ഇസ്‌ലാം; ധാർമിക മുല്യങ്ങളുടെ മതം
മുജീബുറഹ്‌മാൻ സ്വലാഹി
2026 മാർച്ച് 28, 1447 ശവ്വാൽ 06

ബന്ധങ്ങളെ ബന്ധനങ്ങളായി കാണാതെ ഹൃദ്യമായ അനുഭവമാക്കി പരിവർത്തിപ്പിക്കാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിന്ന് ബാഹ്യസുന്ദരമായ ദർശനങ്ങൾ മതിയാവില്ല; സ്ഥായിയും ജീവിത സ്പർശിയും അന്യൂനവുമായ വിശ്വാസത്തിൽ ചാലിച്ചെടുത്ത മൂല്യങ്ങൾ അനിവാര്യം. കേവല നിയമാവലികൾക്ക് മനുഷ്യനെ സംസ്‌കാരസമ്പന്നനാക്കാനുള്ള കരുത്തുണ്ടാവില്ല. ഇസ്‌ലാമിനെ ഇതര ദർശനങ്ങളിൽനിന്ന് വ്യതിരിക്തമാക്കുന്ന സുപ്രധാന കാര്യം ജീവിതത്തെ ആപാദചൂഢം ധാർമികതയുടെ കവചം ധരിപ്പിക്കുന്നുവെന്നതാണ്. വ്യക്തി, സമൂഹം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ ഒരു മേഖലയും അതിൽനിന്ന് മുക്തമല്ല.
റസൂൽﷺ പറയുന്നു: ‘ഉൽകൃഷ്ടസ്വഭാവ ഗുണങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി തന്നെയാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്’ (ബൈഹക്വി).
മതം കേവലം ചില ആചാരങ്ങൾ മാത്രമല്ല; അത് സ്വഭാവത്തെ സ്വാധീനിക്കുമ്പോൾ മാത്രമാണ് ആരാധനപോലും ആത്മാവുള്ളതായി മാറുന്നത്. ജീവിതത്തിൽ സ്വാധീനം സൃഷ്ടിക്കാത്ത ആരാധന വെറും ചടങ്ങും പ്രാർഥന കേവലം ദന്തനിരകളിൽനിന്ന് പുറപ്പെടുന്ന ശബ്ദവും മാത്രമായി മാറും. ഇസ്‌ലാമിലെ സുപ്രധാന ആരാധനയായ നമസ്‌കാരത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് വളരെ ശ്രദ്ധേയമാണ്: ‘തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും നന്മ കൈവന്നാൽ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും; നമസ്‌കരിക്കുന്നവരൊഴികെ’ (ക്വുർആൻ 70:19-22).
ആരാധനകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന നമസ്‌കാരം മുറതെറ്റാതെ അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന പരിവർത്തനങ്ങളുടെ വൃത്തം എത്ര വിശാലമാണെന്ന് ഉപര്യുക്ത വചനം അടിവരയിട്ട് അടയാളപ്പെടുത്തുന്നു. സാമ്പത്തിക മേഖലയിൽ പോലും നമസ്‌കാരം വിശ്വാസി യെ സ്വാധീനിക്കുമെന്ന് പ്രസ്തുത വചനം സ്പഷ്ടമാക്കുന്നു. ഇസ്‌ലാമിക നിയമാവലിയുടെ സവിശേഷത അത് മനുഷ്യത്വകേന്ദ്രീകൃതമാണെന്നതാണ്. മാനുഷിക മൂല്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നത് അതീവ ഗുരുതരമായ അപരാധമായി ഇസ്‌ലാം കാണുന്നു. മനുഷ്യനെന്ന പരിഗണന ഭാഷ, ദേശ വർണഭേദ്യമന്യെ ഇസ്‌ലാം സർവർക്കും വകവെച്ചു നൽക്കുന്നു. “തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തിൽ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (17:70).
