വനിതാസംവരണം: മണ്ഡലം പുനർനിർണയവും ഒളിയജണ്ടകളും

മുജീബ് ഒട്ടുമ്മൽ

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

‘ഇന്ത്യക്ക് ഇത് ഇരുളടഞ്ഞ നാളുകളാണ്. 2002ൽ ബാപ്പുവിന്റെ നാടായ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയും തുടർന്നുണ്ടായ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വിജയവും രാജ്യത്തെ നാശത്തിലേക്ക് നയിക്കും. ഹിന്ദു മതഭ്രാന്തന്മാരുടെ ഫാസിസ്റ്റ് അജണ്ട, ആധുനിക ചരിത്രത്തിലെ നമ്മുടെ ഇതുവരെയുള്ള അനുഭവങ്ങളിനിന്നും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ തകർച്ചയിലേക്ക് നീങ്ങുകയാണ്. ഒരു മഹാത്ഭുതം നമ്മളെ രക്ഷിച്ചില്ല എങ്കിൽ രാജ്യം ഛിന്നഭിന്നമാകും. നമ്മെ തകർക്കുന്നത് പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ ശക്തിയോ ആയിരിക്കില്ല. നമ്മൾ സ്വയം തകരും; ജപ്പാൻ സമുറായിയുടെ ആചാരപരമായ ‘ഹരാകിരി’ പോലെ.’

ഏപ്രിൽ 17ന് ലോക്‌സഭയിൽ ബിജെപി അവതരിപ്പിച്ച വനിതാ സംവരണ-മണ്ഡലം പുനർനിർണയ ബില്ല് പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മതനിരപേക്ഷതക്ക് ക്ഷതമേൽപിക്കാനുള്ള ശ്രമങ്ങളിൽ ഒന്ന് പരാജയപ്പെട്ടതിൽ രാജ്യത്തോട് പ്രതിബദ്ധതയുള്ളവർക്കും ദേശക്കൂറുള്ളവർക്കും അൽപമെങ്കിലും ആശ്വാസമേകിയിരിക്കുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ 400 സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഗീയതയും വംശീയതയും ആയുധമാക്കിയ കാവി രാഷ്ട്രീയത്തിന് അടിതെറ്റിയെന്ന തിരിച്ചറിവാണ് ഈ ബില്ലവതരിപ്പിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. 33 ശതമാനം വനിതാ സംവരണത്തോടെ ലോക്‌സഭാ-നിയമസഭാ സീറ്റുകൾ വർധിപ്പിച്ചുള്ള 131-ാമത് ഭരണഘടനാ ഭേദഗതി ബില്ലും ഒപ്പം പരിഗണിച്ച മണ്ഡല പുനർനിർണയ ബില്ലും മണ്ഡല പുനർനിർണയം കേന്ദ്രഭരണ പ്രദേശങ്ങൾക്ക്കൂടി ബാധകമാക്കിയുമുള്ള ബില്ലുമാണ് വെള്ളിയാഴ്ച ലോക്‌സഭയിൽ പരാജയപ്പെട്ടത്. ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് വോട്ട് നേടാൻ സർക്കാറിനായില്ല. നിലവിലെ ഭരണഘടന വ്യവസ്ഥ പ്രകാരം 2026ന് ശേഷമുള്ള സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമെ ഇനി മണ്ഡലം പുനർനിർണയം സാധ്യമാകൂ.

