സ്രഷ്ടാവിനെ സ്‌നേഹിക്കുക
നസീമ വാടാനപ്പള്ളി
2026 ജനുവരി 31, 1447 ശഅ്ബാൻ 12

അല്ലാഹുവിന്റെ അത്യുത്തമനാമങ്ങളിലൊന്നായ ‘അൽവഹ്ഹാബ്’ (അത്യുദാരൻ) എന്നതായിരുന്നു ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അന്ന് പഠിപ്പിക്കാനുണ്ടായിരുന്നത്. തന്റെ പടപ്പുകളിൽ സദാ ഔദാര്യങ്ങൾ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നവനാണ് അല്ലാഹു. പരിശീലനമെന്നോണം പഠിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പഠിതാക്കളെക്കൊണ്ട് എഴുതിക്കുക എന്നത് ഒരു ശീലമായതിനാൽ പതിവുപോലെ അവർക്ക് ഒരു വർക്ക് കൊടുത്തു. ‘ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത്’ എന്ന വിഷയത്തിൽ ഒരു കുറിപ്പെഴുതുക.
അഞ്ചുമിനുട്ട് സമയമാണ് നൽകിയത്. കുട്ടികൾ വേഗം എഴുതിത്തുടങ്ങി. കഴിഞ്ഞവർ ഓരോരുത്തരായി ഏൽപിച്ച കുറിപ്പുകൾ വായിക്കുവാൻ തുടങ്ങി. പ്രതീക്ഷിച്ച പോലെത്തന്നെ റബ്ബിനെയാണിഷ്ടം എന്ന പോയിന്റിൽ ഊന്നിയായിരുന്നു എല്ലാവരും എഴുതിയിരുന്നത്. എന്നാൽ അതിൽ, വ്യത്യസ്തമായ ഒരു കുറിപ്പ് കാണുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു:
“ടീച്ചർ, എനിക്ക് എന്റെ റബ്ബിനെത്തന്നെയാണ് കൂടുതൽ ഇഷ്ടം. പക്ഷേ, അതിൽ എത്രത്തോളം ആത്മാർഥയുണ്ടെന്ന സംശയം ആ ഉത്തരം പറയാൻ അനുവദിക്കുന്നില്ല. കാരണം സ്‌നേഹം സാക്ഷാൽകരിക്കപ്പെടുന്നത് അസരണയിലൂടെയാണല്ലോ. ഞാൻ എന്റെ റബ്ബിനെ അനുസരിക്കുന്നതിൽ ഒരുപാട് വീഴ്ചകൾ ഉള്ളവളാണ്. അറിഞ്ഞും അറിയാതെയും അലസമായും ചെയ്ത അനുസരണക്കേടുകൾ! ഇനി, മാതാപിതാക്കളെയാണെന്ന് പറയാമെന്നു വെച്ചാൽ അനുസരണക്കേട് അവരോടുമുണ്ട്. സത്യത്തിൽ ഞാനാരെയാണ് ഇഷ്ടപ്പെടുന്നത്? എന്റെ ദേഹേഛകളെയോ? ടീച്ചർ, എനിക്ക് എന്റെ റബ്ബിനെ സ്‌നേഹിക്കണം, എല്ലാറ്റിനും മീതെയായി. അതിന് എന്നെ സഹായിക്കുമല്ലൊ.’’
വായിച്ചു തീർന്നതും ഞാൻ എന്നോടുതന്നെ ചോദിച്ചു: ‘സത്യത്തിൽ സ്‌നേഹത്തിന്റെയും അനുസരണയുടെയും കാര്യത്തിൽ മുൻകടക്കുന്നത് റബ്ബോ അതോ ദേഹേച്ഛകളോ? ചിന്തിക്കേണ്ട വിഷയമാണിത്. വാക്കുകളിൽ സ്‌നേഹം തുളുമ്പും, എന്നാൽ അനുസരണയിലും പ്രവർത്തനങ്ങളിലും നാം എവിടെയാണ്?
ഒന്നുമല്ലായിരുന്നല്ലോ നാം. പരിശുദ്ധ ക്വുർആനിലൂടെ റബ്ബ് ചോദിക്കുന്നുണ്ട്: “മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേൽ കഴിഞ്ഞുപോയിട്ടു ണ്ടോ?’’ (76:1).
