നോമ്പുകാരന് അനുവദനീയമായ കാര്യങ്ങൾ

അബൂ നിയാസ്

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

1. വെള്ളത്തിൽ മുങ്ങിക്കുളിക്കുക

നോമ്പുകാരന് വെള്ളത്തിൽ ഇറങ്ങിയിരിക്കലും മുങ്ങിക്കുളിക്കുന്നതും ശീതീകരിച്ച റൂമിലിരിക്കുന്നതും അനുവദനീയമാണ്. നനവുള്ള തുണിപോലുള്ളതുകൊണ്ട് ശരീരം ചുറ്റിപ്പൊതിയൽ, ദാഹം-ചൂട് എന്നിവ ശമിക്കാനായി ഐസ്, വെള്ളം പോലുള്ളവ തലയിൽവെക്കൽ പോലുള്ളതും അനുവദനീയമാകുന്നു.

അബൂബക്ർ ഇബ്‌നു അബ്ദുറഹ്‌മാൻ(റ) ചില സ്വഹാബികളിൽനിന്ന് നിവേദനം ചെയ്യുന്നു: “നോമ്പുകാരനായിരിക്കെ ഉഷ്ണം നിമിത്തം നബിﷺ തലയിൽ വെള്ളമൊഴിക്കുന്നത് ഞാൻ കാണുകയുണ്ടായി’’ (അഹ്‌മദ് 3/475 ).

2. ദന്തശുദ്ധി വരുത്തൽ

പല്ലുതേക്കൽ നോമ്പുകാരനും അല്ലാത്തവർക്കും എപ്പോഴും സുന്നത്താണ്. അത് രാവിലെയെന്നോ വൈകുന്നേരമെന്നോ വ്യത്യാസമില്ല.

പ്രവാചകൻﷺ പറയുകയുണ്ടായി: “എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്‌കാരത്തോടൊപ്പവും (മറ്റൊരു റിപ്പോർട്ടിലുള്ളത് വുദൂഇന്റെ കൂടെയും എന്നാണ്) മിസ്‌വാക്ക് ചെയ്യാൻ ഞാൻ കൽപിക്കുമായിരുന്നു’’ (ബുഖാരി: 887, മുസ്‌ലിം 252).

എന്നാൽ പല്ല്‌തേക്കുന്ന മിസ്‌വാക്കിന് പ്രത്യേക രുചിയോ മറ്റോ ഉണ്ടെങ്കിൽ അത് കലർന്ന ഉമിനീരിറക്കാതിരിക്കാൻ ശ്രദ്ധിക്കണം.

3. സുറുമയിടൽ, ചെവിയിലും കണ്ണിലും തുള്ളിമരുന്നൊഴിക്കൽ

നോമ്പുകാരനായിരിക്കെ സുറുമയിടുന്നതും കണ്ണിലും ചെവിയിലും തുള്ളിമരുന്നൊഴിക്കുന്നതും അനുവദനീയമാണ്; കണ്ണും ചെവിയും ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലമല്ലാത്തതിനാലും സുറുമയും മരുന്നും പൊതുവെ ഭക്ഷണമല്ലാത്തതിനാലും അതിന്റെ രുചി തൊണ്ടയിൽ അനുഭവപ്പെടു കയാണെങ്കിലും വിരോധമൊന്നുമില്ല. എന്നാൽ ഇത് നോമ്പുതുറന്ന ശേഷം ഉപയോഗിക്കാൻ പിന്തിപ്പിക്കുകയാണെങ്കിൽ അതാകുന്നു സൂക്ഷ്മത. അനസ്(റ) നോമ്പുകാരനായിരിക്കെ സുറുമ യിട്ടിരുന്നുവെന്ന് ശരിയായ റിപ്പോർട്ടിൽ വന്നിരിക്കുന്നു.

4. എണ്ണ, കുഴമ്പ് പോലുള്ളത് ശരീരത്തിൽ പുരട്ടൽ

കുഴമ്പ്, തൈലം, എണ്ണ, ക്രീം പോലുള്ളവ ശരീരത്തിന്റെ അകത്ത് പ്രവേശിക്കാത്തതിനാൽ അവ ഉപയോഗിക്കൽ അനുവദനീയമാണ്. നോമ്പുകാരനായിരിക്കെ കയ്യിലോ മുടിയിലോ മൈലാഞ്ചി പോലുള്ളത് ഇടുന്നതിന് വിരോധമില്ല. (ഫതാവാ ഇബ്‌നു ഉസൈമീൻ 2/127).

