ജനിതകശാസ്ത്രം; മുസ്‌ലിംകളുടെ പങ്ക്
ഡോ. ടി. കെ. യൂസുഫ്
2026 മാർച്ച് 28, 1447 ശവ്വാൽ 06

ജനിതകശാസ്ത്രത്തെ ഒരു നവീന ശാസ്ത്രമായിട്ടാണ് ലോകം മനസ്സിലാക്കുന്നത്. അത് ശരീര ശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതക സാങ്കേതിക വിദ്യ എന്നിവയോട് അനുബന്ധമായി ജന്മമെടുത്തതാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. 1822ൽ ജനിച്ച ഒരു ഓസ്ട്രിയൻ പുരോഹിതനായ ഗ്രിഗർ മൻഡലാണ് ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. എന്നാൽ ജനിതകശാസ്ത്രത്തിന് ഇസ്‌ലാമിക നാഗരികതയോളം പഴക്കമുണ്ടെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്. അറബികൾ പക്ഷികളെയും മൃഗങ്ങളെയും ഇണചേർക്കുന്ന സമയത്ത് ഒരു ജനിതക ശുദ്ധീകരണം നടത്തിയിരുന്നതായി കാണാം. ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനും ഹദീസും അടുത്ത ബന്ധത്തിലുളളവർ തമ്മിലുള്ള വിവാഹബന്ധം നിഷിദ്ധമാക്കിയതിലെ തത്ത്വമാണ് അവർക്ക് അതിന് പ്രചോദനം നൽകിയത്.
ജനിതക ലക്ഷണങ്ങൾ നോക്കി കുട്ടികളുടെ മാതാപിതാക്കളെ തിരിച്ചറിയാനുള്ള അറബികളുടെ കഴിവ് അപാരമായിരുന്നു. ബനു മുദലജ് ഗോത്രം ഈ വിഷയത്തിൽ പ്രസിദ്ധരായിരുന്നു. ഒരിക്കൽ ഒരു കുഞ്ഞിന്റെ മാതാവിനെ ഇരുപത് സ്ത്രീകളുടെ കൂട്ടത്തിൽ നിർത്തിയിട്ടും അവരിൽ ഒരാൾക്ക് അവളെ വേർതിരിച്ചറിയാൻ കഴിയുകയുണ്ടായി. ഉസാമയും സൈദും ഒരു പുതപ്പുകൊണ്ട് ശിരസ്സും ശരീരവും മറയ്ക്കുകയും പാദങ്ങൾ മാത്രം വെളിപ്പെടുത്തുകയും ചെയ്ത് കിടക്കുന്നത് കണ്ട മുജസിസ് മുദ്‌ലജി ‘തീർച്ചയായും ഈ പാദങ്ങൾ ചിലത് ചിലതിൽ നിന്നാണ്’ എന്നു പറഞ്ഞ സംഭവം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. കറുത്ത നിറമുള്ള ഉസാമയെയും വെളുത്ത നിറമുള്ള അദ്ദേഹത്തിന്റെ പിതാവ് സൈദിനെയും കേവലം കാലുകൾ മാത്രം കണ്ട് തിരിച്ചറിഞ്ഞാണ് അദ്ദേഹം അങ്ങനെ പ്രസ്താവിച്ചത്.
ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിസ്മയകരമായ ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർആനിൽ നമുക്ക് കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മാത്രം ശാസ്ത്രം കണ്ടെത്തിയ, ബീജത്തെക്കുറിച്ചും അണ്ഡത്തെക്കുറിച്ചും സിക്താണ്ഡത്തെക്കുറിച്ചുമുളള പരാമർശങ്ങൾ നമുക്ക് ക്വുർആനിൽ കാണാൻ കഴിയും. അക്കാലത്ത് ലോകത്ത് ഈ വിഷയത്തിൽ വെറും അബദ്ധധാരണകളാണുണ്ടായിരുന്നത്.
