യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും 5
സി മുഹമ്മദ് അജ്മൽ
2026 ജൂലൈ 25, 1448 സ്വഫർ 11

UDF മാനിഫെസ്റ്റോ ഇതിന് എന്ത് പരിഹാരമാണ് നിർദ്ദേശിക്കുന്നത്?
കുട്ടികൾ പുറത്തേക്ക് പോകുന്നത് തടയാൻ കേരളത്തിൽ തന്നെ ലോകോത്തര പഠനസൗകര്യങ്ങൾ ഒരുക്കുമെന്നാണ് യുഡിഎഫ് മാനിഫെസ്റ്റോ പറയുന്നത്. അതിനായി ചില വലിയ ആശയങ്ങൾ അവർ മുന്നോട്ടുവെക്കുന്നുണ്ട്:
• നോളജ് സിറ്റികൾ (Knowledge Cities)
• കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (KIT)
• സർവകലാശാലകൾ തമ്മിലുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം.
• കെ.ആർ. നാരായണൻ സ്കോളർഷിപ്പ്.
• കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ എഡ്യൂക്കേഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ.
• ജോബ് വാച്ച് ടവർ (Job Watch Tower)
• വിദേശഭാഷാ പരിശീലന കേന്ദ്രങ്ങൾ.
ഇവയെല്ലാം വളരെ നല്ല ആശയങ്ങളാണ്. നോളജ് സിറ്റികളും KIT പോലെയുള്ള സ്ഥാപനങ്ങളും ദീർഘകാലടിസ്ഥാനത്തിൽ ഗുണം ചെയ്യും. ക്രെഡിറ്റ് ട്രാൻസ്ഫർ കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകും. ജോബ് വാച്ച് ടവർ ഭാവിയിലെ തൊഴിൽ സാധ്യതകൾ പ്രവചിക്കാൻ സഹായിക്കും. ഇവ എങ്ങനെ നന്നായി നടപ്പിലാക്കാം എന്നാണ് ആലോചിക്കേണ്ടത്.
എന്നാലും ചില അന്ധബിന്ദുക്കൾ (blind spots) കാണാതിരിക്കാനാവില്ല. കെ.ആർ. നാരായണൻ സ്കോളർഷിപ്പ് കുട്ടികളെ വിദേശത്ത് പോയി പഠിക്കാൻ സഹായിക്കുന്നതാണ്. എഡ്യൂക്കേഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് ലോണുകളും നൽകും. പക്ഷേ, ഇതിൽ കൃത്യമായ ഒരു ഗുണനിലവാര ഫിൽട്ടർ (Quality Filter) ഉണ്ടോ? കുട്ടി ഏത് വിദേശ സർവകലാശാലയിലേക്കാണ് പോകുന്നത് എന്ന് പരിശോധിക്കുന്നുണ്ടോ? ആ യൂണിവേഴ്സിറ്റിക്ക് കൃത്യമായ അക്രെഡിറ്റേഷൻ ഉണ്ടോ? ആ കോഴ്സിന് തൊഴിൽ സാധ്യതയുണ്ടോ? അവിടുത്തെ വിസനിയമങ്ങൾ അനുകൂലമാണോ? കൺസൾട്ടന്റിന്റെ കമ്മീഷൻ എത്രയെന്ന് വ്യക്തമാക്കുന്നുണ്ടോ?
ഇവയൊന്നും പരിശോധിക്കുന്നില്ലെങ്കിൽ, ഈ സഹായങ്ങൾ യഥാർഥത്തിൽ തെറ്റായ വിദേശ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാൻ മാത്രമെ സഹായിക്കൂ. സർക്കാർ പണം നൽകി ഒരു വിദ്യാർഥിയെ വിദേശത്തെ ഒരു മോശം കോളേജിലേക്ക് അയക്കുകയും, അവിടെ കോഴ്സ് കഴിഞ്ഞ് ജോലി കിട്ടാതെ വലിയ കടവുമായി കുട്ടി നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്താൽ, പേപ്പറിൽ ‘സ്കോളർഷിപ്പ് വിതരണം ചെയ്തു’ എന്ന് കാണിക്കാം, എന്നാൽ ആ കുടുംബം പൂർണമായും തകരുകയേയുള്ളൂ.
