സൂറ: അൻകബൂത്ത്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12
അധ്യായം: 29, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
52. (നബിയേ,) പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവൻ അറിയുന്നു. അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിൽ അവിശ്വസിക്കുകയും ചെയ്തവരാരോ അവർ തന്നെയാണ് നഷ്ടം പറ്റിയവർ.
53. ശിക്ഷയുടെ കാര്യത്തിൽ അവർ നിന്നോട് ധൃതികൂട്ടുന്നു. നിർണയിക്കപ്പെട്ട ഒരു അവധി ഉണ്ടായിരുന്നില്ലെങ്കിൽ അവർക്ക് ശിക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അവർ ഓർക്കാതിരിക്കെ പെട്ടെന്ന് അതവർക്ക് വന്നെത്തുക തന്നെ ചെയ്യും.
54. ശിക്ഷയുടെ കാര്യത്തിൽ അവർ നിന്നോട് ധൃതികൂട്ടികൊണ്ടിരിക്കുന്നു. തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.
55. അവരുടെ മുകൾഭാഗത്തുനിന്നും അവരുടെ കാലുകൾക്കിടയിൽനിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തിൽ. (അന്ന്) അവൻ (അല്ലാഹു) പറയും: നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലം നിങ്ങൾ ആസ്വദിച്ച് കൊള്ളുക.
56. വിശ്വസിച്ചവരായ എന്റെ ദാസൻമാരേ, തീർച്ചയായും എന്റെ ഭൂമി വിശാലമാകുന്നു. അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ.
57. ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.
58. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് നാം സ്വർഗത്തിൽ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
59. ക്ഷമ കൈക്കൊള്ളുകയും തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപിച്ചുകൊണ്ടിരിക്കുകയും ചെയ്തവരത്രെ അവർ.
60. സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്. അവനാണ് എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവൻ.
61. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. അപ്പോൾ എങ്ങനെയാണ് അവർ (സത്യത്തിൽനിന്ന്) തെറ്റിക്കപ്പെടുന്നത്?
62. അല്ലാഹുവാണ് തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനമാർഗം വിശാലമാക്കുന്നതും താൻ ഉദ്ദേശിക്കുന്നവർക്ക് അതു ഇടുങ്ങിയതാക്കുന്നതും. തീർച്ചയായും അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
63. ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും ഭൂമി നിർജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവൻ നൽകുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷേ, അവരിൽ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.

52) എനിക്കും നിങ്ങൾക്കുമിടയിലെ സാക്ഷിയായി അല്ലാഹു മതി. അതിനാൽ ഞാൻ അവനെ സാക്ഷിയാക്കുന്നു. ഞാൻ കളവാണ് പറയുന്നതെങ്കിൽ അവൻ എന്നെ ശിക്ഷിക്കട്ടെ. അത് നിങ്ങൾക്ക് ഒരു പാഠമാകും. എന്നാൽ അവൻ എന്നെ പിന്തുണക്കുകയും സഹായിക്കുകയും എനിക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നുവെങ്കിൽ ഈ മഹത്തായ ദൈവിക സാക്ഷ്യം നിങ്ങൾക്ക് മതിയാകും. എന്നാൽ നിങ്ങൾ അവനെ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെങ്കിലും അവന്റെ സാക്ഷ്യം തെളിവിന് മതിയായതല്ല എന്നാണ് നിങ്ങളുടെ മനസ്സിലെങ്കിൽ (ആകാശ ഭൂമിയിലുള്ളതെല്ലാം അവനറിയുന്നു) അവന്റെ അറിവിൽപെട്ടതാണ് എന്റെയും നിങ്ങളുടെയും അവസ്ഥ.
ഞാൻ നിങ്ങളോട് പറയുന്നതും അവനറിയും. ഞാൻ അല്ലാഹുവിന്റെ മേൽ കളവ് കെട്ടിപ്പറയുകയാണെങ്കിൽ അത് അവനറിയും. അത് തെറ്റാണെങ്കിൽ അവന് എന്നെ ശിക്ഷിക്കാനാകും. അല്ലാഹു പറയുന്നു:
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ ٤٤ لَأَخَذْنَا مِنْهُ بِالْيَمِينِ ٤٥ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ ٤٦
“നമ്മുടെ പേരിൽ അദ്ദേഹം വല്ല വാക്കും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തെ നാം വലതു കൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ നാഡി മുറിച്ച് കളയുകയും ചെയ്യുമായിരുന്നു’’ (69:44-46).
(അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിൽ അവിശ്വസിക്കുകയും ചെയ്തവരാരോ അവർ തന്നെയാണ് നഷ്ടം പറ്റിയവർ) അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം അവർ നഷ്ടപ്പെടുത്തിയതിനാൽ അവർക്കാണ് നഷ്ടം സംഭവിക്കുന്നത്. അവർക്ക് ശാശ്വത സുഖം നഷ്ടപ്പെടും. അവർക്ക് കിട്ടിയത് ശരിയായ സത്യത്തിന് പകരം മോശമായ അസത്യമാണ്. സുഖാനുഗ്രഹത്തിന് പകരം വേദനയേറിയ ശിക്ഷയും. അതിനാൽ അവരുടെ സ്വന്തങ്ങളെയും കുടുംബങ്ങളെയും അവർക്ക് അന്ത്യനാളിൽ നഷ്ടമായി.
53) പ്രവാചകനെ കളവാക്കുന്നവരുടെ അജ്ഞതയെക്കുറിച്ചാണ് തുടർന്ന് അല്ലാഹു പറയുന്നത്. ശിക്ഷ വേഗത്തിലാക്കാൻ അവർ നിന്നോട് ആവശ്യപ്പെടുന്നു. അതിനൊരു നിശ്ചിത കാലയളവ് ഉണ്ടായിരുന്നില്ലെങ്കിൽ (അവർക്ക് ശിക്ഷ വന്നെത്തും) അവർക്ക് നമ്മെ തോൽപിക്കാനാവാത്തതുകൊണ്ട്; സത്യത്തെ അവർ കളവാക്കിയതിനാലും. അവരുടെ അജ്ഞതയുടെ പേരിൽ നാം അവരെ പിടികൂടുകയാണെങ്കിൽ അവരുടെ വാക്കുകൾ അവർക്ക് വേഗത്തിൽ ശിക്ഷ വരാൻ ഒരു കാരണമാകുമായിരുന്നു. എന്നാലും ശിക്ഷയെപ്പറ്റി (അവർ ഓർക്കാതിരിക്കെ പെട്ടെന്ന് അതവർക്ക് വന്നെത്തുക തന്നെ ചെയ്യും).
അല്ലാഹു പ്രവചിച്ചതുപോലെ അത് സംഭവിച്ചു. അവർ ബദ്‌റിൽ എത്തിയപ്പോൾ ധിക്കാരപൂർവം വീമ്പിളക്കി. തങ്ങളുടെ ലക്ഷ്യം നേടാൻ കഴിയുമെന്ന് കരുതി. അല്ലാഹു അവരെ നിന്ദ്യരാക്കി. അവരിലെ നേതാക്കളെയും ദുഷ്ടൻമാരെയും കൊന്നു. അവൻ അവരുടെ ഇടയിൽ ഒരു വീട്ടുകാരനെയും ഉപേക്ഷിച്ചില്ല. ആ ദുരന്തം അവരെ ബാധിച്ചു. അവർ പ്രതീക്ഷിക്കാത്തിടത്തുനിന്ന് ശിക്ഷ വന്നു. അവർ ഓർക്കാതിരിക്കെ അതവർക്ക് വന്നെത്തി. അവർക്ക് ലൗകികമായ ഒരു ശിക്ഷയും വന്നില്ലെങ്കിൽ തന്നെയും പരലോകത്തെ ശിക്ഷ അവരുടെ മുമ്പിലുമുണ്ട്. അതിൽനിന്ന് ഒരാളും രക്ഷപ്പെടില്ല. അത് നേരത്തെ വന്നാലും വൈകി വന്നാലും ശരി.
54) (എന്നാൽ തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യും) അവർക്കതിൽ നിന്ന് രക്ഷപ്പെടാനോ ഒഴിവാകാനോ ഒരു മാർഗവുമില്ല. അവരുടെ പാപങ്ങളും ദുഷ്പ്രവർത്തികളും അവിശ്വാസവും നിമിത്തം ആ ശിക്ഷ അവരെ വലയം ചെയ്യും. അതായിരിക്കും ഏറ്റവും കഠിമായ ശിക്ഷ.
