അല്ലാഹുവിനോടുള്ള ഭയം; വിശ്വാസിയുടെ രക്ഷാകവചം

സമീർ മുണ്ടേരി

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

മനുഷ്യസഹജമായ വികാരങ്ങളിൽ ഒന്നാണ് ഭയം. പ്രധാനമായും രണ്ടു തരത്തിലുള്ള ഭയമാണ് മനുഷ്യനുള്ളത്. ഒന്ന് ഐഹികമായ ഭയവും രണ്ട് മതപരമായ ഭയവും. ശത്രുക്കൾ, വന്യമൃഗങ്ങൾ, രോഗങ്ങൾ, പട്ടിണി തുടങ്ങി, ദൈനംദിന ജീവിതത്തിൽ മനുഷ്യനെ പിടികൂടുന്ന ഭയങ്ങളെല്ലാം ഐഹികമായ ഭയത്തിന്റെ ഗണത്തിൽ പെടുന്നു. എന്നാൽ മതപരമായ ഭയം എന്നത് കേവലം ഒരു വികാരമല്ല, അതൊരു ആരാധനയാണ് (ഇബാദത്ത്). ഒരു വിശ്വാസിയുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതിൽ ഈ ഭയത്തിന് വലിയ പങ്കുണ്ട്.

മതപരമായ ഭയത്തെ പ്രധാനമായും അഞ്ച് തലങ്ങളിലായി നമുക്ക് മനസ്സിലാക്കാം:

1. അല്ലാഹുവിനോടുള്ള ഭയം

ഒരു വിശ്വാസി എന്തിനാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്? ഇഹലോകത്തെ ക്രൂരനായ ഒരു ഭരണാധികാരിയെയോ അക്രമിയെയോ ഭയപ്പെടുന്നതുപോലെയല്ല അല്ലാഹുവിനെ ഭയപ്പെടേണ്ടത്. ഈ ലോകത്ത് നമുക്ക് വേണ്ടതെല്ലാം ഒരുക്കിത്തന്ന, നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ചവനോട് ഞാൻ നന്ദികേട് കാണിക്കുന്നവനാണോ എന്ന ചിന്തയിൽ നിന്നാണ് ആ ഭയം ഉണ്ടാകേണ്ടത്. അത് അല്ലാഹുവിനോടുള്ള സ്നേഹത്തിൽനിന്നും ബഹുമാനത്തിൽനിന്നും ഉടലെടുക്കുന്നതാണ്.

നമ്മെ ശിക്ഷിക്കാനും രക്ഷിക്കാനും അനുഗ്രഹങ്ങൾ നൽകാനും അവ എടുത്തുമാറ്റാനും കഴിവുള്ളവൻ അല്ലാഹു മാത്രമാണ്. ആ ഉന്നതനായ റബ്ബിന്റെ മുന്നിൽ വിനയാന്വിതനാവുക എന്നതാണ് ഈ ഭയത്തിന്റെ കാതൽ. അല്ലാഹു പറയുന്നു: “അല്ലാഹു അവനെപ്പറ്റി (അവന്റെ ശിക്ഷയെപ്പറ്റി) നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹുവിങ്കലേക്കാണ് മടക്കം’’ (ആലുഇംറാൻ: 28).

2. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം

അല്ലാഹു കാരുണ്യവാനാണ്, എന്നാൽ കഠിനമായി ശിക്ഷിക്കുന്നവനുമാണ്. നരകത്തിന്റെ ഭീകരതകളെക്കുറിച്ചും ഇഹലോകത്തും പരലോകത്തും അല്ലാഹു നൽകുന്ന ശിക്ഷകളെക്കുറിച്ചുമുള്ള ബോധം വിശ്വാസിക്ക് അനിവാര്യമാണ്. അല്ലാഹു പറയുന്നു: “എന്റെ ദാസൻമാരെ വിവരമറിയിക്കുക: ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (അവരെ അറിയിക്കുക)’’ (അൽഹിജ്ർ 49-50).

