കലയുടെ ചന്തം

ഉമ്മു റൈഹാൻ

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

‘പുഴ ഒഴുക്ണ് ണ്ട്...’

കാലത്തിന്റെ നെഞ്ചിലൂടെ മൗനമായി പായുന്ന ജീവന്റെ ശ്വാസമായി, അതിന്റെ അനുസ്യൂതമായ പ്രവാഹം മനുഷ്യനോട് പറയുന്നു; നിൽക്കരുത്, നീയും മുന്നോട്ട് നീങ്ങുക!

‘കാട് പൂക്ക്ണ് ണ്ട്...’

വരൾച്ചയെ അതിജീവിച്ച്, ഇലകൊഴിഞ്ഞ ശേഷം വീണ്ടും തളിർത്തും പൂത്തും കാട് മനോഹരമായ കാഴ്ചയൊരുക്കുന്നു. അതുപോലെ ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ, പുഞ്ചിരിയോടെ, പ്രതീക്ഷയോടെ നാം തലയുയർത്തി നിൽക്കണം.

‘കിളി പാട്ണ് ണ്ട്...’

പ്രകൃതിയിലേക്കൊന്ന് കാതോർക്കു, മനസ്സിന് കുളിർമ നൽകുന്ന, കിളികളുടെ പല ഈണങ്ങളിലുള്ള പാട്ടുകൾ കേൾക്കാം. നിരാശപ്പെട്ട് കഴിയേണ്ടതില്ല, സന്തോഷത്തിന്റെ, നല്ല നാളെയുടെ ചെറിയ സ്വരമെങ്കിയും കേൾക്കാൻ സാധിക്കും.

‘വാനം മിനുങ്ങ്ണ് ണ്ട്...’

ഇരുളിന്റെ അറ്റത്ത് തെളിയുന്ന പ്രതീക്ഷയായി, മേഘങ്ങളുടെ മറവിൽനിന്ന് വരുന്ന ആ പ്രകാശം അന്ധകാരമെന്നത് ശാശ്വതമല്ല എന്ന് നമ്മെ ഓർമിപ്പിക്കുന്നു.

‘ഭൂമി വിളിക്ക്ണ് ണ്ട്, അരികെ മനുഷ്യരുണ്ട്...’

മനുഷ്യന്റെ അശ്രദ്ധയാൽ മുറിവേറ്റ അവസ്ഥയിലാണിന്ന് ഭൂമി. നിസ്സഹായമായ ആ വിളി; സംരക്ഷണം, സ്‌നേഹം, ഉത്തരവാദിത്ത നിർവഹണം എന്നിവയെല്ലാം ആവശ്യപ്പെടുന്ന മൗനമായ നിലവിളിയാണ്. എത്രയോ മനുഷ്യരിൽ നിന്നും ഈ നിലവിളി ഉയരുന്നുണ്ട്.

വിദ്യാർഥികളുടെ ബൗദ്ധിക, സാംസ്‌കാരിക, ആത്മീയ വളർച്ചയെ ലക്ഷ്യമിട്ട്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിപരമായ വേദിയാണ് ‘സർഗവസന്തം.’ അറിവും ആവിഷ്‌കാരശേഷിയും ഇസ്‌ലാമിക മൂല്യങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാനുള്ള അവസരമാണ് ഈ പരിപാടി നൽകുന്നത്.

സംസ്‌കാരശൂന്യത വ്യാപകമായ സമകാലിക കലാവേദികളിൽനിന്നും മൂല്യമുള്ള സൃഷ്ടികളുടെ വേദിയായി ഇത് വേറിട്ട് നിൽക്കുന്നു. കലയും സാഹിത്യവും വിനോദത്തിന്റെയും ആകർഷണത്തിന്റെയും പരിധിയിൽ മാത്രം ഒതുങ്ങിപ്പോകുമ്പോൾ അവയുടെ സാമൂഹിക ഉത്തരവാദിത്തവും ആത്മീയ പ്രസക്തിയും നഷ്ടപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ഇത്തരം പശ്ചാത്തലത്തിൽ, ഇസ്‌ലാമിക മൂല്യങ്ങളും നൈതിക ബോധവും അടിസ്ഥാനമാക്കി സൃഷ്ടിപരമായ ആവിഷ്‌കാരങ്ങൾക്ക് വേദിയൊരുക്കുന്ന സർഗവസന്തം പ്രത്യേക പ്രാധാന്യം നേടുന്നു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടി, കലയും സാഹിത്യവും മനുഷ്യനെ മെച്ചപ്പെടുത്താനുള്ള ശക്തമായ ഉപാധികളാണെന്ന ആശയത്തെ മുൻ നിർത്തിയാണ് നടത്തിവരുന്നത്. ക്വുർആനിന്റെയും സുന്നത്തിന്റെയും പ്രകാശത്തിൽനിന്നുള്ള പ്രചോദനത്തോടെ വിദ്യാർഥികളുടെ കഴിവുകൾ സംസ്‌കാരപരവും ആത്മീയവുമായ അടിത്തറയിൽ ളർത്താൻ സർഗവസ ന്തം ശ്രമിക്കുന്നു.

