വിട പറയുന്ന റമദാൻ

നസീമ വാടാനപ്പള്ളി

2026 മാർച്ച് 14, 1447 റമദാൻ 24

പടിഞ്ഞാറൻ ചക്രവാളത്തിൽ
ഒരു വെള്ളിരേഖയായി
റമദാൻ പിറവി കണ്ടപ്പോൾ
വിശ്വാസികളുടെ മനസ്സിൽ
പ്രതീക്ഷയുടെ നിലാവാണ് ഉദിച്ചത്.
വൃദ്ധിക്ഷയങ്ങളിലൂടെ സഞ്ചരിച്ച്
ഒടുവിൽ, ഇതാ... റമദാൻ യാത്രയാകുന്നു.
ജനകോടികൾ പൈദാഹം സഹിച്ച്
റമദാനിലെ പകൽസമയത്തെ
ആത്മസമർപ്പണത്തിന്റെതാക്കി!
സ്രഷ്ടാവിന്റെ വചനങ്ങളിലൂടെ
നാവിനെയും ചിന്തയെയും ചലിപ്പിച്ച്
ജീവിതത്തിന്റെ പൊരുൾ നുകർന്നു.
രാത്രിയുടെ അന്ത്യയാമങ്ങളിൽ
സജലമായ മിഴികളോടെ
പ്രാർഥനയിൽ മുഴുകി,
ജീവിതത്തിലെ അനർഥങ്ങൾക്ക്
പൊറുക്കലിനെ തേടി.
ദാനധർമങ്ങളാൽ റബ്ബിന്റെ
തൃപ്തി നേടാൻ ശ്രമിച്ചു.
റയ്യാൻ എന്ന കവാടത്തിലൂടെ
സ്വർഗത്തിൽ പ്രവേശിക്കാനുള്ള
അദമ്യമായ ആഗ്രഹമാണ്
റമദാനിൽ വിശ്വാസികളെ
ഊർജസ്വലരാക്കുന്നത്.
റമദാനിലെ സൽകർമങ്ങൾക്ക്
വല്ലാത്തൊരു ആസ്വാദ്യതയാണ്.
വിശുദ്ധവേദം അവതീർണമായ
മാസത്തിന്റെ സവിശേഷതയാണത്.
അങ്ങകലെ, മക്കാമരുഭൂമിയിലെ
ഹിറാ ഗുഹയിൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് മുഴങ്ങിയ
ഇഖ്‌റഇന്റെ പ്രതിദ്ധ്വനി
ഇപ്പോഴും അടങ്ങിയിട്ടില്ല.
അന്ത്യനാൾവരെയും അത്
മനുഷ്യമനസ്സുകളിൽ ചിന്തയുടെ
ആന്ദോളനങ്ങൾ
സൃഷ്ടിച്ചുകൊണ്ടോയിരിക്കും!
ക്വുർആനിന്റെ മാസമേ,
ക്ഷമയുടെയും സഹനത്തിന്റെയും മാസമേ,
സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്ന മാസമേ,
വിട...!