രക്ഷിതാക്കൾ: മക്കൾ ആഗ്രഹിക്കുന്നതെന്ത്?

റോഷൻ പുനലൂർ

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

മക്കളെ കുറിച്ച് പരാതികളില്ലാത്ത രക്ഷിതാക്കൾ വളരെ അപൂർവമായിരിക്കും. അവർ ഭക്ഷണം കഴിക്കുന്നതിൽ മുതൽ അവരുടെ നടത്തം, ഉറക്കം, പഠനം, വിനോദം, കളി, കൂട്ടുകെട്ട് തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രക്ഷിതാക്കൾക്ക് ഒരുപാട് പരാതികളുണ്ടായിരിക്കും; വിശിഷ്യാ കൗമാരക്കാരെ കുറിച്ച്, അതിൽ ആൺ-പെൺ വ്യത്യാസമില്ല. എന്നാൽ കുട്ടികളുടെ പക്ഷത്തു നിന്ന് ചിന്തിക്കുകയും അവരുടെ കണ്ണിലൂടെ കാണുകയും അവരുടെ കാതിലൂടെ കേൾക്കുകയും ചെയ്യുന്ന ഒരു മനോഭാവം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണെങ്കിൽ, പല പരാതികളും ഇല്ലാതാകുമെന്ന് മാത്രമല്ല, അത് കുടുംബ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

വസ്ത്രം, സ്മാർട്ട് ഫോൺ, ബൈക്ക്, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഭക്ഷണ പാനീയാങ്ങൾ, സ്‌കൂൾ ഫീസ്, പോക്കറ്റ് മണി തുടങ്ങിയ, കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുത്താൽ അവർ സംതൃപ്തരായി എന്നാണ് നാം പൊതുവെ ധരിച്ചുവെച്ചിട്ടുള്ളത്. നമ്മുടെ മക്കളുടെ ഭൗതികമായ ഈ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം അവരുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ കൂടി പൂർത്തീകരിച്ചുകൊടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നത് നന്നായിരിക്കും.

നമ്മുടെ അരുമ സന്താനങ്ങൾ നമ്മിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

1) കുട്ടികൾ രക്ഷിതാക്കളിൽനിന്ന് പ്രതീക്ഷിക്കുന്ന ഒന്നാമത്തെ കാര്യം തങ്ങളുടെ രക്ഷിതാക്കൾ സൗഭാഗ്യവാന്മാരായിരിക്കുക എന്നതാണ്. സാമ്പത്തികമായ സുസ്ഥിതി മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സുരക്ഷയും നൽകാൻ രക്ഷിതാക്കൾക്ക് സാധിക്കലാണ് സൗഭാഗ്യംകൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാരികമായ സംരക്ഷണമാണ് അതിൽ ഏറ്റവും പ്രധാനം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന പരിരക്ഷ കണ്ടിട്ടില്ലേ? അതുപോലെ രക്ഷിതാക്കൾ കുട്ടികൾക്ക് പകർന്നു നൽകേണ്ടതായ സ്‌നേഹവും സുരക്ഷിതത്വ ബോധവുമുണ്ട്. അത് നൽകാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നതാണ് ഏതൊരു കുട്ടിയുടെയും അഭിലാഷം. സ്‌നേഹമാണ് സൗഭാഗ്യത്തിന്റെ താക്കോൽ. ആ താക്കോൽ ലഭിച്ചാൽ കുടുംബത്തിൽ ഐശ്യര്യത്തിന്റെ പരിമളം പരിലസിക്കും. അത് കുട്ടികൾക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകരാൻ സഹായകമാണ്.