55) (അവരുടെ മുകൾഭാഗത്തുനിന്നും അവരുടെ കാലുകൾക്കിടയിൽനിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തിൽ(അന്ന്) അവൻ (അല്ലാഹു) പറയും: നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾ ആസ്വദിച്ചുകൊള്ളുക) ശിക്ഷ നിങ്ങളുടെ കർമങ്ങളുടെ അനന്തരഫലമാണ്. അവിശ്വാസവും പാപങ്ങളും നിങ്ങളെ വലയം ചെയ്തതുപോലെ ശിക്ഷ നിങ്ങളെ വലയം ചെയ്യും.
56-59) അല്ലാഹു പറയുന്നു: (ഹേ, വിശ്വാസിച്ചവരായ എന്റെ ദാസന്മാരേ) എന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തിയവരേ. (എന്റെ ഭൂമി വിശാലമാണ്. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുക) ഒരു നാട്ടിൽ നിങ്ങൾക്കെന്നെ ആരാധിക്കാൻ കഴിയാതെ വന്നാൽ മറ്റൊരു നാട്ടിലേക്ക് നിങ്ങൾ യാത്ര പോവുക. അവനെ മാത്രം ആരാധിക്കാൻ കഴിയുംവിധം.
ആരാധനക്കുള്ള സ്ഥലങ്ങൾ ധാരാളമുണ്ട്. എന്നാൽ ആരാധ്യൻ ഒന്നുമാത്രം. മരണം അനിവാര്യമായും നിങ്ങളെ ബാധിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് തിരികെ കൊണ്ടുവരപ്പെടും. അവനെ ശരിയായ രീതിയിൽ ആരാധിക്കുകയും വിശ്വാസത്തോടൊപ്പം സൽപ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്താൽ അവൻ പ്രതിഫലം നൽകും. അവരെ ഉന്നതമായ വാസസ്ഥലങ്ങളിൽ താമസിപ്പിക്കും. മനസ്സാഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന സുന്ദര ഭവനങ്ങളിൽ താമസം. നിങ്ങളതിൽ ശാശ്വതരായിരിക്കും.
(എത്ര വിശിഷ്ടം) ആ ഭവനങ്ങൾ; സുഖാനുഗ്രഹത്തിന്റെ സ്വർഗത്തിൽ. (പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം) അല്ലാഹുവിന് വേണ്ടി പ്രവർത്തിക്കുന്നവർ. (ക്ഷമ കൈകൊള്ളുകയും) അല്ലാഹുവിനെ ആരാധിക്കുന്ന കാര്യത്തിൽ. (തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപ്പിച്ചുകൊണ്ടിരിക്കുകയും ചെയതവരത്രെ അവർ) ആ കാര്യത്തിൽ അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള ക്ഷമയിൽ ഒരാൾ പരമാവധി ചെയ്യേണ്ടതുണ്ട്. അതിൽ തന്റെ മുഴുവൻ ഊർജവും ചെലവഴിക്കുകയും അതിനാവശ്യമായ ശ്രമം നടത്തുകയും വേണം. അതിനെ തടയുന്ന പിശാചിനോട് തീവ്രമായി പോരാടുകയും ചെയ്യണം.
അവനിലുള്ള അവരുടെ തവക്കുൽ അവർ എത്രമാത്രം അല്ലാഹുവിനെ അവലംബിക്കുന്നു എന്നതിനനുസരിച്ചാണ്; അവനെക്കുറിച്ചുള്ള അവരുടെ സൽവിചാരമനുസരിച്ചും. അവർ ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ അത് വേണം. ക്ഷമയിൽപെടുന്നതാണെങ്കിലും തവക്കുൽ പ്രത്യേകം എടുത്ത് പറഞ്ഞു. എന്ത് പ്രവർത്തിക്കാനും ഉപേക്ഷിക്കാനുമെല്ലാം അത് അനിവാര്യമാണ്. അത് കൂടാതെ ക്ഷമ പൂർണമാവില്ല.
60) അനുഗ്രഹപൂർണനായ സ്രഷ്ടാവ്. എല്ലാവരുടേയും ഭക്ഷണം അവനേറ്റെടുത്തു; ശക്തനായാലും ദുർബലനായാലും. എത്ര (ജീവികളുണ്ട്) ശക്തരും ദുർബലരുമായി ഭൂമിയിൽ; ബുദ്ധി കുറഞ്ഞവരും. (ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത) അവർ ഒന്നും കരുതി വെക്കുന്നില്ല. യാതൊരു ഉപജീവനവും അവരുടെ അടുക്കലില്ല. എന്നിട്ടും അല്ലാഹു ഉചിതമായ സമയങ്ങളിൽ അവക്ക് ഭക്ഷണം നൽകുന്നു. (അല്ലാഹുവാണ് അവർക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്) അതിനാൽ നിങ്ങളെല്ലാവരും അല്ലാഹുവെ ആശ്രയിക്കുന്നു. അവൻ നിങ്ങളെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഉപജീവനത്തിന്റെ ചുമതലയും അവനാണ്. (അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്) അതിനാൽ അവനിൽനിന്ന് ഒന്നും മറച്ച് വെക്കപ്പെടുന്നില്ല. അവനിൽനിന്ന് മറഞ്ഞു എന്ന കാരണത്താൽ ഒരു ജീവിയും ഭക്ഷണം കിട്ടാതെ മരിക്കുന്നില്ല. അല്ലാഹു പറയുന്നു:
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ ٦
“ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്’’ (11:6).
