അന്ത്യദിനത്തിന്റെ ഭയാനകത
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്
2026 ജനുവരി 31, 1447 ശഅ്ബാൻ 12

(ക്വുർആനിലെ സാർവലൗകിക വിളികൾ-7)
മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് പ്രകൃതി ദുരന്തങ്ങളാണ്. ഒരു ചെറിയ ഭൂകമ്പമുണ്ടായാൽ പോലും മനുഷ്യൻ വിറച്ചുപോകുന്നു. കൊടുങ്കാറ്റിനെയും ഉരുൾപൊട്ടലിനെയും ഭയക്കുന്നു. എന്നാൽ, സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള, പ്രപഞ്ചം മുഴുവൻ പിടിച്ചു കുലുക്കപ്പെടുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള അതിഗൗരവമേറിയ മുന്നറിയിപ്പ് അല്ലാഹു നൽകുന്നുണ്ട്.
ക്വുർആൻ 22:1ൽ അല്ലാഹു പറയുന്നു:
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ
“മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.’’
മനുഷ്യൻ പലപ്പോഴും അലസനാണ്. ‘നാളെയാകട്ടെ,’ ‘പിന്നീട് നന്നാകാം’ എന്നു ചിന്തിച്ച് അവൻ ജീവിതം പാഴാക്കുന്നു. അവനെ പിടിച്ചു കുലുക്കിയുണർത്തുന്ന വിളിയാണിത്. ‘ഇത്തക്വൂ റബ്ബകും’ (നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക) എന്ന കൽപനയിലൂടെ, വരാനിരിക്കുന്ന വിപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു കവചം ദൈവഭക്തി (തക്വ്‌വ) മാത്രമാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു. പണമോ സ്വാധീനമോ കൊട്ടാരങ്ങളോ അന്ന് നമുക്ക് സംരക്ഷണം നൽകില്ല.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും നാം മറന്നുപോകുന്ന, എന്നാൽ വരാനിരിക്കുന്ന ഏറ്റവും വലിയ സത്യമാണ് ‘അന്ത്യദിനം.’ നാം നിവസിക്കുന്ന ഈ ഭൂമി എക്കാലത്തും ഇങ്ങനെത്തന്നെ ഉണ്ടാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഈ പ്രപഞ്ച സംവിധാനമാകെ തകിടം മറിയുന്ന, ഗർഭിണികൾ ഭയത്താൽ പ്രസവിച്ചുപോകുന്ന, കുട്ടികൾ നരച്ചുപോകുന്നത്ര ഭീകരമായ ഒരു ദിവസത്തെക്കുറിച്ച് അല്ലാഹു തന്റെ ദാസന്മാർക്ക് നൽകുന്ന ജാഗ്രതാ നിർദേശമാണിത്.
ഇത് വെറുമൊരു ഓർമപ്പെടുത്തലല്ല, മനുഷ്യനെ ഉണർത്തി നിർത്തുന്ന ഒരു മുന്നറിയിപ്പാണ്. അത് ഒരു സാധാരണ ഭൂകമ്പമല്ല; ലോകം മുഴുവൻ കുലുങ്ങിപ്പോകുന്ന, എല്ലാം തകിടം മറിയുന്ന ഒരു ഭയങ്കര സംഭവം. അതിന്റെ ഭീകരത തൊട്ടടുത്ത വചനത്തിലൂടെ മനസ്സിലാക്കിത്തരുന്നു. അത് ഒരു ദൃശ്യചിത്രം നമ്മുടെ കണ്മുന്നിൽ തീർക്കുന്നു:
“നിങ്ങൾ അത് കാണുന്ന ദിവസം! ഏതൊരു മുലകൊടുക്കുന്ന മാതാവും താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗർഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗർഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാർഥത്തിൽ) അവർ ലഹരി ബാധിച്ചവരല്ല. പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു’’(22:2).
ചിന്തിച്ചുനോക്കൂ! ഒരു മാതാവും തന്റെ കുഞ്ഞിനെ മറന്നുപോകാത്ത സമയമാണ് മുലയൂട്ടൽ. അത്രയ്ക്ക് ആഴമേറിയ സ്‌നേഹം പോലും മറന്നുപോകുന്ന ഒരു ദിവസം! ഗർഭിണികൾ ഭയത്താൽ പ്രസവിച്ചുപോകും. മനുഷ്യർ തലകറങ്ങി നടക്കുന്ന മത്തന്മാരെപ്പോലെ ആയിരിക്കും, എന്നാൽ മദ്യം കുടിച്ചിട്ടല്ല അത്, അന്ത്യനാളിന്റെ ഭീകരത കണ്ട് സംഭവിക്കുന്നതാണത്!