5. ചുംബനം; വികാരത്തെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക്

നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കുന്നത് അനുവദനീയമാണ്: “നബിﷺ നോമ്പുണ്ടായിരിക്കെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുമായിരുന്നു. നിങ്ങളിൽ ഏറ്റവും കൂടുതൽ വികാരത്തെ അടക്കുന്നവരായിരുന്നു നബിﷺ’’ (ബുഖാരി 1792, മുസ്‌ലിം 1854)

മറ്റു ചില റിപ്പോർട്ടുകളിൽ നബിﷺ റമദാനിൽ നോമ്പുണ്ടായിരിക്കെ ചുംബിക്കുമായിരുന്നുവെന്നും, ‘നോമ്പിന്റെ മാസത്തിൽ’ എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്: 2383).

എന്നാൽ വികാരം നിയന്ത്രിക്കാൻ കഴിയാത്തവർ ചുംബനം പോലുള്ളതിൽനിന്ന് വിട്ടുനിൽക്കേ ണ്ടതാകുന്നു.

6. രക്തമെടുക്കൽ

പരിശോധനാവശ്യത്തിന് നോമ്പുകാരന്റെ രക്തമെടുക്കുന്നത് അനുവദനീയമാണ്. അത് നോമ്പിനെ ബാധിക്കുകയില്ല. (ശൈഖ് ഇബ്‌നു ബാസ് (റഹി), ഫതാവാ സ്വിയാം: 34).

7. പല്ല് പറിക്കൽ

നോമ്പുകാരന് പല്ല് വൃത്തിയാക്കലും പല്ലിന്റെ ദ്വാരം അടക്കലും ആവശ്യമായി വന്നാൽ അത് പറിക്കുന്നലും വിരോധമില്ല. എന്നാൽ മരുന്ന്, രക്തം പോലുള്ളവ വയറ്റിലേക്കിറങ്ങാതെ സൂക്ഷിക്കേണ്ടതാകുന്നു. (ശൈഖ് ഇബ്‌നു ബാസ്(റഹി), ഫതാവാ സ്വിയാം: 29).

8. കുത്തിവയ്പ്

ഭക്ഷണത്തിന് പകരമല്ലാത്ത; രോഗശമനത്തിനായും പ്രതിരോധത്തിനായുമുള്ള കുത്തിവയ്പ് അനുവദനീയമാണ്. അവ നോമ്പിന്റെ താൽപര്യത്തിന് വിരുദ്ധമല്ല. എന്നിരുന്നാലും ഇത് രാത്രിയിലേക്ക് പിന്തിപ്പിക്കുന്നതാകും ഉത്തമം.

9. വായിലും മൂക്കിലും വെള്ളമാക്കി ഒഴിക്കൽ

നോമ്പുകാരന് ഉണങ്ങിയ ചുണ്ടുകൾ നനക്കുന്നതും വായ് കൊപ്ലിക്കലും അനുവദനീയമാണ്. വായയിലെ വെള്ളം തുപ്പിയതിന് ശേഷമുണ്ടാകുന്ന ഈർപ്പം നോമ്പിനെ ബാധിക്കുകയില്ല.

10. സുഗന്ധം ശ്വസിക്കൽ

നോമ്പുകാരന് സുഗന്ധം ഉപയോഗിക്കൽ അനുവദ നീയമാണ്. എന്നാൽ അറബികൾ ഉപയോഗിക്കുന്ന ഉലുവാൻപോലെ പുകയ്ക്കുന്ന ഒരുതരം സുഗന്ധം ശ്വസിക്കൽ വർജ്ജിക്കേണ്ടതാകുന്നു.(ശൈഖ് ഇബ്‌നു ഉഥൈമീൻ(റ)ഫതാവാ ഇസ്‌ലാമിയ്യഃ :2/128 )

11. ഉമിനീര്, കഫം

മനുഷ്യന്റെ നെഞ്ചിൽനിന്നും തലയിൽനിന്നും പുറപ്പെടുന്ന കഫം നോമ്പുണ്ടെങ്കിലും ഇല്ലെങ്കിലും തുപ്പേണ്ടതാകുന്നു. കാരണം അത് മ്ലേഛവും പല രോഗങ്ങൾക്കും കാരണമാകാനിടയുള്ളതുമാണ്. തൊണ്ടയിലുള്ള കഫം വിഴുങ്ങിയെന്ന കാരണം കൊണ്ട് നോമ്പ് അസാധുവാകുന്നതല്ല. എന്നാൽ വായിലുള്ളത് വിഴുങ്ങാൻ പാടില്ല.