61-63) ആരാധനയിൽ മറ്റുള്ളവരെ അല്ലാഹുവിൽ പങ്കുചേർക്കുന്ന ബഹുദൈവാരാധകർക്കെതിരെ ഈ വാക്യങ്ങൾ തെളിവ് സ്ഥാപിക്കുന്നു. സൃഷ്ടികർതൃത്വത്തിലെ ഏകത്വം അംഗീകരിക്കുന്നു എന്നതിനാൽ ആരാധനയിലെ ഏകത്വം അവർക്ക് അംഗീകരിക്കേണ്ടിവരുന്നു. ആകാശ ഭൂമികളെ സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചാൽ, ആകാശത്തുനിന്ന് മഴ ഇറക്കിയത് ആരാണെന്നു അവരോട് ചോദിച്ചാൽ, ഭൂമിയെ നിർജീവാവസ്ഥക്ക് ശേഷം ജീവിപ്പിച്ചതാരാണെന്നും മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നതാരാണെന്നും ചോദിച്ചാൽ (അല്ലാഹുവാണെന്ന് അവർ പറയുക തന്നെ ചെയ്യും) അവൻ മാത്രമാണെന്ന്. അല്ലാഹുവോടൊപ്പം അവർ ആരാധിക്കുന്ന ബിംബങ്ങളുടെയും മറ്റു വസ്തുക്കളുടെയും അശക്തി അവർ അംഗീകരിക്കും. അതിനാൽ അവരുടെ നുണകളും കെട്ടിച്ചമക്കലുകളും എത്ര വിചിത്രമാണ്! അവർ നിസ്സഹായരാണെന്നും ഒന്നും നിയന്ത്രിക്കാൻ യോഗ്യരല്ലെന്നും അവർ സമ്മതിക്കുന്നവരിലേക്ക് അവർ തിരിയുന്നു. അവർ ബുദ്ധിയില്ലാത്തവരാണെന്ന് കരുതപ്പെടും. അവർ ദുർബല മനസ്സുള്ളവരും വിഡ്ഢികളുമാണ്. സൃഷ്ടിക്കുകയോ ഭക്ഷണം നൽകുകയോ ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നോ ഉറപ്പുള്ള ക്വബ്‌റിനെയും കല്ലിനെയും ആരാധിക്കുന്നവരെക്കാൾ ബുദ്ധിയില്ലാത്തവരെ നീ കണ്ടിട്ടുണ്ടോ? ഇവരോടുള്ള ആരാധനയിൽ ആത്മാർഥത കാണിക്കുകയും ഉപകാരവും ഉപദ്രവവും ചെയ്യുന്ന അന്നദാതാവും സ്രഷ്ടാവുമായ രക്ഷിതാവിൽ പങ്ക് ചേർക്കുകയും ചെയ്യുന്നു.
ദുർമാർഗത്തിൽ നിന്നും സന്മാർഗത്തെ വ്യക്തമാക്കിത്തന്ന അല്ലാഹുവിന് സ്തുതി. ബഹുദൈവ വിശ്വാസികൾ നിലകൊള്ളുന്ന ശിർക്കിന്റെ നിരർഥകത അവൻ വ്യക്തമാക്കിത്തന്നു. പറയുക: മുകളിലും താഴെയുമുള്ള ആകാശ മണ്ഡലങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന് സ്തുതി. അവൻ അവയെ നിയന്ത്രിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കും. ചിലർക്ക് കുടുസ്സാക്കുകയും ചെയ്യും; അവന്റെ യുക്തി അനുസരിച്ച്. തന്റെ ദാസന്മാർക്ക് ഏതാണ് ഗുണമെന്നും ആവശ്യമെന്നും അവനറിയും.
