സൂറ: അഹ്സാബ്, ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ജനുവരി 25, 1446 റജബ് 25
അധ്യായം: 33, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
47. സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാർത്ത അറിയിക്കുക.
48. സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചുപോകരുത്. അവരുടെ ദ്രോഹം നീ അവഗണിക്കുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.
49. സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട് നിങ്ങളവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക് മതാഅ് നൽകുകയും അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.
50. നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തിൽ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തിൽ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാർ, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാർ, നിന്റെ അമ്മാവന്റെ പുത്രിമാർ, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാർ എന്നിവരെയും (വിവാഹം ചെയ്യാൻ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതും (അനുവദിച്ചിരിക്കുന്നു). ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുടെയും കാര്യത്തിൽ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാൻ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

(47). അല്ലാഹു പറയുന്നു: (സത്യവിശ്വാസികൾക്ക് അല്ലാഹുവിൽനിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് അവരെ നീ സന്തോഷവാർത്ത അറിയിക്കുക) ആർക്കാണ് സന്തോഷവാർത്തയെന്ന് ഇവിടെ പറയുന്നു; വിശ്വാസികൾക്ക്. വിശ്വാസം എന്ന് മാത്രം പറഞ്ഞാലും സൽപ്രവർത്തനങ്ങളും അതിൽ ഉൾപ്പെടും. മഹത്തായ ഔദാര്യത്തെക്കുറിച്ചാണ് സന്തോഷവാർത്ത. അതായത് കണക്ക് നിശ്ചയിക്കാനാകാത്ത മഹത്തായ ഔദാര്യം. ദുനിയാവിലെ സഹായം, ഹൃദയങ്ങൾക്ക് മാർഗദർശനം, പാപമോചനം, ദുരിതങ്ങളിൽനിന്ന് ആശ്വാസം, സമൃദ്ധവും വർധിച്ചതുമായ ഉപജീവനം, അനുഗ്രഹം നൽകൽ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കൽ, അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽനിന്നും രക്ഷ നേടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇത് ആളുകളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. അവരുടെ സൽകർമങ്ങൾക്ക് അല്ലാഹു അവർക്ക് നൽകുന്ന പ്രതിഫലത്തെക്കുറിച്ച് അവരോട് പറഞ്ഞു. ഇത് നേരായ പാത പിന്തുടരാൻ അവരെ സഹായിക്കുന്നു. ഇത് ഇസ്്‌ലാമിക വിജ്ഞാനത്തിന്റെ ഭാഗമാണ്. അതിന്റെ മറ്റൊരു വശം ശിക്ഷകളെക്കുറിച്ച് പറയലാണ്; അത് ലഭിക്കാൻ കാരണമാകുന്ന കാര്യങ്ങളും. അത് നിഷിദ്ധങ്ങളിൽനിന്ന് മാറി നിൽക്കാൻ സഹായകരമാകും.
48) എന്തെന്നാൽ പ്രവാചകന്മാരെയും അവരുടെ അനുയായികളെയും എതിർക്കാൻ സന്നദ്ധരായ ചിലരുണ്ട്. അവർ കപടവിശ്വാസികളാണ്. അവർ പുറമെ വിശ്വാസത്തോട് യോജിപ്പ് പുലർത്തുന്നവരും ഉള്ളിൽ അവിശ്വാസികളും ദുഷ്പ്രവൃത്തിക്കാരുമാകുന്നു. അവിശ്വാസികൾ അകത്തും പുറത്തും ഒരുപോലെയാണ്. അവരെ അനുസരിക്കരുതെന്നാണ് അല്ലാഹു തന്റെ ദൂതനോട് പറയുന്നത്. അദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്യുന്നു. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തടയുന്ന ഒരു കാര്യത്തിലും (സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ച് പോകരുത്).
അതിനർഥം അവരെ ഉപദ്രവിക്കണമെന്നതല്ല; അവരെ അനുസരിക്കരുതെന്നാണ്. (അവരുടെ ദ്രോഹം നീ അവഗണിക്കുക) അവരുടെ ദ്രോഹകരമായ സംസാരം ശ്രദ്ധിക്കരുത്. അത് അവരുടെ ഹൃദയത്തെ മയപ്പെടുത്തുകയും ഇസ്‌ലാം സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല അവർ ഇസ്‌ലാമിനും അതിന്റെ അനുയായികൾക്കും ചെയ്യുന്ന ദ്രോഹങ്ങൾ അവസാനിപ്പിച്ചേക്കാം. (അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക) നിങ്ങൾക്ക് വിജ
യിക്കാനും ശത്രുവിനെ പരാജയപ്പെടുത്താനും. (കൈകാര്യകർത്താവായി അല്ലാഹുതന്നെ മതി) കാര്യങ്ങൾ അവനെ ഏൽപിക്കുക. അവനത് നിർവഹിക്കുകയും തന്റെ ദാസനത് എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.