ഒന്നുമല്ലായ്മയിൽ നിന്നും എന്നെ ഞാനാക്കിയവനാണ് എന്റെ റബ്ബ് എന്ന തിരിച്ചറിവിൽനിന്നും അവനോടുള്ള സ്‌നേഹം തുടങ്ങണം. നമുക്കുള്ളതെല്ലാം അവന്റെതാണ്. അല്ലെങ്കിൽത്തന്നെ എന്റെതെന്ന് പറയാൻ നമുക്കെന്താണുള്ളത്? നമുക്കെന്തൊക്കെയുണ്ടോ അതെല്ലാം നൽകിയവനെയല്ലാതെ വേറെ ആരെയാണ് ഏറ്റവും കൂടുതൽ സ്‌നേഹിക്കേണ്ടതും ഭയപ്പെടേണ്ടതും? വേറെ ആരോടാണ് നമുക്ക് കൂടുതൽ കടപ്പാടുകൾ വേണ്ടത്?
നമ്മുടെ ഹൃദയത്തിൽ അവൻ ഉണ്ടാകണം. വാക്കിലും പ്രവൃത്തികളിലും അവനോടുള്ള ഇഷ്ടവും അനുസരണയും മുന്നിട്ടു നിൽക്കണം. അതിനു നമ്മെ സഹായിക്കുന്ന ചിലതുണ്ട്:
1) സ്രഷ്ടാവിനെ മനസ്സിലാക്കണം. അവന്റെ നാമങ്ങഗുണങ്ങളെക്കുച്ച് പ്രമാണബദ്ധമായ പഠനം നടക്കണം.
“ആകയാൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് നീ അറിയുക’’ (47:19).
അല്ലാഹുവിന്റെ നാമങ്ങളിലുള്ള അറിവും അവയുടെ അർഥത്തിലും ആശയത്തിലുമുള്ള പണ്ഡിത്യവും തേട്ടങ്ങളനുസരിച്ചുള്ള കർമവും മനുഷ്യരിൽ അല്ലാഹുവിനോടുള്ള ആദരവും സ്‌നേഹവും ബഹുമാനവും വളർത്തും. അവന്റെ കാരുണ്യത്തിൽ പ്രതീക്ഷയേറ്റുകയും അവന്റെ ശിക്ഷയിൽ പേടി ജനിപ്പിക്കുകയും ചെയ്യും. അവന്റെ അനുഗ്രഹങ്ങളിൽ അവനോട് നന്ദിയുള്ള ജീവിതത്തിന് സഹായിക്കും. അവനെക്കുറിച്ചുള്ള അറിവ് അവനോടുള്ള അടിമത്ത്വം സാക്ഷാത്കരിക്കുന്നതിലേക്ക് നയിക്കുകയും മനസാ വാചാ കർമണാ ജീവിതം അവനോടുള്ള അനുസരണയിലേക്ക് വഴിമാറുകയും ചെയ്യുന്നതാണ്.
വസ്തുത ഇതൊക്കെയാണെങ്കിലും അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനു മാത്രം വഴിപ്പെടുന്നതിലും ഇന്ന് മുസ്‌ലിംകളിൽ അധികപേരും വീഴ്ച കാണിക്കുന്നത് അവനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടു തന്നെയാണ്. ക്വുർആനിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഈ യാഥാർഥ്യം അല്ലാഹു എടുത്തു പറയുന്നുണ്ട്.
“അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു’’ (22:74).
ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിനെ അവന്റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അറിഞ്ഞാൽ അവൻ അല്ലാഹുവിനെ സ്‌നേഹിച്ചിരിക്കും, അതിൽ സംശയമില്ല.’’
2) അർഥവും ആശയവും ഗ്രഹിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും ക്വുർആൻ പാരായണം ചെയ്യുക.
“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).
“അവർ ക്വുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു’’ (4:83).
