നിർഭയത്വം തൗഹീദിലൂടെ
മെഹബൂബ് മദനി ഒറ്റപ്പാലം
2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

എന്തുണ്ടായിട്ടെന്താണ്? മനസ്സിന് ഒരു സമാധാനവുമില്ല’-പലരുടെയും നിരന്തര പരിഭവമാണിത്. തനിക്ക് ചുറ്റുമുള്ള പലതരം ഭയങ്ങളെ നേരിടുന്ന ഓരോ മനുഷ്യന്റെ ഹൃദയവും നിർഭയത്വം നിറഞ്ഞ, സമാധാനപരമായ ഒരു സാഹചര്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അംബരചുംബികളായ കൊട്ടാരങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ പോലും താൻ എപ്പോഴും അക്രമിക്കപ്പെടാം, തന്റെ കൊട്ടാരവും സംവിധാനങ്ങളും ബോംബുകളോ മിസൈലുകളോ ഉപയോഗിച്ച് തകർക്കപ്പെടാം എന്ന സാഹചര്യം ഉണ്ടെങ്കിൽ അവർക്ക് പട്ടുമെത്തയുള്ള കിടപ്പുമുറികൾ സമാധാനം നൽകില്ല. സാമ്പത്തിക രംഗത്തെ പരാജയങ്ങളും ഭയാശങ്കകളും പലരുടെയും വലിയ പേടിയാണ്. യുദ്ധം നീണ്ടുപോയാൽ, ജോലി ചെയ്യുന്ന കമ്പനി പൂട്ടിപ്പോയാൽ, ഒന്നും നേടാത്ത അവസ്ഥയിൽ പ്രവാസം വെടിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നാൽ... ഉള്ളിൽ ഇത്തരം ഭയവുമായി കഴിഞ്ഞുകൂടുന്നവർ എത്രയാണ്! കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും ധാരാളം മനുഷ്യരുടെ മനസ്സുകളിലെ മായാത്ത നൊമ്പരങ്ങളാണ്. തന്റെ ചോരയിൽ പിറന്ന മക്കൾ സോഷ്യൽ മീഡിയയുടെ ചതിക്കുഴികളിലോ ലഹരിയുടെ കെണിയിലോ അകപ്പെടുമോ എന്ന ഭയത്താൽ ഓരോ ദിവസവും ഹൃദയവേദനയോടെ കഴിച്ചുകൂട്ടുന്ന മാതാപിതാക്കളും ആധുനിക കാലത്ത് ഏറെയാണ്.
ഒരിക്കലും തന്നെ ചതിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഇണയുടെ വഴിവിട്ട ബന്ധങ്ങളാണ് മറ്റു പലരെയും അസ്വസ്ഥരാക്കുന്നത്. തനിക്ക് പിടിപെട്ട രോഗം ഇനി മാറില്ലേ? എത്ര ഹോസ്പിറ്റലുകളായി കയറിയിറങ്ങുന്നു, ഡോക്ടർമാരെ മാറിമാറി കാണുന്നു, മരുന്നുകൾ പലതും കഴിച്ചുകൊണ്ടിരിക്കുന്നു. ഇനി എനിക്ക് മുമ്പിൽ എന്തു മാർഗമാണുള്ളത്? ഈ പരീക്ഷണത്തിൽനിന്ന് ഒരു മോചനമുണ്ടാകില്ലേ? ഇങ്ങനെ തന്റെ രോഗാവസ്ഥയുടെ ഭയത്താൽ ഉറക്കം കിട്ടാത്ത രോഗികൾ എത്രയോ നമുക്ക് ചുറ്റിലുമുണ്ട്. പെട്ടെന്ന് പിടിപെടുന്ന പരീക്ഷണങ്ങളും അപകടങ്ങളും മനുഷ്യമനസ്സുകളെ വലിയ പേടിപ്പെടുത്തുന്ന ചിന്തകളിലേക്ക് കൊണ്ടുപോകാറുണ്ട്.
