സൂറ: ഖസ്വസ്വ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10
അധ്യായം: 28, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
20. പട്ടണത്തിന്റെ അങ്ങേ അറ്റത്തുനിന്ന് ഒരു പുരുഷൻ ഓടിവന്നു. അയാൾ പറഞ്ഞു: ‘ഹേ; മൂസാ, താങ്കളെ കൊല്ലാൻ വേണ്ടി പ്രമുഖവ്യക്തികൾ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ താങ്കൾ (ഈജിപ്തിൽനിന്ന്) പുറത്ത് പോയിക്കൊള്ളുക. തീർച്ചയായും ഞാൻ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.’
21. അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽനിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.’
22. മദ്‌യന്റെ നേർക്ക് യാത്ര തിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവ് ശരിയായ മാർഗത്തിലേക്ക് എന്നെ നയിച്ചേക്കാം.’
23. മദ്‌യനിലെ ജലാശയത്തിങ്കൽ അദ്ദേഹം ചെന്നെത്തിയപ്പോൾ ആടുകൾക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിൻ പറ്റത്തെ) തടഞ്ഞു നിർത്തിക്കൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പ്രശ്‌നം?’ അവർ പറഞ്ഞു: ‘ഇടയൻമാർ (ആടുകൾക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടുപോകുന്നതുവരെ ഞങ്ങൾക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്.’
24. അങ്ങനെ അവർക്കുവേണ്ടി അദ്ദേഹം (അവരുടെ കാലികൾക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാർഥിച്ചു: ‘എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു.’
25. അപ്പോൾ ആ രണ്ടു സ്ത്രീകളിൽ ഒരാൾ നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്കു വേണ്ടി (ആടുകൾക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കൾക്കു നൽകുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു.’ അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഭയപ്പെടേണ്ട, അക്രമികളായ ആ ജനതയിൽനിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു.’
26. ആ രണ്ടു സ്ത്രീകളിലൊരാൾ പറഞ്ഞു: ‘എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കൾ കൂലിക്കാരനായി നിർത്തുക. തീർച്ചയായും താങ്കൾ കൂലിക്കാരായി എടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.’
27. അദ്ദേഹം (പിതാവ്) പറഞ്ഞു: ‘നീ എട്ടു വർഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയിൽ എന്റെ ഈ രണ്ടു പെൺമക്കളിൽ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇനി പത്തുവർഷം നീ പൂർത്തിയാക്കുകയാണെങ്കിൽ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം.’

20) ഈ രണ്ട് പ്രശ്‌നങ്ങൾ മൂസാനബി(അ)യിൽ നിന്നുണ്ടായതിന് പ്രചാരം ലഭിച്ചു. ഫിർഔനും അവന്റെ ആളുകളും മൂസായെ വധിക്കാനായി അദ്ദേഹത്തെ അന്വേഷിച്ചു. അതിനുള്ള ആലോചനകൾ നടന്നു. അപ്പോൾ ഗുണകാംക്ഷിയായ ഒരു മനുഷ്യനെ അല്ലാഹു നിശ്ചയിച്ചു. അവിടുത്തെ നേതാക്കളുടെ ഗൂഢാലോചന മൂസാനബിയെ അയാൾ അറിയിച്ചു. (പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്നും ഒരു മനുഷ്യൻ ഓടിവന്നു) മൂസാനബിയോടുള്ള ഗുണകാംക്ഷകൊണ്ടാണ് അദ്ദേഹം വന്നത്. മൂസാനബിക്ക് വിവരം ലഭിക്കും മുമ്പ് അവർ അദ്ദേഹത്തെ അക്രമിക്കുമോ എന്ന ഭയം അയാളിലുണ്ടായി. (അയാൾ പറഞ്ഞു: ഹേ, മൂസാ. താങ്കളെ കൊല്ലാൻ വേണ്ടി പ്രമുഖ വ്യക്തികൾ ആലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്) താങ്കളുടെ കാര്യത്തിൽ അവർ ചർച്ചകൾ നടത്തുന്നുണ്ട്. (താങ്കളെ കൊല്ലാൻ വേണ്ടി. അതിനാൽ താങ്കൾ പുറത്തു പോയിക്കൊള്ളുക) പട്ടണത്തിൽനിന്നും. (ഞാൻ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു).
