തറാവീഹ്: ഇമാം സുയൂത്വി പറഞ്ഞതിനെയും വിവാദമാക്കുന്നവരോട്
ശമീർ മദീനി
2026 ഫെബ്രുവരി 21, 1447 റമദാൻ 03

കഴിഞ്ഞ റമദാനിനോടനുബന്ധിച്ച് പീസ് റേഡിയോ സംശയനിവാരണ പരിപാടിയിൽ സംബ ന്ധിച്ചുകൊണ്ട് തറാവീഹുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇമാം സുയൂത്വി(റഹി) തന്റെ ‘അൽഹാവി’യിൽ പറഞ്ഞ ചില കാര്യങ്ങളും ഞാൻ പരാമർശിച്ചിരുന്നു. അതിൽ പ്രധാനമായും പറയാൻ ശ്രമിച്ചത്; തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണത്തെക്കുറിച്ച് വിവാദങ്ങളും കക്ഷിത്വങ്ങളും സൃഷ്ടിക്കുന്നതിനപ്പുറം പ്രമാണങ്ങൾ എന്ത് പറയുന്നു, നബിﷺ എന്ത് ചെയ്തു, സ്വഹാബത്തിന്റെ രീതി എന്തായിരുന്നു എന്നൊക്കെ പരിശോധിച്ചാൽ ഇന്ന് പൊതുവിൽ നാട്ടിൽ നടക്കുന്നതുപോലെ പെട്ടെന്നവസാനിക്കുന്ന രീതിയിലുള്ള തറാവീഹ് നമസ്‌കാരമായിരുന്നില്ല നടന്നു പോന്നിരുന്നത് എന്ന് മനസ്സിലാകുകയും സത്യം പിൻപറ്റാൻ എഴുപ്പത്തിൽ സാധിക്കുകയും ചെയ്യും എന്നായിരുന്നു. നബിﷺ 23 റക്അത്ത് നമസ്‌കരിച്ചു എന്നു പറയുന്ന ഒറ്റ റിപ്പോർട്ടും സ്ഥിരപ്പെട്ടിട്ടില്ല എന്നും റമദാനിലും അല്ലാത്തപ്പോഴും അവിടുന്ന് തന്റെ രാത്രി നമസ്‌കാരം പതിനൊന്ന് റക്അത്തിലധികം നിർവഹിച്ചിട്ടില്ല എന്ന, ആഇശ(റ) നിവേദനം ചെയ്ത റിപ്പോർട്ടാണ് ആ വിഷയത്തിൽ ഏറ്റവും പ്രബലമായത് എന്നും തെളിവുകൾ ഉദ്ധരിച്ച് വിശദീകരിച്ചു. കൂട്ടത്തിൽ 23ന്റെ വക്താക്കളായി നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന സമസ്തക്കാർ അംഗീകരിക്കുന്ന ഒരു പണ്ഡിതൻ എന്നുള്ള നിലയിൽ ഇമാം സുയൂത്വി(റഹി)യുടെ വാക്കുകളും പരാമർശിക്കുകയുണ്ടായി. തന്റെ ‘അൽഹാവി ലിൽ ഫതാവ’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരാമർശിച്ചത് പലരെയും അസ്വസ്ഥരാക്കുകയുണ്ടായി എന്ന് പിന്നീടുള്ള പ്രതികരണങ്ങളിൽ നിന്നും മനസ്സിലായി. എനിക്ക് നേരിട്ട് ഫോൺ ചെയ്തും അല്ലാതെയും തങ്ങളുടെ വികാരപ്രകടനങ്ങൾ പലരും നടത്തുകയുണ്ടായി.
അതുപോലെ പലരും പലവിധത്തിൽ സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയും വിമർശനമായി ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ തീരുമാനിച്ചത്. ഞാൻ കിതാബിൽ തിരിമറി കാണിച്ചു എന്ന് പറയുന്ന മുസ്‌ലിയാക്കൾക്ക് ഇമാം സുയൂത്വിയുടെ അൽഹാവിയിലെ പ്രസ്തുത ഭാഗം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ ധൈര്യമുണ്ടോ എന്നാണ് ഒന്നാമതായി ചോദിക്കാനുള്ളത്.
എന്താണ് സയൂത്വി(റഹി) പറഞ്ഞത് എന്ന് നോക്കാം: “ഇന്ന് നമ്മൾ കാണുന്നതുപോലെ നബി ﷺ തറാവീഹ് 20 റക്അത്ത് നിസ്‌കരിച്ചിരുന്നോ എന്ന് പലരും പല പ്രാവശ്യമായി എന്നോട് ചോദിക്കുകയുണ്ടായി. ഇല്ല എന്ന് ഞാൻ മറുപടി നൽകിയെങ്കിലും പലർക്കും അത് തൃപ്തികരമായില്ല. അതിനാൽ ആ വിഷയകമായി ഒന്ന് വിശദമായി പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്’’ (വാള്യം 2, പേജ് 72).
