മനുഷ്യരും മൃഗീയസ്വഭാവങ്ങളും
ഇമാം ഇബ്‌നുൽ ക്വയ്യിം (റഹി)
2026 ജൂൺ 20, 1448 മുഹർറം 05

വിവ: മുഹമ്മദ് സിയാദ് കണ്ണൂർ
ചില മനുഷ്യരിൽ മൃഗീയ പ്രവണതകൾ-നേരെ നിവർന്ന് നിൽക്കുകയും മനുഷ്യഭാഷ ഉപയോഗിക്കുകയും ചെയ്യുന്നതൊഴിച്ചാൽ-മൃഗങ്ങളിൽനിന്ന് യാതൊരു ആന്തരിക വ്യത്യാസവും കൈവരിക്കാത്തതായി ദൃശ്യമാകുന്നു. അവരുടെ മുഴുവൻ ചിന്തയും ശ്രമവും സ്വാർഥ ഇച്ഛകളുടെ തൃപ്തിയിലേക്കാണ് ചുരുങ്ങുന്നത്. യഥാർഥ മനുഷ്യഗുണങ്ങൾക്കു യോജിക്കാത്ത, താഴ്ന്നതും മൃഗീയവുമായ മനോഭാവമാണ് ഇവരുടെ സ്വഭാവത്തിൽ പ്രത്യക്ഷമാകുന്നത്.
അവരുടെ ഈ അവസ്ഥ, അവർ അനുകരിക്കുന്ന മൃഗങ്ങളുടെ സ്വഭാവങ്ങളിലൂടെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
1. അമിതാഭിലാഷവും താഴ്ന്നതരം ആസ്വാദനങ്ങളും
നായയുടെ സ്വഭാവം:
എത്ര ലഭിച്ചാലും തൃപ്തിയറിയാത്ത അമിതഭോജനം. ആയിരം നായ്ക്കൾക്ക് തിന്നാൻ മതിയായ ഒരു ശവം ഉണ്ടായാലും, എല്ലാ നായ്ക്കളെയും അതിൽ നിന്ന് ഓടിച്ച് മുഴുവൻ സ്വന്തമാക്കാനുള്ള ത്വര. നല്ലതോ ചീത്തയോ എന്ന വിവേചനം കൂടാതെ കിട്ടുന്നതെല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. തെറ്റായ പ്രവൃത്തികളിൽപോലും ലജ്ജാബോധമില്ലാത്ത അവസ്ഥ!
പന്നിയുടെ സ്വഭാവം:
നല്ലത് സമീപത്തുണ്ടായിരിക്കെ അതിനെ അവഗണിച്ച്, വൃത്തികെട്ടതിലും താഴ്ന്നതിലും ആകർഷിക്കപ്പെടുന്നു. ഉത്തമോപദേശം കേട്ടിട്ടും അത് സ്വീകരിക്കാതെ, മോശം പ്രവൃത്തികളിലും അശ്ലീല തകളിലുമാണ് സന്തോഷം കണ്ടെത്തുന്നത്.
2. അജ്ഞതയും ദിവ്യസന്ദേശങ്ങളോടുള്ള അവഗണനയും
കഴുതയുടെ സ്വഭാവം:
കഠിനാധ്വാനത്തിലും ഭാരവഹനത്തിലും മാത്രം ഒതുങ്ങുന്ന, അർഥബോധമില്ലാത്ത ഒരു ജീവിതം. ദിവ്യഗ്രന്ഥം കൈവശമുണ്ടായിട്ടും അതിന്റെ അർഥം ഗ്രഹിക്കാതെയും ജീവിതത്തിൽ നടപ്പാക്കാതെയും കഴിയുന്നവരെ ഇതോടാണ് ഉപമിക്കുന്നത്.