മാനിഫെസ്റ്റോ കുട്ടികൾ എന്തുകൊണ്ട് നാടുവിടുന്നു എന്നതിന്റെ പകുതി ഭാഗം ചർച്ച ചെയ്യുന്നുണ്ട്, പക്ഷേ, അവർ ചെന്നെത്തുന്ന വിദേശത്തെ കെണികളെക്കുറിച്ച് മൗനം പാലിക്കുന്നു.
എല്ലാ കുടിയേറ്റങ്ങളും ഒരേപോലെയല്ല (Segmentation of Migration)
മേധാവിത്വ ചോർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ എല്ലാ വിദ്യാർഥികളെയും ഒരേ തട്ടിലാണ് കാണുന്നത്. അത് തെറ്റായ രീതിയാണ്. കുട്ടികളെ അവരുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് മൂന്നായി തിരിക്കാം:
വിഭാഗം 1
മികച്ച പ്രതിഭകൾ (Top Talent)
മിടുക്കനായ ഒരു വിദ്യാർഥി എംഐടിയിലോ ഓക്സ്ഫോർഡിലോ പഠിക്കാൻ പോകുന്നത് മേധാവിത്വ ചോർച്ചയല്ല, അതൊരു ബുദ്ധിപരമായ നിക്ഷേപമാണ് (Brain Investment). Erasmus Mundus, Fulbright, DAAD, Chevening, Rhodes തുടങ്ങിയ സ്കോളർഷിപ്പുകൾ യുജി തലം മുതൽ ഗവേഷണം വരെ ലഭിക്കാവുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ LSS, USS, NMMS തുടങ്ങിയ മത്സര പരീക്ഷകൾ വിജയിച്ച കുട്ടികൾക്കായി നടപ്പിലാക്കണം. ഒളിമ്പ്യാഡുകൾക്ക് പ്രത്യേക പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകണം. ലോകോത്തര സർവകലാശാലകളിലേക്കും ഐഐടികളിലേക്കും ഐഐഎസ്സിയിലേക്കും പോകുന്ന കുട്ടികളെ നമ്മൾ തടയേണ്ടതില്ല. പകരം അവരുമായി മികച്ച ബന്ധം പുലർത്തണം. ഇതിനായി ഒരു ‘കേരള ഡയസ്പോറ അക്കാദമിക് നെറ്റ്വർക്ക്’ രൂപീകരിക്കണം. പഠനം കഴിഞ്ഞ് തിരിച്ചുവരുന്ന ഗവേഷകർക്ക് ഗ്രാന്റുകൾ നൽകണം. സ്റ്റാർട്ടപ്പ് ഫണ്ടിംഗും ലാബ് സൗകര്യങ്ങളും ഒരുക്കണം. നോളജ് സിറ്റി പോലുള്ള ഇടങ്ങളെ ഇവർക്ക് നാട്ടിലേക്ക് തിരിച്ചുവരാനുള്ള പ്ലാറ്റ്ഫോമുകളാക്കി മാറ്റണം.