‘സ്വഹീഹും ഹസനും ദഈഫുമായി ധാരാളം ഹദീസുകൾ റമദാനിലെ രാത്രി നമസ്‌കാരത്തിനുള്ള കൽപനയും പ്രേരണയുമൊക്കെയായി വന്നിട്ടുണ്ട്. അവയിൽ ഒന്നും പ്രത്യേകമായ ഒരു എണ്ണം പറയുന്നില്ല. നബിﷺ 20 റക്അത്ത് നമസ്‌കരിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. നബിﷺ ഏതാനും രാത്രികൾ മാത്രമാണ് തറാവീഹ് സംഘടിതമായി നിസ്‌കരിച്ചത്. അവയിലെ റക്അത്തുകളുടെ എണ്ണം പറയുന്നുമില്ല. ആ നമസ്‌കാരം നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്നതിനാൽ നാലാമത്തെ ദിവസം നബിﷺ സംഘടിത നിസ്‌കാരത്തിന് പോകാതിരിക്കുകയായിരുന്നു’ എന്നൊക്കെ വിവരിച്ച ശേഷം അദ്ദേഹം ഇബ്‌നു അബീ ശൈബയുടെ റിപ്പോർട്ടിനെ കുറിച്ച് പറയുന്നത് കാണുക: “നബി ﷺ റമദാനിൽ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചു എന്ന് പറയുന്ന, ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള പ്രസ്തുത റിപ്പോർട്ട് അബ്ദുബ്‌നു ഹുമൈദ് തന്റെ മുസ്‌നദിലും ബഗവിയും ത്വബ്‌റാനിയും തങ്ങളുടെ മുഅ്ജമുകളിലും ഉദ്ധരിക്കുന്നുണ്ട്. എന്നാൽ ഞാൻ പറയട്ടെ, ഈ ഹദീസ് അങ്ങേയറ്റം ദുർബലമാണ്; അത് തെളിവിന് കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള ഇബ്‌റാഹീം ഇബ്‌നു ഉസ്മാൻ എന്ന വ്യക്തിയെക്കുറിച്ച് ഇമാം ദഹബി(റഹി) തന്റെ മീസാനിൽ പറയുന്നത് കാണുക: ‘ഇമാം ശുഅ്ബ(റഹി) അയാളെക്കുറിച്ച് വ്യാജവാദി എന്ന് പറഞ്ഞിരിക്കുന്നു. അയാൾ വിശ്വസ്തനല്ല.’ ഇമാം അഹ്‌മദ്(റഹി) പറയുന്നു: ‘അയാൾ ദുർബലനാണ്.’’ തുടർന്ന് ഇമാം ബുഖാരി(റഹി), നസാഈ(റഹി) തുടങ്ങിയ ഹദീസ് നിരൂപണ പണ്ഡിതന്മാരിൽനിന്നും പ്രസ്തുത റിപ്പോർട്ടിനെ കുറിച്ചുള്ള വിമർശനങ്ങൾ സുയൂത്വി(റഹി) ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.
നബിﷺ റമദാനിൽ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചു എന്ന് പറയുന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ ഏറ്റവും ദുർബലമായ, വിശ്വാസയോഗ്യമല്ലാത്ത റിപ്പോർട്ടിന് ഉദാഹരണമായി പല പണ്ഡിതന്മാരും ഉദ്ധരിച്ചത് സുയൂത്വി(റഹി) തുടർന്ന് കൊടുക്കുന്നുമുണ്ട്. പ്രസ്തുത റിപ്പോർട്ടിനെ കുറിച്ച് നിരവധി പണ്ഡിതന്മാരുടെ നിരൂപണങ്ങളും വിമർശനങ്ങളും ഉദ്ധരിച്ച ശേഷം ഇമാം സ്വയൂത്വി പറയുന്നു: “ഇത്രയും പറഞ്ഞത് തന്നെ ആ റിപ്പോർട്ട് തള്ളാൻ എമ്പാടും മതിയായതാണ്. എന്നാൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വഹീഹുൽ ബുഖാരിയിലും മറ്റും സ്ഥിരപ്പെട്ടു വന്നത് ഇപ്രകാരമാണ്: ആഇശ(റ)യോട് നബിﷺയുടെ രാത്രി നമസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു; നബിﷺ റമദാനിലും അല്ലാത്തപ്പോഴും രാത്രി നമസ്‌കാരം 11 റക്അത്തിൽ കൂടുതൽ അധികരിപ്പിച്ചിരുന്നില്ല.’’