ഭ്രൂണശാസ്ത്രവും മുസ്‌ലിംകളും
ബീജത്തിലെ ക്രോമസോമുകൾ കുഞ്ഞിന്റെ മാനസിക-ശാരീരിക രംഗങ്ങളിൽ നിർണായക സ്വാധീനം ചെലത്തുന്നുണ്ടെന്ന് ഇന്ന് ഏവർക്കും അറിയാം. എന്നാൽ പതിനാലാം നൂറ്റാണ്ടിൽ മരണപ്പെട്ട ഇബ്‌നുൽ ക്വയ്യിം ബീജത്തിലും അണ്ഡത്തിലും മാതാപിതാക്കളുടെ ശരീരത്തിലെ വളരെ സൂക്ഷ്മമായ അംശം അടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവിച്ചതായി കാണാം. ജനിതക ഘടകങ്ങളിലൂടെ മുൻതലമുറകളിലെ സ്വഭാവ ഗുണങ്ങൾ പോലും കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന വസ്തുത ആദ്യകാല മുസ്‌ലിം പണ്ഡിതർ മനസ്സി ലാക്കിയിരുന്നു. ഇമാം ത്വബ്‌രിയുടെ ‘ഫിർദൗസുൽ ഹിക്മ’ എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. കറുത്ത വർഗക്കാരനെ വിവാഹം ചെയ്ത ഒരു സ്ത്രീ വെളുത്ത മകളെ പ്രസവിച്ചു. ആ പെൺകുട്ടി പിന്നീട് ഒരു വെളുത്ത പുരുഷനെ വിവാഹം ചെയ്തു. പിന്നീട് അവൾ പ്രസവിച്ച കുഞ്ഞ് കറുത്തവനായിരുന്നു. പിതാമഹന്റെ സ്വാധീനമാണ് അതെന്നാണ് ത്വബ്‌രി അഭിപ്രായപ്പെടുന്നത്.
ജനിതക സ്വഭാവങ്ങളുടെ അടിസ്ഥാനം വിവരിക്കുന്ന ഒരു ഹദീസ് കാണാം. ഒരാൾ പ്രവാചക സന്നിധിയിൽ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭാര്യ ഒരു കറുത്ത കുഞ്ഞിനെ പ്രസവിച്ചു.’ അപ്പോൾ തിരുമേനി ﷺ ചോദിച്ചു: ‘നിനക്ക് ഒട്ടകങ്ങളുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബിﷺ: ‘അവയുടെ നിറം എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ചുവപ്പ്.’ തിരുമേനി ചോദിച്ചു: ‘അവയിൽ ചാരനിറമുള്ളതുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബിﷺ ചോദിച്ചു: ‘അത് എങ്ങനെയാണ്?’ അദ്ദേഹം പറഞ്ഞു: ‘വല്ല അവശിഷ്ടവും സ്വാധീനം ചെലുത്തിയതായിരിക്കാം.’ നബിﷺ പറഞ്ഞു: ‘താങ്കളുടെ മകനി ലും വല്ല അടിസ്ഥാന അവശിഷ്ടവും സ്വാധീനം ചെലുത്തിയിരിക്കാം’ (ബുഖാരി).
