ ജനത എന്തെങ്കിലും ചെയ്‌തേക്കുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. മലക്കുകൾ ലൂത്വിനോട് പറഞ്ഞു: (താങ്കൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട) തങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് അവർ അദ്ദേഹത്തെ അറിയിച്ചു. (താങ്കളെയും കുടുംബത്തെയും തീർച്ചയായും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്; താങ്കളുടെ ഭാര്യയൊഴികെ. അവർ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു) ഈ നാട്ടുകാരുടെ മേൽ അവർ ചെയ്തുകൊണ്ടിരിക്കുന്ന അധർമത്തിന്റെ ഫലമായി ആകാശത്തുനിന്ന് ഞങ്ങൾ ഒരു ശിക്ഷ ഇറക്കുന്നതാണ്).
രാത്രിയിൽ കുടുംബത്തോടൊപ്പം പോകാൻ അവർ അദ്ദേഹത്തോട് നിർദേശിച്ചു. തുടർന്ന് പ്രഭാതമായപ്പോൾ അല്ലാഹു അവരുടെ വീടുകൾ തലകീഴായി മറിച്ചു. ചുട്ടുപഴുത്ത കളിമണ്ണിന്റെ കല്ലുകൾ ഒന്നിന് പിറകെ ഒന്നായി അയച്ചു. അവർ അവരെ നശിപ്പിക്കുകയും അവർ ഒരു രാക്കഥയായി മാറുകയും ചെയ്തു. (തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്) ലൂത്വിന്റെ ജനതയുടെ താമസ സ്ഥലങ്ങളിൽ, ഹൃദയം കൊണ്ട് ചിന്തിച്ചു പാഠം ഉൾക്കൊള്ളുന്നവർക്ക് വ്യക്തമായ തെളിവുകൾ നാം അവശേഷിപ്പിച്ചു. അല്ലാഹു പറയുന്നു:
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ ١٣٧ وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ ١٣٨
“തീർച്ചയായും നിങ്ങൾ രാവിലെ അവരുടെ അടുത്ത് കൂടി കടന്നുപോകാറുണ്ട്; രാത്രിയിലും. എന്നിട്ടും നിങ്ങൾ മനസ്സിലാക്കുന്നില്ലേ?’’ (37:137,138).