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ കേരളത്തിലെ സമസ്തക്കാർക്ക് അംഗീകരിക്കാൻ പറ്റുമോ? പിന്നെയും വെറുതെ വിവാദങ്ങൾ ഉണ്ടാക്കി വിശ്വാസികളുടെ ഇബാദത്തുകളെ കുഴപ്പത്തിലാക്കുന്ന പ്രവൃത്തി എന്തിന് ചെയ്യുന്നു എന്നത് പടച്ച റബ്ബിനെ മുൻനിർത്തി അവർ സ്വയം ചിന്തിക്കട്ടെ!
തുടർന്ന് ഇമാം സുയൂത്വി(റഹി) പറയുന്നത് കാണുക: “പണ്ഡിതന്മാർക്കിടയിൽയിൽ തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. നബി ﷺ 20 റക്അത്ത് നമസ്‌കരിച്ചു എന്ന് സ്ഥിരപ്പെട്ടിരുന്നുവെങ്കിൽ അങ്ങനെ ഉണ്ടാകുമായിരുന്നില്ല.’’
‘ഈ വിഷയത്തിൽ തനിക്ക് പറയാനുള്ള മറുപടി ഇതാണ്’ എന്ന് പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു: “എന്നാൽ പിന്നീട് ഇബ്‌നു ഹജർ(റഹി) ചർച്ച ചെയ്ത ഒരു ഹദീസ് ഞാൻ കാണുകയുണ്ടായി. നബി ﷺ രണ്ട് രാത്രി ജനങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്‌കരിച്ചു എന്ന പ്രസ്തുത റിപ്പോർട്ട് ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജർ(റഹി) തന്നെ പറയുന്നു; രാത്രി നമസ്‌കാരത്തിന്റെ റകഅത്തുകളുടെ എണ്ണത്തെക്കുറിച്ച് ഇബ്‌നു ഹിബ്ബാൻ(റഹി) തന്റെ സ്വഹീഹിൽ ജാബിറി(റ)ന്റെ റിപ്പോർട്ടായി ഉദ്ധരിച്ചത് 8 റക്അത്തും വിത്‌റും എന്നാണ്.’
ശേഷം സുയൂത്വി(റഹി) തുടരുന്നു: “ചുരുക്കത്തിൽ 20 റക്അത്ത് നബിﷺ നമസ്‌കരിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. മറിച്ച് പരമാവധി നമുക്ക് കിട്ടുന്നത് ഇബ്‌നു ഹിബ്ബാൻ(റഹി) ഉദ്ധരിച്ചതും സ്വഹീഹുൽ ബുഖാരിയിൽ ആഇശ(റ)യിൽനിന്ന് സ്ഥിരപ്പെട്ടു വന്നതുമായ സംഗതി നബിﷺ റമദാനിലും അല്ലാത്തപ്പോഴും 11 റക്അത്തിൽ അധികം നിസ്‌കരിച്ചിട്ടില്ല എന്നതാണ്. അതായത് അവിടുന്ന് എട്ടു റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റും എന്നിങ്ങനെ 11 റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നത്. അപ്രകാരം തന്നെ അത് ബലപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് നബിﷺ ഒരു കാര്യം ചെയ്താൽ അത് സ്ഥിരമായി ചെയ്തു വരുമായിരുന്നു എന്നത്; നബിﷺ സ്ഥിരമായി നമസ്‌കരിച്ചു വന്ന രണ്ട് റക്അത്ത് നമസ്‌കാരം ഒരുതവണ അസ്വ‌്‌ർ നമസ്‌കാരത്തിന് ശേഷം ഖദാ വീട്ടിയതായി വന്നതുപോലെ. പ്രസ്തുത സമയം പൊതുവിൽ നമസ്‌കാരം വിലക്കപ്പെട്ട സമയമായിരുന്നിട്ടുകൂടി നബിﷺ അപ്രകാരം നിർവഹിച്ചു. അതിനാൽ 20 റക്അത്ത് ഒരിക്കലെങ്കിലും നബിﷺ നമസ്‌കരിച്ചിരുന്നുവെങ്കിൽ അത് അവിടുന്ന് ഒഴിവാക്കുമായിരുന്നില്ല. പ്രവാചകൻﷺ അപ്രകാരം ചെയ്തിരുന്നുവെങ്കിൽ അത് ആഇശ(റ) അടക്കമുള്ളവർക്ക് അറിയാതെ പോവുകയും മേൽപ്പറഞ്ഞ രൂപത്തിൽ അവർ പ്രസ്താവിക്കുകയും ചെയ്യുമായിരുന്നില്ല. അല്ലാഹു അഅ്‌ലം’’ (അൽഹാവി ലിൽ ഫതാവാ, പേജ് 75).
ഉമറി(റ)ന്റെ കാലത്ത് 20 റകഅത്തോ?