3. കർമങ്ങൾ സ്വീകരിക്കപ്പെടില്ലേ എന്ന ഭയം

നന്മകൾ ചെയ്തുകൂട്ടിയാൽ മാത്രം പോരാ, അത് അല്ലാഹു സ്വീകരിച്ചോ എന്ന് ഭയപ്പെടുക കൂടി ചെയ്യുമ്പോഴാണ് വിശ്വാസം പൂർണമാകുന്നത്. ആഇശ(റ) ഒരിക്കൽ നബിﷺയോട് ചോദിച്ചു: ‘രക്ഷിതാവിങ്കലേക്ക് തങ്ങൾ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സിൽ ഭയമുള്ളതോടു കൂടി തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവർ എന്ന് ക്വുർആൻ വിശേഷിപ്പിച്ചത് കള്ളുകുടിയന്മാരെയും മോഷ്ടാക്കളെയും കുറിച്ചാണോ?’ പ്രവാചകൻﷺ മറുപടി നൽകി: ‘അല്ല സ്വിദ്ദീഖിന്റെ മകളേ, അവർ നോമ്പും നമസ്‌കാരവും ദാനധർമങ്ങളും നിർവഹിക്കുന്നവരാണ്. അതോടൊപ്പം തങ്ങളുടെ കർമങ്ങൾ അല്ലാഹു സ്വീകരിക്കുമോ എന്ന് അവർ ഭയപ്പെടുന്നു. അവരാണ് നന്മകളിലേക്ക് കുതിക്കുന്നവർ.’

4. ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള ഭയം

വിശ്വാസികൾക്ക് തങ്ങൾ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് എപ്പോഴും ഭയമുണ്ടാകും. ബനൂ ഇസ്രാഈല്യരിൽ ഒരാൾ മരണത്തിനു മുമ്പ് വസ്വിയ്യത്ത് ചെയ്തത്, തന്റെ മൃതശരീരം കത്തിച്ച്, ശക്തമായ കാറ്റുള്ളപ്പോൾ ആ ചാരം കടലിൽ വിതറാനായിരുന്നു. തന്റെ പാപങ്ങൾ കാരണത്താൽ അല്ലാഹു ശിക്ഷിക്കുമോ എന്ന ഭയമായിരുന്നു അയാൾക്ക്. ആ ഭയം കാരണം അല്ലാഹു അദ്ദേഹത്തിന് പൊറുത്തു നൽകി. തൊണ്ണൂറ്റിയൊമ്പത് പേരെ കൊന്ന മനുഷ്യൻ പശ്ചാത്തപിച്ച സംഭവവും ഇവിടെ സ്മരണീയമാണ്. പാപത്തെക്കുറിച്ചുള്ള ഭയം പശ്ചാത്താപത്തിലേക്കും അതുവഴി അല്ലാഹുവിന്റെ മഗ്ഫിറത്തിലേക്കും (പാപമോചനം) നമ്മെ നയിക്കും.

5. ശിർക്കിൽ അകപ്പെടുമോ എന്ന ഭയം

ഭാവിയിൽ താൻ കുഫ്റിലോ ശിർക്കിലോ (ബഹുദൈവാരാധന) ബിദ്അത്തിലോ അകപ്പെട്ടു പോകുമോ എന്ന ഭയം അതീവ പ്രധാനമാണ്. തൗഹീദിന്റെ പടനായകനായ ഇബ്‌റാഹീം നബി(അ)യുടെ പ്രാർഥന ഇതിന് ഏറ്റവും വലിയ തെളിവാണ്. ‘എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധനയിൽ നിന്ന് നീ അകറ്റേണമേ’ എന്ന് അദ്ദേഹം പ്രാർഥിച്ചു!

ആലോചിച്ചു നോക്കൂ! ജീവിതം മുഴുവൻ തൗഹീദിന് വേണ്ടി മാറ്റിവെച്ച, അതിനായി സ്വന്തം നാടും വീടും ഉപേക്ഷിച്ച, അഗ്‌നിയിലേക്ക് എറിയപ്പെട്ട പ്രവാചകനാണ് ഇബ്രാഹിം(അ). എന്നിട്ടും വാർധക്യ കാലത്ത് അദ്ദേഹം ശിർക്കിനെ ഭയപ്പെടുന്നുവെങ്കിൽ, സാധാരണക്കാരായ നാം എത്ര മാത്രം ഭയപ്പെടണം?

എന്തുകൊണ്ട് ശിർക്കിനെ ഭയപ്പെടണം?

ഏറ്റവും വലിയ തിന്മയും ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്ന പാപവുമാണ് ശിർക്ക്.

. അല്ലാഹുവിനെ കുറച്ചുകാണൽ: സർവശക്തനായ അല്ലാഹുവിന് തുല്യരായി ദുർബലരായ സൃഷ്ടികളെ പ്രതിഷ്ഠിക്കുന്നതിലൂടെ അല്ലാഹുവിനോടുള്ള ബഹുമാനം (തഅ്‌ളീം) ഇല്ലാതാക്കുകയാണ് മുശ്‌രിക്ക് ചെയ്യുന്നത്.