വിവേചന ശേഷി, അറിവ്, ദൂതന്മാരെ നിയോഗിച്ചത്, വേദഗ്രന്ഥം ഇറക്കിക്കൊടുത്തത്... ഇങ്ങനെ ആദരവിന്റെ അടയാളം വിശാലമാണ്.
ഇസ്‌ലാമിന് പ്രചുരപ്രചാരം ലഭിക്കാൻ നിമിത്തമായത് അതിന്റെ ധാർമികവശം തന്നെയാണ്. വാളുകൊണ്ടല്ല, ധാർമികതകൊണ്ടും മാതൃകാപരമായ ജീവിതം കൊണ്ടും വാളിനെ അതിജീവിച്ചാണ് ഇസ്‌ലാം ലോകത്ത് പ്രചരിച്ചത്. കേരളത്തിലടക്കം ഇസ്‌ലാം വ്യാപനത്തിൽ വാളുകൾക്ക് പങ്കില്ലെന്നത് വസ്തുനിഷ്ഠമായ കാര്യം. നാം ധാരാളം വൈദേശിക ശക്തികളോട് പോരാടിയിട്ടുണ്ട്. അറബികളോട് പോരാടിയതായി ചരിത്രം പറയുന്നില്ല. കാരണം അവർ ആയുധത്തിന്റെ മൂർച്ചകൊണ്ടല്ല, ധാർമികതയുടെ കരുത്തുകൊണ്ടും മാതൃകപരമായ ജീവിതം കൊണ്ടുമാണ് ജനമനസ്സുകളെ കീഴടക്കിയത്
ധാർമികമൂല്യങ്ങൾ അസ്തമിക്കുമ്പോൾ മനുഷ്യൻ കരുണവറ്റിയ ഹൃദയത്തിന്റെ ഉടമയായി മാറും. പാവപ്പെട്ടവന്റെ തലയോട്ടിക്ക് മുകളിൽ കൊട്ടാരം നിർമിക്കാനും സഹജീവികളെ അടിമകളാക്കാനും മടിയില്ലത്തവനായി മാറാനും ധാർമികബോധം നഷ്ടപ്പെട്ടവന്ന് മടിയുണ്ടാകില്ല.
അധഃപതനത്തിന്റെ അവസാന ബിന്ദുവരെ അവൻ അപഥസഞ്ചാരം നടത്തും. ധാർമിക മൂല്യങ്ങൾക്ക് അപ്രസക്തമായ സ്ഥാനം നൽകുന്നവർ എത്രത്തോളം താഴ്ന്നുപോകുമെന്നതിന്റെ ഉദാഹരണമാണ് കേരളക്കരയിൽ സാഹിത്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി മുമ്പ് കൊച്ചിയിൽ നടന്ന സൗന്ദര്യ മത്സരത്തോട് വിയോജിപ്പ് പ്രകടിച്ചവരെ വിമർശിച്ച് എഴുതിയ താഴെ കൊടുക്കുന്ന വരികൾ: “പക്ഷിമൃഗാദികൾ ഉടുപ്പുകളില്ലാതെ സ്വതസിദ്ധമായ തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിച്ചു കൊണ്ടുനടക്കുന്നു. അതിനെക്കുറിച്ച് ആരും ആക്ഷേപിക്കുന്നില്ല. ബുദ്ധിപരമായി അവ മനുഷ്യരെ ക്കാൾ എത്രയോ ഉയരത്തിലാണ്. ഒരു പെൺകുട്ടിയെങ്ങാനും കണങ്കാലുകൾ കാണിച്ചു നടന്നാൽ അതു സദാചാരവിരുദ്ധമായി മുദ്രകുത്തപ്പെടുന്നു. ഈ വിരോധാഭാസം മനുഷ്യർക്കിടയിൽ മാത്രമെ കാണാൻ കഴിയുകയുള്ളു...’’ ‘എനിക്ക് മദ്യവും മധുവും ഇഷ്ടമാണെ’ന്നും ഒരിക്കൽ ഇദ്ദേഹം തുറന്നെഴുതി. വിവേചന ശേഷിയുള്ള മനുഷ്യനെയും അതില്ലാത്ത പക്ഷിമൃഗാദികളെയും സമന്മാരായി കാണാൻ ഇത്തരം ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ധാർമികതയോടും സദാചാരത്തോടുമുള്ള അസാധാരണമായ പുച്ഛമല്ലാതെ മറ്റെന്താണ്?
