ഫെമിനിസവും ഇസ്ലാമികതത്ത്വങ്ങളും
മുഹമ്മദ് ഫയാസ്, നാദാപുരം
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

(ഫെമിനിസം, നിരീശ്വരവാദം, ഇസ്ലാം-2)
നമ്മുടെ രക്ഷിതാവ് സ്ത്രീകളെ (അവരുടെതായ) ഒരു മാനസികവും ശാരീരികവുമായ ഘടനയോടെയാണ് രൂപകൽപന ചെയ്തത്. പുരുഷന്മാരെയും (അവരുടെതായ) ഒരു മാനസികവും ശാരീരികവുമായ ഘടനയോടെയാണ് രൂപകൽപന ചെയ്തത്. നാഡീവ്യൂഹങ്ങളുടെ ചാർജുകളിൽ വ്യത്യാസമുണ്ട്. ഉദാഹരണം: പുരുഷന്മാരിൽ, വികാരങ്ങൾ ഒരുഭാഗത്തും യുക്തി മറ്റൊരുഭാഗത്തുമാണ്. പുരുഷൻ സ്നേഹിക്കുമ്പോൾ യുക്തിയില്ലാതെ സ്നേഹിക്കുന്നു. അവൻ യുക്തിസഹമായി ചിന്തിക്കുമ്പോൾ വികാരമില്ലാതെ ചിന്തിക്കുന്നു. അവൻ കഠിനനാണ്. എന്നാൽ സ്ത്രീ അങ്ങനെയല്ല! സ്ത്രീ വികാരങ്ങളെ യുക്തിസഹമാക്കുന്നു! വികാരങ്ങളുടെ ഉച്ചസ്ഥായിയിലും അവൾ യുക്തിയെ ഉപേക്ഷിക്കുന്നില്ല’’-ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരിൽ ഒരാളായ അഹ്മദ് ഉകാഷയുടെ (Ahmad Ukashah) വാക്കുകളാണിത്.
ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയുടെ കണ്ണുകളിലേക്ക് മാത്രം നോക്കി അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു പറയാൻ കഴിയും എന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. വളർന്നുവരവെ പെൺകുഞ്ഞ് പാവകളിൽ താൽപര്യം കാണിക്കുന്നതായും ആൺകുഞ്ഞ് സങ്കീർണമായ കളിപ്പാട്ടങ്ങളിൽ താൽപര്യം കാണിക്കുന്നതായും കാണാം. മിക്കവാറും പെൺകുട്ടികൾ നേരത്തെ സംസാരിക്കുന്നു. ആൺകുട്ടികൾ അക്രമാസക്തമായ കളികൾ ഇഷ്ടപ്പെടുന്നതായി കാണാം. അവർക്ക് സഞ്ചരിക്കാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. അവർ വലിയ ഇടങ്ങളിൽ നടക്കുന്നു. എന്നാൽ പെൺകുട്ടികൾ പൊതുവെ ഒരു കോണിൽ ഒതുങ്ങിക്കൂടിയിരിക്കുന്നതായി കാണാം. സ്ത്രീ, പുരുഷനുമായി ശാശ്വതമായ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു. ബന്ധത്തിന്റെ ദീർഘകാല നിലനിൽപ് അവൾ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷൻ അങ്ങനെയല്ല, അവൻ താൽക്കാലിക ബന്ധങ്ങളാണ് (Fling relationships) ഇഷ്ടപ്പെടുന്നത്.