2) രക്ഷിതാക്കളിൽനിന്ന് കുട്ടികൾ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം അവരെ നന്നായി പരിഗണിക്കുക എന്നതാണ്. നമ്മുടെ വാക്ക്, പ്രവൃത്തി, വൈകാരിക സമീപനങ്ങൾ എന്നിവയിലൂടെ കുട്ടികളെ ഒരു ലോപവും കൂടാതെ നന്നായി പരിഗണിക്കുക. രക്ഷിതാക്കളിൽനിന്ന് കുട്ടികൾ അവഗണന നേരിടുമ്പോഴാണ് അവർ മറ്റു വഴികൾ തേടിപ്പോകുന്നത്. അങ്ങനെയാണ് ഒളിച്ചോട്ടങ്ങൾ സംഭവിക്കുന്നത്. ‘നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു’ എന്നതിനെ കുറിച്ച് ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയത് ‘എനിക്ക് മൊബൈൽ ഫോൺ ആകാനാണ് ആഗ്രഹം’ എന്നായിരുന്നു. കാരണം തിരക്കിയ ടീച്ചറോട് കുട്ടിയുടെ പ്രതികരണം, വാപ്പയും ഉമ്മയും എപ്പോഴൂം മൊബൈൽ ഫോൺ നോക്കിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു. ഇതിലെ അതിശയോക്തി ഒഴിവാക്കിയാൽ, രക്ഷിതാക്കൾ തന്നെ പരിഗണിക്കാത്ത ഒരു കുട്ടിയുടെ മനസ്സിന്റെ വേദന ഇതിൽനിന്ന് വായിച്ചെടുക്കാം.

3) കുട്ടികളെ ശ്രദ്ധിച്ച് കേൾക്കുക എന്നതാണ് അവർ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. അവരുമായി ചെലവഴിക്കാൻ നാം സമയം നീക്കിവെക്കേണ്ടതുണ്ട്. അതിലൂടെ അവരുടെ നന്മകൾ കാണാനും അവരെ അഭിനന്ദിക്കുവാനും തിരുത്തേണ്ടത് തിരുത്തിക്കാനും അവസരം കിട്ടുന്നു. അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും

ഇതിലൂടെ അവസരമുണ്ടാവുന്നു. കുട്ടികളുടെ ചെറിയ തെറ്റുകൾ കണ്ട് ശകാരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. നല്ല നിലയിൽ അത് തിരുത്തിക്കാം. അവരെ കുറിച്ച് നാം അഭിമാനംകൊള്ളുന്നുണ്ടെന്ന് കുട്ടികൾ മനസ്സിലാക്കട്ടെ. നല്ല വാക്കുകൾകൊണ്ട് അവരെ പ്രചോദിപ്പിക്കുക. ഞങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യമാണ് നിങ്ങളെന്ന് അവരെ ധരിപ്പിക്കുക. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്തുതന്നെയായാലും അത് നിങ്ങളോട് തുറന്നു പറയാൻ അവർക്ക് അവസരവും ധൈര്യവും നൽകുക. അവരുടെ ഭാവി ഭാസുരമാകാൻ പ്രാർഥിക്കുക.

4) വാൽസല്യത്തോടെ ആശ്ലേഷിക്കുക: പിഞ്ചുകുഞ്ഞായിരിക്കെ, നാം എത്രയോ പ്രാവശ്യം മക്കളെ ചുംബിക്കുകയും കെട്ടിപ്പുണരുകയും ചെയ്തതാണ്. എന്നാൽ അവർ കൗമാര പ്രായത്തിലേക്കത്തുമ്പോൾ നാം അവരിൽനിന്നും അവർ നമ്മിൽനിന്നും അകലുകയാണ്. ഈ അകൽച്ച ഇല്ലാതാക്കുവാനുള്ള മാർഗങ്ങളിൽ ഒന്നാണ് അവരെ വാൽസല്യത്തോടെ ആശ്ലേഷിക്കൽ. അവർ നമ്മുടെ സ്പർശനത്തിനായി ദാഹിക്കുന്നവരാണെന്നത് നാം തിരിച്ചറിയണം. അവരെ ചേർത്തുപിടിച്ച് തലയിലൂടെ ഒന്ന് വിരലോടിച്ച് നോക്കൂ. നിങ്ങളും അവരും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കം അനുഭവപ്പെടും. ഇതിലൂടെ ഇരുകൂട്ടർക്കും ഒരു അവാച്യമായ അനുഭൂതി ലഭിക്കുന്നു. ഇതായിരുന്നു പ്രവാചകന്റെ മാതൃക. മകൾ ഫാത്വിമ തന്റെ അടുത്തേക്ക് വന്നാൽ പ്രവാചകൻﷺ എഴുന്നേറ്റ് അവരെ സ്വീകരിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന രംഗം എത്ര ചേതോഹരമാണ്! എന്നിട്ട് അവരെ അരികിൽ പിടിച്ചിരുത്തുകയും കുശലം പറയുക യും ചെയ്യുന്നു. സ്‌നേഹം മനസ്സിൽ ഒളിപ്പിച്ചതുകൊണ്ടായില്ല, അത് പ്രകടിപ്പിക്കാൻ കഴിയണം.