. നന്ദികേട്: ശമ്പളവും സൗകര്യങ്ങളും തരുന്ന മുതലാളിക്ക് വേണ്ടി പണിയെടുക്കാതെ, മറ്റൊരാൾക്ക് വേണ്ടി പണിയെടുക്കുന്ന ജോലിക്കാരനെ ആരെങ്കിലും ഇഷ്ടപ്പെടുമോ? എങ്കിൽ, അന്നവും വായുവും ജീവിതവും നൽകിയ അല്ലാഹുവിനെ വിട്ട് മറ്റുള്ളവരെ ആരാധിക്കുന്നത് എത്ര വലിയ നന്ദികേടാണ്!

. ധിക്കാരം: അല്ലാഹു ലളിതമായ ഒരു കാര്യമെ ആവശ്യപ്പെട്ടുള്ളൂ; തന്നെ മാത്രം ആരാധിക്കുക. അത് അംഗീകരിക്കാത്തവൻ ഏറ്റവും വലിയ ധിക്കാരിയാണ്.

. ഏറ്റവും വലിയ അക്രമം: സർവവും അടക്കിഭരിക്കുന്ന അല്ലാഹുവിനെ നിസ്സാരരായ സൃഷ്ടികളോട് ഉപമിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. ബുദ്ധിമാനും ധനികനും കരുത്തനുമായ ഒരാളെ, വിഡ്ഢിയും ദരിദ്രനുമായ ഒരാളോട് ഉപമിക്കുന്നത് ശരിയല്ലെന്നു നാം പറയും. എങ്കിൽ അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് ഉപമിക്കുന്നതോ?

. തനിച്ച വഴികേട്: മനുഷ്യന്റെ പ്രകൃതി (ഫിത്‌റഃ) ഏകദൈവാരാധനയാണ്. അത് മാറ്റിമറിക്കുന്നത് വഴിപിഴക്കലാണ്. മദ്യപാനത്തിനോ മോഷണത്തിനോ പിന്നിൽ ശാരീരികമായ ഇച്ഛകൾ (ശഹ്‌വത്ത്) ഉണ്ടാകാം, എന്നാൽ ശിർക്കിന് അത്തരം ന്യായീകരണങ്ങൾ പോലുമില്ല.

ശിർക്കിന്റെ ഭയാനകമായ അനന്തരഫലങ്ങൾ

. പൊറുക്കപ്പെടാത്ത പാപം: അല്ലാഹു പറയുന്നു: “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കും. വല്ലവനും അല്ലാഹുവോട് പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അവൻ വലിയൊരു പാപമാണ് കെട്ടിച്ചമച്ചിരിക്കുന്നത്’’ (അന്നിസാഅ്: 48).

. കർമങ്ങൾ നിഷ്ഫലമാകും: എഴുപതോ എൺപതോ വർഷം പുണ്യകർമങ്ങൾ ചെയ്താലും, അവസാനം ശിർക്കിലാണ് മരിക്കുന്നതെങ്കിൽ ആ കർമങ്ങളെല്ലാം പാഴായിപ്പോകും.

. സ്വർഗം നിഷിദ്ധം: ശിർക്ക് ചെയ്യുന്നവന് നരകം നിർബന്ധവും സ്വർഗം നിഷിദ്ധവുമാണ്.

ശിർക്ക് എന്താണെന്ന് കൃത്യമായി അറിയാത്തവന് അതിനെ ഭയപ്പെടാൻ കഴിയില്ല. ഉമർ(റ) പറഞ്ഞ തുപോലെ: ‘ജാഹിലിയ്യത്ത് (അജ്ഞത/ശിർക്ക്) എന്തെന്നറിയാത്തവൻ ഇസ്‌ലാമിൽ വളരുമ്പോഴാണ് ഇസ്‌ലാമിന്റെ കയറുകൾ ഓരോന്നോരോന്നായി പിരിയഴിയുന്നത്.’

അതുകൊണ്ട്, ശിർക്കിനെ നാം അങ്ങേയറ്റം വെറുക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതുണ്ട്. അല്ലാ ഹുവിനെ മാത്രം ഭയപ്പെട്ട്, ഏകദൈവാരാധനയിൽ അടിയുറച്ചു ജീവിക്കാൻ നാഥൻ തുണക്കട്ടെ.