സെൻസസ് നടപടികളിലേക്ക് രാജ്യം കടന്നെങ്കിലും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്നടപടികൾ പൂർത്തീകരിച്ച് മണ്ഡല പുനർനിർണയം പ്രായോഗികമല്ല. ഇത് തിരിച്ചറിഞ്ഞാണ് 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താനും എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ-നിയമസഭ സീറ്റുകൾ 50 ശതമാനം വീതം വർധിപ്പിക്കാനും സർക്കാർ ശ്രമിച്ചത്. 50 ശതമാനം വർധനവെന്ന് ബില്ലിൽ പറയുന്നില്ലെങ്കിലും ലോക്‌സഭാ സീറ്റുകൾ പരമാവധി 850 ആക്കുമെന്ന് പരാമർശിക്കുന്നു. ലോകസഭ സീറ്റുകൾ കുത്തനെ ഉയർത്തുന്നതിനോടുള്ള പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടക്കാനാണ് വനിതാ സംവരണത്തോടെയുള്ള മണ്ഡല പുനർനിർണയമെന്ന നീക്കത്തിലേക്കാണ് സർക്കാർ കടന്നത്. പ്രതിപക്ഷ നിരയിൽ ഭിന്നിപ്പ് സൃഷ്ടിച്ചു ഭരണഘടനാഭേദഗതി ബില്ല് പാസാക്കുകയായിരുന്നു ലക്ഷ്യം. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതോടെ സർക്കാർ നീക്കം പാളുകയായിരുന്നു. വനിതാ സംവരണത്തെ മണ്ഡലം പുനർനിർണയവുമായി ബന്ധപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യത്തിനുമുന്നിൽ സർക്കാറിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. തങ്ങളുടെ ഇംഗീതത്തിനും താൽപര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു സർക്കാർ നടത്തിയിരുന്നത്.

ഭേദഗതി ബില്ലിലെ ഒളിയജണ്ടകൾ

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ കിഴക്കൻ സംസ്ഥാനങ്ങളിലോ തങ്ങൾക്കെതിരായ കാറ്റ് വീശിയാലും കേന്ദ്രത്തിൽ ഭൂരിപക്ഷം ഉറപ്പ് വരുത്തുകയെന്നതാണ് ബിജെപി സംഘപരിവാര ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന മണ്ഡല പുണർനിർണയം നടപ്പിലാക്കുന്നതോടുകൂടി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 530ൽനിന്ന് 850 ആയി ഉയരും. ബിജെപിക്ക് വലിയ സ്വാധീനമുള്ള ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള 8 ഹിന്ദി സംസ്ഥാനങ്ങളിലെ സീറ്റുകൾ 207ൽ നിന്ന് 543 ആയി വർധിക്കും. ഇതോടെ ഏതാണ്ട് 77 ശതമാനം വർധനവാണ് സാധ്യമാകുന്നത്. പാർലമെന്റിൽ ഈ സംസ്ഥാനങ്ങളുടെ പങ്കാളിത്തം 38.1 ശതമാനത്തിൽനിന്ന് 43.1 ശതമാനമായി ഉയരുമെന്നും വിലയിരുത്തുന്നു. അതേസമയം കേരളം, തമിഴ്‌നാട്, കർണാടക അടക്കമുള്ള ദക്ഷിണേന്ത്യൻ സ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം നഷ്ടപ്പെടും. ദക്ഷിണേന്ത്യയിലെ സീറ്റുകൾ 132ൽനിന്ന് 176 മാത്രമായി വർധിക്കും. വെറും 33 ശതമാനം വർധനവ് മാത്രമാകുന്നതോടെ ഇവരുടെ പാർലമെന്റ് വിഹിതം 24.3 ശതമാനത്തിൽനിന്ന് 20.7 ശതമാനമായി കുറയുകയും ചെയ്യും.

സമാനമായ രീതിയിൽ ബംഗാൾ അടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് വിഹിതം 14.4 ശതമാനത്തിൽനിന്ന് 13.7 ശതമാനമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ 4.4 ശതമാനത്തിൽനിന്ന് 3.8 ശതമാനമായും കുറയുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നത്തെ ഇലക്ഷൻ കമ്മീഷന്റ നേതൃത്വത്തിൽ മണ്ഡല പുനർനിർണയം നടന്നാലുണ്ടാകുന്ന അപകടങ്ങളെയും ഗൗരവത്തിൽ കാണേണ്ടതുണ്ട്. എസ്‌ഐആറിലൂടെ രാജ്യത്തെ കോടിക്കണക്കിന് പൗരൻമാരുടെ വോട്ടവകാശം നിഷേധിച്ച

കമ്മീഷ‌െന്റ ഇടപെടലുകൾ രാജ്യം കണ്ടതാണ്. ഇത്രയും ഗൗരവമേറിയ കാര്യം പ്രതിപക്ഷവുമായും സംസ്ഥാനങ്ങളുമായും ചർച്ച നടത്താതെ ഒരു സുപ്രഭാതത്തിൽ ബില്ല് അവതരിപ്പിക്കാനുള്ള ബിജെപി ശ്രമം കുതന്ത്രങ്ങളുടെ മാലപ്പടക്കത്തിലെ ഒരമിട്ടാണെന്നത് ആർക്കാണറിഞ്ഞ് കൂടാത്തത്!