തന്റെ രാജ്യത്തിന്റെ ഭാവി എന്താകും എന്നാലോചിച്ച് ഉറക്കം കിട്ടാത്തവരുണ്ട്. നൂറ്റാണ്ടുകളായി തന്റെ പൂർവികരും പതിറ്റാണ്ടുകളായി തങ്ങളും ജീവിച്ചുകൊണ്ടിരിക്കുന്ന ഈ മണ്ണിൽ തന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുകയാണോ? വർഗീയ ഫാസിസ്റ്റുകളുടെ ഭരണകൂട ഭീകരതക്ക് താനും കുടുംബവും ഇരയാകുമോ? ഇത്തരം ഭീതിയോടെ കഴിയുന്നവരുമുണ്ട്.
ഇത്തരുണത്തിൽ, നാം അനുഭവിക്കുന്ന വിഷമസന്ധികൾ എന്തുതന്നെയായാലും ശരി, അവയോട് പൊരുതി ജീവിക്കുന്നതിനിടയിലും നമുക്ക് ശാശ്വത നിർഭയത്വവും സമാധാനവും പകർന്നുനൽകുന്ന എന്തെങ്കിലുമുണ്ടോ? തീർച്ചയായും ഉണ്ട്! തന്നെയും അതിവിശാലമായ ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന ഏകനും സർവശക്തനും അങ്ങേയറ്റം കരുണാവാരിധിയുമായ ഏക സ്രഷ്ടാവിനെ (അല്ലാഹുവിനെ) അടുത്തറിഞ്ഞ് അവനു മാത്രം ആരാധനകളർപ്പിച്ച്, അവനോട് മാത്രം വിളിച്ചു പ്രാർഥിച്ച്, എല്ലാം അവനിൽ ഭരമേൽപിച്ച് ജീവിക്കുമ്പോഴാണ്, അഥവാ തൗഹീദുൾക്കൊണ്ട് മുന്നോട്ട് പോകുമ്പോഴാണ് മനുഷ്യർക്ക് യഥാർഥ നിർഭയത്വം അനുഭവിക്കാനാവുക.

ഏറ്റവും വലിയ പ്രതിസന്ധിയായി കാണുന്ന മരണത്തെ പോലും പേടിയില്ലാതെ നേരിടാൻ മാത്രം കരുത്തുറ്റ ശക്തനായി മനുഷ്യനെ മാറ്റാൻ തൗഹീദിന് സാധിക്കും. കറകളഞ്ഞ, കലർപ്പില്ലാത്ത തൗഹീദ് ഉൾക്കൊള്ളുന്നവൻ ഇഹലോകത്ത് മാത്രമല്ല, പരലോകത്തും അഥവാ മരണാനന്തര ജീവിതത്തിലും നിർഭയനായിരിക്കും. ഈ വിശ്വാസം മനുഷ്യരെ ശാശ്വത സമാധാനത്തിന്റെ ലോകമായ സ്വർഗത്തിലേക്ക് എത്തിക്കും.
എത്ര ശക്തമായ ജീവിത പ്രതിസന്ധികളെയും കരുത്തുറ്റ മനസ്സുമായി നേരിടുവാൻ തൗഹീദ് ഉൾക്കൊണ്ട മനുഷ്യന് കഴിയും. തന്റെ ജീവിതത്തിന്റെ നിയന്ത്രണം മുഴുവൻ ഈ ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിലാണ് എന്ന് വിശ്വസിക്കുന്നവന് എന്താണ് പേടിക്കുവാനുള്ളത്? തൗഹീദ് ഉൾക്കൊണ്ട മനുഷ്യന് അനുഭവിക്കാനാകുന്ന മനസ്സമാധാനം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കുവാനോ തൂലിക കൊണ്ട് വർണിക്കുവാനോ കഴിയാവുന്നതിലും എത്രയോ അപ്പുറമാണ്.
