പ്രവാചകനെ പിൻപറ്റൽ; അനിവാര്യതയും രീതിശാസ്ത്രവും

സമീർ മുണ്ടേരി

2026 മാർച്ച് 28, 1447 ശവ്വാൽ 06

(ഇത്തിബാഉർറസൂൽ 1)

ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് പ്രവാചകചര്യയെ പിൻപറ്റുക എന്നത്. എന്താണ് ‘ഇത്തിബാഅ്’ (പിൻപറ്റൽ) എന്നും ഒരു വിശ്വാസിയുടെ ജീവിതത്തിൽ അത് എങ്ങനെ പ്രായോഗികമാക്കണമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാം.

എന്താണ് ഇത്തിബാഅ്?

‘ഇത്തബഅ’ എന്ന അറബി ക്രിയയിൽ നിന്നാണ് ‘ഇത്തിബാഅ്’ എന്ന പദം രൂപംകൊള്ളുന്നത്. ഭാഷാപരമായി ഇതിനർഥം ‘ഒന്നിനു പിന്നാലെ ചലിക്കുക’ അഥവാ ‘പിന്തുടരുക’ എന്നാണ്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ ‘ഇത്തിബാഉർറസൂൽ’ എന്നത് നബിﷺയെ പിൻപറ്റുക, അവിടുത്തെ മാർഗത്തിൽ ചലിക്കുക എന്നതാണ്.

ഇന്ന് നബിﷺ നമ്മോടൊപ്പമില്ല. എങ്കിലും അവിടുന്ന് കാണിച്ചുതന്ന പാത (സുന്നത്ത്) നമ്മുടെ മുമ്പിലുണ്ട്. ആ പാതയിലൂടെ സഞ്ചരിക്കുക എന്നതാണ് വിശ്വാസികളുടെ ബാധ്യത.

ഇത്തിബാഇന്റെ പ്രാധാന്യം പ്രമാണങ്ങളിൽ വിശ്വാസകാര്യങ്ങളിലും വാക്കിലും പ്രവൃത്തിയിലും ഒഴിവാക്കേണ്ട കാര്യങ്ങളിലും നബിﷺയെ മാതൃകയാക്കുക എന്നതാണ് ഇത്തിബാഅ്. അല്ലാഹു പരിശുദ്ധ ക്വുർആനിലൂടെ ഇത് ഉണർത്തുന്നത് കാണുക:

“റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ വിരമിക്കുകയും ചെയ്യുക’ (അൽഹശ്ർ: 7).

നബിﷺയുടെ കാലശേഷം മുസ്‌ലിം ഉമ്മത്തിൽ ഭിന്നതകൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാനുള്ള മാർഗം നബിﷺയുടെ സുന്നത്താണെന്ന് ഹദീസുകൾ പഠിപ്പിക്കുന്നു. നബിﷺ പറഞ്ഞു: ‘ഞാൻ നിങ്ങളെ വിട്ടേച്ചു പോകുന്നത് വ്യക്തമായ ഒരിടത്താണ് (വെളിച്ചത്തിലാണ്). അതിന്റെ രാവുപോലും പകൽ പോലെയാണ്. നാശമടഞ്ഞവനല്ലാതെ എന്നിക്കുശേഷം അതിൽ നിന്നും തെറ്റുകയില്ല’ (തിർമിദി).

അല്ലാഹുവിന്റെ കിതാബും നബിﷺയുടെ സുന്നത്തും മുറുകെ പിടിക്കുന്നവർ വഴിപിഴക്കില്ലെന്ന് ഇമാം മാലിക് ഉദ്ധരിച്ച ഹദീസിലും കാണാം.

ഇത്തിബാഅ് എങ്ങനെയൊക്കെ?

ഒരു വിശ്വാസി തന്റെ ജീവിതത്തിന്റെ നാനാതുറകളിലും പ്രവാചക മാതൃക സ്വീകരിക്കേണ്ടതുണ്ട്. പ്രധാനമായും നാല് മേഖലകളിലാണ് ഇത് ബാധകമാകുന്നത്:

1. വാക്കുകളിൽ (അക്വ്‌വാൽ): നബിﷺയുടെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നവരായിരുന്നു സ്വഹാബികൾ.

. ഒരിക്കൽ നബിﷺ ഖുതുബക്കിടയിൽ ‘ഇരിക്കൂ’ എന്ന് പറഞ്ഞപ്പോൾ, പള്ളിയുടെ വാതിൽക്കൽ എത്തിയിരുന്ന അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) അത് കേട്ടയുടനെ അവിടെത്തന്നെ ഇരുന്നു. ഇത് അവിടുത്തെ വാക്കിനോടുള്ള അനുസരണയായിരുന്നു.

. പരസ്പരം അസൂയ വെക്കരുതെന്നും സഹോദരങ്ങളായി വർത്തിക്കണമെന്നുമുള്ള നബിവചനങ്ങൾ ശിരസ്സാവഹിക്കുക എന്നത് വാക്കിലുള്ള ഇത്തിബാഅ് ആണ്.

2. പ്രവൃത്തികളിൽ/ആരാധനകളിൽ (അഫ്ആൽ): ആരാധനകളിലും കർമങ്ങളിലും യുക്തിക്കപ്പുറം പ്രവാചക മാതൃകയാണ് പ്രധാനം.