വനിതാസംവരണമെന്ന പുകമറ

മണ്ഡല പുനർനിർണയ- വനിതാസംവരണ ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തത് തങ്ങളുടെ ഒളിയജണ്ടകൾ മറച്ചുവച്ചും വനിതകളോട് കൃത്രിമമായ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുമായിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. വനിതാ സംവരണ ഭേദഗതി ബില്ല് എങ്ങനെയാണ് പ്രതിപക്ഷം തടഞ്ഞുവെന്നത് രാജ്യം കണ്ടു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്.പി പാർട്ടികൾ സംവരണ ബില്ല് തടഞ്ഞത് ആഘോഷമാക്കുകയാണ്. വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിച്ചു. പ്രതിപക്ഷത്തിന്റെ സ്വാർഥതയാണ് ബില്ല് പരാജയപ്പെടാൻ കാരണം. സ്ത്രീകളുടെ അഭിമാനത്തെയാണ് പ്രതിപക്ഷം തകർത്തത്. ഈ പ്രവൃത്തി സ്ത്രീകൾ പൊറുക്കുകയില്ല.’’

വനിതാ ശാക്തീകരണത്തിനും സുരക്ഷയ്ക്കും പ്രതിപക്ഷം ഭീഷണിയാണ് എന്നും അദ്ദേഹം ചേർത്ത് പറഞ്ഞു. യഥാർഥത്തിൽ നരേന്ദ്രമോഡിയുടെ ഭരണത്തിലെയും പാർട്ടിയിലെയും സ്ത്രീ സംവരണ കണക്ക് പരിശോധിച്ചാൽ തന്നെയും പ്രധാനമന്ത്രിയുടെ വാക്കുകൾ എത്രമാത്രം അപഹാസ്യമായിരുന്നുവെന്ന് നമുക്ക് മനസ്സിലാകും. തൃണമൂൽ കോൺഗ്രസ്സിലെ ലോക്‌സഭാംഗവും തീപ്പൊരിയുമായ ബഹുവ മൊയ്‌ത്ര ബിജെപിയുടെ സ്ത്രീപ്രാതിനിധ്യത്തിന്റ കണക്കുകൾ നിരത്തി അവരുടെ കാപട്യത്തെ തുറന്ന് കാണിക്കുന്നുണ്ട്.

. ബിജെപിയിലെ 240 എംപിമാരിൽ 31 പേർ മാത്രമെ സ്ത്രീകളായുള്ളൂ. കേവലം 12.90 ശതമാനം.

. കോൺഗ്രസ് 98ൽ 14 അഥവാ 14.30 ശതമാനം.

. തൃണമൂൽ കോൺഗ്രസിൽ 29 ൽ 11 അഥവാ 37.90 ശതമാനം.

. എസ്.പിയിൽ 37ൽ 5 അഥവാ 13.50 ശതമാനം.

. ഡിഎംകെയിൽ 22ൽ 3 അഥവാ 13.60 ശതമാനം.

. ജെഡിയുവിൽ 1൨ൽ 2 അഥവാ 16.70 ശതമാനം.

. എൽജെപിയിൽ 5ൽ 2 അഥവാ 40 ശതമാനം.

ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഏറ്റവും പിറകിലാണ് ബിജെപിയുടെ സ്റ്റാറ്റസ് എന്നത് സ്ത്രീസംവരണത്തിലെ കാപട്യം പച്ചയായി തുറന്ന് കാണിക്കപ്പെടുന്നുണ്ട്. ലോകത്ത് സ്ത്രീ സുരക്ഷയുടെയും ക്ഷേമത്തിന്റെയും കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ആഗോള സൂചികയിൽ വളരെ പിന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വുമൺ പീസ് ആന്റ് സെക്യൂരിറ്റി ഇൻഡക്‌സി (WPS index)ന്റെ 2025ലെ റിപ്പോർട്ട് പ്രകാരം ആകെ 181 രാജ്യങ്ങളിൽ 131ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2023ൽ 128ാം സ്ഥാനത്തായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, നീതിയിലേക്കുള്ള പരിമിതമായ പ്രവേശനം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ റാങ്കിംഗ് താഴാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‘നാരി 2025’ന്റെ ദേശീയ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ നഗരങ്ങളിൽ 40 ശതമാനവും സുരക്ഷിതരല്ല. എന്നാൽ സ്ത്രീസുരക്ഷക്കായി സർക്കാർ ഒരുക്കിയ വിവിധ സംവിധാനങ്ങളുണ്ട്. അവയൊന്നും കാര്യക്ഷമതയോടെ പ്രവർത്തിക്കാതിരിക്കുകയോ രാഷ്ട്രീയ ഇടപെടലുകളിൽ നിഷ്‌ക്രിയരാവുകയോ ചെയ്തുവെന്ന വിലയിരുത്തലും അതീവ ഗൗരവമുള്ള കാര്യമാണ്.

2023 മെയ് മാസത്തിൽ ആരംഭിച്ച മണിപ്പൂരിലെ സംഘർഷത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മണിപ്പൂർ സ്റ്റേറ്റ് കമീഷൻ ഫോർ വിമൻ (MSCW) 2023ൽ മാത്രം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 59 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കലാപത്തിനിടയിൽ സ്ത്രീകളെ നഗ്‌നരായി നടത്തിച്ച സംഭവവും കൂട്ടബലാൽസംഗവും ഉൾപ്പെടെയുള്ള ക്രൂരമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചോളം കേസുകൾ കൂടുതൽ അന്വേഷണങ്ങൾക്കായി സിബിഐക്ക് കൈമാറിയിട്ടുമുണ്ട്. 2024 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം കലാപത്തിൽ ആകെ 258 പേർ കൊല്ലപ്പെടുകയും 60000ത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തുവെന്നാണ്. ഇതിലെ വലിയൊരു വിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് വസ്തുത. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശ് ആണ് ഒന്നാമത്. 66,000ത്തിലധികം കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് സ്ത്രീസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും പ്രതിരോധിക്കുന്നതിലും ഇല്ലായ്മ ചെയ്യുന്നതിലും സർക്കാർ തലങ്ങളിലെ ഇടപെടലുകൾ കൂടുതലും പരാജിതമാണ്. സ്ത്രീശാക്തീകരണവും സുരക്ഷയും വാക്കുകളിൽ മാത്രം പരിമിതപ്പെടുത്താതെ യാഥാർഥ്യമാക്കാനാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. കേവലം അധികാരത്തിനു വേണ്ടി മാത്രമായി വാചോടാപങ്ങൾ നടത്തുന്നതിന് പകരം സാമൂഹിക യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ അധികാരികൾക്ക് സാധിക്കണം.

മണ്ഡല പുനർ നിർണയത്തിലെ രാഷ്ട്രീയം

‘ഇന്ത്യക്ക് ഇത് ഇരുളടഞ്ഞ നാളുകളാണ്. 2002ൽ ബാപ്പുവിന്റെ നാടായ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയും തുടർന്നുണ്ടായ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വിജയവും രാജ്യത്തെ നാശത്തിലേക്ക് നയിക്കും. ഹിന്ദു മതഭ്രാന്തന്മാരുടെ ഫാസിസ്റ്റ് അജണ്ട, ആധുനിക ചരിത്രത്തിലെ നമ്മുടെ ഇതുവരെയുള്ള അനുഭവങ്ങളിനിന്നും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ തകർച്ചയിലേക്ക് നീങ്ങുകയാണ്. ഒരു മഹാത്ഭുതം നമ്മളെ രക്ഷിച്ചില്ല എങ്കിൽ രാജ്യം ഛിന്നഭിന്നമാകും. നമ്മെ തകർക്കുന്നത് പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ ശക്തിയോ ആയിരിക്കില്ല. നമ്മൾ സ്വയം തകരും; ജപ്പാൻ സമുറായിയുടെ ആചാരപരമായ ‘ഹരാകിരി’ പോലെ.’