49) ഇവിടെ അല്ലാഹു സത്യവിശ്വാസികളോട് പറയുന്നു; സത്യവിശ്വാസിനികളായ സ്ത്രീകളെ അവർ വിവാഹം കഴിക്കുകയും അവരുമായി ശാരീരികബന്ധം പുലർത്തുന്നതിനു മുമ്പ് അവരെ വിവാഹ മോചനം ചെയ്യുകയുമാണെങ്കിൽ ആ സ്ത്രീകൾ ‘ഇദ്ദഃ’ ആചരിക്കേണ്ടതില്ല. എന്തെങ്കിലും ഭൗതികമായ വിഭവം അവർക്ക് മതാഅ് (മോചനദ്രവ്യം) നൽകാനും അല്ലാഹു അവരോട് നിർദേശിക്കുന്നു. അവരെ വിട്ടുപോകുന്നതിനുള്ള ഒരു പരിഹാരമായിട്ടും വേർപിരിയൽ സൗഹാർദപരമാകാനും തർക്കങ്ങളോ ചീത്തപറയലോ ഒന്നുമില്ലാതെ ഭംഗിയായി വേർപിരിയാനും വേണ്ടിയാണിത്. വിവാഹം നടന്നെങ്കിലേ വിവാഹമോചനം സാധ്യമാകൂ എന്നതിന് ഈ വചനം തെളിവായി ഉദ്ധരിക്കുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കും മുമ്പ് അവളെ വിവാഹമോചനം ചെയ്യുകയോ അല്ലെങ്കിൽ അവളെ വിവാഹം കഴിക്കുന്ന സമയത്ത് വിവാഹ മോചനം വ്യവസ്ഥ ചെയ്യുകയോ ചെയ്താൽ അത് വിവാഹമോചനമായി പരിഗണിക്കപ്പെടില്ല. (നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട് അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ) വിവാഹ മോചനം സമ്പൂർണമായ വേർപിരിയലായതിനാൽ അത് വിവാഹത്തിനു മുമ്പ് സംഭവിക്കില്ല. അതിനാൽ ളിഹാർ, ഈലാഅ് തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള വിവാഹമോചനവും വിവാഹത്തിന് മുമ്പ് ചെയ്യാൻ കഴിയില്ല. ഇതാണ് ശരിയായ പണ്ഡിത വീക്ഷണം. വിവാഹമോചനം അനുവദനീയമാണെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു.
1) ഭാര്യയെ സമീപിക്കില്ലെന്ന പ്രതിജ്ഞയാണ് ഈലാഅ്.
2) ളിഹാർ എന്നാൽ ‘എന്റെ ഉമ്മയെപ്പോലെ നീ എനിക്ക് അനുവദനീയമല്ല’ എന്ന് പറയലാണ്. ഇത് നിയമവിരുദ്ധമാണ്.
വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാക്യം ആരംഭിക്കുന്നതെങ്കിലും അവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ശാരീരിക ബന്ധത്തിനു മുമ്പ് വിവാഹമോചനം അനുവദനീയമാണെന്നും ഇത് സൂചിപ്പിക്കുന്നു.
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ
“സ്പർശിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നതിന് നിങ്ങൾക്ക് കുറ്റമില്ല’’ (2:236).
സ്പർശിക്കുന്നതിനു മുമ്പ് ഒരു സ്ത്രീ വിവാഹമോചനം നേടിയാൽ അവർ ഇദ്ദഃ ആചരിക്കേണ്ട ആവശ്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവർ വിവാഹമോചനം നേടിയ ഉടൻ തന്നെ അവൾ മറ്റൊരാളെ വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. കാരണം അതിന് ഒരു തടസ്സവുമില്ല. എന്നാൽ വിവാഹം കഴിഞ്ഞ് (സ്പർശനമുണ്ടായാൽ) അവൾ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്. അവൻ അവളിൽ പ്രവേശിക്കുക എന്നാണിതിന്റെ ഉദ്ദേശ്യം. ഭർത്താവിനൊപ്പം ഭാര്യ തനിച്ചായിരുന്നെങ്കിൽ, ശാരീരിക ബന്ധം നടത്തിയില്ലെങ്കിലും, വിവാഹമോചനമുണ്ടായാൽ അവൾ ‘ഇദ്ദഃ’ പാലിക്കണം. അതാണ് ഖുലഫാഉർറാശിദീങ്ങളുടെ ഫത്‌വയിലുള്ളത്. ഇതാണ് ശരിയായ വീക്ഷണം.