ഇങ്ങനെയൊക്കെയാണ് കാര്യമെങ്കിൽ സമത്വം എന്ന ആശയം എങ്ങനെ നടപ്പിൽ വരും? അത് സ്ത്രീയുടെ പ്രകൃതിയെയും സവിശേഷതകളെയും നശിപ്പിക്കുന്ന ഒന്നല്ലേ? അതുകൊണ്ടുതന്നെ ശരീഅത്ത് (ഇസ്ലാമിക നിയമം) ഇതെല്ലാം കണക്കിലെടുത്തിട്ടുണ്ട്. ശരീഅത്ത് വന്നത് പുരുഷന്റെ തന്നിഷ്ടങ്ങൾക്ക് അനുസരിച്ചല്ല! ശരീഅത്ത് ലൈംഗിക ബന്ധങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്നു, ഇത് പുരുഷന്റെ തന്നിഷ്ടങ്ങൾക്ക് വിരുദ്ധമാണ്. ഇവിടെ സമത്വത്തിന്റെ യുക്തി പിൻപറ്റിയാൽ അത് സ്ത്രീകൾക്ക് എന്തുമാത്രം പ്രയാസം സൃഷ്ടിക്കുമെന്ന് ആലോചിക്കുക.
വിവാഹത്തിന്റെ നിബന്ധന സ്ഥിരതയും ദീർഘകാല നിലനിൽപ്പുമായിരിക്കണമെന്ന് ശരീഅത്ത് നിർബന്ധമാക്കിയിട്ടുണ്ട്. വിവാഹമോചനത്തിന്റെ ഉദ്ദേശ്യത്തോടെ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല. എന്നാൽ സമത്വത്തിന്റെ യുക്തി പിന്തുടരുകയാണെങ്കിൽ, താൽക്കാലിക ബന്ധങ്ങളെ അനുവദിക്കേണ്ടിവരും. ഇത് ഒരിക്കലും സ്ത്രീയുടെയോ കുടുംബത്തിന്റെയോ താൽപര്യങ്ങൾക്ക് അനുഗുണമല്ല!
വിവാഹ കരാറിലൂടെ പുരുഷൻ സ്ത്രീയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ശരീഅത്ത് നിർബന്ധമാക്കിയിട്ടുണ്ട്; കൂടാതെ പുരുഷനെ സംരക്ഷണച്ചെലവിന് ബാധ്യസ്ഥനാക്കിയിട്ടുമുണ്ട്. സമത്വത്തിന്റെ യുക്തി പിന്തുടരുകയാണെങ്കിൽ, ഇരുവർക്കും തുല്യമായി സമ്പത്ത് ചെലവഴിക്കേണ്ടിവരും! അതിനാൽ, സമത്വം എന്നത് ഒരിക്കലും സ്ത്രീയുടെയോ കുടുംബത്തിന്റെയോ താൽപര്യ ങ്ങൾക്ക് അനുഗുണമല്ല.
സ്വർഗത്തിൽനിന്ന് പുറത്തു പോകാൻ ഇടവന്നാൽ ‘നീ കഷ്ടപ്പെടും’ എന്നാണ് അല്ലാഹു ആദം നബി(അ)യോടു പറഞ്ഞത് (ക്വർആൻ 20:117); ‘നിങ്ങൾ ഇരുവരും കഷ്ടപ്പെടും’ എന്നല്ല. പുരുഷനാണ് ഭൂമിയിലെ ജീവിതത്തിൽ അധ്വാനിക്കേണ്ടവനും അതിന്റെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടവനും എന്നർഥം.
പുരുഷന്റെ ശാരീരിക ഘടനയും ശക്തിയും മാനസികാവസ്ഥയും സ്ത്രീയെക്കാളും ഉയർന്നതാണ്. അത് അവനെ കഠിനാധ്വാനത്തിന് സജ്ജനാക്കുന്നു. അവനു ജോലി ചെയ്യാനായി ദിനേന ദൂരയാത്ര ചെയ്യാം, പക്ഷേ സ്ത്രീക്ക് അത് പ്രയാസകരമാണ്. പുരുഷന് തന്റെ കുഞ്ഞിനായി രാത്രി മുഴുവൻ ഉണർന്നിരിക്കൽ പ്രയാസകരമാണ്. എന്നാൽ ഒരു മാതാവിന് അതിനുകഴിയും; അത് അവൾ ഇഷ്ടപ്പെടുന്നു, കാരണം അവളുടെ ശാരീരിക-മാനസിക അവസ്ഥ അതിന് അനുയോജ്യമായതാണ്.