‘The End of India’’ എന്ന ഗ്രന്ഥത്തിൽ കുശ്‌വന്ത് സിംഗ് നമുക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് എഴുതിയ വരികളാണ് നാം വായിച്ചത്.

മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ തകർക്കാൻ ഓരോ നിയമം പടച്ചുണ്ടാക്കുകയാണ് ഇന്ന്. പാർലമെന്റിൽ ഓരോ ബിൽ അവതരിപ്പിക്കുമ്പോഴും ഏതെങ്കിലും ഒരു സമുദായത്തെയോ സംസ്ഥാനത്തെയോ ഭാഷയെയോ സംസ്‌കാരത്തെയോ ടാർഗറ്റ് ചെയ്തുകൊണ്ടായിരിക്കും അത്; രാഷ്ട്രീയമായ അപചയം ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളം. കുശ്‌വന്ത് സിംഗ് വളരെ നേരത്തെ തന്നെ ഇത് തിരിച്ചറിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയാണ്. ഇന്ത്യൻ ഗവൺമെന്റ് പുതിയ ബില്ല് കൊണ്ടുവന്നതിലൂടെ അവർ ലക്ഷ്യമാക്കുന്ന രാഷ്ട്രീയം ഭിന്നിപ്പിന്റെയും വിഭാഗീയതയുടെയുമാണ്. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ വിഭജിച്ചുകൊണ്ട് എല്ലാ കാലത്തും രാജ്യത്തിന്റെ അധികാരം പിടിച്ചടക്കാമെന്ന വ്യാമോഹമാണ് പുതിയ മണ്ഡല പുനർനിർണയ ബില്ലിലൂടെ അവർ ലക്ഷ്യമാക്കുന്നത്. വിഭാഗീയതയുടെ രാഷ്ട്രീയവും ന്യൂനപക്ഷങ്ങളുടെ അപരവൽക്കരണവുമെല്ലാം ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടും. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ അരികുവൽക്കരിക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. റോഹിംഗ്യൻ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാൻ ബർമയിൽ ആസൂത്രണം ചെയ്തതുപോലെയുള്ള കാര്യങ്ങൾ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ ചെയ്യാൻ സാധ്യമല്ല എന്ന് മനസ്സിലാക്കി രാജ്യത്തെ ഉദ്യോഗതലങ്ങളിൽനിന്നും ഭരണതലങ്ങളിൽനിന്നും അദൃശ്യരാക്കുക എന്നതാണ് ഇന്ത്യൻ ഫാസിസത്തിന്റെ ഹിഡൻ അജണ്ട. അതിനായി കരുക്കൾ നീക്കുന്നതിന്റെ ഭാഗമാണ് എസ്‌ഐആർ പട്ടികയിലെ കോടിക്കണക്കിന് പൗരന്മാരുടെ പേരുകൾ അദൃശ്യമായത്.

പുനർനിർണയത്തിലെ സാമുദായിക ധ്രുവീകരണം

2014ൽ 282 സീറ്റുകളോടുകൂടി അതുവരെയുള്ള തങ്ങളുടെ ഏറ്റവും ഉയർന്ന എണ്ണത്തിൽ ബിജെപി എത്തിയപ്പോൾ മുസ്‌ലിം പ്രാതിനിധ്യം 22 ആയി കുറഞ്ഞു. ഭരണരംഗത്തു നിന്ന് അദൃശ്യരാക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരീഷ് ഖാരെ ‘ദി വയറി’ൽ ഇങ്ങനെ എഴുതി: “രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തുനിന്നും മുസ്‌ലിം പ്രാതിനിധ്യം പൂർണമായും തുടച്ചു മാറ്റിയപ്പോൾ അഞ്ചു വർഷത്തിനു ശേഷവും മുസ്‌ലിം നേതൃത്വമോ മതനിരപേക്ഷ ഗ്രൂപ്പുകളോ അതിനെക്കുറിച്ച് സംസാരിക്കുവാൻ തയ്യാറായില്ല എന്നത് ഞെട്ടിക്കുന്നതാണ്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്, വലിയ സൗജന്യങ്ങൾ നൽകുന്നതുപോയിട്ട്, അവരോട് പ്രതീകാത്മകമായ ചില സമീപനങ്ങളെങ്കിലും സ്വീകരിക്കാതെ തങ്ങൾക്ക് ദേശീയ അധികാരം നേടാൻ കഴിയും എന്ന ഉറച്ച ആത്മവിശ്വാസത്തിൽ എത്തിച്ചേർന്നു ബിജെപി. യുപിയിലെ 80 സീറ്റിൽ 73ലും ബിജെപി നേടിയ വിജയമാണ് ആത്യന്തികമായി നരേന്ദ്രമോദിയെ സ്വേഛാധിപത്യത്തിന്റ ഉയരങ്ങളിലേക്കെത്തിച്ചത്.’’