മാത്രമല്ല ശാരീരികബന്ധത്തിന് മുമ്പ് വിവാഹമോചനം നേടിയ സ്ത്രീക്ക് അവന്റെ കഴിവനുസരിച്ച് മോചനദ്രവ്യം നൽകണം. മഹ്ർ നിശ്ചയിച്ചിട്ടില്ലെങ്കിലാണിത്. എന്നാൽ മഹ്ർ തീരുമാനിക്കപ്പെട്ടിട്ടു ണ്ടെങ്കിൽ ശാരീരിക ബന്ധത്തിനു മുമ്പ് വിവാഹമോചനം നടന്നാൽ മഹ്ർ പകുതി നൽകണം. അപ്പോൾ മോചനദ്രവ്യം നൽകേണ്ടതില്ല.
ശാരീരിക ബന്ധത്തിന് മുമ്പായാലും ശേഷമായാലും വിവാഹമോചനം ചെയ്യുന്നയാൾ അത് സൗഹാർദപരമായി ചെയ്യണം. ഓരോരുത്തരും മറ്റെയാളോട് നല്ലതു പറയണം. അത് നല്ല നിലയിലായിരിക്കണം. അല്ലാതിരുന്നാൽ വലിയ ദുരന്തങ്ങളുണ്ടാകും. തമ്മിൽ വലിയ ആക്ഷേപങ്ങൾ ഉന്നയിക്കും.
ഇദ്ദഃ എന്നത് ഭർത്താവിന്റെ അവകാശമാണ്. അല്ലാഹു പറയുന്നു: (ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവർക്ക് നിങ്ങളോടില്ല) സ്പർശനത്തിന് ശേഷമാണെങ്കിൽ ഇദ്ദഃ വേണമെന്നർഥം. എന്നാൽ ഭർത്താവിന്റെ മരണത്തോടെ വിവാഹബന്ധം അവസാനിക്കുന്ന സ്ത്രീ എല്ലാ സാഹചര്യങ്ങളിലും ഇദ്ദഃ ആചരിക്കണം. അല്ലാഹു പറയുന്നു: (പിന്നീട് നിങ്ങൾ വിവാഹമോചനം ചെയ്താൽ) ശാരീരികബന്ധം നടക്കാത്തതൊഴികെയുള്ള സർവ വിവാഹമോചനങ്ങളിലും ഇദ്ദഃ വേണം
50) ഇവിടെ അല്ലാഹു തന്റെ ദൂതന് മാത്രമായി അനുവദിച്ചതും വിശ്വാസികൾക്ക് പൊതുവായി നൽകിയ അനുവാദങ്ങളും ഒരു കാരുണ്യമായി എടുത്തു പറയുന്നു. (നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചുതന്നിരിക്കുന്നു. താങ്കൾ മഹ്‌റ് (വിവാഹമൂല്യം) നൽകിയിട്ടുള്ള ഭാര്യമാർ) ഇത് വിശ്വാസികൾക്കും പ്രവാചകനും പൊതുവായി ബാധകമാകുന്ന കാര്യമാണ്. മഹ്‌റ് നൽകിയാൽ വിശ്വാസികൾക്കും അവരുടെ ഭാര്യമാർ അനുവദനീയമാണ്. അപ്രകാരം താങ്കൾക്ക് അനുവദിച്ചിരിക്കുന്നു. (താങ്കളുടെ വലം കൈ ഉടമപ്പെടുത്തിയതും) ഉടമപ്പെടുത്തിയതായ അടിമ സ്ത്രീകൾ. (താങ്കൾക്ക് (യുദ്ധത്തിൽ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തിൽ. അതുപോലെ സത്യനിഷേധികളിൽനിന്ന് പിടിച്ചെടുത്ത മുതലുകളിൽനിന്ന്, അല്ലാഹു നൽകിയ യുദ്ധത്തടവുകാരിൽനിന്ന് നിങ്ങൾക്ക് സ്വന്തമായേക്കാവുന്ന ഏതൊരു അടിമ സ്ത്രീകളെയും നാം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. ഇതും വിശ്വാസികൾക്കും പ്രവാചകനും പൊതുവായി അനുവദിച്ച കാര്യം തന്നെയാണ്.