5) കുട്ടികളെ പ്രശംസിക്കുക: നാലുപേർ കേൾക്കുന്ന വിധത്തിൽ കുട്ടികളെ അവരുടെ ഏതെങ്കിലും നന്മയുടെ, നേട്ടത്തിന്റെ പേരിൽ നിങ്ങൾ ഒന്ന് പ്രശംസിച്ച് നോക്കൂ. അത് അവരെ ഏറെ സന്തോഷഭരിതരാക്കും. നിങ്ങളുടെ പ്രശംസ അവർക്ക് വർധിച്ച ആത്മവീര്യം നൽകും. സാഹിത്യത്തിൽ നോബൽ പ്രൈസ് ലഭിച്ച ഒർഹാൻ പാമുക്ക് അവാർഡ് സ്വീകരണ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞ ചില കാര്യങ്ങളുണ്ട്. കുട്ടികളെ ഉന്നതിയിലേക്കെത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവിനും അത് മാതൃകയാക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞു: “ഈ മഹത്തായ അവാർഡിന് എന്നെ അർഹനാക്കിയതിൽ എന്റെ പിതാവിനുള്ള പങ്ക് നിസ്തുലമാണ്. കുട്ടിയായിരിക്കെ ഞാൻ കടലാസിൽ എന്തൊക്കെയൊ കുറിച്ചിടുമായിരുന്നു. ദീർഘയാത്ര കഴിഞ്ഞ് വരുന്ന പിതാവിന് ഞാൻ അത് സമർപ്പിക്കുമ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പുണരും. എന്നിട്ട് പറയും: ‘ഒർഹാൻ, ഒരു കാലം വരും. അന്ന് നീ സാഹിത്യത്തറവാട്ടിലെ കുലപതിയാകും.’’ പിൽക്കാലത്ത് പിതാവിന്റെ ആ പ്രവചനം യാഥാർഥ്യമായി.

സുനാമി പോലെ വിവരങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊക്കെ മിക്കവർക്കും അറിയുമായിരിക്കും. എന്നാൽ ആ അറിവ് പ്രായോഗികമാക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ല. തന്റെ മക്കൾ മോശപ്പെട്ടവരായി മാറണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ടാകില്ല. എല്ലാവരും ആഗ്രഹിക്കുന്നത് അവർ നല്ലവരായി മാറുവാനാണ്. ആഗ്രഹിച്ചാൽ പോരാ, അതിനായി ആത്മാർഥമായി പ്രവർത്തിക്കുകയും പ്രാർഥിക്കുകയും വേണം. അവർക്ക് ഇസ്‌ലാമിക പാഠങ്ങൾ പകർന്നുനൽകണം. പ്രവാചകന്റെ ഉദാത്ത ജീവിത മാതൃകയിൽ അവരെ വളർത്താൻ പരിശ്രമിക്കണം. അതിനു മുമ്പ് മാതൃകാ മുസ്‌ലിമായി മാതാവും പിതാവും മാറുക തന്നെ വേണം.