ഗുജറാത്തിലേത് പോലെത്തന്നെ മുസ്‌ലിം പാർശ്വവൽക്കരണം ഉത്തർപ്രദേശിലും ഭംഗിയായി നടന്നു കഴിഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളിലെ മണ്ഡല പുനർനിർണയങ്ങളിലും ന്യൂനപക്ഷ അദൃശ്യവൽക്കരണം ഭംഗിയായി നടന്നു. മുസ്‌ലിം സമുദായത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാനും പിന്നാക്കാവസ്ഥ പരിഹരിക്കാനും നിയോഗിച്ച സച്ചാർ കമ്മീഷന്റ ശുപാർശയെ തുടർന്ന് മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളതും പട്ടികജാതി ജനസംഖ്യ കുറവുള്ളതും അതേസമയം തന്നെ പട്ടികജാതിക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ളതുമായ നിയോജകമണ്ഡലങ്ങളെക്കുറിച്ച് ‘സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ ഒരു പഠനം നടത്തുകയുണ്ടായി. അത്തരം ഒരു മണ്ഡലത്തിൽനിന്നും ജയിച്ചുകയറാം എന്ന ചെറിയ പ്രതീക്ഷയെങ്കിലും ഏതെങ്കിലും മുസ്‌ലിം സ്ഥാനാർഥി വെച്ച് പുലർത്തിയിരുന്നുവെങ്കിൽ ഈ നടപടിയോടെ പ്രതീക്ഷ പൂർണമായും അസ്തമിച്ചു. സച്ചാർ സമിതി പറയുന്നത് ഇങ്ങനെയാണ്: ‘മണ്ഡല പുനർനിർണയ കമ്മീഷൻ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളിലെ കണക്കുകൾ കാണിക്കുന്നത്...മിക്കവാറും എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിംകൾ കൂടുതലായി; പലയിടങ്ങളിലും 50 ശതമാനത്തിൽ കൂടുതൽ- താമസിക്കുന്നുവെന്നും മണ്ഡലത്തിലെ ആകെ ജനസംഖ്യയിൽ അവരുടെ അനുപാതം പട്ടികജാതി വിഭാഗങ്ങളുടെ അനുപാതത്തെക്കാൾ ഉയർന്നതാണ്.’’