3) നിർബന്ധ കാര്യങ്ങൾക്ക് പുറമെ ഐച്ഛിക കാര്യങ്ങൾ നിർവഹിക്കുക:
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ നിർബന്ധമാക്കിയ കർമങ്ങളെക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാൻ കഴിഞ്ഞിട്ടില്ല. ഞാൻ അവനെ ഇഷ്ടപ്പെടുന്നതുവരെ നിർബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങൾ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസൻ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാൻ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്ന് കേൾക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് അവൻ ചോദിച്ചാൽ അവന് ഞാൻ നൽകുക തന്നെ ചെയ്യും. എന്നോട് അവൻ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുക തന്നെ ചെയ്യും’’ (ബുഖാരി).
4) സുന്നത്തിനെ പിൻപറ്റുക:
“പറയുക: നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീർച്ച’’ (3:32).
“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (3:31).
5) ഹൃദയം കൊണ്ടും പ്രവൃത്തി കൊണ്ടും സദാ റബ്ബിനെ ഓർക്കുക:
ദിക്‌റുകൾ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വർധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
“ആകയാൽ എന്നെ നിങ്ങൾ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്. എന്നോട് നിങ്ങൾ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്’’ (2:152).
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “അല്ലാഹു പറയുന്നു: എന്റെ ദാസൻ എന്നെ വിചാരിക്കും പോലയാണ് ഞാൻ. അവൻ എന്നെ ഓർക്കുമ്പോൾ ഞാൻ അവന്റെ കൂടെയുണ്ടായിരിക്കും. അവൻ സ്വയം (മനസ്സിൽ) എന്നെ ഓർത്താൽ ഞാൻ അവനെയും സ്വയം ഓർക്കും. ഒരു സംഘത്തിൽവെച്ച് അവൻ എന്നെ ഓർത്താൽ (എന്നെക്കുറിച്ച് പ്രസ്താവിച്ചാൽ) അവരെക്കാൾ ഉത്തമമായ ഒരു സംഘത്തിൽവെച്ച് ഞാൻ അവനെയും ഓർക്കും (പ്രസ്താവിക്കും)’’ (ബുഖാരി).
ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കാൻ ഉദ്ദേശിച്ചാൽ അവൻ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ ശീലമാക്കിക്കൊള്ളട്ടെ’’ (അൽവാബിലുസ്സ്വയ്യിബ്).
റബീഅ് ബിൻ അനസ്(റഹി) പറഞ്ഞു: “അല്ലാഹുവിന്റെ സ്മരണ അധികരിപ്പിക്കൽ അവനോടുള്ള ഇഷ്ടത്തിന്റെ അടയാളമാണ്. കാരണം, തീർച്ചയായും നീ ഒരു വസ്തുവിനേയും ഇഷ്ടപെടുന്നില്ല, അതിന്റെ ഓർമ നീ അധികരിപ്പിച്ചിട്ടല്ലാതെ’’ (മദാരിജുസ്സാലികീൻ).
6) നിഷ്‌കളങ്കമായി ആരാധകളിൽ ഏർപ്പെടുക:
“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (ക്വുർആൻ 51:56).
ആരാധനാ കർമങ്ങൾ അതിന്റെ എല്ലാ മര്യാദകളും നിയമങ്ങളും പാലിച്ച് ചെയ്യുന്നത് അവനോടുള്ള അനുസരണയുടെ പ്രകടഭാവമാണ്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ഹൃദയം കടുത്തതായിരിക്കുകയില്ല. മറിച്ച് ലോലവും അല്ലാഹുവിനെ കുറിച്ചോർക്കുമ്പോൾ വിറ കൊള്ളുന്നവയുമായിരിക്കും.
7) ദേഹേച്ഛകളെ അവഗണിക്കുക, അല്ലാഹുവിന്റെ താൽപര്യങ്ങൽക്ക് മുൻഗണന കൊടുക്കുക:
അനസി(റ)ൽനിന്ന് നിവേദനം: “നബിﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ ആരിലെങ്കിലുമുണ്ടായാൽ അയാൾ ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതാണ്. മറ്റുളളതിനെക്കാൾ സ്‌നേഹം അല്ലാഹുവിനോടും അവന്റെ ദൂതനോടുമായിരിക്കുക, ആരെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ അത് അല്ലാഹുവിന് വേണ്ടിയായിരിക്കുക, കുഫ്‌റിൽ (അവിശ്വാസത്തിൽ) നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയശേഷം അതിലേക്ക്തിരിച്ചുപോകുന്നത് തീയിൽ എറിയപ്പെടുന്നതിനെക്കാൾ അസഹ്യമായി തോന്നുക’’ (ബുഖാരി).
