റമദാനിൽ നേടിയെടുത്തത് മുറുകെപ്പിടിക്കുക
റോഷൻ പുനലൂർ
2026 മാർച്ച് 21, 1447 ശവ്വാൽ 02

റമദാനിൽ നാം ഒരുപാട് സൽകർമങ്ങൾ അനുഷ്ഠിക്കുകയുണ്ടായി. നാം ശീലിക്കാത്ത പല നല്ല കാര്യങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിമാറി. ഒരു മാസക്കാലം അല്ലാഹു പ്രത്യേകമായി നിശ്ചയിച്ച വഴിയിലൂടെ ത്യാഗങ്ങൾ സഹിച്ച് നാം മുന്നേറി. ഈ അനുഭവം ഒരു അടിത്തറയാണ്, അതിൽനിന്ന് നന്മ നിറഞ്ഞതും വിശ്വാസം നിറഞ്ഞതുമായ ഒരു ജീവിതം പടുത്തുയർത്താൻ കഴിയണം. ഇതിന് പരിശ്രമവും ദൃഢനിശ്ചയവും ആവശ്യമാണ്. കാരണം, ദിവസങ്ങൾ കഴിയുമ്പോൾ ആത്മാവിന് ക്ഷീണം അനുഭവ പ്പെടാം. അതിനാൽ, റമദാന് ശേഷം നേർവഴിയിൽ നിലനിൽക്കാനും സൽകർമങ്ങൾ തുടരാനും വിശ്വാസികൾ ചിലത് ശ്രദ്ധിക്കണം:
റമദാനിൽ നേടിയെടുത്തത് മുറുകെപ്പിടിക്കുക
റമദാൻ ആരാധനകൾ വർധിപ്പിക്കുന്നതിനും പുണ്യങ്ങൾ നേടുന്നതിനുമുള്ള അവസരമായിരുന്നു. ആത്മാവിനെ മികച്ചരീതിയിൽ നമുക്ക് പരിശീലിപ്പിക്കാനായി. അത് താൽക്കാലികമായ ഒന്നാക്കരുത് മറിച്ച് ആരാധനകൾ നിറഞ്ഞ ജീവിതത്തിലേക്ക് കുതിക്കാനുള്ള ഒരു മാർഗമാക്കണം. റമദാനിൽ സ്വയം ആരാധനയിൽ ഏർപ്പെടാൻ പ്രയത്‌നിച്ചിട്ടുണ്ടെങ്കിൽ, അത് മഹത്തായ നേട്ടമാണ്. അത് നഷ്ടപ്പെടുത്തുന്നത് അനുചിതമാണ്; നിലനിർത്തി സൽകർമങ്ങളിലൂടെ ജീവിതത്തിന് അടിത്തറ പാകണം.
അല്ലാഹുവിനോട് നിരന്തരം സഹായം തേടുക.
അടിമകളുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ്, അവൻ ഇച്ഛിക്കുന്നതുപോലെ അവ മാറിമറിയുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നു. അതിനാൽ, അവനോട് നിരന്തരം പ്രാർഥിക്കാനും സഹായം തേടാനും അവൻ നമ്മളോട് കൽപിക്കുന്നു.
ചിന്തിക്കുന്ന സത്യവിശ്വാസികളുടെ പ്രാർഥന ക്വുർആൻ പഠിപ്പിക്കുന്നത് കാണുക: “ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു’’ (ക്വുർആൻ 3:8).
ആഇശ(റ) നിവേദനം; നബിﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു: “ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തിലും നിന്നോടുള്ള അനുസരണയിലും ഉറപ്പിച്ചു നിർത്തേണമേ’’ (അഹ്‌മദ്).

ഹിദായത്തിന് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുക. നല്ലവരുടെ സഹവാസം തേടുകയും അശ്രദ്ധരിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യുക. നല്ല കൂട്ടുകെട്ട് സ്ഥിരത നിലനിർത്താനും സൽകർമങ്ങളിൽനിന്ന് അകന്നു പോകാതിരിക്കാനും ഒരു മുസ്‌ലിമിനെ സഹായിക്കുന്നു. റമദാന് ശേഷം ജനങ്ങൾക്ക് ആരാധനകൾ നിർവഹിക്കുന്നതിൽ ക്ഷീണം അനുഭവപ്പെടാം. അവിടെയാണ് നല്ല കൂട്ടുകെട്ടിന്റെ പങ്ക് പ്രകടമാകുന്നത്. അവർ പ്രതിബദ്ധതയിലും തുടർച്ചയോടെ കാര്യങ്ങൾ ചെയ്യുന്നതിനും നമ്മെ സഹായിക്കുന്നു. മനുഷ്യൻ ചുറ്റുമുള്ളവരാൽ സ്വാധീനിക്കപ്പെടുന്നു, അതിനാൽ നമ്മുടെ കൂട്ടുകെട്ട് നല്ലതാണെങ്കിൽ, അവർ നമ്മെ പാപങ്ങളിൽനിന്ന് അകറ്റി നിർത്താനും നന്മയിൽ നിലനിൽക്കാനും സഹായിക്കും. എന്നാൽ തന്റെ നാഥനെ ഓർമിക്കുന്നതിൽനിന്ന് അശ്രദ്ധനായവന്റെ കൂട്ടുകെട്ട് തിന്മയും വഴികേടുമാണ്. അത് അല്ലാഹുവിന്റെ കാര്യത്തിൽ അശ്രദ്ധയിലേക്ക് നയിക്കുന്നു.