പ്രവാചകനും വിശ്വാസികൾക്കും പൊതുവായി അനുവദിച്ച മറ്റൊന്ന് (നിന്റെ പിതൃവ്യന്റെ പുത്രിമാർ, നിന്റെ പിതൃസഹോദരയുടെ പുത്രിമാർ, നിന്റെ മാതൃസഹോദരന്റെ പുത്രിമാർ, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാർ എന്നിവരെയും-വിവാഹം ചെയ്യാൻ അനുവദിച്ചിരിക്കുന്നു) പിതൃസഹോദരൻ, പിതൃസഹോദരി, മാതൃസഹോദരൻ, മാതൃസഹോദരി എന്നിവർ അടുത്തവരാണെങ്കിലും അകന്നവരാണെങ്കിലും ഇതിൽപെടും. അനുവദിക്കപ്പെട്ടവർ ഇവർ മാത്രമാണ്. ഇതിൽ നിന്ന് മനസ്സിലാകുന്നത് ഈ പറയപ്പെട്ടവരല്ലാത്തവർ അനുവദനീയമല്ലെന്നാണ്. നേരത്തെ സൂറതുന്നിസാഇൽ ഇത് വന്നിട്ടുണ്ട്. ബന്ധുക്കളായ സ്ത്രീകളിൽ ഈ നാലു വിഭാഗമല്ലാത്തവർ അനുവദിക്കപ്പെട്ടവരല്ല. ഒരാളുടെ ഉമ്മയുടെയും ഉപ്പയുടെയും ഉമ്മമാർ എത്ര തന്നെ മുന്നോട്ടും പുറകോട്ടും പോയാലും അവർ അനുവദിക്കപ്പെട്ടവരല്ല. (നിന്നോടൊപ്പം സ്വദേശം വിട്ട് പോകുന്നവർ) പ്രവാചകന് അനുവദിക്കപ്പെട്ടവരെ പരിമിതപ്പെടുത്തുന്ന ഒരു നിബന്ധയാണിത് എന്നതാണ് ശരിയായ വ്യാഖ്യാനം.
മറ്റൊരു സ്ത്രീയെക്കൂടി താങ്കൾക്ക് അനുവദിച്ചു. അത് (സത്യവിശ്വാസിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്നപക്ഷം) സ്വന്തമായി പ്രവാചകന് സമർപ്പിക്കുക. (നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതും അനുവദിച്ചിരിക്കുന്നു) ഇത് നബിﷺയുടെ താൽപര്യവും ഉദ്ദേശ്യവും അനുസരിച്ച് മാത്രം. (ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു) വിവാഹത്തിന് സ്വയം വാഗ്ദാനം ചെയ്ത് വരുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കൽ അനുവദനീയമാണ്. എന്നാൽ സത്യവിശ്വാസികൾക്ക് ഒരു സ്ത്രീ സ്വയം സമർപ്പിക്കുന്നത് അനുവദനീയമല്ല. (അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുടെയും കാര്യത്തിൽ നാം നിയമയമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം) സത്യവിശ്വാസികൾക്ക് അനുവദിക്കപ്പെട്ടതും സ്ത്രീകളിൽനിന്നും അടിമകളിൽനിന്നും അനുവദിക്കപ്പെടാത്തതും നമുക്കറിയാം. അത് അവർക്ക് അറിയിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് അനുവദനീയമാകുന്നവരുടെ കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. അതിൽപെടാത്ത നബി ﷺ ക്ക് മാത്രം അനുവാദമുള്ളതാണ്. അത് നബിയെ മാത്രം അഭിസംബോധന ചെയ്ത് പറഞ്ഞതാണ്: (ഓ പ്രവാചകരേ, നാം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു) എന്നാണ് പറഞ്ഞത്. (സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു) എന്ന വചനം; അതായത് പ്രവാചകരേ, അവർക്ക് അനുവദിക്കാത്തത് താങ്കൾക്ക് നാം അനുവദിച്ചിരിക്കുന്നു. മറ്റുള്ളവർക്ക് നൽകാത്ത വിശാലത താങ്കൾക്ക് നൽകിയിരിക്കുന്നു. (നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാൻ വേണ്ടിയത്രെ അത്) അല്ലാഹു തന്റെ ദൂതന് നൽകുന്ന വർധിച്ച പരിഗണനയാണിത്. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു) അവൻ എപ്പോഴും പൊറുത്ത് കൊടുക്കുന്നവനും പരമകാരുണികനുമാണ്. അതായത് അല്ലാഹു അവന്റെ ഔദാര്യവും കാരുണ്യവും തന്റെ അടിമകൾക്ക് ഇറക്കി ക്കൊടുക്കുന്നു. അവന്റെ യുക്തി താൽപര്യപ്പെടുന്നതിനനുസരിച്ച് അതിനുള്ള കാരണങ്ങൾ അവരിൽനിന്നുണ്ടാകുമ്പോൾ അവന്റെ ഔദാര്യവും കാര്യങ്ങളും അവൻ അവർക്കിറക്കുന്നു.