എല്ലാറ്റിനുമുപരി റബ്ബിനെ സ്‌നേഹിക്കാൻ കഴിയുക അവനെ അനുസരിക്കുന്നതിനായി ദേഹേച്ഛ കളെ ത്യജിക്കുമ്പോൾ മാത്രമാണ്.
അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രൻമാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാർഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാൽ അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നത് വരെ നിങ്ങൾ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേർവഴിയിലാക്കുന്നതല്ല’’ (9:24).
മനുഷ്യന്റെ മനസ്സിൽ ദേഹേച്ഛകളോട് താൽപര്യവും ചായ്‌വുമുണ്ടാകുക സ്വാഭാവികമാണ്. താടി വളർത്തൽ, പുരുഷൻമാർ നെരിയാണിക്ക് താഴെയിറങ്ങുന്ന വസ്ത്രം ധരിക്കാതിരിക്കൽ, സ്ത്രീകൾ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിക്കൽ പോലുള്ളവ പാലിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്നത് ദേഹേച്ഛയാണ്; മതത്തെ സംബന്ധിച്ച് അഭിമാനബോധമില്ലായ്മയാണ്. സ്വന്തം താൽപര്യത്തേക്കാളുപരി അല്ലാഹുവിന്റെ താൽപര്യത്തിന് മുൻഗണന കൊടുക്കാനുള്ള വൈമനസ്യമാണ്.
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളോടും മനസ്സിൽ താൽപര്യം ഉണ്ടായേക്കാം. പിശാച് അതിനായി പ്രേരിപ്പിക്കും. മനസ്സ് തിന്മയ്ക്ക് പ്രേരിപ്പിക്കുമ്പോൾ അല്ലാഹുവിനോടുള്ള അനുസരണയിൽ അതിനെ അവഗണിക്കുകയും അല്ലാഹുവിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്യേണ്ടതാണ്.
8) പ്രത്യക്ഷവും പരോക്ഷവുമായി അല്ലാഹു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്ത അല്ലാഹുവിനെ കൂടുതൽ ഇഷ്ടപ്പെടാനും അവനെ അനുസരിക്കാനും സഹായിക്കും.
അല്ലാഹു നൽകിയ ഗുണങ്ങളും നന്മകളും നാം കാണണം. അവന്റെ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കണം. അത് അല്ലാഹുവിലേക്കുള്ള അടുപ്പത്തിന് സഹായകരമാണ്.
“നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു...’’ (16:53).
“...അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ’’ (14:34).
അല്ലാഹു മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങൾ എണ്ണമറ്റതാണ്. അവ എണ്ണിത്തിട്ടപ്പെടുത്താനാവില്ല. പ്രത്യക്ഷമായും അല്ലാതെയും അവ നിരന്തരം മനുഷ്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അവയെക്കുറിച്ചെല്ലാം ഉറ്റാലോചിച്ചാൽ അല്ലാഹുവിനെ സ്‌നേഹിക്കാൻ കഴിയും. അവൻ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകവഴി അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനും കഴിയും. അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം നേർമാർഗമാണ്.
ഉമർ(റ) പറഞ്ഞു: “നാം നിന്ദ്യരായ ജനതയായിരുന്നു. അല്ലാഹു ഇസ്‌ലാം മുഖേനെ നമുക്ക് ഐശ്വര്യമുണ്ടാക്കി. ഇസ്‌ലാമല്ലാത്ത എന്തിലെങ്കിലും ആരെങ്കിലും ഐശ്വര്യം(പ്രതാപം) തേടിപ്പോയാൾ അല്ലാഹു അവനെ നിന്ദ്യനാക്കുന്നതാണ്.’’