ഈ വചനങ്ങൾ വിശ്വാസികളെ ഭയപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഭയഭക്തി യില്ലാതെ ജീവിക്കുന്നവർക്ക് ആ ദിവസം ഏറ്റവും ഭയാനകമായിരിക്കും.
‘സൽസലത്ത്’
ഭൂകമ്പത്തിന് അറബിയിൽ ‘സിൽസാൽ’ എന്നാണ് പറയുക. എന്നാൽ ഇവിടെ അന്ത്യദിനത്തെ വിശേഷിപ്പിച്ചത് ‘സൽസലതുസ്സാഅ’ (അന്ത്യസമയത്തെ പ്രകമ്പനം) എന്നാണ്. ഇത് ഒരു പ്രദേശത്ത് മാത്രം ഉണ്ടാകുന്ന ഭൂകമ്പമല്ല. ഭൂമി അതിന്റെ സർവ ഭാരങ്ങളും പുറന്തള്ളുകയും, പർവതങ്ങൾ പഞ്ഞിപോലെ പറക്കുകയും, സമുദ്രങ്ങൾ തിളച്ചുമറിയുകയും ചെയ്യുന്ന, പ്രപഞ്ചത്തിന്റെയാകെ തകർച്ചയാണത്. ഭൗതിക നിയമങ്ങളെല്ലാം (Laws of Physics)അന്ന് ഇല്ലാതെയാകുന്നു.
ആ ദിവസത്തിന്റെ ഭീകരത വിവരിക്കാൻ മനുഷ്യഭാഷയ്ക്ക് പരിമിതിയുണ്ട്. അതുകൊണ്ട് അല്ലാഹു അതിനെ ‘ശൈഉൻ അദ്വീം’ (വളരെ ഗൗരവമേറിയ/ഭയങ്കരമായ കാര്യം) എന്നാണ് വിശേഷിപ്പിച്ചത്. സ്രഷ്ടാവായ അല്ലാഹു ഒരു കാര്യത്തെ ‘വലുത്’ എന്ന് പറയുമ്പോൾ അതിൻറെ വ്യാപ്തി നമ്മുടെ ചിന്തകൾക്കും അപ്പുറമായിരിക്കും.
മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ, എല്ലാ മനുഷ്യരും ആ ദിവസത്തെ അഭിമുഖീകരിക്കേണ്ടി വരും. ആരെയും ഒഴിവാക്കാത്ത വിധിയാണത്.
ഇവിടെയും അല്ലാഹു ‘ഹേ മനുഷ്യരേ’ എന്നാണ് വിളിച്ചിരിക്കുന്നത്. മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല, മറിച്ച് അനന്തമായ മറ്റൊരു ജീവിതത്തിന്റെ തുടക്കമാണിതെന്ന് ഈ വചനം സർവരെയും ഓർമിപ്പിക്കുന്നു.
ഒരു സൈറൺ കേൾക്കുമ്പോൾ നാം ജാഗരൂകരാകുന്നത് പോലെ, ഈ വചനം കേൾക്കുമ്പോൾ വിശ്വാസിയുടെ ഹൃദയം നടുങ്ങേണ്ടതുണ്ട്. നാളെ വരാനിരിക്കുന്ന ആ വലിയ ദിവസത്തെ നേരിടാൻ ഇന്നു തന്നെ തയ്യാറെടുക്കുക. ജീവിതം ക്ഷണികമാണ്, എന്നാൽ പരലോകം അനശ്വരമാണ്. ആ നടുക്കത്തിൽനിന്ന് നിർഭയരായിരിക്കാൻ സ്രഷ്ടാവിലുള്ള വിശ്വാസം മുറുകെ പിടിക്കുക.
നാം ഇവിടെ ജീവിക്കുന്നത് എന്തിനുവേണ്ടിയാണ്? ഈ ലോകത്തിന്റെ നൈമിഷികമായ ആസ്വാദനങ്ങൾക്ക് വേണ്ടിയാണോ? പരലോകത്ത് രക്ഷ ലഭിക്കാൻ വേണ്ടിയാണോ? ഏതിനാണ് നാം മുൻഗണന കൊടുക്കുന്നത്? ജീവിതം ഹ്രസ്വമാണ്. ദൈവഭയത്തോടെ ജീവിക്കുക. നാളെ വരാനിരിക്കുന്ന ആ പ്രകമ്പനത്തിനു മുമ്പ് വിശ്വാസവും പ്രവർത്തനങ്ങളും നന്നാക്കുക.