വിഭാഗം 2
മികച്ച തൊഴിൽ തേടി ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും പോകുന്നവർ
ഇവർക്കുള്ള പരിഹാരം അക്കാദമിക് മാത്രമല്ല, സാമ്പത്തികംകൂടിയാണ്. കേരളത്തിലെ കോളേജുകളിൽ വന്ന് പ്രമുഖ കമ്പനികൾ 810 LPA ശമ്പളമുള്ള ജോലികൾ ഓഫർ ചെയ്താൽ ഈ നാടുവിടൽ വലിയ തോതിൽ കുറയും. ഇതിനായി നമ്മുടെ മികച്ച 30 കോളേജുകൾക്കെങ്കിലും പൂർണ്ണ സ്വയംഭരണാവകാശം (Autonomy) നൽകണം. സിലബസ് എല്ലാ വർഷവും പുതുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് വേണം. വ്യവസായ സ്ഥാപനങ്ങളുമായി നേരിട്ട് പങ്കാളിത്തമുണ്ടാക്കാനും ഫാക്കൽറ്റികളെ നിയമിക്കാനും അവരെ അനുവദിക്കണം. കൊച്ചി/കോഴിക്കോട്/ തിരുവനന്തപുരം ഐടി മേഖല വിപുലീകരിക്കണം. നിലവിലുള്ള 1.5 ലക്ഷം ഐടി ജോലികൾ അടുത്ത ദശകത്തിൽ 5 ലക്ഷമായി ഉയർന്നില്ലെങ്കിൽ ബംഗളൂരുവിന്റെ സാമ്പത്തിക ആകർഷണത്തെ ചെറുക്കാൻ കേരളത്തിന് കഴിയില്ല.
വിഭാഗം 3
തെറ്റായ കാരണങ്ങളാൽ വിദേശത്തേക്ക് പോകുന്ന ശരാശരി വിദ്യാർഥികൾ
നമ്മുടെ ഉടനടി ഇടപെടൽ ആവശ്യമായിട്ടുള്ളത് ഈ വിഭാഗത്തിലാണ്. ഇവർ പോകുന്നത് ഓക്്സ്ഫോർഡിലേക്കോ ഹാർവാർഡിലേക്കോ അല്ല, ആരും കേട്ടിട്ടില്ലാത്ത വിദേശത്തെ ചെറുകിട കോളേ ജുകളിലേക്കാണ്. കൺസൾട്ടന്റുമാരുടെ വാക്കു കേട്ട്, കൃത്യമായ തിരിച്ചടവ് ശേഷിയില്ലാതെ വലിയ തുക ലോണെടുത്ത്, കാലഹരണപ്പെട്ട വിസ നിയമങ്ങൾ വിശ്വസിച്ചാണ് ഇവർ പോകുന്നത്.
ഇവർക്കായി സർക്കാർ ചില കാര്യങ്ങൾ അടിയന്തരമായി ചെയ്യണം:
• ഒരു ‘കേരള എഡ്യൂക്കേഷൻ മൈഗ്രേഷൻ അഡൈ്വസറി’ (Education Migration Advisory) രൂപീകരിക്കുക.
• വിദേശത്ത് പോകുന്നവർക്ക് നിർബന്ധിത കൗൺസിലിംഗ് (Pre-departure counselling) നൽകുക.
• വിദേശ സർവകലാശാലകളുടെ ഒരു ഗുണനിലവാര സൂചിക (Quality Index) പ്രസിദ്ധീകരിക്കുക.
• എഡ്യൂക്കേഷൻ കൺസൾട്ടന്റുകൾക്ക് കൃത്യമായ ലൈസൻസിംഗ് ഏർപ്പെടുത്തുക.
• ഒളിച്ചുവെച്ച കമ്മീഷൻ ഇടപാടുകൾ നിരോധിക്കുക.
• സർക്കാർ സ്കോളർഷിപ്പുകളും ലോണുകളും കോളേജുകളുടെ ഗുണനിലവാരവുമായി ബന്ധിപ്പിക്കുക.
‘വിദേശത്തുള്ള മലയാളി വിദ്യാർഥികൾ’ എന്ന പേരിൽ വാർഷിക റിപ്പോർട്ട് പുറത്തുവിടുക. കൃത്യ മായ വിവരങ്ങൾ കുട്ടികളെ തെറ്റായ തീരുമാനങ്ങളിൽനിന്ന് രക്ഷിക്കും.