ഈ അധ്യയന വർഷത്തെ സംസ്ഥാനതല ‘സർഗവസന്തം’ 2026 ജനുവരി 24-25 തീയതികളിൽ മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വെച്ചാണ് അരങ്ങേറിയത്. അറിവിന്റെ ലോകത്തിലേക്ക് യാത്രയാരംഭിച്ച ‘ബഹ്ജ’ കുരുന്നുകളുടെയും അതോടൊപ്പം മദ്‌റസ അധ്യാപകരുടെയും മത്സരങ്ങൾക്ക് ഇത്തവണ തുടക്കം കുറിച്ചത് ശ്രദ്ധേയമാണ്.

മദ്‌റസ വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾക്കൊപ്പം നടന്ന ‘പവർപോയിന്റ് പ്രസന്റേഷൻ,’ ‘പോസ്റ്റർ ഡിസൈൻ,’ ‘വീഡിയോ നിർമാണം,’ ‘ശബ്ദലേഖനം’ തുടങ്ങിയവ അവരുടെ ക്രിയാത്മകതയെ തൊട്ടുണർത്തുന്നതായി. എല്ലാ തലങ്ങളിലും മത്സരാർഥികൾ ഉയർന്ന നിലവാരത്തിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. അറിവിനെയും ആവിഷ്‌കാരശേഷിയെയും ധാർമികാടിത്തറയിൽ സമന്വയിപ്പിച്ചുകൊ ണ്ടുള്ള അവതരണങ്ങൾ കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കാതിരിക്കില്ല. ഓരോ അവതരണവും തീവ്രമായ പരിശീലനത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടും പ്രകടനമികവ് കൈവരിക്കാൻ കഴിയുമെന്ന സത്യം വിദ്യാർഥികൾ തെളിയിച്ചു.

ഒന്നിനൊന്നു മെച്ചമെന്നു ജഡ്ജസ് വിലയിരുത്തിയ വിവിധ പരിപാടികൾ അവസാനിച്ചപ്പോൾ ബഹ്ജ കാറ്റഗറിയിൽ മനാറുൽ ഹുദ മദ്‌റസ കൊച്ചന്നൂർ, അൽഹിക്മ മദ്‌റസ കുറുവ എന്നീ സ്ഥാപനങ്ങൾ ഓവറോൾ ചാമ്പ്യൻമാരായി.

മദ്‌റസ വിദ്യാർഥികളുടെ മത്സരത്തിൽ കാസർഗോഡ് ജില്ല ഒന്നാം സ്ഥാനവും, കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അക്ഷമയുടെയും തർക്കവിതർക്കങ്ങളുടെയും അസ്വാരസ്യങ്ങളില്ലാതെ, മത്സരാർഥികളും അധ്യാപകരും രക്ഷിതാക്കളും സംഘാടകരും വോളന്റിയർമാരും പക്വമായി നിലകൊണ്ടപ്പോൾ പരിപാടി വലിയ വിജയമായി മാറി.

സംഘാടകരുടെ കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവും ഈ കലോൽസവത്തിന്റെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചു. വേദിയിൽ ദൃശ്യമായ പരിപാടികളുടെ വിജയത്തിനുമപ്പുറം, അവർ നടത്തിയ കഠിന പരിശ്രമങ്ങളും നിരന്തര ആസൂത്രണങ്ങളും ഈ സംരംഭത്തിന്റെ ആത്മാവാണെന്ന് പറയാം. സമയപരിമിതികളുടെയും സാഹചര്യപരിമിതികളുടെയും വെല്ലുവിളികളെ അതിജീവിച്ച്, ഉത്തരവാദിത്തബോധത്തോടെയും നാഥന്റെ പ്രീതി കാംക്ഷിച്ചു അവർ മുന്നേറിയതാണ് ഈ പരിപാടിയുടെ തിളക്കം വർധിപ്പിച്ചത്.

സാങ്കേതികവിദ്യ ദൗത്യബോധത്തോടുകൂടി ഉപയോഗിച്ച് ആശയങ്ങളെ ശക്തമായ സന്ദേശങ്ങളാക്കി മാറ്റിയ ഐടി, മീഡിയ പ്രവർത്തകർ ഈ പരിപാടിയുടെ വിജയത്തിൽ മറക്കാനാകാത്ത പങ്ക് വഹിച്ചു. ഓരോ പരിപാടിയും സുതാര്യമായി പ്രേക്ഷകരിലെത്തിക്കാൻ, ശബ്ദ-ദൃശ്യ സംവിധാനങ്ങൾ മുതൽ ഡിജിറ്റൽ സാങ്കേതികവിദ്യവരെയുള്ള മേഖലകളിൽ അവർ കാട്ടിയ സൂക്ഷ്മതയും കൃത്യതയും ശ്ലാഘനീയമാണ്.

കല മനുഷ്യന്റെ അന്തസ്സിനെ തരംതാഴ്‌ത്തേണ്ടതല്ല, ഉയർത്തേണ്ടതാണെന്ന യാഥാർഥ്യം ഓർമിപ്പിക്കുന്ന ഈ വേദി, സമകാലിക സമൂഹത്തിന് ധാർമിക വെളിച്ചമായിത്തീരുന്ന സർഗാത്മകതയുടെ വസന്തകാലം പോലെ, മനസ്സുകളെ ഉണർത്തിയും ചിന്തകളെ പ്രകാശിപ്പിച്ചും മുന്നേറട്ടെ എന്ന് പ്രത്യാശിക്കുന്നു.