ജനിതക ഘടകങ്ങളുടെ ഏറ്റവും അടിസ്ഥാനരൂപമാണ് ഈ ഹദീസിലുടെ പ്രവാചകൻﷺ വിശദീകരിച്ചത്. ഇന്ന് ആധുനിക അറബി ഭാഷയിലും ജീൻ എന്ന ഇംഗ്ലീഷ് പദത്തിന് ഹദീസുകളിൽ വന്ന ‘ഇർഖ്’ എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മാതാപിതാക്കളുടെ ചില ജനിതകഗുണങ്ങൾ മക്കളിൽ ദൃശ്യമായില്ലെങ്കിലും അടുത്ത തലമുറയിലായിരിക്കും അത് പ്രകടമാകുക. ഇക്കാര്യം മുസ്‌ലിം പണ്ഡിതർ ശാസ്ത്ര വളർച്ചക്ക് മുമ്പുതന്നെ വ്യക്തമാക്കിയതാണ്. അതുപോലെ, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹബന്ധം കുഞ്ഞുങ്ങളിൽ ചില വൈകല്യങ്ങൾക്ക് കാരണമായിത്തീരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇസ്‌ലാം വിലക്കിയതാണ്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം സന്താനങ്ങളുടെ ദൗർബല്യത്തിന് കാരണമാകുമെന്ന് ഉമർ(റ) പ്രസ്താവിച്ചതായി കാണാം. അദ്ദേഹം പറഞ്ഞു:. ‘നിങ്ങൾ അടുപ്പമില്ലാത്തവരെ വേൾക്കുക, ദുർബലരാക്കരുത്.’ അതായത്, നിങ്ങൾ അപരിചിതരെ വിവാഹം കഴിക്കുക, സന്താനങ്ങളെ ക്ഷയിപ്പിക്കരുത്. ജനിതകബന്ധം ഇല്ലാത്തവരെ വിവാഹം ചെയ്യാനാണ് ഇസ്‌ലാം പ്രോത്സാഹനം നൽകുന്നത്. മുലകുടി ബന്ധത്തിലുളളവർ തമ്മിലുള്ള വിവാഹം പോലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. മുലപ്പാലിലൂടെ ജനിതക ഘടകങ്ങൾ കൈമാറ്റം ചെയ്യപ്പെടുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഈ രംഗത്തെ ഇസ്‌ലാമിക അധ്യാപനങ്ങൾ ചില അറബി കവിതകളിൽ പോലും ദർശിക്കാവുന്നതാണ്. മാവർദി ഇപ്രകാരം പറയുന്നുണ്ട്: ‘എന്റെ പിതൃവ്യപുത്രി എന്റെ കാമുകിയായിരുന്നിട്ടും സന്താനം ദുർബലമാകുമെന്ന് ഭയന്ന് ഞാൻ അവളെ വിട്ടു.’
അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിമിത്തം മാതാപിതാക്കളുടെ വിദൂര ജീനുകളിൽ പെട്ട രോഗങ്ങൾ വരെ കുഞ്ഞുങ്ങളിൽ പ്രകടമകാൻ കാരണമായിത്തീരുന്നുണ്ട്. ആദ്യകാല മുസ്‌ലിംകൾ ഈ നിർദേശം അവരുടെ ജീവിതത്തിൽ മാത്രമല്ല, മൃഗങ്ങളെ ഇണചേർക്കുന്ന അവസരങ്ങളിൽ പോലും ശ്രദ്ധിച്ചിരുന്നു. കുതിര, കഴുത പോലുള്ള വ്യത്യസ്ത മൃഗങ്ങളെ ഇണചേർക്കുമ്പോൾ അവർക്ക് ലഭിച്ചിരുന്നത് തികച്ചും വ്യത്യസ്തമായ ഒരു ഇനമായിരുന്നു. ഇണകൾ തമ്മിൽ എത്രകണ്ട് അടുപ്പം ഇല്ലാതിരിക്കുന്നുവോ അതാണ് കൂടുതൽ ഉത്തമം എന്ന ഒരു തത്ത്വം മനസ്സിലാക്കാൻ അവർക്ക് അത് സഹായക മായിത്തീർന്നു. കുതിരകൾ യാദൃച്ഛികമായി ഇണചേരുന്നത് ഒഴിവാക്കി പ്രത്യേകം തെരഞ്ഞെടുത്ത, ലക്ഷണമൊത്ത ജോഡികളെ മാത്രമാണ് അവർ ഇണചേർത്തിരുന്നത്. അതിലൂടെ അവർക്ക് ലക്ഷണ മൊത്ത കുതിരകളെ ലഭിച്ചിരുന്നു. വിവാഹരംഗത്ത് നല്ല കുടുംബങ്ങളെ തെരഞ്ഞെടുക്കണമെന്നും സ്വഭാവങ്ങൾ അനന്തരമായി ലഭിക്കുന്നതാണെന്നും ഇബ്‌നുമാജ ഉദ്ധരിച്ച ചില ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിൽ ദമ്പതികൾ തമ്മിലുള്ള പൊരുത്തം പോലെത്തന്നെ കുടുംബത്തിന്റെ അന്തസ്സും കുലീനതയും പരിഗണിക്കേണ്ടതുണ്ടെന്നും ഇതിൽനിന്നും മനസ്സിലാക്കാം.
(തുടരും)