കത്തിജ്ജ്വലിക്കുന്ന അഗ്നിക്കു മുമ്പിൽ ഇബ്‌റാഹീം നബി(അ)യെ നിർഭയനാക്കിയതും, നിറഞ്ഞുനിൽക്കുന്ന സമുദ്രത്തിനു മുമ്പിൽ അകപ്പെട്ടപ്പോൾ മൂസാ നബി(അ)ക്ക് ധൈര്യം പകർന്നതും, തന്നെ കൊല്ലുവാൻ വാളോങ്ങി നിൽക്കുന്ന ശത്രുവിനോട് സധൈര്യം എന്നെ റബ്ബ് രക്ഷിക്കുമെന്ന് പറയാൻ മുഹമ്മദ് നബിﷺയെ പ്രാപ്തനാക്കിയതും തൗഹീദായിരുന്നു.
തൗഹീദും നിർഭയത്വവും
ശരിയാംവിധം തൗഹീദ് ഉൾക്കൊള്ളുന്നതിലൂടെ മാത്രമാണ് ഒരാൾക്ക് ശാശ്വത നിർഭയത്വം ആസ്വദിക്കാൻ കഴിയുക എന്ന യാഥാർഥ്യം വിശുദ്ധ ക്വുർആൻ വിവരിക്കുന്നത് ഇപ്രകാരമാണ്:
“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്...’’(6:82).
സത്യവിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത മനുഷ്യന്റെ അന്ധവിശ്വാസങ്ങൾക്കോ തദടിസ്ഥാനത്തിലുള്ള ധ്യാനങ്ങൾക്കോ, യോഗാസനങ്ങൾക്കോ ഒന്നും ശാശ്വത നിർഭയത്വം നേടിത്തരാനാവില്ല. മേൽ ഉദ്ധരിച്ച ക്വുർആൻ വചനത്തിലെ ‘അംന്’ എന്നത് കൊണ്ടുള്ള വിവക്ഷ ഇഹലോകത്തിലെ മനസ്സമാധാനവും പരലോകത്തെ ശിക്ഷയിൽനിന്നുള്ള മോചനവുമാണ്. ദൈവനിഷേധവും ബഹുദൈവാരാധനയും ഒരിക്കലും മനുഷ്യന് നിർഭയത്വം നേടിത്തരുന്നതല്ലെന്നു മാത്രമല്ല അതവനെ മരണാനന്തര ജീവിതത്തിൽ ദൈവികശിക്ഷയുടെ ലോകമായ നരകത്തിന് അർഹനാക്കിത്തീർക്കുകയും ചെയ്യും. അല്ലാഹുവിൽ പങ്കുചേ ർക്കാത്ത ഹൃദയത്തിൽ മാത്രമാണ് അല്ലാഹു ശാന്തിയും സമാധാനവും നൽകുക. സൃഷ്ടിപൂജകർ മാനസികമായി എന്നും വലിയ ആശങ്കയിലായിരിക്കും. ഇല്ലാത്ത പലതിനെയും ദൈവമായി സങ്കൽപിച്ച് യാതൊരടിസ്ഥാന പ്രമാണവുമില്ലാതെ ചില കർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കെങ്ങനെ ആത്മ സംതൃപ്തി കിട്ടും? താൻ തന്നെയോ ആരെങ്കിലുമോ നിർമിച്ച
രൂപത്തിനോ വരച്ച ചിത്രത്തിനോ തങ്ങളുടെ ഒരായിരം ജീവിത പ്രതിസന്ധികളെ ശരിയാക്കിത്തരാനാകുമോ എന്ന ആശങ്ക അവരെ അലട്ടിക്കൊണ്ടിരിക്കും. ഒരു ദൈവത്തിന് ഇഷ്ടമുള്ളത് മറ്റൊരാൾക്ക് തൃപ്തമാവില്ലെന്ന് ധരിക്കുന്നവർ എല്ലാവരെയും പ്രീതിപ്പെടുത്താൻ പണിപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഏകദൈവത്തെ മാത്രം വിളിച്ചു പ്രാർഥിക്കുക യും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യന്റെ മനസ്സ് ഏകാഗ്രമാണ്.