നബിﷺ 20 റക്അത്ത് തറാവീഹ് നമസ്‌കരിച്ചതായി തെളിയിക്കാൻ സാധിക്കുകയില്ല എന്ന് വരുമ്പോൾ പിന്നെ മുസ്‌ലിയാക്കന്മാർ കൊണ്ടുവരാറുള്ള ഒരു പുൽക്കൊടിയാണ് ഉമർ(റ)വിന്റെ കാലത്ത് 20 നമസ്‌കരിച്ചു എന്ന റിപ്പോർട്ട്. എന്നാൽ ഉമർ(റ)വിന്റെ കാലത്ത് ആര് നിർവഹിച്ചു എന്ന് പറയാറുമില്ല.
ഇമാം സുയൂത്വി(റഹി) തന്നെ ഉദ്ധരിക്കുന്നു: “സഈദ്ബ്‌നു മൻസൂർ(റഹി) തന്റെ സുനനിൽ മുഹമ്മദ് ബ്‌നു യൂസുഫി(റ)ൽനിന്ന് ഉദ്ധരിക്കുന്നു: സാഇബ്ബ്‌നു യസീദ്(റ) പറയുന്നതായി ഞാൻ കേട്ടു: ‘ഞങ്ങൾ ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ കാലത്ത് 11 റക്അത്ത് തറാവീഹ് നമസ്‌കരിച്ചിരുന്നു. ഓരോ റക്അത്തിലും നൂറുകണക്കിന് ആയത്തുകൾ ഞങ്ങൾ ഓതിയിരുന്നു. ദീർഘമായ നിറുത്തം കാരണം ഞങ്ങൾ വടിയിൽ ഊന്നി നിൽക്കുമായിരുന്നു.’ ഈ റിപ്പോർട്ട് ആഇശ(റ) പറഞ്ഞ ഹദീസിനോട് യോജിക്കുന്നതാണ്. ‘ഉമർ(റ)വിന്റെ കാലത്ത് ഞങ്ങൾ 20 റക്അത്ത് നിസ്‌കരിച്ചിരുന്നു’ എന്ന് സാഇബ് ബ്‌നു യസീദ്(റഹി) പറയുന്നതായ, ഇമാം ബൈഹക്വി ഉദ്ധരിച്ച റിപ്പോർട്ടിനെ അവലംബിച്ചുകൊണ്ട് ശാഫിഈ മദ്ഹബിന്റെ വീക്ഷണം സുബ്കി പറഞ്ഞതും ഉദ്ധരിച്ച ശേഷം സുയൂത്വി സുബ്കിയിൽ നിന്നുതന്നെ ഉദ്ധരിക്കുന്നു: “ബൈഹക്വിയിലെ റിപ്പോർട്ടിന്റെ സനദ് ഞാൻ കണ്ടു. എന്നാൽ മുവത്ത്വയിലും സഈദ് ബിൻ മൻസൂറിന്റെ ഗ്രന്ഥത്തിലും സാഇബ് ബ്‌നു യസീദിൽനിന്നും ഉദ്ധരിക്കുന്ന ഏറ്റവും പ്രബലമായ റിപ്പോർട്ടിലുള്ളത് 11 റക്അത്ത് എന്നാണ് (പേജ് 77). നമ്മുടെ പണ്ഡിതന്മാരിൽ പെട്ട ജൂരി ഇമാം മാലിക്(റഹി) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ‘ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ച് നമസ്‌കരിച്ചതായ 11 റക്അത്താണ് നമുക്ക് ഏറ്റവും പ്രിയങ്കരമായത്. അതാണ് നബിﷺയുടെ നമസ്‌കാരം. അദ്ദേഹം പറഞ്ഞു; ‘എവിടെ നിന്നാണ് ഈ അധികരിച്ച റക്അത്തുകൾ പുതിയതായി കടത്തിക്കൂട്ടപ്പെട്ടത് എന്ന് എനിക്കറിഞ്ഞുകൂടാ’ (പേജ് 77).
റമദാനിലെ രാത്രി നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തിൽ ഇമാം ശാഫിഈ(റഹി) ഒരു പരിധി നിർണയിക്കുന്നില്ല; കാരണം അത് ഐച്ഛികമായ ഒരു നമസ്‌കാരമാണ്, അതിനാൽ എത്രയും നിസ്‌കരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ വീക്ഷണം. അതിനാൽ, 23 റക്അത്തിൽ കടിച്ചുതൂങ്ങുന്ന സമസ്തക്കാർ നബിﷺയും സ്വഹാബത്തും നമസ്‌കരിച്ച 11 റക്അത്ത് നമസ്‌കരിക്കുന്ന മുജാഹിദുകളെ കുറിച്ചുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കാൻ ഇനിയെങ്കിലും തയ്യാറാകണം. റബ്ബ് അനുഗ്രഹിക്കട്ടെ!