ധാർമികതയുടെ അഭാവത്തിൽ സംഭവിക്കുന്ന അധഃപതനത്തെ ഒരു ഭൗതികോപരണത്തിന്നും തിട്ടപ്പെടുത്താൻ സാധ്യമല്ല. ശാസ്ത്രീയ കണ്ടെത്തലുകൾ വിനയായി ഭവിക്കും. വെള്ളത്തിന്റെ ശാസ്‌ത്രവശം പഠിക്കുമ്പോൾതന്നെ ദാഹിച്ചവന്ന് അത് നൽകണമെന്ന ധാർമിക പാഠവും ഉൾച്ചേരുമ്പോഴാണ് അറിവിന്ന് മാറ്റുകൂടുന്നത്.
ജീവിതം സുഖകരവും സ്വസ്ഥത നിറഞ്ഞതുമായിത്തീരാൻ ചട്ടങ്ങൾ അനിവാര്യം. ഇസ്‌ലാം മനുഷ്യന്റെ ന്യായം നിറഞ്ഞ സർവ അവകാശങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നു. ജീവന്റെയും സ്വത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിന് വലിയതോതിൽ ഊന്നൽ നൽകുന്നു. തന്റെ വിശ്വപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിൽ പ്രവാചകൻﷺ വിശ്വാസികളോട് ഇക്കാര്യം എടുത്തു പറഞ്ഞതായി കാണാം.
അന്യായമായി ജീവൻ ഹനിക്കുന്നത് മഹാപാതകങ്ങളുടെ ലിസ്റ്റിലാണുൾപ്പെടുത്തിയിരിക്കുന്നത്. മഹാപാപങ്ങളെ കുറിച്ച് അന്വേഷിച്ച അനുചരനോട് റസൂൽﷺ പറഞ്ഞത് ‘അന്യായമായ മനുഷ്യവധ’ത്തെ കുറിച്ചാണ് (ബുഖാരി). സ്വന്തം ജീവൻ ഹനിക്കുന്നതും കൊടിയ പാപം തന്നെയാണ്. റസൂൽﷺ പറഞ്ഞു: ‘ആരെങ്കിലും മലമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്‌നിയിൽ എന്നെന്നും താഴേക്ക് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ച് ജീവൻ നശിപ്പിച്ചാൽ നരകത്തിലും വിഷം കുടിച്ചുകൊണ്ടിരിക്കും. വല്ല ആയുധവുംകൊണ്ട് ആത്മഹത്യ ചെയ്തവനാണെങ്കിൽ നരകത്തിൽ തന്റെ ഉദരത്തിലേക്ക് അത് കുത്തിയിറക്കിക്കൊണ്ടിരിക്കും’ (ബുഖാരി).
ജീവൻ റബ്ബിന്റെ ദാനമാണ്. അതിനെ അപായപ്പെടുത്താനോ ഹനിക്കാനോ ആർക്കും അവകാ ശമില്ല. മനുഷ്യനെ ഭയപ്പെടുത്തുന്നതും അഭിമാനത്തിന് ക്ഷതമേൽപിക്കുന്നതും ശരീരോപദ്രവം നടത്തുന്നതും ശക്തമായി വിലക്കിയിരിക്കുന്നു. റസൂൽ ﷺ പറഞ്ഞു: ‘ഇഹലോകത്ത് ജനങ്ങളെ പീഡിപ്പിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും, തീർച്ച’’ (മുസ്‌ലിം). ജനമെന്ന പൊതുവായ പ്രയോഗത്തിലൂടെ ഒരു മനുഷ്യനെയും ഉപദ്രവിക്കരുതെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു.