സച്ചാർ സമിതിയിലെ അംഗമായി പ്രവർത്തിച്ചിരുന്ന ഡോ. സെയ്ദ് സഫർ മഹ്‌മൂദും പുനർനിർണയ സെല്ലിൽനിന്നുള്ള അദ്ദേഹത്തിന്റ സംഘവും ചേർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വത്തോട് ഇക്കാര്യം ആവർത്തിച്ച് ബോധ്യപ്പെടുത്തിയിരുന്നു. സച്ചാർ കമ്മീഷൻ ചൂണ്ടികാണിച്ചതും അവരുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി: “മുസ്‌ലിംകളുടെ കുറഞ്ഞ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പ്രധാന കാരണം നിയോജക മണ്ഡലങ്ങളും വാർഡുകളും പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിനു വേണ്ടി നിയമവിരുദ്ധമായി നീക്കിവെക്കുന്നതാണ് എന്നത് ജസ്റ്റിസ് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് ഉയർന്ന ന്യൂനപക്ഷ ജനസംഖ്യയുള്ള മണ്ഡലങ്ങൾ പട്ടികജാതി വിഭാഗത്തിന് വേണ്ടി സംവരണം ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ഒരു മണ്ഡല പുണർനിർണയ പ്രക്രിയ നിലവിൽ വരുത്തേണ്ടതാണ് എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അസമിലെ കരിംഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ 52% മുസ്‌ലിംകളും 13% പട്ടികജാതി വിഭാഗവുമുണ്ട്. എന്നാൽ ആ മണ്ഡലം പട്ടികജാതിക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഉത്തർപ്രദേശിലെ നഗീന, ബഹ്‌റയ്ച് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത് ആവർത്തിക്കുന്നുണ്ട്. ബഹ്‌റയ്ച് നിയമസഭാ മണ്ഡലം സംവരണ മണ്ഡലമാണെങ്കിലും അവിടുത്തെ പട്ടികജാതി ജനസംഖ്യ 16 ശതമാനവും മുസ്‌ലിം ജനസംഖ്യ 35 ശതമാനവുമാണ്. എന്നാൽ റായ്ബറേലിയിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ജനസംഖ്യയുടെ 30 ശതമാനവും പട്ടികജാതി ആണെങ്കിലും നിയോജക മണ്ഡലം പൊതുവിഭാഗത്തിൽ ഉൾപ്പടുത്തിയിരിക്കുന്നതായി കാണാം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കുറക്കുന്നതിൽ മണ്ഡല പുനർനിർണയം എങ്ങനെ ദുരുപയോഗം ചെയ്തുവെന്നതിന് വേറേയും ഉദാഹരണങ്ങളുണ്ട്.

ഉത്തർപ്രദേശിലെ നാഗിന ലോകസഭാ മണ്ഡലത്തിൽ 42.21% മുസ്‌ലിംകളും 22 %പട്ടികജാതിക്കാരുമാണ്. എന്നാൽ ആ മണ്ഡലം പട്ടികജാതിക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ധൗരഹ്ര, ഉന്നാവ് എന്നീ മണ്ഡലങ്ങളിൽ 30%ത്തിലധികം പട്ടികജാതി സാന്നിധ്യവും വളരെ കുറഞ്ഞ മുസ്‌ലിം സാന്നിധ്യവുമാണുള്ളത്. എന്നാൽ ആ മണ്ഡലങ്ങളാവട്ടെ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടില്ല. ചൈൽ, മഹോലി, മണിക്പൂർ, സിരാഥു, ഹർചന്ദ്പുർ, ഹർദോയി, പൂർവ,മരിഹാൻ, ബക്ഷികാ താലാബ് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.

2022 അവസാനത്തോടുകൂടി അസമിന്റ സമ്മതിദായക പട്ടിക പുതുക്കുന്ന പ്രക്രിയയിൽ പ്രതീക്ഷിച്ചത് പോലെത്തന്നെ മുസ്‌ലിം സ്വാധീനമുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞു. ഇത് അനീതിയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ദി ഹിന്ദു റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: “അസമിൽ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളുടെ എണ്ണം കുറയും. തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ കരട് നിർദേശത്തിൽ ഫലപ്രദമായിട്ട് തന്നെ മുസ്‌ലിം ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 29ൽനിന്ന് 22 ആയി കുറച്ചുവെന്ന് എഐ ഡിയുഎഫും കോൺഗ്രസും ആരോപിക്കുന്നുണ്ട്. ‘2022 ഡിസംബറിലെ മണ്ഡല പുനർനിർണയത്തിൽ അസമിലെ 35 ജില്ലകൾ 31 ആയി കുറച്ചു. നാലുജില്ലകൾ മറ്റു ജില്ലകളിൽ ലയിപ്പിക്കുകയും 14 ഇടങ്ങളിൽ അതിർത്തികൾ പുനർനിർണയിക്കുകയും ചെയ്തു. മറ്റു ജില്ലകളുമായി ലയിപ്പിച്ച ബജലി, ബിശ്വനാഥ്, ഹോജായ് എന്നീ മൂന്ന് ജില്ലകളിൽ മുസ്‌ലിം ജനസംഖ്യ വലിയ അളവിൽ കൂടുതലായിരുന്നു. എന്നാൽ ലയനാനന്തരം പുതിയതായി രൂപീകരിക്കപ്പെട്ട ജില്ലകളിലെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതത്തിൽ മാറ്റം വരുകയും പുനർനിർണയിക്കപ്പെട്ട അതിർത്തികൾ പരിഗണിക്കേണ്ടിവന്നത് മൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മണ്ഡലം പുനർനിർണയ പ്രക്രിയയെ സ്വാധീനിക്കുകയും ചെയ്തു. മുസ്‌ലിം വോട്ടുകൾ ചിതറിക്കാനോ ചേരിവൽക്കരിക്കാനോ ഉള്ള ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ട് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാനാകും. പിന്നീട് ഭരണപരമായ സൗകര്യം മാനിച്ച് ഒഴിവാക്കിയ 4 ജില്ലകളും പുനഃസ്ഥാപിക്കുകയും ചെയ്തു.