ചുരുക്കത്തിൽ, സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിക്ക് കൂടുതൽ അനുയോജ്യമായതും ഒരു കുടുംബം സ്ഥാപിക്കുന്നതിന് ഏറ്റവും മികച്ചതുമായ ഒരു വ്യവസ്ഥയാണ് ഇസ്ലാം സ്ഥാപിച്ചിട്ടുള്ളത്.
ജോലിസ്ഥലങ്ങളിലെ അനിയന്ത്രിതമായ പുരുഷ-സ്ത്രീ സമ്പർക്കം ഹോർമോൺ വ്യതിയാനങ്ങൾക്കും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു സ്ത്രീ പുരുഷനോടൊപ്പം വളരെക്കാലം ഇടപഴകുമ്പോൾ സന്തോഷ ഹോർമോണായ എൻഡോർഫിൻ (Endorphins) ഉത്പാദിപ്പിക്കപ്പെടുകയും, പിന്നീട് അതേ സന്തോഷം ലഭിക്കാൻ വലിയ ഉത്തേജനങ്ങൾ ആവശ്യമായി വരികയും ചെയ്യുന്നു. ഇത് വഴിവിട്ട ബന്ധങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും ഇപ്പോൾ പഠനമികവ് വർധിപ്പിക്കാനായി ഒറ്റലിംഗ വിദ്യാഭ്യാസവും (Single-sex education) പ്രത്യേക തൊഴിലിടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
മുതലാളിത്തവും ഫെമിനിസവും; അവിശുദ്ധ സഖ്യം
പാശ്ചാത്യ സമൂഹം ഫെമിനിസത്തെ സ്വീകരിച്ചത് ഫെമിനിസ്റ്റ് സമ്മർദം കാരണമല്ല; ഫെമിനിസം പാശ്ചാത്യ സമൂഹത്തിന്റെതന്നെ ഒരു ആവശ്യമായിരുന്നു! മുതലാളിത്ത വ്യവസ്ഥിതിക്കും (Capitalist system) ഫെമിനിസം ആവശ്യമായിരുന്നു!
ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ, അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. യുദ്ധം അവസാനിച്ചയുടൻ ഈ പ്രവണത പ്രത്യക്ഷപ്പെട്ടു! മുതലാളിത്തത്തിന് സ്ത്രീകളെ തൊഴിൽ വിപണിയിലേക്ക് വേഗത്തിൽ കൊണ്ടുവരേ ണ്ടതുണ്ടായിരുന്നു! യുദ്ധസാഹചര്യങ്ങൾ കാരണം തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടിരുന്നു! നികുതി പിരിവുകാർ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു; പുരുഷന്മാർ മാത്രം ജോലി ചെയ്താൽ പകുതി നികുതി നഷ്ടപ്പെടും! അങ്ങനെ ഫെമിനിസ്റ്റ്-മുതലാളിത്ത സഖ്യം രൂപപ്പെട്ടു! ഫെമിനിസം അവരുടെ അജണ്ടകൾക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കി നൽകി. പരമ്പരാഗത കുടുംബം, പിതാവ്, അമ്മ, കുട്ടികൾ എന്ന വ്യവസ്ഥയിലേക്ക് ഈ അജണ്ടകൾക്ക് തുളച്ചുകയറാൻ പ്രയാസമാണ്. എന്നാൽ സ്ത്രീയെ അകറ്റി നിർത്തുകയും അവളെ തിരക്കിലാക്കുകയും ചെയ്താൽ കുടുംബത്തിലേക്ക് പ്രവേശിക്കാൻ എളുപ്പമാകും. അങ്ങനെ
മുതലാളിത്തം ഫെമിനിസവുമായി സഖ്യത്തിലായി. അജണ്ടകൾ ഫെമിനിസവുമായി സഖ്യത്തിലായി. സ്വവർഗരതി ഫെമിനിസവുമായി സഖ്യത്തിലായി. ജെൻഡർ (Gender) ഫെമിനിസവുമായി സഖ്യത്തിലായി!