21) മൂസാനബി(അ) അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് നഗരം വിട്ടുപോയി. (അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടു) കൊല്ലപ്പെടാതിരിക്കാൻ. അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു. (എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽനിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ). അദ്ദേഹം തന്റെ തെറ്റിൽനിന്ന് ഖേദിച്ചു മടങ്ങി. അത് അദ്ദേഹം ചെയ്തത് കോപം വന്നപ്പോഴാണ്. കൊല്ലണമെന്ന് കരുതിയിരുന്നില്ല. അതിനാൽ തന്നെ കൊല്ലുമെന്ന് അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് അന്യായമായും അതിരുകൾ ലംഘിക്കുന്നതുമായിരുന്നു.
22) (മദ്‌യനിന്റെ നേർക്ക് യാത്ര തിരിച്ചപ്പോൾ) മദ്‌യനിനെ ഉദ്ദേശിച്ച് അവിടേക്ക് പുറപ്പെട്ടു. ഫലസ്തീന്റെ തെക്കുഭാഗത്തുള്ള ഈ പ്രദേശം ഫിർഔനിന്റെ അധികാര പരിധിയിൽ പെട്ടതല്ല. (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാർഗത്തിലേക്ക് എന്നെ നയിച്ചേക്കാം) വളരെ എളുപ്പത്തിൽ ശരിയായ വഴിയിലൂടെ അവിടെയെത്തി. അല്ലാഹു ശരിയായ മാർഗം കാണിച്ചുകൊടുത്തു; അങ്ങനെ മദ്‌യനിൽ എത്തി.
23) (മദ്‌യനിലെ ജലാശയത്തിനടുക്കൽ അദ്ദേഹം ചെന്നപ്പോൾ വെള്ളം കൊടുത്തുകൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ അതിനടുത്ത് കണ്ടു) അവരുടെ നാൽക്കാലികൾക്ക്. അവിടെയുള്ളവർ ധാരാളം നാൽക്കാലികൾ ഉള്ളവരായിരുന്നു. (അവരുടെ ഇപ്പുറത്തായി അദ്ദേഹം കണ്ടു) ആ ആളുകല്ലാത്ത മറ്റൊരു കൂട്ടർ. (തടഞ്ഞുനിർത്തിക്കൊണ്ടിരിക്കുന്ന രണ്ടു സ്‌ത്രീകളെ) പുരുഷന്മാരുടെ തിരക്ക് കാരണം എത്താൻ കഴിയാത്തതിനാൽ തങ്ങളുടെ ആട്ടിൻകൂട്ടത്തെ തടഞ്ഞുനിർത്തിക്കൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെയും അദ്ദേഹം കണ്ടു.
അവർക്ക് വെള്ളമെടുക്കാൻ പറ്റാത്ത മോശം പെരുമാറ്റമായിരുന്നു ആ പുരുഷന്മാരുടെത്. (അദ്ദേഹം പറഞ്ഞു:) മൂസാ(അ) ആ രണ്ടു സ്ത്രീകളോട് പറഞ്ഞു: (എന്താണ് നിങ്ങളുടെ പ്രശ്‌നം?). നിങ്ങൾക്ക് എന്തുപറ്റി. എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ നിൽക്കുന്നത്? (ഇടയന്മാർ തിരിച്ചുപോകുന്നതു വരെ ഞങ്ങൾക്ക് വെള്ളം കൊടുക്കാനാവില്ല) ഇടയന്മാർ അവരുടെ ആട്ടിൻകൂട്ടങ്ങളുമായി മടങ്ങിപ്പോകുന്നതുവരെ സാധാരണയായി ഞങ്ങൾക്ക് ഞങ്ങളുടെ ആടുകൾക്ക് വെള്ളം നൽകാൻ കഴിയാറില്ല. എല്ലാവരും പോയിക്കഴിഞ്ഞാൽ ഞങ്ങൾ വെള്ളം നൽകും. (ഞങ്ങളുടെ പിതാവാകട്ടെ വൃദ്ധനുമാണ്) അതായത്, ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുക്കാൻ അദ്ദേഹത്തിന് ആരോഗ്യമില്ല. ഞങ്ങൾക്കാണെങ്കിൽ ഈ ആട്ടിടയന്മാരെ മറികടക്കാനുള്ള ശാരീരിക ശക്തിയുമില്ല.
