മജൂസികളും പിശാചിന്റെ കളികളും

ശമീർ മദീനി

2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

(പിശാചിന്റെ ചതിക്കുഴികൾ 21)

വിശ്വാസകാര്യങ്ങൾ മതത്തിന്റെ അടിത്തറയാണ്. അത് കൃത്യവും വ്യക്തവും കണിശവുമായി പ്രമാണങ്ങളിൽനിന്ന് പഠിച്ചറിഞ്ഞ് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. വിശ്വാസത്തിൽ വ്യതിചലിപ്പിച്ചുകഴിഞ്ഞാൽ ലക്ഷ്യം നേടാൻ എളുപ്പം സാധിക്കുമെന്നത് പിശാചിന് നന്നായി അറിയാം. വിശ്വാസകാര്യങ്ങളിൽ വ്യതിചലിപ്പിക്കാൻ പിശാച് കിണഞ്ഞ് പരിശ്രമിക്കുകയും കുതന്ത്രങ്ങൾ മെനയുകയും ചെയ്ത ചരിത്രമാണ് ഏതൊരു ജനതയിലും വ്യതിയാനങ്ങളുടെ അടിസ്ഥാനമായി നമുക്ക് കാണാനാകുന്നത്. ഓരോരുത്തർക്കും തോന്നിയ ആശയങ്ങളും ഊഹാപോഹങ്ങളുമൊക്കെ വിശ്വാസങ്ങളായി സ്വീകരിച്ച് അതിനനുസരിച്ച് പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുകയുമായിരുന്നു അവർ ചെയ്തത്. അതിന് നല്ലൊരു ഉദാഹരണമാണ് മജൂസികളുടെ അഥവാ അഗ്‌നിയാരാധകരുടെ കാര്യം. രണ്ട് ദൈവങ്ങൾ ഉണ്ടെന്നതാണ് ഇവരുടെ വിശ്വാസം. ഒന്ന് നന്മയുടെ പ്രതീകമായ പ്രകാശവും മറ്റൊന്ന് തിന്മ പ്രവർത്തിക്കുന്ന പിശാചിന്റെ പ്രതീകമായ ഇരുട്ടും എന്നതാണ് ഇവരുടെ സങ്കൽപം.

എന്നാൽ അല്ലാഹു പറയുന്നത് ഇരുട്ടും വെളിച്ചവും അല്ലാഹു സംവിധാനിച്ച രണ്ട് പ്രതിഭാസങ്ങളാണ് എന്നാണ്: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികൾ തങ്ങളുടെ രക്ഷിതാവിന് സമൻമാരെ വെക്കുന്നു’’ (ക്വുർആൻ 6:1).

അല്ലാഹുവിനെക്കുറിച്ച് അവർ വെച്ചുപുലർത്തിയ തെറ്റായ വിശ്വാസങ്ങൾക്ക് പുറമെ ഇരുട്ടിനെക്കുറിച്ചും പ്രകാശത്തെക്കുറിച്ചും പുതിയ പുതിയ ചില സങ്കൽപങ്ങൾ അവർ കൊണ്ടുവന്നു. അവരിലെ പൂർവകാല നേതാവായി അറിയപ്പെട്ടിരുന്ന ‘സറാദശ്ത്ത്’ അഗ്‌നിയാരാധനയെയും സൂര്യനമസ്‌കാരത്തെയുമെല്ലാം വിശുദ്ധമായി പ്രഖ്യാപിച്ചു. സൂര്യനും അതിന്റെ പ്രകാശവുമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന തെറ്റായ വിശ്വാസം അവർ വെച്ചുപുലർത്തി. ലോകത്തുനിന്ന് ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നത് സൂര്യനാണെന്നും അതില്ലായിരുന്നുവെങ്കിൽ സസ്യലതാദികൾ മുളക്കുകയോ വളരുകയോ പുഷ്പിക്കുകയോ ചെയ്യുകയില്ല എന്നും ജീവജാലങ്ങൾക്കിവിടം വാസയോഗ്യമാകുമായിരുന്നില്ല എന്നുമൊക്കെയാണ് അതിനു കാരണമായി പറഞ്ഞത്. എന്നാൽ അങ്ങനെയൊക്കെയുള്ള ആ സൂര്യനെത്തന്നെ പടച്ച സ്രഷ്ടാവിനെ മറന്നുകൊണ്ടാണ് അവർ അതിനെ ആരാധിക്കുന്നവരായി മാറിയത്.

സബഇലെ ബിൽഖീസ് രാജ്ഞിയും പരിവാരങ്ങളും സൂര്യാരാധന നടത്തിയിരുന്നതായി ക്വുർആൻ പരാമർശിക്കുന്നുണ്ട്. സുലൈമാൻ നബി(അ)യുടെ ഹുദ്ഹുദ് പക്ഷി അവരെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

“അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത്. പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നിക്കുകയും അവരെ നേർമാർഗത്തിൽനിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ നേർവഴി പ്രാപിക്കുന്നില്ല’’ (27:24).

