ആരാധനകളിലെ ആസ്വാദനം

നസീമ വാടാനപ്പള്ളി

2026 ഫെബ്രുവരി 28, 1447 റമദാൻ 10

വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാൻ ആരാധനകളുടെ വിളനിലമാണ്. ആബാലവൃദ്ധം വിശ്വാസികളും ആരാധനകളിൽ സജീവമാകുന്ന മാസമാണിത്. ആരാധനകളുടെ എണ്ണപ്പെരുപ്പം എന്നതിലുപരി ചെയ്യുന്നത് ആത്മാർഥതയുള്ളതായിരിക്കണം. കർമങ്ങൾ സ്വീകാര്യയോഗ്യമായിത്തീരുവാൻ തക്കവണ്ണം നിയ്യത്ത് നന്നാക്കുവാനും ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുവാനും കഴിയണം. ആരാധനയുടെ പൊരുൾ തിരിച്ചറിഞ്ഞാലാണ് അതിൽ ആസ്വാദനം കണ്ടെത്താൻ കഴിയുക. ‘ആരാധന’ അഥവാ ‘ഇബാദത്ത്’ എന്നതിന് ക്വുർആനും ഹദീസും നൽകുന്ന വിശദീകരണം നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ആരാധന, അനുസരണം, താഴ്‌മ കാണിക്കൽ എന്നിങ്ങനെ ഭാഷാപരമായി അറബിയിൽ ഒരുപാട് അർഥങ്ങളുള്ള ഒരു പദമാണ് ‘ഇബാദത്ത്’ എന്നത്. ‘ആരാധന’ എന്നതാണ് മതപരമായി പൊതുവെ നൽകിവരുന്ന അർഥം. അല്ലാഹുവിന് ഇഷ്ടപ്പെട്ടതും അവൻ തൃപ്തിപ്പെടുന്നതുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഇബാദത്താണ് അഥവാ ആരാധനയാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റഹി) പറഞ്ഞു: ‘അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും ഉൾക്കൊള്ളുന്ന നാമമാണ് ഇബാദത്ത്.’

ഇബാദത്ത് അല്ലാഹുവിന് മാത്രമായിരിക്കണം എന്ന് ഇസ്‌ലാം നിഷ്‌കർശിക്കുന്നു. ഇബാദത്തിന് മൂന്ന് റുക്‌നുകൾ ഉള്ളതായി പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനോടുള്ള സ്‌നേഹം, ഭയം, പ്രതീക്ഷ എന്നിവയാണ് അവ.

ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) ഇതിനെ ഒരു പക്ഷിയോട് ഉപമിച്ചിട്ടുണ്ട്. പക്ഷിക്ക് പറക്കാൻ അതിന്റെ തലയും രണ്ട് ചിറകുകളും അത്യാവശ്യമാണല്ലോ. സ്‌നേഹം എന്നത് പക്ഷിയുടെ തലയാണ്. ഭയവും പ്രതീക്ഷയും അതിന്റെ രണ്ട് ചിറകുകളും.

1. സ്‌നേഹം (ഹുബ്ബ്): അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ ഓർക്കുന്നതിലും അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹൻ എന്ന തിരിച്ചറിവിലുമാണ് ഈ സ്‌നേഹം ഉടലെടുക്കുന്നത്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവോടുള്ള സ്‌നേഹത്താൽ പ്രേരിതമായിരിക്കണം. അല്ലാഹുവിനെ സ്‌നേഹിക്കുന്നവൻ അവന്റെ കൽപനകളെല്ലാം സന്തോഷത്തോടെ അനുസരിക്കും.

2. ഭയം (ഖൗഫ്): അല്ലാഹുവിന്റെ ശിക്ഷയെയും അവന്റെ അതൃപ്തിയെയും കുറിച്ചുള്ള ഭയമാണിത്. ഇത് ഒരു വിശ്വാസിയെ തെറ്റുകളിൽനിന്ന് പിന്തിരിപ്പിക്കുന്നു. കത്തുന്ന തീയിൽ വീഴാൻ ഒരാൾ പേടിക്കുന്നത് പോലെ അല്ലാഹുവിന്റെ കോപത്തെയും നരകത്തെയും ഭയപ്പെടണം. ഈ ഭയം നമ്മെ അഹങ്കാരികളാകാതെ കാക്കുന്നു.

3. പ്രതീക്ഷ (റജാഅ്): അല്ലാഹുവിന്റെ കാരുണ്യത്തിലും പാപമോചനത്തിലും സ്വർഗത്തിലും പ്രതീക്ഷ വയ്ക്കുക എന്നതാണ് ഇത്. എത്ര വലിയ തെറ്റ് ചെയ്താലും അല്ലാഹു പൊറുത്തുതരുമെന്ന പ്രതീക്ഷ വിശ്വാസിക്ക് ആശ്വാസം നൽകുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നുപോകാതിരിക്കാൻ ഈ പ്രതീക്ഷ സഹായിക്കുന്നു.

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഇവ മൂന്നും ശരിയായ അളവിൽ ഉണ്ടായിരിക്കണം. ഭയം കൂടിയാൽ അത് നിരാശയിലേക്ക് നയിക്കും. ‘അല്ലാഹു എനിക്ക് മാപ്പ് തരില്ല’ എന്ന് ചിന്തിക്കാൻ തുടങ്ങും. പ്രതീക്ഷ മാത്രം കൂടുന്നത് അശ്രദ്ധയിലേക്ക് നയിക്കും. ‘അല്ലാഹു എല്ലാം പൊറുക്കുമല്ലോ, അതുകൊണ്ട് എന്ത് തെറ്റും ചെയ്യാം’ എന്ന ചിന്ത വരും. സ്‌നേഹത്തോടെ ആരാധനകൾ ചെയ്യുകയും ശിക്ഷയെ ഭയപ്പെട്ട് തെറ്റുകൾ ഒഴിവാക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിൽ പൂർണമായി പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക എന്നതാണ് ഉത്തമമായ വഴി. അപ്പോഴാണ് ആരാധനകളിൽ ആസ്വാദനം കണ്ടെത്താൻ കഴിയുക.