24) മൂസാനബിക്ക് അവരോട് സഹതാപം തോന്നുകയും അനുകമ്പയുണ്ടാവുകയും ചെയ്തു. അങ്ങനെ അവരോട് ഒന്നും ചോദിക്കാതെ അദ്ദേഹം അവരുടെ ആട്ടിൻകൂട്ടത്തിന് വെള്ളം നൽകി. (അങ്ങനെ അവർക്കുവേണ്ടി അദ്ദേഹം വെള്ളംകൊടുത്തു) ഒരു പ്രതിഫലവും ചോദിക്കാതെ. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കഠിനമായ ചൂടുള്ള ഉച്ചസമയത്ത് ആടുകൾക്ക് വെള്ളം നൽകിയ ശേഷം അല്ലാഹു പറഞ്ഞതുപോലെ (പിന്നീട് തണലിലേക്ക് മാറിനിന്നു) കഠിനാധ്വാനം ചെയ്ത ശേഷം തണലിൽ വിശ്രമിക്കാനിരുന്നു. (ഇപ്രകാരം പറഞ്ഞു) ആ അവസ്ഥയിൽ ഉപജീവനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു: (എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാകുന്നു) അതായത്, നീ എനിക്ക് എത്തിച്ചുതരികയും എളുപ്പമാക്കിത്തരികയും ചെയ്യുന്ന ഏതൊരു നന്മയും എനിക്കാവശ്യമാണ്. ഈ പരോക്ഷമായ ചോദ്യം വ്യക്തമായ ചോദ്യത്തെക്കാൾ വാചാലമാണ്.
25) ഈ സാഹചര്യത്തിൽ അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചുകൊണ്ടേയിരുന്നു. രണ്ടു സ്ത്രീകളും പിതാവിന്റെ അടുത്തു ചെന്ന് സംഭവിച്ചത് അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് പിതാവ് അവരിൽ ഒരാളെ മൂസായുടെ അടുത്തേക്ക് അയച്ചു. അവൾ വന്നു. (നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ നടന്നുചെന്നു) ലജ്ജയോടെ നടന്നുചെല്ലുക എന്നത് അവളുടെ കുലീന സ്വഭാവത്തെയും നല്ല മനോഭാവത്തെയും സൂചിപ്പിക്കുന്നു. കാരണം ലജ്ജ ഒരു സൽഗുണമാണ്; പ്രത്യേകിച്ചും സ്ത്രീകളിൽ. മൂസാ(അ) അവർക്ക് ചെയ്തുകൊടുത്ത ഈ സേവനം ഒരു വേലക്കാരനെപ്പോലെ ആയിരുന്നില്ല എന്നും ഇത് സൂചിപ്പിക്കുന്നു. ഒരു സേവകനാകുമ്പോൾ സാധാരണയായി അയാൾക്കു മുമ്പിൽ ലജ്ജ തോന്നണമെന്നില്ല. മറിച്ച് മാന്യനായ ഒരാളായിട്ടാണ് അവൾ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും സ്വഭാവവുമാകാം അദ്ദേഹത്തിനു മുമ്പിൽ ലജ്ജിക്കാൻ അവരെ പ്രേരിപ്പിച്ചത്.
അദ്ദേഹത്തോട് (അവൾ പറഞ്ഞു): (താങ്കൾ ഞങ്ങൾക്കു വേണ്ടി വെള്ളം കൊടുത്തിനുള്ള പ്രതിഫലം താങ്കൾക്ക് നൽകാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു) താങ്കൾക്കുള്ള ഔദാര്യമല്ല, മറിച്ച് ഞങ്ങളോട് നന്മ ചെയ്യാൻ മുൻകയ്യെടുത്തതിന്, താങ്കൾ ചെയ്ത പുണ്യത്തിന് ഒരു പ്രത്യുപകാരമെന്ന നിലയ്ക്ക്. അങ്ങനെ മൂസാ(അ) ക്ഷണം സ്വീകരിച്ചു. (അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തോട് വിവരിച്ചുകൊടുത്തു) ഓടിപ്പോന്നതിന്റെ കാരണവും ഇവിടെ എത്തുന്നതുവരെയുള്ള കഥകളും പറഞ്ഞപ്പോൾ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനുമായി (അദ്ദേഹം പറഞ്ഞു: നീ ഭയപ്പെടേണ്ട, അക്രമികളായ ആ ജനതയിൽനിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു) ഭയപ്പെടേണ്ട, നീ ഇപ്പോൾ സുരക്ഷിതനാണ്. കാരണം, അല്ലാഹു നിങ്ങളെ അവരിൽനിന്ന് രക്ഷിക്കുകയും അവർക്ക് അധികാരമില്ലാത്ത ഈ സ്ഥലത്ത് എത്തിക്കുകയും ചെയ്തു.