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവയിലൂടെ ലഭിക്കുന്ന നന്മകൾ സ്രഷ്ടാവിന്റെ ഔദാര്യങ്ങളും അനുഗ്രഹങ്ങളുമാണ് എന്നുമുള്ള വസ്തുത തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ഒരുതരം അന്ധത പിശാച് അവരിൽ പടർത്തി എന്ന് വേണം മനസ്സിലാക്കാൻ. ഓരോന്നിൽനിന്നും കിട്ടുന്ന ഗുണങ്ങൾ കണ്ടുകൊണ്ട് അവയെയെല്ലാം ദൈവങ്ങളാക്കി സങ്കൽപിച്ചാൽ ദൈവങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തത്രയും ഉണ്ടായിരിക്കും. അവർക്കൊക്കെ ആരാധനകൾ സമർപ്പിക്കുന്നത് എന്തുമാത്രം ബാലിശമാണ്! സൃഷ്ടിപൂജ നടത്തുന്ന ആളുകളിൽ പലരും ന്യായമായി പറയാറുള്ളത് അവയിലൂടെ കിട്ടുന്ന ഗുണങ്ങളെ സംബന്ധിച്ചാണ്. അഥവാ ഈ ഒരു ന്യായീകരണത്തിലൂടെ പലരെയും പിഴപ്പിക്കുവാൻ സാധിക്കുമെന്ന് പിശാച് തെളിയിച്ചിട്ടുള്ളതാണ്. ഇന്നും ഇത്തരക്കാരെ ഈ ന്യായീകരണങ്ങളുമായി ബഹുദൈവത്വത്തിന് കുടപിടിക്കുന്നവരായി കാണാൻ കഴിയും. മൃഗങ്ങളെയും സൂര്യനെയും ചന്ദ്രനെയും സമുദ്രത്തെയും കല്ലിനെയും കടലിനെയുമൊക്കെ പൂജിക്കുന്നവരും ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ നിരത്തുന്നതിന്റെ അടിസ്ഥാനം മറ്റൊന്നല്ല.

എന്നാൽ അല്ലാഹു പറയുന്നത് കാണുക: “അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങൾ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങൾ പ്രണാമം ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ’’(41:37).

അല്ലാമാ ഇബ്‌നുൽ ജൗസി (റഹി) തന്റെ പ്രസിദ്ധമായ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ പിശാച് മജൂസികളിൽ വിതറിയ വിശ്വാസവൈകല്യങ്ങളും അനാചാരങ്ങളും വിശദീകരിക്കുന്നുണ്ട്. (പേജ് 87).

മരണപ്പെട്ടവരെ അവർ മറവു ചെയ്യുമായിരുന്നില്ലത്രെ! കാരണം, മറവ് ചെയ്യുന്നത് മരിച്ചവരോടുള്ള അനാദരവാണെന്നായിരുന്നു അവരുടെ വീക്ഷണം. മൃഗങ്ങളെ കൊല്ലുന്നതും അറുക്കുന്നതുമൊന്നും ശരിയല്ല എന്നായിരുന്നു അവർ കരുതിയിരുന്നത്. എന്നാൽ ചില മൃഗങ്ങൾക്ക് പ്രത്യേകതകളും പവിത്രതയും കൽപിച്ചുകൊണ്ട് പല ആചാരങ്ങളും അനുബന്ധമായി അവർ ആചരിച്ചുവന്നു. അതിലൊന്നാണ് പശുക്കളുടെ മൂത്രം പവിത്രവും പുണ്യമുള്ളതുമാണ് എന്ന വിശ്വാസത്താൽ അതുകൊണ്ട് അവർ തങ്ങളുടെ മുഖം കഴുകുമായിരുന്നു എന്നത്! അത് പ്രായംചെന്ന പശുക്കളുടെതാണെങ്കിൽ കൂടുതൽ പവിത്രതയും പുണ്യവുമുള്ളതായി അവർ കരുതിയിരുന്നു. സ്വന്തം മാതാവുമായി ലൈംഗിക ബന്ധം അനുവദനീയമായിട്ടാണ് ഇവർ കണ്ടിരുന്നത്.

ഇങ്ങനെ എത്രയോ അനാചാരങ്ങളും നോന്നിവാസങ്ങളുമാണ് പിശാച് അവരെക്കൊണ്ട് ചെയ്യിച്ചത്! (‘തൽബീസു ഇബ്‌ലീസ്,’ പേജ് 87-89ൽ ഇത് വിവരിക്കുന്നുണ്ട്).

നേരായ മാർഗത്തിലൂടെ സഞ്ചരിക്കുവാനും യഥാർഥ വിശ്വാസികളായി ഈ ലോകത്തുനിന്ന് വിട പറയുവാനും അല്ലാഹു നമുക്ക് അനുഗ്രഹം പ്രദാനം ചെയ്യുമാറാകട്ടെ.