അവൻ തന്റെ ആരാധാനാകർമങ്ങളിൽ ആത്മനിർവൃതി കണ്ടെത്തുന്നവനായിരിക്കും. മഹാനായ യൂസുഫ് നബി(അ) ഈ യാഥാർഥ്യത്തെ ജയിലിലെ സുഹൃത്തുക്കൾക്ക് വിവരിച്ചുകൊടുത്ത രംഗം ക്വുർആനിലൂടെ അല്ലാഹു മനോഹരമായി പറഞ്ഞുതരുന്നത് ഇപ്രകാരമാണ്:
“ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല ഏകനും സർവാധികാരിയുമായ അല്ലാഹുവാണോ?’’ (12:39).
മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യമായി അല്ലാഹു വ്യക്തമാക്കുന്നത് തൗഹീദിന്റെ സാക്ഷാ ത്ക്കാരമാണ്:
“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽനിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും’’ (51:56-58).
പ്രവാചകൻമാരും തൗഹീദും
ശാശ്വത നിർഭയത്വത്തിന്റെ അടിസ്ഥാനായ തൗഹീദിലേക്കാണ് മുഴുവൻ നബിമാരും ആദ്യമായി ജനങ്ങളെ ക്ഷണിച്ചത്:
“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (21:25).
“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചു തള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക’’ (16:36).
‘മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്തുള്ള ക്വുർആനിലെ ആദ്യ കൽപനയും തൗഹീദിലേക്കുള്ള ക്ഷണമാണ്: “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻ മാരെ ഉണ്ടാക്കരുത്’’ (2:21, 22).
ഓരോ പ്രവാചകനെയും പ്രത്യേകം എടുത്തുപറഞ്ഞ് അവർ തൗഹീദിന് പ്രാമുഖ്യം നൽകിയവരാണെന്ന് അല്ലാഹു ക്വുർആനിൽ ആവർത്തിച്ചു പറഞ്ഞുതരുന്നതിൽനിന്ന് നമുക്കിതിന്റെ പ്രാധാന്യം വ്യക്തമാണ്.
നൂഹ്(അ)
“നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കു (വന്നുഭവിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു’’ (7:59).
ഹൂദ്(അ)
“ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. നിങ്ങൾക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലർത്താത്തത്?’’(7:65).
സ്വാലിഹ്(അ)
“സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങൾക്കു വന്നിട്ടുണ്ട്; നിങ്ങൾക്കൊരു ദൃഷ്ടാന്തമായിട്ട്. അല്ലാഹുവിന്റെ ഒട്ടകമാണിത്. ആകയാൽ അല്ലാഹുവിന്റെ ഭൂമിയിൽ (നടന്നു) തിന്നുവാൻ നിങ്ങൾ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കിൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും’’ (7:73).
ശുഐബ്(അ)
“മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (നാം നിയോഗിക്കുകയുണ്ടായി). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങൾക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങൾ കുറവ് വരുത്തരുത്. തീർച്ചയായും നിങ്ങളെ ഞാൻ കാണുന്നത് ക്ഷേമത്തിലായിട്ടാണ്. നിങ്ങളെ ആകെ വലയംചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു’’ (11:84).
വിഗ്രഹാരാധനക്കെതിരെ ശക്തമായി നിലകൊണ്ട ആദർശ പിതാവായ ഇബ്‌റാഹീം നബി(അ) തന്റെ ജനത ആരാധിക്കുന്ന വിഗ്രഹങ്ങളെ ഭയപ്പെടാതെ, അല്ലാഹുവിൽ മാത്രം ഭരമേൽപിച്ചപ്പോൾ അഗ്‌നികുണ്ഡത്തെ അദ്ദേഹത്തിന് തണുപ്പും സമാധാനവുമായി അല്ലാഹു മാറ്റിക്കൊടുത്തു.
“അവർ പറഞ്ഞു: ‘നിങ്ങൾക്ക് (വല്ലതും) ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.’ നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുവാൻ അവർ ഉദ്ദേശിച്ചു. എന്നാൽ അവരെ ഏറ്റവും നഷ്ടംപറ്റിയവരാക്കുകയാണ് നാം ചെയ്തത്’’ (21:68-70).