26) (ആ രണ്ട് സ്ത്രീകളിൽ ഒരാൾ പറഞ്ഞു) അദ്ദേഹത്തിന്റെ രണ്ടു പെൺകുട്ടികളിൽ ഒരാൾ. (എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കൾ കൂലിക്കാരനായി നിർത്തുക) ആടുകളെ പരിപാലിക്കാനും അവയ്ക്ക് വെള്ളം നൽകാനും അദ്ദേഹത്തെ നിങ്ങളുടെ ജോലിക്കാരനാക്കുക. (തീർച്ചയായും താങ്കൾ കൂലിക്കാരനായി എടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ ശക്തനും വിശ്വസ്തനുമായ ഇവനത്രെ) നിങ്ങൾക്ക് ജോലിയെടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ആളാണ് മൂസാ. കാരണം, അദ്ദേഹത്തിന് ശക്തിയോടൊപ്പം വിശ്വസ്തതകൂടിയുണ്ട്. അത് രണ്ടുമുള്ള ആളാണ് ജോലിക്ക് ഏറ്റവും നല്ലത്. ഏൽപിച്ച കാര്യം ചെയ്യാനുള്ള കഴിവും ശക്തിയും വഞ്ചനയില്ലാത്ത വിശ്വസ്തതയുമാണാവശ്യം. കൂലിക്കാരനായാലും അല്ലെങ്കിലും ഒരാളെ ഒരു കാര്യം ഏൽപിക്കുമ്പോൾ ഈ രണ്ടു ഗുണങ്ങളാണ് നിർബന്ധമായും പരിഗണിക്കേണ്ടത്. ഈ രണ്ടു വിശേഷണങ്ങളിൽ കുറവ് വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അവ രണ്ടുമുണ്ടെങ്കിൽ ജോലി ഭംഗിയായി നടക്കും.
ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുക്കുമ്പോൾ മൂസായുടെ ശരീരബലവും ഊർജസ്വലതയും അവർ കണ്ടു; അതോടൊപ്പം വിശ്വസ്തതയും. മതപരമായ പ്രതിബദ്ധതയും ബോധ്യപ്പെട്ടു. ഒരു ഉപകാരം കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് അവരോട് രണ്ടുപേരോടും അദ്ദേഹം കരുണ കാണിച്ചത്. അതിൽ അദ്ദേഹത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു.
27- (അദ്ദേഹം) ആ മദ്‌യൻകാരൻ മൂസായോട് പറഞ്ഞു: (എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയിൽ എന്റെ ഈ രണ്ടു പെൺകുട്ടികളിൽ ഒരാളെ നിനക്ക് വിവാഹം ചെയ്തുതരാൻ ഉദ്ദേശിക്കുന്നു) നീ എന്റെ അടുക്കൽ നിൽക്കണം. (എട്ടു വർഷം). (ഇനി പത്തുവർഷം നീ പൂർത്തിയാക്കുകയാണെങ്കിൽ അത് നിന്റെ ഇഷ്ടം) താങ്കളുടെ ഭാഗത്തുനിന്ന് സ്വയം ഇഷ്ടപ്രകാരം ചെയ്യുന്നത് നിർബന്ധമില്ല. (നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല) അത് താങ്കൾക്ക് നിർബന്ധമായിട്ടല്ല. പത്തു വർഷം നിങ്ങളുടെ മേൽ അടിച്ചേൽപിച്ച് ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളെ ജോലിക്ക് നിശ്ചയിക്കുന്നതിലൂടെ കഠിനാധ്വാനം ചെയ്യിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് പ്രയാസമില്ലാത്ത എളുപ്പമുള്ള ജോലിക്കാണ് ഞാൻ നിങ്ങളെ നിയമിക്കുന്നത്. (അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നല്ല നിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം) ജോലി എളപ്പമാകുമെന്നും നന്നായി പെരുമാറുമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം മൂസായെ പ്രോത്സാഹിപ്പിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്നത്; നല്ല മനുഷ്യൻ തന്റെ ജോലിയിൽ തനിക്ക് കഴിയുന്നത്ര സൽസ്വഭാവം പുലർത്തണം. മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ അയാളിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