ഇസ്ലാമിക നിയമങ്ങളുടെ സവിശേഷത

ഇസ്ലാം പുരുഷന്റെയും സ്ത്രീയുടെയും തന്നിഷ്ടങ്ങളെ നിയന്ത്രിക്കുന്നത് സമൂഹത്തിന്റെ നിലനിൽപിനു വേണ്ടിയാണ്. നിരീശ്വരവാദപരമായ ഒരു ഭൗതിക ലോകത്ത് സ്ത്രീക്ക് മൃഗത്തെക്കാൾ വലിയ വിലയില്ല. ചാൾസ് ഡാർവിനെപ്പോലുള്ള പരിണാമ സിദ്ധാന്തക്കാർ സ്ത്രീയെ പുരുഷനെക്കാൾ താഴ്ന്ന പരിണാമ ഘട്ടത്തിലുള്ളവളായും ഗൊറില്ലയോട് അടുത്തവളായുമാണ് ശാസ്ത്രീയമായി ചിത്രീകരിച്ചത് (സ്റ്റീഫൻ ജി.ഗൗൾഡ് റിപ്പോർട്ട് ചെയ്തത്). റിച്ചാർഡ് ഡോക്കിൻസ് സ്ത്രീയെ വെറും ജീൻ വഹിക്കാനുള്ള പാത്രമായി കണ്ടു.
ആധുനിക സമൂഹത്തിൽ മുസ്ലിം സ്ത്രീകൾ അഭിമുഖീകരിക്കുന്ന ആശയപരമായ വടംവലികൾക്കിടയിൽ, പാശ്ചാത്യ ഫെമിനിസത്തിന്റെയും ഭൗതികവാദത്തിന്റെയും യാഥാർഥ്യങ്ങൾ തിരിച്ചറിയേണ്ടത്
അത്യന്താപേക്ഷിതമാണ്. ഫെമിനിസം സ്ത്രീക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോഴും, പ്രായോഗികതലത്തിൽ അത് മുതലാളിത്ത താൽപര്യങ്ങൾക്കും പുരുഷന്മാരുടെ സ്വാർഥതാൽപര്യങ്ങൾക്കും സ്ത്രീയുടെ ശരീരം സൗജന്യമായി വിട്ടുകൊടുക്കുന്ന ഒരു വ്യവസ്ഥയായി മാറുകയാണ് ചെയ്തത്. പാശ്ചാത്യ മാതൃകകൾ പീഡനങ്ങളുടെയും ഗർഭഛിദ്രങ്ങളുടെയും നിരക്ക് വർധിപ്പിച്ചപ്പോൾ, പ്രകൃതിപരമായ നീതിയും ആദരവും സുരക്ഷിതത്വവും നൽകിക്കൊണ്ട് സ്ത്രീയെ ആദരിച്ചത് ഇസ്ലാമിക നിയമങ്ങളാണ്.
സമത്വമെന്ന പേരിൽ സ്ത്രീയെ പുരുഷന്റെ അതേ ബാധ്യതകളിലേക്കു തള്ളിവിടുന്നത് അവളുടെ സവിശേഷതകളെയും സഹജപ്രകൃതിയെയും തകർക്കുന്ന ക്രൂരതയാണെന്ന് മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നു. പുരുഷൻ സംരക്ഷകനാവുകയും സ്ത്രീ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ആരോഗ്യകരമായ കുടുംബജീവിതമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. നിരീശ്വരവാദവും പരിണാമ സിദ്ധാന്തങ്ങളും സ്ത്രീയെ കേവലം ജൈവിക വസ്തുവായി മാത്രം കാണുമ്പോൾ, മതം അവൾക്ക് ഉന്നതമായ ആത്മീയ പദവിയും അർഹമായ സുരക്ഷിതത്വവും ഉറപ്പുനൽകുന്നു. അതിനാൽ, പാശ്ചാത്യ അജണ്ടകളുടെ കെണിയിൽ വീഴാതെ, ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ സ്വന്തം വ്യക്തിത്വവും കുടുംബവ്യവസ്ഥയും സംരക്ഷിക്കാൻ പെൺകുട്ടികൾ തയ്യാറാകേണ്ടതുണ്ട്.