“നിങ്ങൾ (അല്ലാഹുവിനോട്) പങ്കുചേർത്തതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്ക് യാതൊരു പ്രമാണവും നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേർക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോൾ രണ്ടു കക്ഷികളിൽ ആരാണ് നിർഭയരായിരിക്കാൻ കൂടുതൽ അർഹതയുള്ളവർ? (പറയൂ;) നിങ്ങൾക്കറിയാമെങ്കിൽ’’ (6:81).
ജീവിതത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിട്ട അന്തിമ പ്രവാചകൻ മുഹമ്മദ്ﷺ മക്കയിലെ മുശ്‌രിക്കുകൾ വധിക്കാൻ നോക്കിയപ്പോഴും, സാമ്പത്തികമായി ഒറ്റപ്പെടുത്തിയപ്പോഴും ബഹിഷ്‌കരണങ്ങൾ നടത്തിയപ്പോഴും തൗഹീദിൽ ഉറച്ചുനിന്നു. ഹിജ്‌റയുടെ വേളയിൽ സൗർ ഗുഹയിൽ വച്ച് അബൂബക്കർ(റ) ശത്രുക്കളെ കണ്ട് പേടിച്ചപ്പോൾ നബിﷺ നൽകിയ ആശ്വാസത്തിന്റെ വർത്തമാനം തൗഹീദിനാൽ വിശ്വാസി നിർഭയനാവുന്നതിന്റെ ഉദാത്തമായ മാതൃകയാണ്. പ്രവാചകൻﷺ പറഞ്ഞു: ‘ദുഃഖിക്കേണ്ടതില്ല, തീർച്ചയായും അല്ലാഹു നമ്മളോടൊപ്പമുണ്ട്.’ വിശുദ്ധ ക്വുർആനിന്റെ ഒമ്പതാം അധ്യായത്തിലെ നാൽപതാമത്തെ വചനത്തിൽ ഇക്കാര്യം വിശദീകരിക്കപ്പെടുന്നുണ്ട്.
മുന്നിൽ തിരമാലകളാൽ ആർത്തലക്കുന്ന കടലിനെയും പിന്നിൽ ഫിർഔനിന്റെ സൈന്യത്തെയും കണ്ടപ്പോൾ മൂസാനബി(അ)യുടെ അനുയായികൾ ഭയപ്പെട്ടു. ആ സന്ദർഭത്തിൽ മൂസാ(അ) പറഞ്ഞു: “ഒരിക്കലുമില്ല, തീർച്ചയായും എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്. അവൻ എനിക്ക് ഒരു വഴി കാണിച്ചുതരും.’’ ഈ ആത്മവിശ്വാസം മൂസാ നബി(അ)ക്ക് ലഭിച്ചത് തൗഹീദിൽ അടിയുറച്ചു നിന്നതുകൊണ്ട് മാത്രമാണ്.
തൗഹീദിനാൽ നിർഭയരായ സ്വഹാബത്ത്
മക്കയിലുള്ള മുശ്‌രിക്കുകളുടെ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും സ്വഹാബത്ത് അല്ലാഹു ഏകനാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചത് തൗഹീദ് അവരെ എത്രമാത്രം നിർഭയരാക്കിയിരുന്നു എന്നതിന്റെ മകുടോദാഹരണങ്ങളാണ്. അടിമയായിരുന്ന
ബിലാലി(റ)നെ ശത്രുക്കൾ മർദിച്ചവശനാക്കിയപ്പോൾ അദ്ദേഹത്തിന്റെ നാവിൽനിന്ന് തൗഹീദിന്റെ വചനമല്ലാതെ മറ്റൊന്നും പുറത്തുവന്നില്ല. ശരീരത്തിൽ തീ കൊണ്ട് മുറിവേൽപിച്ച് പീഡിപ്പിക്കപ്പെട്ട സ്വഹാബിമാരുണ്ട്. ആ സന്ദർഭത്തിൽ പോലും ഏകദൈവവിശ്വാസത്താൽ കരുത്തുറ്റ അവരുടെ മനസ്സിന് ഒരു ചാഞ്ചല്യവും ഉണ്ടായിട്ടില്ല. അമ്മാറിന്റെയും (റ) യാസിറിന്റെയും(റ) സുമയ്യയുടെയും(റ) ചരിത്രം ഏതു പ്രതിസന്ധിഘട്ടത്തിലും വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക് എന്നും പ്രചോദനമാണ്.