9) അല്ലാഹുവിനെ ആത്മാർഥമായി സ്‌നേഹിക്കുന്നവരെ കൂട്ടുകാരാക്കുക:
നന്മ പകർന്ന് നൽകുകയും നല്ലത് മാത്രം ചിന്തിക്കുകയും ചിന്തിപ്പിക്കുകയും പാരത്രികബോധം നൽകുകയും ചെയ്യുന്നവരാണ് നല്ല കൂട്ടുകാർ. നല്ല കൂട്ടുകാരനെ കസ്തൂരി വിൽക്കുന്നവനുമായാണ് പ്രവാചകൻﷺ താരതമ്യം ചെയ്തത്. അവന്റെ കൂടെ കൂടിയാൽ സുഗന്ധമാണ് ലഭിക്കുക. എന്നാൽ ചീത്ത കൂട്ടുകാരനെ നബിﷺ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അയാളുടെ അടുത്തിരുന്നാൽ പറന്നുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോൾ തീപ്പൊരി വീണ് വസ്ത്രത്തിൽ ഓട്ടവീഴും. നല്ലതല്ലാത്ത ഗന്ധവും അനുഭവപ്പെടും. കസ്തൂരി വിൽപനക്കാരനിൽ നിന്ന് കാശ് കൊടുത്ത് വാങ്ങിയില്ലെങ്കിൽ പോലും സുഗന്ധം ആസ്വദിക്കാൻ കഴിയും.
നന്മ ചെയ്യൽ ശീലമാക്കുകയും സ്രഷ്ടാവിനെ ഓർക്കുകയും നന്മ കൽപിക്കുകയും തിന്മയിൽ നിന്ന് തടയുകയും ചെയ്യുന്ന ഒരു ആത്മാർഥ കൂട്ടുകാരുണ്ടെങ്കിൽ ഫിത്‌നയുടെ സാഹചര്യങ്ങളിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് അവർ നമ്മെ പ്രേരിപ്പിക്കും. അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “മനുഷ്യൻ അവന്റെ കൂട്ടുകാരന്റെ മതത്തിലായിരിക്കും. അതിനാൽ ആരുമായാണ് ചങ്ങാത്തം കൂടുന്നത് എന്ന് അവൻ ചിന്തിക്കട്ടെ’’ (തിർമിദി).
10) അല്ലാഹുവിനെ മറപ്പിക്കുന്ന എല്ലാറ്റിൽനിന്നും വിട്ടുനിൽക്കുക:
മനുഷ്യഹൃദയം മാറിക്കൊണ്ടേയിരിക്കും. ‘ക്വൽബ്’ എന്നതിന് പെട്ടെന്ന് മാറിമറിയുന്നത് എന്നും അർഥമുണ്ട്.
അബ്ദുല്ലാഹിബ്‌നു ആസ്വി(റ)ൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “ആദമിന്റെ മക്കളുടെ ഹൃദയങ്ങൾ പരമകാരുണികന്റെ വിരലുകൾക്കിടയിലാണ്. ഒരൊറ്റ ഹൃദയം പോലെ. അവൻ ഉദ്ദേശിക്കുന്നത് പോലെ അവയെ അവൻ തിരിച്ചുകൊണ്ടിരിക്കും. എന്നിട്ട് അവിടുന്ന് പ്രാർഥിച്ചു: ‘അല്ലാഹുവേ, ഹൃദയങ്ങൾ നിയന്ത്രിക്കുന്നവനേ, നിന്നെ അനുസരിക്കുന്നതിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിക്കേണമേ’’ (മുസ്‌ലിം).
പാപങ്ങൾ അല്ലാഹുവിനും മനുഷ്യമനസ്സുകൾക്കുമിടയിലുള്ള മറകളാണ്. ദുൻയാവിനോടുള്ള അമിതമായ സ്‌നേഹവും അപ്രകാരമാണ്.
ഹൃദയങ്ങൾക്കും അല്ലാഹുവിനുമിടയിൽ മറയിടുന്ന എല്ലാറ്റിൽ നിന്നും വിട്ടു നിൽക്കുക. ദുൻയാവ് ദേഹേച്ഛകളാൽ പൊതിയപ്പെട്ടതാണ്. അതിന്റെ മോടിയിലും പ്രഭയിലും അലങ്കാരങ്ങളിലും കണ്ണഞ്ചിപ്പോകാതിരിക്കണമെങ്കിൽ നല്ല സൂക്ഷ്മതയും വിശ്വാസവും ആവശ്യമാണ്.
“നിങ്ങൾക്ക് ജീവൻ നൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞുകൊള്ളുക’’ (8:24).