ചില ലളിതമായ കണക്കുകൾ
ഒരു മലയാളി കുടുംബം ഏകദേശം 50 ലക്ഷം രൂപ ചെലവഴിച്ച് യുകെയിലെ ഒരു സാധാരണ കോളേജിൽ പഠിക്കാൻ പോകുന്നു എന്ന് കരുതുക. ഇതൊരു വലിയ നിക്ഷേപ പന്തയമാണ് (Investment bet). അഞ്ച് വർഷം മുമ്പ് ഈ പന്തയം പലർക്കും ലാഭകരമായിരുന്നു; കാരണം അന്ന് വിസ നിയമങ്ങൾ എളുപ്പമായിരുന്നു, മികച്ച ശമ്പളമുള്ള ജോലികൾ കിട്ടുമായിരുന്നു, 3-4 വർഷംകൊണ്ട് എടുത്ത കാശ് തിരിച്ചുകിട്ടുമായിരുന്നു.
പക്ഷേ, ഇന്ന് അവസ്ഥ മാറി. വിസ കാലാവധി കുറഞ്ഞു, ശമ്പള പരിധി ഉയർത്തി, ലിവിങ് കോസ്റ്റും വാടകയും ഇരട്ടിയായി. ഇന്ന് ആ തുക തിരിച്ചുപിടിക്കണമെങ്കിൽ 7 വർഷമോ അതിലധികമോ വേണം, ചിലപ്പോൾ ഒരിക്കലും കഴിഞ്ഞെന്നും വരില്ല.
മറുവശത്ത്, കോഴിക്കോട് എൻഐടിയിൽനിന്ന് പഠിച്ചിറങ്ങുന്ന ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദ ധാരിക്ക് പ്രതിവർഷം 15 ലക്ഷം രൂപയുടെ പാക്കേജാണ് ശരാശരി ലഭിക്കുന്നത്. അവർക്ക് വിദേശ കടബാധ്യതകളില്ല, കരിയർ നേരത്തെ തുടങ്ങാം, സമ്പാദ്യം വേഗത്തിൽ വളരും. തിരുവനന്തപുരം സിഇടി യിൽനിന്ന് 6-8 ലക്ഷം രൂപയുടെ ശമ്പളത്തിൽ കരിയർ തുടങ്ങുന്ന ഒരു കുട്ടിപോലും, 50 ലക്ഷം കടമെടുത്ത് യുകെയിൽ ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടിയെക്കാൾ സാമ്പത്തികമായി സുരക്ഷിതനാണ്.
അതുകൊണ്ട് ഓരോ കുടുംബവും സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: നമ്മൾ കുട്ടിയുടെ കരിയറിലാണോ നിക്ഷേപിക്കുന്നത്, അതോ വിദേശ ബിരുദം എന്ന വെറുമൊരു ഭ്രമത്തിലാണോ?
പുതിയ സർക്കാരിനോട് നിർദേശിക്കാനുള്ളത്
കുട്ടികൾ നാടുവിടാനുള്ള കാരണങ്ങൾ ആദ്യം പരിഹരിക്കുക: നോളജ് സിറ്റികളും KITയും നല്ലതാണ്. പക്ഷേ, താൽകാലിക പ്രതിസന്ധി പരിഹരിക്കാൻ സിലബസുകൾ അതിവേഗം പുതുക്കുകയും കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകുകയും പ്ലേസ്മെന്റുകൾ വർദ്ധിപ്പിക്കുകയും വേണം.
വിദേശത്ത് പോകുന്നവരെ സംരക്ഷിക്കുക: സ്കോളർഷിപ്പും ലോണും നൽകുന്നതിന് മുമ്പ് യൂണിവേഴ്സിറ്റിയുടെയും കോഴ്സിന്റെയും നിലവാരം പരിശോധിക്കാനുള്ള ഫിൽട്ടറുകൾ വെക്കുക. പൊതുപണം വ്യാജ വിദേശകോളേജുകളെ സഹായിക്കാൻ ഉപയോഗിക്കരുത്.