തവക്കുലിന്റെ കരുത്ത്
തൗഹീദിനാൽ നിർഭയരാകുന്ന വിശ്വാസികൾക്ക് തവക്കുൽ നൽകുന്ന സമാധാനം അനിർവചനീയമാണ്. എല്ലാ കാര്യങ്ങളുടെയും അന്തിമവിധി അല്ലാഹുവിന്റെ കൈകളിലാണെന്ന ബോധ്യത്തിൽ എല്ലാം അവനിൽ ഭരമേൽപിക്കുവാനുള്ള മനസ്സ് വിശ്വാസികൾക്ക് സമാനതകളില്ലാത്ത ശാന്തതയാണ് പകർന്നുനൽകുന്നത്. എനിക്ക് എന്തു സംഭവിച്ചാലും അത് എന്റെ റബ്ബിന്റെ തീരുമാനമാണ്, അതിൽ എനിക്ക് എന്തെങ്കിലും ഗുണമുണ്ടാകും എന്ന ചിന്ത അവനെ ഏതു പ്രതിസന്ധികളിലും മാനസികമായി തളരാതെ കാക്കുന്നു.

അല്ലാഹു പറഞ്ഞു: “പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’(9:51).
നബിﷺ ഇബ്‌നു അബ്ബാസി(റ)നോട് പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്: “അറിയുക; ലോകത്തുള്ളവരെല്ലാംകൂടി നിനക്ക് ഒരു ഗുണം ചെയ്യുവാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ മറ്റൊന്നും ചെയ്യാൻ അവർക്ക് ആവുകയില്ല. അവർ നിനക്ക് ഒരു ദോഷം ചെയ്യുവാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ ഒന്നും ചെയ്യാൻ അവർക്കാവില്ല’’ (തിർമിദി).
ഈ ആദർശ അടിത്തറയെ ഉൾക്കൊള്ളുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും നേരിടുവാനുള്ള കരുത്താണിത് നൽകുന്നത്.
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പരാജയം സംഭവിക്കുമ്പോഴേക്കും ആളുകൾ വലിയ നിരാശയിലേക്കും ഭയപ്പാടിലേക്കും വീണുപോകാറുണ്ട്. എന്നാൽ തൗഹീദ് ഉൾക്കൊള്ളുന്ന ഓരോ വ്യക്തിക്കും ക്വദ്‌റിലുള്ള വിശ്വാസം (വിധിയിലുള്ള വിശ്വാസം) ഇത്തരം സന്ദർഭങ്ങളിൽ ഒരു രക്ഷാകവചമായി മാറുന്നു. ‘അല്ലാഹു ഇത് എനിക്ക് വിധിച്ചിട്ടില്ല’ എന്ന് ചിന്തിക്കുന്നതിലൂടെ അവൻ മാനസികമായ ആരോഗ്യത്തെ വീണ്ടെടുക്കുന്നു. പരാജയങ്ങളിൽ തളരാതിരിക്കുന്നു. ഇതൊരു പരീക്ഷണമാണെന്ന് മനസ്സിലാക്കി അതിൽനിന്നും പാഠം ഉൾക്കൊണ്ട് വീണ്ടും വിജയത്തിനായി അവൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
നബിﷺ പറഞ്ഞു: “ഒരു വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെയാണ്! അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. സന്തോഷകരമായ കാര്യമുണ്ടായാൽ അവൻ നന്ദി കാണിക്കുന്നു. അതവന് ഗുണമായി ഭവിക്കുന്നു. പ്രയാസകരമായ കാര്യമുണ്ടായാലോ അവൻ ക്ഷമിക്കുന്നു; അതും അവന് ഗുണകരമാണ്’’ (മുസ്‌ലിം).
(അവസാനിച്ചില്ല)