“തൗറാത്ത് സ്വീകരിക്കാൻ ചുമതല ഏൽപിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടെത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സൻമാർഗത്തിലാക്കുകയില്ല’’ (അൽജുമുഅ: 5)
ദിവ്യസന്ദേശങ്ങൾ ലഭിച്ചിട്ടും അവയെ ഉപേക്ഷിക്കുന്നവരുടെ അവസ്ഥ വിശദീകരിക്കാൻ ക്വുർആൻ മറ്റൊരു ദൃഷ്ടാന്തവും അവതരിപ്പിക്കുന്നു:
“പക്ഷേ, അവൻ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിൻപറ്റുകയുമാണ് ചെയ്തത്. അപ്പോൾ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാൽ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച് തള്ളിയവരുടെ ഉപമ’’ (അൽഅഅ്‌റാഫ്: 176).
3. ക്രൂരത, നാശപ്രവണത, ദ്രോഹം
വന്യമൃഗത്തിന്റെ സ്വഭാവം:
എപ്പോഴും ആക്രമണത്തിന് സജ്ജമായി നിൽക്കുകയും ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരെ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
എലിയുടെ സ്വഭാവം:
സൃഷ്ടിക്കുന്നതിലല്ല, സംഹാരത്തിലാണ് താൽപര്യം. നാശം വിതയ്ക്കുന്നതിൽ തന്നെ സന്തോഷം കണ്ടെത്തുന്നു. നാശം വിതയ്ക്കാൻ വേണ്ടി തങ്ങളെ സൃഷ്ടിച്ചതിന് അവർ അല്ലാഹുവിനെ സ്തുതിക്കുന്നത് പോലെയാണ്.
പാമ്പിന്റെയും തേളിന്റെയും സ്വഭാവം:
അവസരം കിട്ടുമ്പോഴൊക്കെയും ദ്രോഹിക്കാനും വേദനിപ്പിക്കാനും തയ്യാറായി നിൽക്കുന്ന വിഷവൃത്തി.
ഒട്ടകത്തിന്റെ സ്വഭാവം:
കഠിനഹൃദയതയും പകയും വിദ്വേഷവും ദീർഘകാലം മറക്കാത്ത പിടിവാശിയും ചേർന്ന മനോഭാവം.
4. അഹങ്കാരവും ഉപരിപ്ലവ പ്രദർശനവും
മയിലിന്റെ സ്വഭാവം:
ബാഹ്യ സൗന്ദര്യത്തിലും അലങ്കാരത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത. എന്നാൽ ഉള്ളടക്കത്തിൽ ആഴമില്ലാത്ത, ഉപരിപ്ലവമായ ഒരു ജീവിതശൈലി.
മികച്ച സ്വഭാവത്തിന്റെ ഉദാഹരണം
ഇതിന് വിപരീതമായി, നല്ല സ്വഭാവത്തിന്റെ പ്രതീകമായി കുതിരയെ കാണാം. സൗന്ദര്യവും ശക്തിയും നിയന്ത്രണവും ഉപകാരവും സമന്വയിപ്പിച്ച ഒരു മഹത്തായ സ്വഭാവമാണ് അതിന്റെത്. ആടുകളിലും സമാനമായ സൗമ്യതയും അനുസരണശീലവും പ്രത്യക്ഷമാണ്.
ചുരുക്കം
ഇത്തരക്കാരുടെ മനസ്സ് മുഴുവൻ സ്വാർഥ ഇച്ഛകളുടെ ചുറ്റളവിൽ കുടുങ്ങിക്കിടക്കുന്നു. അവയെ എങ്ങനെ തൃപ്തിപ്പെടുത്താം എന്നതിലേക്കാണ് അവരുടെ ചിന്ത പരിമിതപ്പെടുന്നത്. അതിനപ്പുറം ഉയർന്ന ലക്ഷ്യങ്ങളിലേക്കോ ആത്മീയ പുരോഗതിയിലേക്കോ ശ്രേഷ്ഠമായ അഭിലാഷങ്ങളിലേക്കോ അവർ തിരിയുന്നില്ല.
(ഇബ്‌നുൽ ക്വയ്യിമിന്റെ മദാരിജുസ്സാലികീൻ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഭാഗം അവലംബമാക്കി തയ്യാറാക്കിയത്).