. ഹജറുൽ അസ്‌വദിനെ ചുംബിച്ചുകൊണ്ട് ഉമർ(റ) പറഞ്ഞു: ‘നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വെറുമൊരു കല്ലാണ് എന്നെനിക്കറിയാം. നബിﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഞാനും നിന്നെ ചുംബിക്കില്ലായിരുന്നു.’

. നമസ്‌കാരത്തിനിടയിൽ നബിﷺ ചെരുപ്പഴിച്ചപ്പോൾ, പിന്നിലുള്ള സ്വഹാബികളും കാരണം ചോദിക്കാതെ ചെരുപ്പഴിച്ചു. ആരാധനകളിൽ പ്രവാചകനെ അപ്പടി പകർത്തുകയായിരുന്നു അവർ.

3. വർജിക്കേണ്ട കാര്യങ്ങളിൽ: നബിﷺ വിരോധിച്ച കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കലും ഇത്തിബാഇന്റെ ഭാഗമാണ്:

. ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്.

. പുരുഷന്മാർ വസ്ത്രം നെരിയാണിയുടെ താഴെ വലിച്ചിഴക്കുന്നത്.

. ചാരിയിരുന്നോ കമിഴ്ന്നു കിടന്നോ ഭക്ഷണം കഴിക്കുന്നത്.

. മാളങ്ങളിൽ മൂത്രമൊഴിക്കുന്നത്.

. ഇവയെല്ലാം നബിﷺ വിരോധിച്ച കാര്യങ്ങളാണ്. അത് വർജിക്കൽ നിർബന്ധമാണ്.

4. പ്രകൃതിപരമായ കാര്യങ്ങളിൽ (അൽ അഫ്ആലുൽ ജിബില്ലിയ്യ): ഉറങ്ങുക, ഭക്ഷിക്കുക, നടക്കുക തുടങ്ങിയ മനുഷ്യസഹജമായ കാര്യങ്ങളിലും പ്രവാചകന് ചില ചിട്ടകളുണ്ടായിരുന്നു.

. ഭക്ഷിക്കുമ്പോൾ വലതുകൈ ഉപയോഗിക്കുക, നോമ്പ് തുറക്കുമ്പോൾ ഈത്തപ്പഴം ഉപയോഗിക്കുക, കിടക്കുമ്പോൾ വിളക്കുകൾ അണക്കുക തുടങ്ങിയവ ഇതിൽ പെടുന്നു.

. പ്രവാചകൻ ചെയ്ത, എന്നാൽ മതപരമായി കൽപിക്കപ്പെടാത്ത കാര്യങ്ങൾ (ഉദാഹരണത്തിന് ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം) പിൻപറ്റൽ നിർബന്ധമില്ല. (ഇബ്‌നു ഉമറിനെ(റ) പോലെയുള്ള മഹത്തുക്കൾ അത്തരം കാര്യങ്ങളിൽ പോലും സൂക്ഷ്മത പുലർത്തിയിരുന്നു).

. നബിﷺക്ക് മാത്രം ബാധകമായവ (ഖുസ്വൂസിയ്യത്തുകൾ):

. ഇത്തിബാഅ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നബിﷺക്ക് മാത്രം പ്രത്യേകമായ കാര്യങ്ങൾ നാം അനുകരിക്കാൻ പാടില്ല എന്നതാണ്. ഉദാഹരണത്തിന്:

. നാലിലധികം സ്ത്രീകളെ ഒരേസമയം വിവാഹം കഴിക്കൽ.

. മഹ്‌റില്ലാതെ വിവാഹം കഴിക്കൽ.

. തഹജ്ജുദ് നമസ്‌കാരം നിർബന്ധമാകൽ (നമുക്കത് സുന്നത്താണ്).

. സകാത്ത് മുതൽ ഭക്ഷിക്കാതിരിക്കൽ (നബികുടുംബത്തിന് ഇത് നിഷിദ്ധമാണ്).

ഇത്തരം കാര്യങ്ങൾ പ്രവാചകന്റെ മാത്രം പ്രത്യേകതകളാണ്.

നബിﷺയുടെ സുന്നത്ത് എന്നത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) തന്നെയാണ്. ക്വുർആൻ മാത്രമല്ല, നബിﷺയുടെ വചനങ്ങളും ജീവിതവും അല്ലാഹുവിന്റെ നിർദേശപ്രകാരമുള്ളതാണ്. അതിനാൽ, ഇത്തിബാഅ് എന്നത് സ്വർഗപ്രവേശനത്തിനുള്ള ഏക മാർഗമാണ്.

നബിﷺ അരുളി: ‘എന്റെ സമുദായം മുഴുവനും സ്വർഗത്തിൽ പ്രവേശിക്കും, വിസമ്മതിച്ചവരൊഴികെ.’ ആരാണ് വിസമ്മതിച്ചവർ എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിച്ചു; എന്നോട് അനുസരണക്കേട് കാണിച്ചവർ വിസമ്മതിച്ചു’ (ബുഖാരി).

നബിﷺ കാണിച്ചുതന്ന വിശ്വാസങ്ങളും കർമങ്ങളും സ്വഭാവങ്ങളും ജീവിതത്തിൽ പകർത്താൻ നാം തയ്യാറാവുക. ബിദ്അത്തുകളിൽ (പുത്തൻ ആചാരങ്ങൾ) നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

(തുടരും)