കൺസൾട്ടന്റുകളെ നിയന്ത്രിക്കുക: വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികൾക്ക് കർശനമായ ലൈസൻസിങ് കൊണ്ടുവരിക. അവരുടെ കമ്മീഷൻ തുക പരസ്യമാക്കാൻ നിർബന്ധിക്കുക.
വിദ്യാഭ്യാസ വായ്പ പ്രതിസന്ധി ഗൗരവമായി കാണുക: 10,000 കോടിയിലധികം രൂപയുടെ വിദ്യാഭ്യാസ വായ്പ ബാധ്യത എന്നത് വെറുമൊരു ബാങ്ക് പ്രശ്നമല്ല, അതൊരു വലിയ സാമൂഹിക പ്രതിസന്ധിയാണ്. ലോൺ നൽകുന്നതിന് മുമ്പ് കോഴ്സിന്റെ തൊഴിൽ സാധ്യതയും രാജ്യത്തിന്റെ റിസ്്കും ബാങ്കുകൾ കൃത്യമായി വിലയിരുത്തണം.
കേരളത്തിലെ മേധാവിത്വ ചോർച്ച എന്നത് ഒരു തുടർച്ചയായ പ്രതികരണമാണ് (Chain Reaction). നമ്മൾ ഗുണനിലവാരമില്ലാത്ത ബിരുദങ്ങൾ നൽകുന്നു, മികച്ച സിലബസ് നൽകുന്നില്ല, സംസ്ഥാനത്ത് മതിയായ ജോലികൾ സൃഷ്ടിക്കുന്നില്ല; അപ്പോൾ സ്വാഭാവികമായും കുട്ടികൾ നാടുവിടുന്നു. പക്ഷേ, അവർ പോകുന്നത് മികച്ച അവസരങ്ങൾ തേടിയല്ല, മറിച്ച് ഇവിടുത്തെ സാഹചര്യങ്ങളിൽ മടുത്താണെങ്കിൽ അവർ ചെന്നെത്തുന്നത് മറ്റൊരു കെണിയിലേക്കായിരിക്കും. ചൂഷണം ചെയ്യുന്ന വിദേശ സർവകലാശാലകൾ, അടിയറവ് വെക്കേണ്ടി വരുന്ന വിസ നിയമങ്ങൾ, കനത്ത കടബാധ്യതകൾ, കൺസൾട്ടന്റുകൾ നയിക്കുന്ന തെറ്റായ തീരുമാനങ്ങൾ!
സർക്കാരിന്റെ മറുപടി വെറുമൊരു നോളജ് സിറ്റിയിലോ സ്കോളർഷിപ്പിലോ ഒതുങ്ങരുത്. കേരളത്തിലെ കോളേജുകളെ കുട്ടികൾക്ക് അഭിമാനത്തോടെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റണം. വ്യവസായ പങ്കാളിത്തം ശക്തമാക്കണം. വിദേശ വിദ്യാഭ്യാസ ഫണ്ടിംഗിന് കൃത്യമായ മാനദണ്ഡങ്ങൾ വെക്കണം!
മേധാവിത്വ ചോർച്ച എന്നാൽ നമ്മുടെ ഏറ്റവും മിടുക്കരായ കുട്ടികൾ മാത്രം നാടുവിടുന്നതല്ല; മറിച്ച്, ശരാശരി വിദ്യാർഥികൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വലിയ കടമെടുത്ത്, മോശം കോളേജുകളിലേക്ക് പോകുന്നതിനെക്കൂടിയാണ്. മിടുക്കരായ കുട്ടികൾ വിദേശത്ത് പോയാലും വലിയൊരു പങ്ക് തിരിച്ചുവരും. പക്ഷേ, മറ്റുള്ളവർക്ക് സംരക്ഷണവും കൃത്യമായ വിവരങ്ങളും മികച്ച ഓപ്ഷനുകളും നാട്ടിൽതന്നെ നൽകേണ്ടതുണ്ട്. ഉത്തരവാദപ്പെട്ടവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു!