ഭേദഗതി ബില്ലുകൾ സർവരെയും ബാധിക്കും

സമീപകാലത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന പ്രധാന ഭേദഗതി ബില്ലുകൾ സർവരെയും പ്രതികൂലമായി ബാധിക്കുന്നതാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണ്ഡല പുനർനിർണയ ബില്ല്.

2019ലെ പൗരത്വ ഭേദഗതി ബില്ല് ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതാണെന്ന ധാരണയിൽ നിസംഗരായിരുന്ന പലർക്കും പുനർവിചിന്തനത്തിനുള്ള അവസരമാണിത്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ പൗരത്വം നിഷേധിക്കുന്ന നടപടി ഇന്ത്യയുടെ ബഹുസ്വരതയെയും സാമൂഹിക ഘടനയെയും സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ല. ഒരു ജനവിഭാഗം നിഷ്‌കാസിതരാകുന്നത് പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് നേരെ പുതിയ ബില്ലുകൾ ഡമോക്ലസിന്റ വാളായി തൂങ്ങിനിൽക്കുന്നുണ്ട്. ദക്ഷിണേന്ത്യയെ നോക്കുകുത്തിയാക്കി രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം ജാതിമതവർഗങ്ങൾക്കതീതമായി ഓരോ പൗരന്റെയും ജനാധിപത്യാവകാശങ്ങളെ ഹനിക്കുന്നതാണ്.

എഫ്‌സിആർഎ നിയമ ഭേദഗതിയും രാജ്യത്തെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗത്തെ ധാരാളം എൻജിഒകളും പ്രതിസന്ധിയിലായത് നാം കണ്ടു. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിനെതിരെയുള്ള നിയമനിർമാണങ്ങൾക്കെതിരെ നിസ്സംഗത പാലിച്ചവരും സംഘ് രാഷ്ട്രീയത്തിന് ഓശാന പാടിയവരും എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യശുശ്രൂഷാ മേഖലകൾ, അനാഥ -വിധവാ പരിചരണങ്ങൾ തുടങ്ങിയ, ധാരാളം നിരാലംബരെ പോലും ബാധിക്കുന്ന ഈ ബില്ലിനെതിരെ ശബ്ദിക്കണമെന്ന് ചിലർക്ക് തോന്നിയതും തങ്ങളുടെ ജീവനാഡിയിൽ കൈ വെച്ചുവെന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണ്.

ബുൾഡോസർ രാജിലും പിടയുന്ന അനേകായിരങ്ങളുണ്ട്. ഉപജീവനമാർഗങ്ങളും കിടപ്പാടങ്ങളും നഷ്ടപ്പെട്ടവരുടെ ആർത്തനാദങ്ങൾക്ക് ഒരേ സ്വരമാണ്. അവരുടെ കണ്ണുനീരിന്റ രുചിയും ഒന്നുതന്നെയാണ്. അതിനാൽ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ കാര്യങ്ങൾക്ക് നേരെ അവകാശ ധ്വംസനവുമായി കൊണ്ടുവരുന്ന ബില്ലുകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സംഘപരിവാര ഫാഷിസ്റ്റ് കരിനിയമങ്ങളെ തകർത്തെറിയാൻ ഐക്യബലത്തിന് സാധിക്കും. അതാണ് പാർലമെന്റിൽ പുതിയ ബില്ലിനെ പരാജയപ്പെടുത്തിയ ഐക്യത്തിന്റെ ബലം. ഒരുമിച്ച് മുന്നേറാം നല്ല ഭാവിക്കായി.