ഉമിനീര് ഇറക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. വഴിയിലെ പൊടിപടലങ്ങൾ അകത്തേക്കു ചെല്ലുന്നതും പൊടിക്കുന്ന മില്ല് പോലുള്ളവയിൽ ജോലിചെയ്യുന്നവരുടെ, അല്ലെങ്കിൽ അവിടെ കടന്നുചെല്ലുന്നവരുടെ അകത്തേക്ക് പൊടിപടലങ്ങൾ പ്രവേശിക്കുന്നതം നോമ്പിനെ ബാധിക്കുകയില്ല.

പല്ലുകൾക്കിടയിൽ അവശേഷിക്കുന്ന ഭക്ഷണ സാധനങ്ങൾ അറിയാതെ വിഴുങ്ങിയാലും അത് ചെറുതായതിനാൽ തുപ്പിക്കളയാൻ സാധിക്കാതെ വന്നാലും- അത് ഉമിനീരിറക്കുന്നത് പോലെയാണ്- നോമ്പ് മുറിയുന്നതല്ല. എന്നാൽ പുറത്തെടുക്കാവുന്ന രീതിയിൽ വലുതാണെങ്കിൽ തുപ്പിക്കളയണം. മനഃപൂർവം വിഴുങ്ങുകയാണെങ്കിൽ നോമ്പ് മുറിയുന്നതാണ്.

12. ഭക്ഷണ സാധനങ്ങൾ രുചിച്ചുനോക്കൽ

നോമ്പുകാരന് ഭക്ഷണത്തിൽ ഉപ്പ്, മധുരം പോലുള്ളതിന്റെ അളവും തോതുമറിയാൻ രുചിച്ചു നോക്കുന്നതിൽ വിരോധമില്ല. അപ്രകാരം ആവശ്യമെങ്കിൽ അവ വാങ്ങുന്ന സന്ദർഭത്തിലും രുചിച്ചു നോക്കാവുന്നതാണ്. എന്നാൽ ഭക്ഷണാംശം വയറ്റിലേക്കിറങ്ങിയാൽ നോമ്പ് മുറിയുന്നതാണ്.

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം: “വാങ്ങാനുദ്ദേശിക്കുന്നതോ കലത്തിലുള്ളതോ ആയ ഭക്ഷണം രുചിച്ചു നോക്കുന്നതിന് വിരോധമില്ല’’ (ബുഖാരി:380).

ഇതുപോലെത്തന്നെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ മാതാവ് കുട്ടികൾക്ക് ഭക്ഷണം വായിലിട്ട് ചവച്ച് കൊടുക്കുന്നതും. പക്ഷേ, ഇവയെല്ലാം തന്നെ ഭക്ഷണം അകത്ത് പ്രവേശിക്കുന്നത് പ്രത്യേകം സൂക്ഷിച്ചു കൊണ്ടായിരിക്കേണ്ടതാകുന്നു’’ (ഫിഖ്ഹുസ്സുന്ന: 1/409).

നോമ്പുകാരൻ പകൽ സമയത്ത് ഉറങ്ങുന്നതിന് വിരോധമില്ല. എന്നാൽ ജമാഅത്ത് നമസ്‌കാരം നിർവഹിക്കുന്നതിന് അത് തടസ്സമാകരുത്. അപ്രകാരം തന്റെ നോമ്പിൽ പ്രാർഥന, ദിക്‌റുകൾ, ക്വുർആൻ പാരായണം പോലുള്ള എല്ലാ ആരാധനകളും അടങ്ങിയിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

നോമ്പിന്റെ പ്രധാന ലക്ഷ്യമായ അല്ലാഹുവിന്റെ ആജ്ഞകൾ അനുസരിക്കുകയും അവന്റെ വിലക്കു കളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുകയെന്ന സൂക്ഷ്മതകൊണ്ട് കൽപിക്കപ്പെട്ടവനാണ് നോമ്പുകാരൻ. അസത്യഭാഷണവും അനാശാസ്യ പ്രവർത്തനങ്ങളും നോമ്പുകാരൻ കൈവിടുന്നില്ലയോ അവൻ തന്റെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് താൽപര്യമില്ല.

നോമ്പുകാരൻ തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത് അവന്റെ സ്വഭാവ ഗുണങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. നോമ്പുമൂലം നേടിയെടുക്കുന്ന ചൈതന്യം ജീവിതത്തിൽ നിലനിർത്തുവാൻ ശ്രമിക്കേണ്ടതുണ്ട്.