അല്ലാഹു നല്ലവരുടെ സഹവാസം തേടാനും അശ്രദ്ധരിൽനിന്ന് അകന്നുനിൽക്കാനും ആജ്ഞാപി ച്ചിരിക്കുന്നു: “തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്’’ (ക്വുർആൻ 18:28).
നല്ലവരുടെ സഹവാസം നേർവഴിയിൽ നിലനിൽക്കാനുള്ള ഏറ്റവും വലിയ സഹായമാണ്. നല്ല വ്യക്തികൾ എപ്പോഴും കൂടെയുണ്ടായതു കാരണം റമദാനിൽ ആരാധന എളുപ്പമായിരുന്നു. എന്നാൽ തനിച്ചാകുമ്പോഴും അശ്രദ്ധയിലാകുമ്പോഴുമാണ് നാം ബുദ്ധിമുട്ടുന്നത്.
റമദാന് ശേഷവും സൽകർമങ്ങൾ മുറുകെപ്പിടിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവ സ്വീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മനസ്സിലാക്കുക. ആരാധന സ്വീകരിക്കപ്പെട്ടതിന്റെ അടയാളം അതിന് ശേഷം മറ്റൊരു ആരാധനയ്ക്കുള്ള അനുഗ്രഹം ലഭിക്കുന്നതാണെന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്. അല്ലാഹു ഒരു അടിമയുടെ സൽകർമം സ്വീകരിക്കുമ്പോൾ, അവനെ ആ കർമം ചെയ്യാനും അത് നിലനിർത്താനും അനുഗ്രഹിക്കുന്നു. ഇത് റമദാന് ശേഷം നേർവഴിയിൽ നിലനിൽക്കാൻ വിശ്വാസിയെ സഹായിക്കുന്നു.
നിർമാണം പൂർത്തിയായതിനു ശേഷം തകർത്തുകളയാതിരിക്കുക
നമസ്‌കാരം നിലനിർത്തുന്നതിലൂടെയും ദാനധർമം തുടരുന്നതിലൂടെയും നോമ്പിലൂടെയും വികാരങ്ങൾ നിയന്ത്രിച്ച് നിറുത്തുന്നതിലൂടെയും വിശ്വാസി റമദാനിൽ തന്റെ നാഥനുമായുള്ള ബന്ധം കെട്ടിപ്പടുക്കാൻ ശ്രദ്ധിച്ചിരുന്നു. റമദാനിൽ മനോഹരമായ കെട്ടിടം പണിതശേഷം അത് തകർക്കുന്നത് ഒരു വിശ്വാസിക്ക് അനുചിതമാണ്. അല്ലാഹു അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: “ഭദ്രതയോടെ നൂൽ നൂറ്റശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്...’ (16:92).
അല്ലാഹു ക്വുർആനിൽ അനുസരണയിൽനിന്ന് അനുസരണക്കേടിലേക്ക് നീങ്ങുന്നവരെ നിന്ദിക്കുന്ന ഒരു ഉപമ പ്രസ്താവിക്കുന്നുണ്ട്: ‘’ നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകിയിട്ട് അതിൽനിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുർമാർഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവർക്ക് വായിച്ചുകേൾപിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവ (ദൃഷ്ടാന്തങ്ങൾ) മൂലം അവന്ന് ഉയർച്ച നൽകുമായിരുന്നു. പക്ഷേ, അവൻ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിൻപറ്റുകയുമാണ് ചെയ്തത്. അപ്പോൾ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാൽ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച് തള്ളിയവരുടെ ഉപമ...’’ (ക്വുർആൻ 7: 175,176).
ശീലിച്ചതിന് ശേഷം ആരാധന ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നബിﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്‌നു അംറ് ഇബ്‌നുൽ ആസ്(റ) പറഞ്ഞു: ‘’നബിﷺ എന്നോട് പറഞ്ഞു: ‘അബ്ദുല്ലാഹ്, നീ ഇന്നയാളെപ്പോലെ ആകരുത്, അവൻ രാത്രി നമസ്‌കാരം നിർവഹിച്ചിരുന്നു, പിന്നീട് അത് ഉപേക്ഷിച്ചു.’’

